ഒാറഞ്ച് ഒഴിവാക്കാം, വാഴപ്പഴം, ഇലക്കറി, ബെറീസ് കഴിക്കാം... അസിഡിറ്റി ഉള്ളവർ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ടത് Foods to Limit or Avoid If You Have Acidity
Mail This Article
അസിഡിറ്റി പലരെയും അലട്ടുന്ന ഒരു രോഗാവസ്ഥയാണ്. ആമാശയത്തിലെ അസിഡിന്റെ അനുപാതം വർധിക്കുമ്പോഴാണ് അസിഡിറ്റി അലട്ടാൻ തുടങ്ങുന്നത്. ഒരു പ്രത്യേക തലത്തിലുള്ള അസ്വസ്ഥത അനുഭവപ്പെടുന്നു. ഇതു നെഞ്ചിലോ തൊണ്ടയിലോ അല്ലെങ്കിൽ രണ്ടിലും എരിയുന്നതുപോലെ (Burning Sensation) അനുഭവം സൃഷ്ടിക്കും. ഈ അവസ്ഥയെ ആസിഡ് റിഫ്ലക്സ് എന്നു വിളിക്കുന്നു. ആമാശയത്തിലെ ആസിഡ് അന്നനാളത്തിലേക്കു തിരികെ ഒഴുകുമ്പോഴാണ് ഇതു സംഭവിക്കുക.
അസിഡിറ്റിക്കു ഭക്ഷണശീലങ്ങളുമായി അടുത്ത ബന്ധമുള്ളതിനാൽ, ഭക്ഷണക്രമത്തിലെ മാറ്റങ്ങൾ വളരെ പ്രയോജനം െചയ്യും. അസിഡിറ്റി ഉള്ളവർ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ വിശദമായി അറിയാം.
പേടിക്കാതെ കഴിക്കാം
∙ സിട്രസ് അല്ലാത്ത പഴങ്ങൾ: വാഴപ്പഴം, ആപ്പിൾ, തണ്ണിമത്തൻ, പേര, ബെറീസ് മുതലായവ.
∙പച്ചക്കറികൾ: എല്ലാ ഇലക്കറികൾ, പച്ചക്കറികൾ, കിഴങ്ങുവർഗങ്ങൾ
മുതലായവ.
∙ മുഴുധാന്യങ്ങൾ: ഓട്സ്, ബ്രൗൺ റൈസ്, ധാന്യ ബ്രഡ്, തവിടു കളയാത്ത ധാന്യ പൊടികൾ മുതലായവ.
∙ കൊഴുപ്പു കുറഞ്ഞ മാംസം, മത്സ്യം, മുട്ടയുടെ വെള്ള
∙ പാലുൽപന്നങ്ങൾ : കൊഴുപ്പു കുറഞ്ഞ പാൽ, തൈര്, പനീർ എന്നിവ ആമാശയത്തിലെ ആസിഡിനെ നിർവീര്യമാക്കാൻ സഹായിക്കും. കൊഴുപ്പു കുറഞ്ഞ തൈര്, മോര് എന്നിവയ്ക്കു സമാനമായ ആശ്വാസ ഗുണങ്ങളുണ്ട്. കൂടാതെ ആരോഗ്യകരമായ അളവിൽ പ്രോബയോട്ടിക്സും (ദഹനം മെച്ചപ്പെടുത്തുന്ന നല്ല ബാക്ടീരിയകൾ) ഇതിലുണ്ട്.
∙ ജലാംശമുള്ള ഭക്ഷണങ്ങൾ: വെള്ളരിക്ക, തണ്ണിമത്തൻ, സൂപ്പ് (പച്ചക്കറികൾ, മാംസം മുതലായവ വെള്ളത്തിൽ വേവിച്ചുണ്ടാക്കുന്നത്), ഹെർബൽ ടീ എന്നിവ ആമാശയത്തിലെ ആസിഡിനെ നേർപ്പിക്കാൻ സഹായിക്കും.
∙ ആരോഗ്യകരമായ കൊഴുപ്പുകൾ: അവക്കാഡോ, നട്സ്, വിത്തുകൾ, ആരോഗ്യകരമായ എണ്ണകൾ എന്നിവ മിതമായ അളവിൽ ഉൾപ്പെടുത്താം
∙ആൽക്കലൈൻ ഭക്ഷണങ്ങൾ: ഉയർന്ന പിഎച്ച് ഉള്ളവ ക്ഷാര സ്വഭാവമുള്ളവയാണ്. ഇത് ആമാശയത്തിലെ ശക്തമായ ആസിഡ് കുറയ്ക്കാൻ സഹായിക്കും. ആൽക്കലൈൻ ഭക്ഷണങ്ങളിൽ ഉൾപ്പെടുന്നവ വാഴപ്പഴം, തണ്ണിമത്തൻ, കോളിഫ്ലവർ, പെരുംജീരകം, നട്സ് (വെള്ളത്തിൽ കുതിർത്തത് ഉത്തമം)
∙ ഇഞ്ചി: ക്ഷാര സ്വഭാവമുള്ള ഇഞ്ചിയിൽ ദഹനത്തിനു സഹായിക്കുന്ന ഔഷധഗുണങ്ങൾ ഉണ്ട്. നെഞ്ചെരിച്ചിൽ അനുഭവപ്പെടുമ്പോൾ ഇഞ്ചി ചായ, ഇഞ്ചിനീര് എന്നിവ കുടിക്കാം.
ഇവ പരിമിതപ്പെടുത്താം
∙ സിട്രസ് പഴങ്ങൾ: ഓറഞ്ച്, കമ്പിളിനാരങ്ങാ, മുസംബി, മറ്റ് അസിഡിറ്റി ഉള്ള പഴങ്ങൾ എന്നിവ
∙ കാർബണേറ്റഡ് പാനീയങ്ങൾ: കോള പോലെയുള്ളവയിലുള്ള കുമിളകൾ വയറ്റിൽ സമ്മർദവും വേദനയും ഉണ്ടാക്കും.
∙ കൊഴുപ്പുള്ള ഭക്ഷണങ്ങൾ: ഉയർന്ന കൊഴുപ്പ് ഉള്ള ഭക്ഷണങ്ങൾ ദഹനം മന്ദഗതിയിലാക്കുകയും ആസിഡ് ഉൽപാദനം വർധിപ്പിക്കുകയും ചെയ്യും. വറുത്ത ഭക്ഷണം, ഫാസ്റ്റ് ഫൂഡ്, പീത്‌സ, ഉരുളക്കിഴങ്ങ് ചിപ്‌സ്, മറ്റു സംസ്കരിച്ച ലഘുഭക്ഷണങ്ങൾ, മുളകുപൊടി, കുരുമുളക്, ബേക്കൺ, സോസേജ് പോലുള്ള കൊഴുപ്പുള്ള മാംസം, ചീസ്.
∙ കഫീൻ അടങ്ങിയ പാനീയങ്ങൾ: കാപ്പിയും ചായയും
∙ തക്കാളിയും തക്കാളി അടങ്ങിയ ഉൽപന്നങ്ങളും.
രാത്രി വൈകിയുള്ള അത്താഴവും ഉറക്കസമയം മുൻപുള്ള ലഘുഭക്ഷണങ്ങളും ഒഴിവാക്കുന്നതു നല്ലതാണ്. ചെറിയ അളവിലും ഇടയ്ക്കിടെയും ഭക്ഷണം കഴിക്കുക.
സോളി ജെയിംസ്
ന്യൂട്രിഷനിസ്റ്റ്, കൊച്ചി