പ്രമേഹം: സങ്കീർണതകൾ തടയാൻ ആറു വഴികൾ 6 Ways to Prevent Diabetes Complications
Mail This Article
പ്രമേഹബാധിതരുടെ എണ്ണം വർധിക്കുന്നതിനനുസരിച്ച്, പ്രമേഹ സങ്കീർണതകൾ ഉണ്ടാകുന്നവരുടെ എണ്ണവും വർധിച്ചുകൊണ്ടിരിക്കുകയാണ്. കണ്ണിനെ ബാധിക്കുന്ന ഡയബറ്റിക് റെറ്റിനോപ്പതി, വൃക്കയെ ബാധിക്കുന്ന ഡയബറ്റിക് വൃക്കരോഗം, നാഡീവ്യൂഹത്തെ ബാധിക്കുന്ന ന്യൂറോപ്പതി, ഹൃദയാഘാതം, തലച്ചോറിനെ ബാധിക്കുന്ന പക്ഷാഘാതം, കാലിലെ രക്തക്കുഴലുകളെ ബാധിക്കുന്ന പെരിഫറൽ വാസ്കുലർ രോഗം, ഫാറ്റിലിവർ രോഗം എന്നിവ പ്രമേഹത്തിന്റെ പ്രധാന സങ്കീർണതകളിൽ ഉൾപ്പെടുന്നു.
അത്ര അറിയപ്പെടാത്തതും എന്നാൽ പ്രധാനപ്പെട്ടതുമായ മറ്റു സങ്കീർണതകളാണു കാൻസർ, ഒാർമപ്രശ്നങ്ങൾ (ബുദ്ധിശക്തി കുറയൽ), പെരിയാർത്രൈറ്റിസ് (സന്ധികളുടെ വീക്കം), ചർമരോഗങ്ങൾ എന്നിവ. ഇന്റർനാഷനൽ ഡയബറ്റിസ് ഫെഡറേഷന്റെ കണക്കനുസരിച്ച്, 2024-ൽ ഇന്ത്യയിലുടനീളം ഏകദേശം 10 ലക്ഷം ആളുകൾ പ്രമേഹവും അതിന്റെ സങ്കീർണതകളും മൂലം മരിച്ചു. ഈ മരണങ്ങളിൽ ഭൂരിഭാഗവും ഹൃദയ സംബന്ധമായ അസുഖങ്ങൾ, പക്ഷാഘാതം, വൃക്കരോഗങ്ങൾ, കാൻസറുകൾ എന്നിവ കാരണമാണ്. എന്നാൽ രക്തത്തിലെ ഗ്ലൂക്കോസ്, കൊളസ്ട്രോൾ, രക്തസമ്മർദം, ശരീരഭാരം എന്നിവ നിയന്ത്രിക്കുന്നതിലൂടെ ഈ സങ്കീർണതകളെല്ലാം തടയാൻ കഴിയും എന്നതാണ് ഏറ്റവും നല്ല വശം.
സങ്കീർണത തടയാൻ 6 വഴികൾ
പ്രമേഹ സങ്കീർണതകൾ ഉണ്ടാകുന്നത് അല്ലെങ്കിൽ വഷളാകുന്നതു തടയാൻ എല്ലാ തലങ്ങളിലും നമുക്കു ചെയ്യാൻ കഴിയുന്ന വിവിധ ഇടപെടലുകളുണ്ട്.
1. ഗ്ലൂക്കോസ് നിയന്ത്രണം:
രക്തത്തിലെ ഗ്ലൂക്കോസിനെ കർശനമായി നിയന്ത്രിക്കുന്നതു പ്രമേഹത്തിന്റെ മിക്ക സങ്കീർണതകളെയും കുറയ്ക്കും. രോഗം കണ്ടെത്തുന്ന
നിമിഷം മുതൽ തന്നെ ഇത് ആരംഭിക്കണം. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവു നോർമൽ നിരക്കിലും ഗ്ലൈക്കേറ്റഡ് ഹീമോഗ്ലോബിൻ (HbA1c) 6.5% ൽ താഴെയും ആയി നിലനിർത്തുന്നത് അപകടസാധ്യത കുറയ്ക്കും. ഭക്ഷണക്രമം, ജീവിതശൈലീ മാറ്റങ്ങൾ, മരുന്നുകൾ എന്നിവയിലൂടെ ഈ നിയന്ത്രണം സാധിക്കും.
2. രക്തസമ്മർദ നിയന്ത്രണം:
രക്തസമ്മർദം 130/80 mm Hg യിൽ താഴെയായി നിലനിർത്തുന്നതു ഹൃദയാഘാതം, പക്ഷാഘാതം, നേത്രരോഗം, വൃക്ക തകരാറുകൾ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു. ടെൽമിസാർട്ടൻ, റാമിപ്രിൽ, അംലോഡിപൈൻ, ക്ലോർത്താലിഡോൺ തുടങ്ങിയ, സാധാരണയായി ഉപയോഗിക്കുന്ന മിക്ക മരുന്നുകളും രക്തസമ്മർദം കുറയ്ക്കാൻ ഉപയോഗിക്കാം.
3. കൊളസ്ട്രോൾ മാനേജ്മെന്റ്:
എൽഡിഎൽ കൊളസ്ട്രോൾ അളവു കുറയ്ക്കാൻ സ്റ്റാറ്റിൻ ഉപയോഗിക്കുന്നതു പ്രമേഹ സങ്കീർണതകൾക്കുള്ള സാധ്യത കുറയ്ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. അപകടസാധ്യതയുടെ തോത് അനുസരിച്ച്, എൽഡിഎൽ അഥവാ ചീത്ത കൊളസ്‌ട്രോൾ അളവ് 70 mg/dl അല്ലെങ്കിൽ 55 mg/dL ആയി കുറയ്ക്കണം.
4. ശരീരഭാരം കുറയ്ക്കൽ:
10-15% അല്ലെങ്കിൽ അതിൽ കൂടുതൽ ശരീരഭാരം കുറയ്ക്കുന്നതു ഫാറ്റിലിവർ രോഗം, ഹൃദ്രോഗം തുടങ്ങിയ ഒട്ടേറെ പ്രമേഹ സങ്കീർണതകൾക്കുള്ള സാധ്യത കുറയ്ക്കുമെന്നു വിവിധ പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. സെമാഗ്ലൂട്ടൈഡ് (വെഗോവി, ഒസെംപിക്), ടിർസെപറ്റൈഡ് (മൗഞ്ചാരോ) തുടങ്ങിയ വിവിധ മരുന്നുകൾ ശരീരഭാരം കുറയ്ക്കുന്നതിനും വൃക്ക– ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിനും ഗുണകരമാണ്.
5. പുകവലി നിർത്തുക
ഹൃദ്രോഗം, പക്ഷാഘാതം, പെരിഫറൽ വാസ്കുലർ രോഗം, പ്രമേഹവൃക്കരോഗം, ഡയബറ്റിക് റെറ്റിനോപ്പതി എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കാൻ പുകവലി പൂർണമായും ഉപേക്ഷിക്കാം.
6. ജീവിതശൈലി മെച്ചപ്പെടുത്തൽ
ഗ്ലൂക്കോസ് നിയന്ത്രണം മെച്ചപ്പെടുത്തുന്നതിനും പ്രമേഹ സങ്കീർണതകൾ തടയുന്നതിനും പതിവായ വ്യായാമം, ആരോഗ്യകരമായ ഭക്ഷണക്രമം, മാനസികസമ്മർദ നിയന്ത്രണം, മെച്ചപ്പെട്ട ഉറക്കം എന്നിവ പ്രധാനമാണെന്നു ശാസ്ത്രീയ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ദിവസവും കുറഞ്ഞതു 35–40 മിനിറ്റെങ്കിലും വ്യായാമം ചെയ്യണം.