കൊഴുപ്പു നീക്കി ആകാരവടിവ് നേടാൻ ലൈപ്പോസക്‌ഷൻ Understanding Liposuction: Beyond the Simple Procedure
Mail This Article
നമ്മുടെ ശരീരഭാഗങ്ങളിലെ അമിത കൊഴുപ്പു നീക്കം ചെയ്ത്, ശരീരത്തിനു നല്ല ആകാരവടിവു ലഭിക്കാനാണു ലൈപ്പോസക്‌ഷൻ ചെയ്യുന്നത്. ലളിതമായ ഒരു പ്രോസീജിയർ ആണ് ഇത് എന്നാണു പലരുടെയും ധാരണ. എന്നാൽ അങ്ങനെയല്ല. അനസ്തീസിയ നൽകിയാണു ലൈപ്പോസക്‌ഷൻ ചെയ്യുക. മിക്കവാറും ജനറൽ അനസ്തീസിയ ആണു നൽകാറുള്ളത്. അപൂർവമായി ലോക്കൽ അനസ്തീസിയയും നൽകാറുണ്ട്. ഏതു മേജർ ശസ്ത്രക്രിയയ്ക്കും മുൻപും അനസ്തീസിയ ഡോക്ടർ വിശദമായി പരിശോധന നടത്താറുണ്ടല്ലോ. അതെല്ലാം ലൈപ്പോസക്‌ഷനു വിധേയനാകുന്ന വ്യക്തിക്കും നടത്തണം. ലൈപ്പോസക്‌ഷൻ പോലുള്ള മാർഗങ്ങൾ ചെയ്യുന്പോൾ ശ്രദ്ധിക്കേണ്ട വസ്തുതകൾ.
ചെയ്യാൻ യോഗ്യത ആർക്ക് ?
എംബിബിഎസ് പൂർത്തിയാക്കി, മൂന്നു വർഷം സർജറിയിൽ ഉപരിപഠനമായ എംഎസ്സും മൂന്നു വർഷം എംസിഎച്ച് /ഡിഎൻബിയും പഠിച്ചു കഴിഞ്ഞവരാണു പ്ലാസ്റ്റിക് സർജന്മാർ. ഇവരാണു ലൈപ്പോസക്‌ഷൻ ഉൾപ്പെടെയുള്ള ചികിത്സകൾ നടത്താൻ യോഗ്യതയുള്ളവർ.
ലൈപ്പോസക്‌ഷൻ ഉൾപ്പെടെയുള്ള രീതികൾ ചെയ്യാൻ തീരുമാനിച്ചാൽ ആദ്യം അന്വേഷിക്കേണ്ടതു ചികിത്സ ചെയ്യുന്ന ഡോക്ടറുടെ യോഗ്യതയാണ്. അടുത്തതായി ചികിത്സാ സെന്ററിലെ സൗകര്യങ്ങളെ കുറിച്ചും. പലപ്പോഴും ചെറിയ ക്ലിനിക്കുകളിൽ അത്യാഹിതം, കാർഡിയോളജി പോലുള്ള വിഭാഗങ്ങളുടെ സേവനം ഉണ്ടായിരിക്കുകയില്ല. ഒരു അത്യാഹിതം സംഭവിച്ചാൽ അവർ എങ്ങനെ ആ സാഹചര്യം കൈകാര്യം ചെയ്യും എന്നു ചോദിച്ചറിയുക. ഏതെല്ലാം ആശുപത്രികളുമായി സഹകരിക്കുന്നുണ്ടെന്നും അന്വേഷിക്കുക. കാരണം എന്തെങ്കിലും അത്യാഹിതം സംഭവിച്ചാൽ ഈ ആശുപത്രികളിലേക്കാവും രോഗിയെ മാറ്റുക.
ലൈപ്പോസക്‌ഷൻ ചെയ്തു കഴിഞ്ഞാൽ ചില രോഗികൾക്കു സങ്കീർണതകൾ സംഭവിക്കാം. ഫാറ്റ് എംബോളിസം എന്ന അവസ്ഥ അതിലൊന്നാണ്. കൊഴുപ്പു രക്തക്കുഴലിനകത്തു പ്രവേശിച്ചു തടസ്സമുണ്ടാക്കുന്ന അവസ്ഥയാണിത്. ഇതു ശ്വാസകോശം, തലച്ചോർ ഉൾപ്പെടെയുള്ള അവയവങ്ങൾക്കു പ്രശ്നമുണ്ടാക്കാം. ചിലപ്പോൾ രോഗിക്കു വെന്റിലേറ്റർ ചികിത്സ നൽകേണ്ടി വരും.
ശസ്ത്രക്രിയയ്ക്കു ശേഷം
ലൈപ്പോസക്‌ഷൻ കഴിഞ്ഞ ശേഷം എത്ര നാൾ ആശുപത്രിവാസം വേണമെന്നതു വ്യക്തിക്ക് അനുസരിച്ചു വ്യത്യാസപ്പെടും. മിക്ക ആശുപത്രികളിലും കുറഞ്ഞത് ഒരു ദിവസം കിടത്തി നിരീക്ഷിക്കാറുണ്ട്. അനസ്തീസിയയുെട മയക്കത്തിൽ നിന്നു പൂർണമായി പുറത്തുവന്നതിനുശേഷം മറ്റു പ്രശ്നങ്ങൾ ഇല്ല എന്നു കണ്ടാൽ ഡിസ്ചാർജ് ചെയ്യും. ചില സ്വകാര്യ ക്ലിനിക്കുകളിൽ ചെറിയ അളവിൽ മാത്രമാണു കൊഴുപ്പു നീക്കം ചെയ്തതെങ്കിൽ അന്നു തന്നെ വീട്ടിലേക്കു വിടാറുണ്ട്. കഴിക്കാൻ ആന്റിബയോട്ടിക്കുകളും വേദനാസംഹാരികളും നൽകാറുണ്ട്. ലൈപ്പോസക്‌ഷൻ ചെയ്തു കഴിഞ്ഞാൽ ശരീരം മുറുകി ഇരിക്കാനുള്ള കംപ്രഷൻ ഗാർമെന്റ് (വസ്ത്രം) നൽകാറുണ്ട്. ലൈപ്പോസക്‌ഷൻ ചെയ്ത ഭാഗത്തെ ചർമം ചുരുങ്ങി പഴയ ആകൃതിയിലേക്കു വരാൻ വേണ്ടിയാണു കംപ്രഷൻ വസ്ത്രം ധരിക്കേണ്ടത്. ചിലർക്ക് ഇത് ആറു മാസം വരെ ധരിക്കേണ്ടി വരും
