ADVERTISEMENT

ഹാർട്ടറ്റാക്ക് ഒഴിവാക്കാനും ആയുർദൈർഘ്യം വർധിപ്പിക്കാനുമുള്ള ഒരു എളുപ്പ വിദ്യ പറയാമോ?’ ‘കാർഡിയോളജിയുടെ പിതാവ്’ എന്നറിയപ്പെടുന്ന പ്രഫ. യൂജിൻ ബ്രൗൺവാൾഡിനോട് ഒരു യുവ ഹൃദ്രോഗവിദഗ്ധൻ ചോദിച്ചു:

പ്രഫ. ബ്രൗൺ വാൾഡിന്റെ ഉത്തരം പെട്ടെന്നായിരുന്നു, ‘എൽഡിഎൽ കൊളസ്ട്രോൾ 40 മില്ലി ഗ്രാമിൽ താഴെ കുറയ്ക്കുക, അതിനായി സ്റ്റാറ്റിൻ ഗുളിക സ്ഥിരമായി കഴിക്കുക.’

ADVERTISEMENT

95വയസ്സുള്ള പ്രഫസർ ഇന്നും ബോസ്റ്റണിലെ ഹാർവഡ് യൂണിവേഴ്സിറ്റിയുടെ തലപ്പത്തു സജീവമായി ഹൃദ്രോഗസംബന്ധമായ ഗവേഷണങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു. ഒരായുഷ്ക്കാലം മുഴുവൻ ഹൃദ്രോഗ ചികിത്സയെ സമ്പന്നമാക്കുന്നതിന് അഹോരാത്രം യത്നിച്ച വ്യക്തിയാണ് അദ്ദേഹം.

ശരീരത്തിന്റെ എല്ലാ കോശങ്ങളിലുമുള്ള കൊളസ്ട്രോളിനു പല സുപ്രധാന ധർമങ്ങളും നിറവേറ്റാനുണ്ട്. കോശങ്ങളെ പൊതിയുന്ന സ്തരങ്ങളുടെ നിർമാണം, കൊഴുപ്പിൽ മാത്രം ലയിക്കുന്ന ജീവകങ്ങളുടെ ആഗിരണം, പല സുപ്രധാന പുരുഷÐസ്ത്രീ ലൈംഗിക ഹോർമോണുകളുടെ (ടെസ്‌റ്റോസ്റ്റിറോൺ, ഈസ്ട്രജൻ, പ്രൊജസ്റ്ററോൺ, കോർട്ടിസോൺ, അൽജസ്റ്ററോൺ) ഉൽപാദനം കൊളസട്രോളിൽ നിന്നാണ്. ചർമത്തിന്റെയും പേശികളുടെയും ജലാംശം നഷ്ടപ്പെടാതെ തടയുന്നു. അങ്ങനെ ശാരീരിക പ്രവർത്തനങ്ങൾക്ക് അനിവാര്യമാണു കൊളസ്ട്രോൾ.

ADVERTISEMENT

എന്നാൽ, കൊളസ്ട്രോൾ കൂടുമ്പോൾ ശരീരത്തിലെ രക്തക്കുഴലുകൾ തകരാറിലാകുന്നു. ഓക്സീകരണം സംഭവിച്ചു സജീവമായ എൽഡിഎൽ ആണ് അത്യപകടകാരി. എൽഡിഎൽ വർധിക്കുമ്പോൾ അതു ധമനികളുടെ ഉൾഭാഗത്തു നിക്ഷേപിക്കപ്പെടുന്നു. ഇതു ധമനികളുടെ ഉൾപ്പാളിയായ ഇന്റീമയിലെ എൻ‍‍‍ഡോത്തീലിയൽ കോശങ്ങളിൽ പറ്റിപ്പിടിച്ച് അവിടെ ശക്തമായ ജരിതാവസ്ഥയുണ്ടാക്കുന്നു. തൽഫലമായി ധമനിയുടെ ഉൾവശത്തു പ്ലാക്ക് എന്ന കൊളസ്ട്രോൾ പുറ്റുകൾ രൂപം കൊള്ളുന്നു. ഒപ്പം ധമനീ ഭിത്തിയുടെ കട്ടി കൂടുന്നതോടെ ഉൾവ്യാസം കുറഞ്ഞു രക്തസഞ്ചാരം ദുഷ്കരമാകുന്നു. ഇതു പതിയെ ഹൃദയാഘാതത്തിലേക്കു നയിക്കാം.

പുതിയ നിർദേശങ്ങൾ അറിയാം
കൊളസ്ട്രോൾ നിയന്ത്രണം എങ്ങനെയാകണം, എത്രവരെ കുറയ്ക്കണം, ഏതു മരുന്നുകളാണു മെച്ചപ്പെട്ടത്, മരുന്നുകൾ എത്രനാൾ കഴിക്കണം ഇതെല്ലാം എല്ലാവർക്കുമുള്ള സംശയങ്ങളാണ്.

2025–ലെ ചികിത്സാ മാർഗനിർദേശക രേഖകൾ ലളിതമായി കൊടുക്കുന്നു; എൽഡിഎൽ അളവുകൾക്കാണ് ഇവിടെ പ്രാമുഖ്യം.
പുതുക്കിയ എൽഡിഎൽ അളവുകൾ ചുവടെ :

ADVERTISEMENT

∙ കുറഞ്ഞ അപകടസാധ്യത ഉള്ളവർക്ക് :
130 മി.ഗ്രാം (%)വരെ.

∙ മിതമായ അപകടസാധ്യത : 115–ൽ‌ കുറഞ്ഞിരിക്കണം.

∙ കൂടിയ അപകടസാധ്യത: ( പ്രമേഹം, വൃക്കരോഗം, അമിത രക്തസമ്മർദം തുടങ്ങിയവ ഉള്ളവർ) : 100-ൽ കുറഞ്ഞിരിക്കണം.

∙ വളരെ കൂടിയ അപകടസാധ്യത: (ഹൃദയധമനീ രോഗങ്ങൾ ഉള്ളവർ): 70–ൽ കുറഞ്ഞിരിക്കണം.

∙ ഗുരുതര അപകടസാധ്യത : (ഹാർട്ടറ്റാക്ക്, ആൻജിയോപ്ലാസ്റ്റി, ബൈപാസ് തുടങ്ങിയവ):
55–ൽ കുറഞ്ഞിരിക്കണം.

മറ്റു കാതലായ രോഗങ്ങൾ ഇല്ലാത്തവർക്ക് :

∙ പൊതുവായ കൊളസ്ട്രോൾ : 200–ൽ കുറഞ്ഞിരിക്കണം.

∙ എൽഡിഎൽ (ചീത്ത കൊളസ്ട്രോൾ) : 100–ൽ കുറയണം.

∙ എച്ച്ഡിഎൽ (നല്ല കൊളസ്ട്രോൾ) : 60–ൽ കൂടിയിരിക്കണം.

∙ ട്രൈഗ്ലിസറൈഡ്സ് : 150–ൽ കുറഞ്ഞിരിക്കണം.

∙ തുടക്കത്തിലുള്ള എൽഡിഎൽ അളവിൽ നിന്നും 38 മില്ലിഗ്രാം ശതമാനം കുറച്ചാൽ അറ്റാക്കുണ്ടാകാനുള്ള സാധ്യത 22 ശതമാനം കുറയ്ക്കാമെന്നു പഠനങ്ങൾ സൂചിപ്പിക്കുന്നു.

പിടിച്ചുകെട്ടാം, ഇങ്ങനെ...

കൊളസ്ട്രോൾ കുറയ്ക്കാൻ കൃത്യമായ ഭക്ഷണ–ജീവിതശൈലീ നിയന്ത്രണവും സ്ഥിരമായ വ്യായാമ
പദ്ധതികളും വേണം.

∙ പഞ്ചസാരയടങ്ങുന്ന മധുരപദാർഥങ്ങളും ഗ്ലൈസീമിക് ഇൻഡക്സ് കൂടിയ ഭക്ഷണപദാർഥങ്ങളും, ബീഫ്, മട്ടൻ പോലുള്ള ചുവന്ന മാംസവും, എണ്ണയും പരമാവധി കുറയ്ക്കുക.

∙ ട്രാൻസ്ഫാറ്റ് കുറയ്ക്കാൻ വറുത്തതും പൊരിച്ചതും ഒഴിവാക്കുക.

∙ നിത്യേന 45–60 മിനിറ്റു വ്യായാമം ചെയ്യുക.

∙ പൊണ്ണത്തടി കുറച്ചു ശരീരഭാരം സന്തുലിതമായി നിലനിർത്തുക.

∙ എട്ടുമണിക്കൂറെങ്കിലും ഉറങ്ങുക.

സ്റ്റാറ്റിൻ പ്രധാനം

അപകടകാരിയായ എൽഡിഎൽ കൊളസ്ട്രോളിനെ നിയന്ത്രിക്കാൻ മരുന്നുകളുടെ ഉപയോഗം മുൻപന്തിയിൽ നിൽക്കുന്നു. കാരണം ആരൊക്കെ, എന്തൊക്കെ വീമ്പിളക്കിയാലും ഭക്ഷണം നിയന്ത്രിച്ചു, കൃത്യമായി വ്യായാമം ചെയ്തു കൊളസ്ട്രോൾ കുറയ്ക്കുന്നവർ വളരെ കുറവാണ്.

മരുന്നുകളിൽ ഏറ്റവും പ്രധാനം സ്റ്റാറ്റിനാണ്. കരളിലെ കൊളസ്ട്രോൾ നിർമാണത്തിനു ചുക്കാൻ പിടിക്കുന്ന എൻസൈമുകളെ തളർത്തിക്കൊണ്ടാണു സ്റ്റാറ്റിൻ മരുന്നുകൾ രക്തത്തിലെ കൊളസ്ട്രോൾ കുറയ്ക്കുന്നത്. സ്റ്റാറ്റിൻ മരുന്നിന്റെ അളവനുസരിച്ച് എൽഡിഎൽ കുറയ്ക്കുകയും നല്ല കൊളസ്ട്രോളായ എച്ച്ഡിഎൽ മിതമായി വർധിക്കുകയും ചെയ്യുന്നു. ഹാർട്ടറ്റാക്കും സ്ട്രോക്കും കുറയ്ക്കുവാൻ സ്റ്റാറ്റിൻ മരുന്നുകൾ അത്യന്താപേക്ഷിതമാണ്. കാരണം അവ ധമനികളിലെ കൊഴുപ്പു നിക്ഷേപങ്ങളുടെ വലുപ്പം കുറച്ച് അവ എളുപ്പത്തിൽ പൊട്ടാത്ത രീതിയിൽ ശക്തമാക്കുന്നു. പാർശ്വഫലങ്ങൾ കുറവായ സ്റ്റാറ്റിൻ മരുന്നുകൾ ഇന്നു സുലഭമാണ്.

സ്റ്റാറ്റിൻ നല്ല ഡോസ് കൊടുത്തിട്ടും എൽഡിഎൽ കുറയുന്നില്ലെങ്കിൽ എഡിറ്റിമൈബ്, ഫൈബ്രേറ്റ്സ്, ബെംപൊഡോയിക് ആസിഡ്, ഇവലോക്കുമാബ്, ഇൻക്ലിസറാൻ തുടങ്ങിയ നൂതന ഔഷധങ്ങളും കൊടുക്കാം.

ഇന്ന്, കൂടുതൽ കർക്കശമായ എൽഡിഎൽ അളവുകളാണു ഗവേഷകർ മുന്നോട്ടുവയ്ക്കുന്നത്; എത്ര കുറയുന്നുവോ അത്രയും അഭികാമ്യം (Lower the better) എന്നാണ്. എൽഡിഎൽ 40– 30 മില്ലിഗ്രാമിൽ നിർത്തിയാൽ അറ്റാക്കിനുള്ള സാധ്യത നല്ലൊരു പരിധി കുറയ്ക്കാമെന്നു പല പ്രഖ്യാത പഠനങ്ങളും അസന്നിഗ്ദ്ധം തെളിയിക്കുന്നു.

English Summary:

LDL cholesterol is a major risk factor for heart disease. Lowering LDL cholesterol through statins, diet, and exercise can significantly reduce the risk of heart attack and increase life expectancy.

ADVERTISEMENT