ADVERTISEMENT

ഹൃദ്രോഗങ്ങളുെട കാര്യത്തിൽ ചികിത്സ പോലെ തന്നെ പ്രധാനമാണ് തുടർപരിചരണവും. ഹൃദയാഘാതത്തിനു പ്രധാനമായും മൂന്നു തരത്തിലാണു ചികിത്സ. പ്രൈമറി ആൻജിയോപ്ലാസ്റ്റി, ഹൃദയത്തിലെ രക്തകട്ട അലിയിക്കുന്ന ത്രോംബോലിറ്റിക് ചികിത്സ അഥവാ മരുന്ന് ചികിത്സ, അപൂർവമായി െചയ്യുന്ന ബൈപാസ്. പ്രൈമറി ആൻജിയോപ്ലാസ്റ്റി കഴിഞ്ഞാൽ ശരാശരി മൂന്നു ദിവസത്തിനകം ആശുപത്രി വിടാം. ബൈപാസ് ആണെങ്കിൽ ഒരാഴ്ച ആശുപത്രിവാസം വേണ്ടിവരും.

എപ്പോൾ ജോലിക്കു പോകാം?
ഹൃദയാഘാത ചികിത്സ കഴിഞ്ഞ വ്യക്തിക്ക് എപ്പോൾ ജോലിക്കും മറ്റും പോകാൻ കഴിയുമെന്നതു ചില ഘടകങ്ങളെ ആശ്രയിച്ചിരിക്കും. വ്യക്തിക്കു നെഞ്ചുവേദന (ആൻജൈന) ഉണ്ടോ? ഹൃദയത്തിന്റെ
പ്രവർത്തനം ശരിയാണോ? ഹൃദയമിടിപ്പിൽ വ്യതിയാനങ്ങൾ പോലുള്ള പ്രശ്നങ്ങൾ ഉണ്ടോ? മറ്റു രോഗങ്ങളുെട അവസ്ഥ (പ്രമേഹം, ബിപി) എന്നിവയാണ് ആ ഘടകങ്ങൾ.

ADVERTISEMENT

ഹൃദയത്തിന്റെ പ്രവർത്തനം ശരിയാണ്, മറ്റു രോഗങ്ങൾ ഇല്ല, നെഞ്ചുവേദന അനുഭവപ്പെടുന്നില്ല എങ്കിൽ രണ്ടാഴ്ച കഴിഞ്ഞു ജോലിയിൽ പ്രവേശിക്കാം. അതും ഒാഫിസ് ജോലി. എന്നാൽ കഠിനമായ ജോലിയാണെങ്കിൽ ഒരു മാസം കഴിഞ്ഞു മതി.

മരുന്നുകൾ മുടക്കരുത്
ആൻജിയോപ്ലാസ്റ്റി, ബൈപാസ് എന്നിവയ്ക്കു വിധേയരായവർക്കു ചില മരുന്നുകൾ ജീവിതകാലം മുഴുവൻ കഴിക്കേണ്ടതായി വരും. അതിൽ വിട്ടുവീഴ്ച പാടില്ല. എന്നാൽ പലരും ചില മരുന്നുകൾ ഡോക്ടറുെട നിർദേശപ്രകാരമല്ലാതെ നിർത്തും. ഇതു വീണ്ടും ഹൃദയാഘാതം വരാൻ കാരണമാകാം.

ADVERTISEMENT

ഡ്രൈവ് െചയ്യാം, യാത്രകൾ പോകാം
ആൻജിയോപ്ലാസ്റ്റി കഴിഞ്ഞവർക്കു രണ്ടോ മൂന്നോ ആഴ്ച കഴിഞ്ഞാൽ വാഹനം ഒാടിക്കാം. ബൈപാസ് കഴിഞ്ഞവർക്ക് നാല് മുതൽ ആറ് ആഴ്ച കഴിഞ്ഞും. ഹൃദയാഘാതത്തെ തുടർന്നുള്ള സങ്കീർണതകൾ ഇല്ലാത്ത വ്യക്തിക്കു രണ്ടോ മൂന്നോ ആഴ്ച കഴിഞ്ഞു ചെറിയ യാത്രകൾ െചയ്യാം. എന്നാൽ ദീർഘദൂര യാത്രകൾ നാലു മുതൽ ആറ് ആഴ്ച കഴിഞ്ഞു മതി. അതും ഡോക്ടറുെട ഉപദേശം തേടിയശേഷം. രണ്ടാഴ്ചത്തേയ്ക്കു കഴിവതും സന്ദർശകരെ ഒഴിവാക്കാം. മാത്രമല്ല ചികിത്സയ്ക്കു ശേഷമുള്ള ആദ്യദിനങ്ങളിൽ മാനസിക സമ്മർദം ഉണ്ടാക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കാം.
രണ്ടു നില പടി കയറാൻ പറ്റുമെങ്കിൽ, ആ സമയത്ത് കിതപ്പോ ശ്വാസംമുട്ടലോ ഇല്ലെങ്കിൽ നിങ്ങൾക്കു സാധാരണ ജീവിതത്തിലേക്കു മടങ്ങാം. നാലു മുതൽ ആറ് ആഴ്ചത്തേയ്ക്ക് ആയാസകരമായ ജോലികളും ഭാരമെടുത്തുള്ള പ്രവൃത്തികളും െചയ്യരുത് എന്നു മാത്രം. ഹൃദയപ്രശ്നങ്ങൾ വന്നവർക്കു നല്ല ഉറക്കം അത്യാവശ്യമാണ്. കുറഞ്ഞത് ഏഴു മണിക്കൂറെങ്കിലും ഉറങ്ങിയിരിക്കണം.

ഹൃദയാഘാതത്തിനുശേഷം ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ ചിലർക്കെങ്കിലും ഭയമാണ്. കിതപ്പോ നെഞ്ചുവേദനയോ ഇല്ലാതെ, രണ്ടുനില പടികൾ കയറാൻ സാധിക്കുമെങ്കിൽ ലൈംഗികജീവിതം തുടങ്ങാവുന്നതാണ്. ലൈംഗികബന്ധത്തിനിടെ കിതപ്പോ നെഞ്ചുവേദനയോ അനുഭവപ്പെട്ടാൽ ഡോക്ടറുമായി സംസാരിക്കാൻ മടിക്കരുത്.

ADVERTISEMENT

വിവരങ്ങൾക്കു കടപ്പാട്
ഡോ. പി. പി. മോഹനൻ
കാർഡിയോളജിസ്റ്റ്, മെഡിക്കൽ ഡയറക്ടർ
വെസ്റ്റ് ഫോർട്ട് ഹോസ്പിറ്റൽ, തൃശൂർ

English Summary:

Heart health is paramount after cardiac treatment. This article discusses post-treatment care after a heart attack, including when to return to work, medication adherence, and resuming normal activities.

ADVERTISEMENT