ADVERTISEMENT

പോഷകങ്ങൾ അടങ്ങിയ ഒരുതരം പായലാണു സ്പിരുലിന. അതിൽ തന്നെ ഇന്നു ട്രെൻഡിങ് ആയിക്കൊണ്ടിരിക്കുന്ന ഒരു 'സൂപ്പർഫൂഡ്' ആണ് ബ്ലൂ സ്പിരുലിന (Blue Spirulina). ഫൈക്കോസയാനിൻ (Phycocyanin) എന്ന ഘടകമാണ് ഇതിനു നീല നിറം നൽകുന്നത്. ഫൈക്കോസയാനിൻ ഒരു ആന്റിഓക്സിഡന്റ് കൂടിയാണ്. പോഷകങ്ങളുടെയും രോഗപ്രതിരോധശേഷി വർധിപ്പിക്കുന്ന ഘടകങ്ങളുടെയും കലവറയാണു ബ്ലൂ സ്പിരുലിന.

പോഷകം നിറഞ്ഞത്
ശരീരത്തിന് ആവശ്യമായ എല്ലാ അമിനോ ആസിഡുകളും അടങ്ങിയ മികച്ച സസ്യാഹാര പ്രോട്ടീൻ ഉറവിടമാണിത്. ഇരുമ്പ്, കാൽസ്യം, മഗ്നീഷ്യം, വൈറ്റമിൻ ബി1, ബി2, ബി3 എന്നിവയുടെ നല്ലൊരു ശേഖരം ഇതിലുണ്ട്.

ADVERTISEMENT

ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ ചെറുക്കാൻ ഫൈക്കോസയാനിൻ സഹായിക്കുന്നു. ഇതു കോശനാശം തടയാനും പ്രായമാകുന്ന പ്രക്രിയ മന്ദഗതിയിലാക്കാനും സഹായിക്കും. ഇതിന്റെ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ശരീരത്തിലെ വീക്കവും അതുമായി ബന്ധപ്പെട്ട രോഗങ്ങളും കുറയ്ക്കാൻ സഹായിച്ചേക്കാം.

ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിൽ ബ്ലൂ സ്പിരുലിനയ്ക്ക് ഒരു പ്രധാന പങ്കുണ്ട്. ചീത്ത കൊളസ്‌ട്രോളിന്റെ (LDL) അളവു കുറയ്ക്കാനും നല്ല കൊളസ്‌ട്രോൾ (HDL) വർധിപ്പിക്കാനും ഇതു സഹായിക്കുമെന്നു പഠനങ്ങൾ സൂചിപ്പിക്കുന്നു. രക്തക്കുഴലുകൾക്കു വിശ്രമം നൽകുന്ന നൈട്രിക് ഓക്‌സൈഡിന്റെ ഉൽപാദനം വർധിപ്പിച്ചുകൊണ്ടു രക്തസമ്മർദം കുറയ്ക്കുന്നതിനും ഇത് ഉപകാരപ്രദമാണ്.

ADVERTISEMENT

ബ്ലൂ സ്പിരുലിനയിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്താൻ സഹായിക്കുന്നു. ഇതിലെ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ അലർജി ലക്ഷണങ്ങൾ കുറയ്ക്കുന്നതിൽ സഹായകമായേക്കാം എന്നും ചില പഠനങ്ങൾ പറയുന്നു.

ഉപയോഗിക്കേണ്ട വിധം
ബ്ലൂ സ്പിരുലിന സാധാരണയായി പൊടിയുടെ രൂപത്തിലാണു ലഭ്യമാകുന്നത്. ഇത് ഉപയോഗിച്ചു ഭക്ഷണത്തിനു നീല നിറം നൽകാനും പോഷകഗുണം വർധിപ്പിക്കാനും സാധിക്കും. ഇതു സ്മൂത്തികൾ, ജൂസുകൾ, ഷേക്കുകൾ എന്നിവയിൽ ചേർത്ത് ഉപയോഗിക്കാം. പുഡ്ഡിങ്ങുകൾ, ഓട്‌സ് തുടങ്ങിയ വിഭവങ്ങളിൽ ചേർക്കാം.

ADVERTISEMENT

ബ്ലൂ സ്പിരുലിന അപൂർവ ചിലർക്ക് ഇതു തലവേദന, വയറുവേദന, വയറിളക്കം, ഗ്യാസ്, ത്വക്കിൽ അസ്വസ്ഥതയും ചൊറിച്ചിൽ പോലുള്ള പാർശ്വഫലങ്ങൾ ഉണ്ടാക്കുന്നതായി കാണുന്നു.

വിവരങ്ങൾക്ക് കടപ്പാട്
പ്രീതി ആർ. നായർ
ചീഫ് ഡയറ്റീഷൻ
എസ്‌യുറ്റി ഹോസ്‌പിറ്റൽ
പട്ടം, തിരുവനന്തപുരം

English Summary:

Blue Spirulina is a nutrient-rich superfood known for its health benefits. It is packed with antioxidants and nutrients that boost immunity, support heart health, and have anti-inflammatory properties.

ADVERTISEMENT