മുഖക്കുരുവും ശരീരത്തിൽ പാടുകളും; വയറുവേദനയും മൂത്രത്തിനു നിറം മാറ്റവും : വൃക്കയിലെ സിസ്റ്റ് എങ്ങനെ തിരിച്ചറിയാം When Are Kidney Cysts Harmful?
Mail This Article
വൃക്കയിലും സിസ്റ്റ് വരുമോ എന്ന് അദ്ഭുതപ്പെടേണ്ട. ഇപ്പോള്‍ വളരെ സാധാരണയായി കണ്ടുവരുന്ന ഒരു അവസ്ഥയാണു വൃക്കകളിലെ സിസ്റ്റ് (ഇതു ദ്രാവകം നിറഞ്ഞ മുഴകളാണ്). പലപ്പോഴും യാദൃശ്ചികമായാണ് ഈ അവസ്ഥ കണ്ടുപിടിക്കുന്നത്. പ്രധാനമായി അള്‍ട്രാ സൗണ്ട് സ്‌കാനിംഗ് ചെയ്യുന്നതിലൂടെയാണ് ഇത്തരത്തില്‍ വൃക്കകളിലെ സിസ്റ്റുകള്‍ കണ്ടുപിടിക്കുന്നത്. വൃക്കകളില്‍ സിസ്റ്റുണ്ടെന്ന് അറിയുന്ന വേളയില്‍ രോഗിക്കു പലവിധത്തിലുള്ള ആശങ്കകളും ആകുലതകളും ഉണ്ടാകുന്നു. എന്നാല്‍ 90% സിസ്റ്റുകളും പ്രശ്‌നമുള്ളതല്ല. അപൂര്‍വ്വമായി മാത്രം ചില സിസ്റ്റുകള്‍ പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കുന്നു.
വൃക്കകളിലെ സിസ്റ്റുകള്‍ ഉപദ്രവകരമാകുന്നത് എപ്പോള്‍?
സ്‌കാനിങ്ങിലൂടെ എത്ര മുഴകള്‍ ഉണ്ടെന്ന് മനസ്സിലാക്കാം. അതിനോടൊപ്പം മുഴകള്‍ക്കുള്ളിലെ ദ്രാവകം തെളിഞ്ഞതാണെങ്കില്‍ 90% അവ ഉപദ്രവകാരിയല്ല. നേരെമറിച്ച് കലങ്ങിയതോ, രക്തമയമുള്ളതോ, മുഴയുടെ ഭിത്തിയില്‍ കാൽസിഫിക്കേഷൻ ഉണ്ടെങ്കിലോ അവ ചില പ്രശ്‌നങ്ങള്‍ വരുത്താം. ഏതു പ്രായത്തിലാണു മുഴകള്‍ കണ്ടുപിടിക്കുന്നത് എന്നതു പ്രാധാന്യം അര്‍ഹിക്കുന്ന ഒരു കാര്യമാണ്.
60 വയസ്സിനു മുകളിലുള്ള ഒരു വ്യക്തിക്ക് അള്‍ട്രാസൗണ്ട് സ്‌കാനിംഗില്‍ ഒരു മുഴ ഉണ്ടെങ്കില്‍ അത് സാധാരണ ഒരു അവസ്ഥയായി കണക്കാക്കാം, ഇവ പേടിക്കേണ്ടതായിട്ടില്ല. നേരെമറിച്ച് ഇരു വൃക്കകളിലും ഒന്നിലധികം മുഴകള്‍ കണ്ടു വരികയാണെങ്കില്‍ അത് ചിലപ്പോള്‍ ഒാട്ടോസോമൽ ഡോമിനന്റ് പോളിസിസ്റ്റിക് കിഡ്നി ഡിസീസ് (ADPKD) എന്ന രോഗമാകാം.
ലക്ഷണമില്ലാതെ ഒളിഞ്ഞിരിക്കാം, പക്ഷേ...
യാദൃശ്ചികമായി സ്‌കാനിങ്ങിലൂടെ കണ്ടുപിടിക്കുന്ന ഭൂരിഭാഗ മുഴകളും യാതൊരു പ്രശ്‌നവും ഉണ്ടാക്കില്ല. വയറുവേദന, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, വൃക്കകള്‍ക്കു തകരാറ്, ക്രിയാറ്റിനിന്റെ അളവു കൂടുക, മൂത്രത്തിന് ചുവന്ന നിറം വരിക, പനി, കുളിര്‍ തുടങ്ങിയ രോഗ ലക്ഷണങ്ങളാണ് സാധാരണയായി കണ്ടുവരുന്നത്. പാരമ്പര്യമായും വൃക്കകളിലെ മുഴകള്‍ കണ്ടുവരാം.
ഗര്‍ഭിണികളില്‍ സ്‌കാന്‍ ചെയ്യുമ്പോള്‍ ചിലരില്‍, ഗര്‍ഭസ്ഥ ശിശുവിന്റെ വൃക്കകളില്‍ മുഴകള്‍ ഉള്ളതായി കണ്ടുവരാറുണ്ട്. ഇത്തരത്തില്‍ ഒരു വൃക്കയില്‍ മാത്രം മുഴ ഉണ്ടെങ്കില്‍ അത് ഡിസ്പ്ലാസ്റ്റിക് or മൾട്ടി സിസ്റ്റിക് കിഡ്നി ഡിസീസ് എന്ന അസുഖമാകാം. കുഞ്ഞുങ്ങളില്‍ രണ്ടു വൃക്കകളിലും സിസ്റ്റ്് ഉണ്ടെങ്കില്‍ വൃക്ക തകരാറിന് കാരണമാവുകയും ചിലപ്പോള്‍ ഡയാലിസിസ് ചെയ്യേണ്ടതായും വരാം.
5 - 10 വയസ്സ് ഉള്ളവരില്‍ ആണെങ്കില്‍ അത് ഒാട്ടോസോമൽ റിസസീവ് പോളിസിസ്റ്റിക് കിഡ്നി ഡിസീസ് (ARPKD) എന്ന അവസ്ഥയാകാം. ഈ സാഹചര്യത്തില്‍ വൃക്കകളില്‍ മാത്രമല്ല കരളിലും മുഴകള്‍ ഉണ്ടാകാം. മറ്റൊരു അവസ്ഥയാണു മെഡുല്ലറി സിസ്റ്റിക് കിഡ്നി ഡിസീസ്, വൃക്കകളുടെ വലിപ്പം കുറഞ്ഞ് പല മുഴകള്‍ ഉണ്ടാകുന്നു. കൂടാതെ വൃക്കകളുടെ നടുക്കുള്ള ഭാഗത്തായിരിക്കും മുഴകള്‍ കാണുന്നത്. ഈ അവസ്ഥയുണ്ടെങ്കില്‍ കുഞ്ഞുങ്ങള്‍ക്ക് അളവില്‍ കൂടുതല്‍ മൂത്രം പോകുന്നു. ഹീമോഗ്ലോബിന്റെ അളവു കുറഞ്ഞ് അനീമിയ വരാം, ക്രിയാറ്റിനിന്‍ കൂടുതലാകാം, ക്ഷീണം, ശ്വാസംമുട്ടല്‍ തുടങ്ങിയവയാണ് മെഡുല്ലറി സിസ്റ്റിക് കിഡ്നി ഡിസീസ്ന്റെ ലക്ഷണങ്ങള്‍.
ചിലപ്പോള്‍ സിസ്റ്റ് ഉള്ളവരില്‍ മുഖകുരുവും, ശരീരത്തില്‍ പാടുകളും ഉണ്ടാകാം. ഇതു ട്യൂബറസ് സ്ക്ലീറോസിസ് ( Tuberous sclerosis) എന്ന അസുഖം ആകാം. ഇവരില്ഡ ചിലപ്പോള്‍ ജന്നി (Seizure / fits) എന്നിവ വരാനുളഅള സാദ്ധ്യതകള്‍ കൂടുതലാണ്.
ഭാവിയിൽ വൃക്കതകരാർ?
20 - 50 വയസ്സ് പ്രായമുള്ളവരിലാണ് പോളിസിസ്റ്റിക് കിഡ്നി ഡിസീസ് കണ്ടുവരുന്നത്. ഇവരില്‍ ഒന്നോ രണ്ടോ വൃക്കകളില്‍ രണ്ടില്‍ കൂടുതല്‍ മുഴകള്‍ കണ്ടുവരാം. ഇങ്ങനെയുള്ളവരില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ക്രിയാറ്റിനിന്റെ അളവ് കൂടുതല്‍ പിന്നെ പാരമ്പര്യമായി രോഗമുള്ളവരും ആയിരിക്കാം. പോളിസിസ്റ്റിക് കിഡ്നി ഡിസീസ് ഉള്ള ചില ആളുകളില്‍ ഭാവിയില്‍ വൃക്ക തകരാര്‍ ഉണ്ടാകാം. 60 - 70 വയസ്സിനു ശേഷം ഉണ്ടാകുന്ന മുഴകള്‍ അര്‍ബുദം പോലെ അനാരോഗ്യകരമായ ഒന്നാകാം. മുഴകളുടെ ഉള്ളിലെ ദ്രാവകത്തിനെ ആശ്രയിച്ചാണ് ഇത് നിര്‍ണ്ണയിക്കുന്നത്. ഇതിന് ചിലപ്പോള്‍ അള്‍ട്രാസൗണ്ട് അല്ലാതെ കോൺട്രാസ്റ്റ് സിടി സ്‌കാന്‍ അല്ലെങ്കില്‍ എം ആര്‍ ഐ സ്‌കാനിന്റെ ആവശ്യം വന്നേക്കാം. എന്നാല്‍ ഈ പ്രായക്കാരില്‍ 90% വും സാധാരണയായി കാണുന്ന മുഴയാകാം. ഇത് നിര്‍ണ്ണയിക്കുന്നതിനായി കൃത്യമായ തുടര്‍ പരിശോധനകള്‍ നടത്തേണ്ടത് അനിവാര്യമാണ്.
വൃക്കകളില്‍ മുഴകള്‍ ഉണ്ടാകുമ്പോഴുള്ള മറ്റു ലക്ഷണങ്ങള്‍ എന്തൊക്കെ?
മൂത്രത്തില്‍ അണുബാധ, മുഴകളില്‍ അണുബാധ, പനി, വിറയല്‍, വയറുവേദന, മൂത്രത്തില്‍ കല്ലുകള്‍ എന്നീ ലക്ഷണങ്ങള്‍ ഉണ്ടാകാം. ഇരു വൃക്കകളിലും ഒന്നിലധികം മുഴകള്‍ ഉണ്ടെങ്കില്‍ രക്തസമ്മര്‍ദ്ദവും ക്രിയാറ്റിനിന്റെ അളവും കൂടുതലായി വരാം. ഇവര്‍ക്കും ഭാവിയില്‍ വൃക്ക തകരാറിന് സാദ്ധ്യതയുണ്ട്. ചിലരില്‍ വൃക്കകളില്‍ മുഴ വരുമ്പോള്‍ മുഖക്കുരു, ജന്നി തുടങ്ങിയ ലക്ഷണങ്ങളും പ്രകടമാകാം.
ചികിത്സാ രീതികള്‍
ഒരു മുഴയാണുള്ളതെങ്കില്‍ അതിന് പ്രത്യേകം ചികിത്സ ആവശ്യമില്ല. എന്നാല്‍, കൃത്യമായ ഇടവേളകളില്‍ തുടര്‍ പരിശോധന നടത്തുക. ഇരു വൃക്കകളിലും ഒന്നിലധികം മുഴകള്‍ ഉണ്ടെങ്കില്‍ അവയുടെ വലിപ്പം കുറയ്ക്കുന്നതിനായി ധാരാളമായി വെള്ളം കുടിക്കുക. സാധാരണ വൃക്ക രോഗികള്‍ അമിതമായി വെള്ളം കുടിക്കരുതെന്നാണ് പറയാറുള്ളത്. എന്നാല്‍, പോളിസിസ്റ്റിക് കിഡ്നി ഡിസീസ് ഉള്ളവരില്‍ വെള്ളം ധാരാളമായി കുടിക്കുമ്പോള്‍ ആന്റി ഡൈയൂററ്റിക് ഹോര്‍മോണിന്റെ അളവു കുറഞ്ഞു മുഴയുടെ വലിപ്പം കുറയുന്നു. ഇതു കൂടാതെ ആന്റി ഡൈയൂററ്റിക് ഹോര്‍മോണിന്റെ അളവു കുറയ്ക്കുന്നതിനായി ഒട്ടേറെ മരുന്നുകളും ലഭ്യമാണ്.
ഈ കാര്യങ്ങളൊക്കെ ശ്രദ്ധിച്ചു രോഗലക്ഷണങ്ങള്‍ ഏതെങ്കിലും ഉണ്ടെങ്കിലോ, രോഗപരമ്പര്യം ഉണ്ടെങ്കിലോ എത്രയും പെട്ടെന്ന് ഒരു നെഫ്രോളജിസ്റ്റിനെ കണ്ട് രോഗനിര്‍ണയം നടത്തി ചികിത്സ ആരംഭിക്കേണ്ടതായി വരാം.