പ്രമേഹത്തിനൊപ്പം ഗുണമേൻമയുള്ള ജീവിതം ആഗ്രഹിക്കുന്നുണ്ടോ? – ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതെല്ലാമാണ് Diabetes and Quality of Life
Mail This Article
ജീവിക്കുന്നു എന്നതിനേക്കാൾ പ്രധാനമാണ് എങ്ങനെ ജീവിക്കുന്നു എന്നത്. സ്വാസ്ഥ്യവും സന്തോഷവും സംതൃപ്തിയും സമാധാനവുമൊക്കെ ചേരുംപടി ചേരുമ്പോഴാണല്ലോ ജീവിതത്തിനു ഗുണമേൻമ ഉണ്ടാകുന്നത്. പ്രമേഹത്തിനൊപ്പമുള്ള ജീവിതത്തെക്കുറിച്ചു രോഗിയോടു ചോദിക്കുമ്പോൾ ‘അങ്ങനെ പോകുന്നു’ എന്ന മറുപടി കേട്ടാൽ അറിയുക, അയാൾ തട്ടിത്തടഞ്ഞു ജീവിക്കുന്നു എന്നേയുള്ളൂ. ‘ഷുഗർ നല്ല നിയന്ത്രണത്തിലാണ്, സന്തോഷമായിരിക്കുന്നു’ എന്ന് ഉള്ളിൽ തട്ടി ഒരാൾ പറയണമെങ്കിൽ ആ ജീവിതത്തിനു നല്ല ഗുണമേൻമ ഉണ്ടെന്ന് ഉറപ്പാണ്. ജീവിതത്തിന്റെ ഗുണമേൻമ തനിയെ വന്നു ചേരുന്ന ഒന്നല്ല, ബിൽഡിങ് ബ്ലോക്കുകൾ കൊണ്ട് ഒരു കളി വീടു പണിയും പോലെ കരുതലോടെ ഒട്ടേറെ ഘടകങ്ങൾ അനുയോജ്യമായി ചേർത്തുവച്ചാണ് അതു സാക്ഷാത്കരിക്കുന്നത്. ചികിത്സയിലെ കൃത്യതയും സ്വയംകരുതലും ഉചിതമായ ആഹാരശീലങ്ങളും വ്യായാമവും മാനസിക ശാരീരിക സുസ്ഥിതിയും കൃത്യ അനുപാതത്തിൽ ചേരുമ്പോഴാണു പ്രമേഹരോഗിയുടെ
ജീവിതം മേൻമയുള്ള ഒന്നാകുന്നത്. ഈ പ്രമേഹദിനത്തിൽ പ്രമേഹരോഗികൾ തങ്ങളുടെ ജീവിത ഗുണമേൻമയെക്കുറിച്ച് ഒരു വിചിന്തനം നടത്തേണ്ടതു പ്രധാനമാണ്.
കാത്തു വയ്ക്കാം ജീവിത നിലവാരം
പ്രമേഹവുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനം ജീവിതനിലവാരം നഷ്ടപ്പെടാതെ സൂക്ഷിക്കുകയാണ്. പ്രമേഹരോഗിയുടെ ജീവിതനിലവാരം നഷ്ടപ്പെടുന്ന ഒട്ടേറെ ഘട്ടങ്ങളുണ്ട്.
‘‘മിക്കവാറും പേർ രോഗം തിരിച്ചറിഞ്ഞാലും ചികിത്സ തേടാതിരിക്കും. അമിത ആത്മവിശ്വാസമാണ് അതിനു പിന്നിൽ– ആദ്യ പത്തുവർഷം വലിയ ആത്മവിശ്വാസമായിരിക്കും. ‘എനിക്കു നല്ല ആരോഗ്യമുണ്ട് – മധുരം കഴിച്ചാലും കുഴപ്പമില്ല. എന്തിനാണു മരുന്നുകൾ കഴിക്കുന്നത് ’ ? എന്നൊക്കെ അവർ ചിന്തിക്കും. ഈ ആത്മവിശ്വാസം ജീവിതനിലവാരത്തെ പ്രതികൂലമായി ബാധിക്കും’’ – തിരുവനന്തപുരത്തെ ജ്യോതിദേവ് ഡയബറ്റിസ് ഹോസ്പിറ്റൽ ആൻഡ് റിസർച് സെന്റർ ചെയർമാൻ ഡോ. ജ്യോതിദേവ് കേശവദേവ് പറയുന്നു.
പ്രമേഹം കണ്ടെത്തിയാലും അശാസ്ത്രീയമായ ചികിത്സകൾ തേടിപ്പോകുകയും ഡയറ്റും വ്യായാമവും കൃത്യമായി അനുവർത്തിക്കാതിരിക്കുകയും ചെയ്യുന്നവരുണ്ട്. പുറമേ കുഴപ്പമില്ലല്ലോ എന്ന തോന്നലാണ് അവരുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നത്– ഈ ആത്മവിശ്വാസവും അറിവില്ലായ്മയും അവരുടെ വഴികൾ ഇരുണ്ടതാക്കുകയാണ്. അനുബന്ധരോഗങ്ങൾ പ്രമേഹരോഗിയുടെ ജീവിതനിലവാരത്തെ പാടേ തകർത്തുകളയും. കാലിലെ പെരുപ്പ് ഉറക്കം തടസ്സപ്പെടുത്തുന്നതു മുതൽ ഹൃദയാഘാതത്തിലേക്കു വരെ നീങ്ങും. പ്രമേഹം വന്നു ശരാശരി എട്ടുവർഷം കഴിയുമ്പോഴാണു ഹൃദയാഘാതം വരുന്നത്. അപ്പോൾ പറയും, ഹൃദയാഘാതം വന്നപ്പോഴാണു പ്രമേഹം കണ്ടെത്തിയത് എന്ന്. ലൈംഗികശേഷിക്കുറവാണ് അടുത്ത പ്രശ്നം. ഹൃദയാഘാതം വന്ന് അഞ്ചുവർഷം കഴിയുമ്പോൾ വൃക്കരോഗത്തിലേക്കു നീങ്ങുന്നു. ചികിത്സാച്ചെലവു കൂടുന്നതു വിഷാദത്തിലേയ്ക്കു നയിക്കും. കുടുംബബജറ്റിന്റെ താളം തെറ്റും.
സിറ്റിങ് ഈസ് ദ ന്യൂ സ്മോക്കിങ്
‘‘എൺപതു വയസ്സുവരെ ജീവിച്ചിരിക്കുന്നു എന്നതിനേക്കാൾ പ്രധാനം, പ്രമേഹരോഗി അവസാനത്തെ പത്തുവർഷങ്ങൾ എങ്ങനെ ജീവിച്ചു എന്നതാണ്. കാലുമുറിച്ചതും കാഴ്ച നഷ്ടമായവരുമായ ഒട്ടേറെ പ്രമേഹരോഗികൾ നമുക്കിടയിലുണ്ട്. പതിനായിരക്കണക്കിനു പേർ ഡയാലിസിസ് ചെയ്യുന്നു. ആഴ്ചയിൽ മൂന്നു പ്രാവശ്യം ആശുപത്രി സന്ദർശിക്കുന്നു. ഇതെല്ലാം പ്രമേഹരോഗിയുടെ ഗുണമേന്മയില്ലാത്ത ജീവിതത്തിന്റെ പ്രതിഫലനങ്ങളാണ് ’’–
ഡോ. ജ്യോതിദേവ് ചൂണ്ടിക്കാട്ടുന്നു. മരുന്നുകൾ സ്വയം നിർത്തലാക്കുന്നതും ഡോസ് കുറയ്ക്കുന്നതും അയൽക്കാരന്റെയോ സുഹൃത്തിന്റെയോ മരുന്നു വാങ്ങി കഴിക്കുന്നതും ശാസ്ത്രീയമായി തെളിയിക്കപ്പെടാത്ത ഒൗഷധങ്ങൾ പരസ്യങ്ങളിൽ കണ്ടു വാങ്ങുന്ന പ്രവണതയും അപകടകരമാണ്. ഇത്തരം ദുശ്ശീലങ്ങൾ ഉള്ളവർക്കു നന്നേ ചെറുപ്പത്തിൽ തന്നെ പ്രമേഹാനുബന്ധ രോഗങ്ങളും വരുന്നു. വറുത്തതും പൊരിച്ചതും കഴിച്ചു ടിവി കണ്ടു ദീർഘനേരം ഇരിക്കുന്ന ശീലവും നല്ലതല്ല.
‘സിറ്റിങ് ഈസ് ദ ന്യൂ സ്മോകിങ് ’ എന്നാണു പുതിയ കാലത്തിന്റെ ആരോഗ്യ പ്രതിസന്ധിയെ വിലയിരുത്തുന്നത്. വണ്ണം കൂടാനും ഹൃദ്രോഗങ്ങൾ ഉൾപ്പെടെ ഗുരുതര രോഗങ്ങൾക്കും അതു കാരണമാകാം. സ്വാസ്ഥ്യം നഷ്ടപ്പെടുത്താം–
ഡോ. ജ്യോതിദേവ് പറയുന്നു.
അമിതവണ്ണം കുറയ്ക്കണം. പ്രമേഹം നിയന്ത്രണത്തിലാണെങ്കിലും അമിതവണ്ണം ജീവിതനിലവാരം കുറയ്ക്കാം. പ്രമേഹം കൊണ്ടും പ്രമേഹമരുന്നുകള്‍ കൊണ്ടും മലബന്ധം വരാം. അസിഡിറ്റി–ഗ്യാസ്–മലബന്ധ പ്രശ്നങ്ങൾ എന്നിവ ഡോക്ടറോടു പറയണം. പ്രമേഹരോഗികളിൽ മറ്റുള്ളവരെ അപേക്ഷിച്ചു മൂന്നു മടങ്ങു കാൻസർ സാധ്യത കൂടുതലാണ്. അൽപം വണ്ണം കൂടുതലുള്ളവർക്കാണിതു വരുന്നത്.പുകവലിയും മദ്യപാനവും ഒഴിവാക്കണം.
( ലേഖനത്തിന്റെ പൂർണ രൂപം മനോരമ ആരോഗ്യം 2025 നവംബർ ലക്കത്തിൽ വായിക്കാം)
