ADVERTISEMENT

ഒരു മുന്നറിയിപ്പുമില്ലാതെ ജീവിതത്തിൽ നിന്നു പടിയിറങ്ങിപ്പോകുന്ന  പ്രശസ്തരുടെ എണ്ണം വർധിക്കുകയാണ്.
ആനന്ദത്തിന്റെ, ആഡംബരത്തിന്റെ, പ്രശസ്തിയുടെ പടവുകളിറങ്ങി വന്നു വിറയാർന്ന വിരലുകളാൽ മരണത്തെ അതിഗാഢമായി ആലിംഗനം ചെയ്യുന്നവർ... ഒരു സുന്ദരജ്വാലയായി പ്രകാശിച്ചു നിൽക്കേ വിഷാദമെന്ന വൻകാറ്റിൽ അണഞ്ഞു പോകുന്നവർ... പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോൾ മരണത്തിലേക്കു നടന്നു പോകുന്നവരുടെ മനസ്സിലെന്താണ്?
സ്വയം പ്രാണന്റെ ചരടു മുറിക്കാനൊരുങ്ങിയ ആ ദിവസത്തിനു മുന്‍പ് സുശാന്ത് സിങ് രാജ്പുത് സമൂഹമാധ്യമമായ ഇൻസ്റ്റഗ്രാമിൽ അമ്മയെ ഓർമിച്ചു. ആ വാക്കുകളിൽ ‘കണ്ണീർത്തുള്ളികളും തീരാത്ത സ്വപ്നങ്ങളും ക്ഷണിക ജീവിതവുമെല്ലാം’ പരാമര്‍ശിക്കുന്നതായി കാണാം...താരമോടിയുടെ നിറപ്പൊലിമയ്ക്കപ്പുറത്ത് ഏകാന്തതയുടെ, ഉള്ളു പൊട്ടുന്ന ദുഃഖത്തിന്റെ രാപ്പകലുകൾ അഭ്രപാളിയിലെ പ്രിയതാരങ്ങൾക്കുമുണ്ട് എന്നു ലോകത്തെ വീണ്ടും ഓർമിപ്പിച്ചു സുശാന്തിന്റെ മരണം.

ലോകാരോഗ്യ സംഘടനയുടെ ഗ്ലോബൽ സൂയിസൈഡ് സ്‌റ്റാറ്റിസ്‌റ്റിക്സ് പ്രകാരം ലോകമെമ്പാടും ഒരു വർഷം ഏഴു ലക്ഷത്തിലേറെ പേരാണു സ്വയം ജീവിതമവസാനിപ്പിക്കുന്നത്. അങ്ങനെ നോക്കുമ്പോൾ നാൽപതു സെക്കന്റിൽ ഒരാൾ ആത്മഹത്യ ചെയ്യുന്നു. ഇതിൽ 90 ശതമാനവും ഏതെങ്കിലും ഒരു മാനസിക പ്രശ്നമുള്ളവരാണ്. ഈ 90 ശതമാനത്തിൽ ഏറ്റവുമധികം ആത്മഹത്യയെക്കുറിച്ചു ചിന്തിക്കുന്നതു വിഷാദരോഗമുള്ളവരും ലഹരി ഉപയോഗിക്കുന്നവരുമാണ്.

ADVERTISEMENT

ആ സങ്കടമല്ല വിഷാദം

വിഷാദമെന്നാൽ സാദാ സങ്കടമാണോ? രണ്ടും രണ്ടാണ്. അൽപനേരം കഴിഞ്ഞു മാഞ്ഞുപോകുന്ന സങ്കടം വിഷാദമല്ല. ഒന്നു കരഞ്ഞു തീർത്താൽ, ചേർത്തു നിർത്തിയൊരാൾ ആശ്വസിപ്പിച്ചാൽ അലിഞ്ഞു പോകുന്ന സങ്കടവും വിഷാദമല്ല. രണ്ടാഴ്ചയോളം മാറ്റമില്ലാതെ പ്രകടമാകുന്ന ദുഃഖമാണു വിഷാദം. പ്രത്യേക കാരണങ്ങളില്ലാതെ ആ ദുഃഖം നീണ്ടു നിൽക്കും. ജീവിതത്തിന്റെ സമസ്ത മേഖലകളിലേക്കും വിഷാദഛവി പടർന്നു നിറയും. പ്രശസ്തരുടെ ജീവിതത്തിലും ഇത്തരമൊരു വിഷാദതാളം നിറയുന്നുണ്ട്. ആഹ്ലാദം നിറയുന്ന സന്ദർഭങ്ങളിലും നിർവികാരതയോടെ നിലകൊള്ളാനേ അപ്പോൾ അവർക്കു കഴിയൂ. ജോലിയിൽ തീർത്തും ഊർജരഹിതരാകും. പ്രിയപ്പെട്ട കാര്യങ്ങളിലൊന്നും സന്തോഷിക്കാനാകാതെ വരും. പേരറിയാത്തൊരു ദുഃഖം വള്ളിപ്പടർപ്പു പോലെ മനസ്സിലും ശരീരത്തിലും പടർന്നു കയറും. ആദ്യഘട്ടത്തിലെ നേർത്ത വിഷാദവും ഇടത്തരം വിഷാദവും അത്ര അടുപ്പമുള്ളവർക്കും അറിയാനാകില്ല. ആരുമറിയാതെ വിഷാദവുമായി അവർ ഒരു പോരാട്ടത്തിലായിരിക്കും. വിഷാദം മൂർധന്യാവസ്ഥയിലെത്തുമ്പോൾ അടുത്തുള്ളവർക്കു മനസ്സിലാകും. ആത്മഹത്യ കഴിയുമ്പോഴാകും കൂടെയുള്ള പലരും ഇങ്ങനെയൊരു കാരണം ഉണ്ടായിരുന്നോ എന്നു തിരിച്ചറിയുന്നത്.

ADVERTISEMENT

കോഗ്‌നിറ്റീവ് ഡിസ്‌റ്റോർ‌ഷൻ

ആത്മഹത്യയിലേക്കു നയിക്കുന്ന പ്രധാന കാരണം വിഷാദമാണ് എന്നു പറയുമ്പോൾ വിഷാദത്തിന്റെ ഭാഗമായ കോഗ്‍നിറ്റീവ് ഡിസ്‌റ്റോർഷൻ (Cognitive distortions) എന്ന അവസ്ഥയെക്കുറിച്ചു പറയാതിരിക്കാനാകില്ല. മരണത്തിലേക്കു നടന്നു പോകുന്ന പ്രശസ്തരുടെ ജീവിതത്തിൽ കോഗ്‌നിറ്റീവ് ഡിസ്‌റ്റോർഷന്റെ നിഴൽ വീഴാനുള്ള സാധ്യത കൂടുതലാണ്. അവനവനെക്കുറിച്ചുള്ള ധാരണയിൽ വരുന്ന തെറ്റാണിത്. ഒന്നുകൂടി വിശദമാക്കിയാൽ സ്വന്തം അറിവിനെ വളച്ചൊടിക്കലാണിത്. എന്നെ ഒന്നിനും കൊള്ളില്ല എന്നൊരു തോന്നൽ മനസ്സിൽ ഉടലെടുക്കും. ഞാൻ എല്ലാവർ‌ക്കും ഭാരമാണ്. എന്നെക്കൊണ്ട് ഒരു പ്രയോജനവുമില്ല. എത്ര പണമുണ്ടെങ്കിലും ഞാൻ പ്രയോജനമില്ലാത്ത ആളാണ്. ഇങ്ങനെ ജീവിക്കുന്നതിൽ അർഥമില്ല. എനിക്കു നല്ലൊരു ഭാവിയില്ല... അങ്ങനെയങ്ങനെ കാടുകയറുന്ന ചിന്തകൾ.

ADVERTISEMENT

ഏതു നിസ്സാരകാര്യത്തെയും അവർ വ്യാഖ്യാനിക്കുന്നത് അവരുടേതായ രീതിയിലായിരിക്കും. കുറച്ചു കൂടി വിശദമാക്കാം.
ഒരാൾ ഒരു വ്യക്തിയോടു വളരെ ജെനുവിനായി, തിരക്കു കാരണം  പിന്നീടു വരാൻ പറയുകയോ, പിന്നീടു സംസാരിക്കാം എന്നു പറയുകയോ ആണെന്നു കരുതുക, അതു കേൾക്കുന്ന ആ വ്യക്തിക്ക് അയാളെ ഒറ്റപ്പെടുത്തുന്നതു പോലെ തോന്നും. സ്നേഹമില്ലാത്തു കൊണ്ടാണ് അങ്ങനെ ചെയ്തതെന്നു കരുതും. അയാൾ അങ്ങനെയാണതിനെ വ്യാഖ്യാനിക്കുന്നത്. അവനവനെക്കുറിച്ചു നിഷേധാത്മകമായി മാത്രം ചിന്തിക്കുമ്പോൾ മറ്റുള്ളവർ ഒരു യ‌ഥാർഥ കാര്യത്തിനായി മാറ്റി നിർത്തുമ്പോഴും ഒഴിവാക്കുന്നതായി തോന്നും. വിജയസാധ്യതകൾ ഇനിയും ഉണ്ട് എന്നു കണക്കാക്കുന്നതിനു പകരം ഇപ്പോൾ‌ തോറ്റതു കൊണ്ടു ജീവിതത്തിൽ ഇനിയങ്ങോട്ടു തോൽവികൾ മാത്രമേ സംഭവിക്കൂ എന്നൊരു നിഗമനത്തിലെത്തും അവരുടെ മനസ്സ്. ഏതു കാര്യത്തിലും നിഷേധാത്മകതലത്തിൽ മാത്രമേ അവരുടെ കണ്ണുടക്കൂ. ഇതിന്റെ പ്രധാന പരിണിതഫലം നിരാശ കടന്നു കൂടും എന്നതാണ്.

മുൻപോട്ടു ജീവിക്കാൻ നമ്മെ പ്രേരിപ്പിക്കുന്ന ഘടകം പ്രത്യാശയാണ്. നിരാശയുടെ വരവോടെ ജീവിക്കുന്നതിൽ അർഥമില്ല എന്ന ചിന്തയിലെത്തും. തുടർ‌ന്നു മരിക്കണം, എങ്ങനെ മരിക്കാം എന്നു ചിന്തിച്ചു തുടങ്ങും. മദ്യം, ലഹരിപദാർഥങ്ങൾ‍ എന്നിവയിലേക്കും നീങ്ങാം. ലഹരിയും മദ്യവുമൊക്കെ ശരീരത്തിനു ഗുണകരമല്ല എന്നു നല്ല ബോധ്യമുണ്ടെങ്കിലും ഇതെല്ലാമറിഞ്ഞ് ഇത്തരം അപകടശീലങ്ങളിലേക്കു പോകാം. അത് ഒരു ഇൻഡയറക്റ്റ് സ്വയംഹത്യ  തന്നെയാണ്.

ബൈപോളാർ ഡിസോഡർ‌

കലാരംഗത്തു പ്രവർത്തിക്കുന്നവരോ പ്രശസ്തിയുടെ വെള്ളി വെളിച്ചത്തിൽ ജ്വലിച്ചു നിൽക്കുന്നവരോ ആയ ചിലരിലെങ്കിലും ബൈപോളാർ ഡിസോഡർ വരാനുള്ള സാധ്യതയുണ്ട്. ഈ രോഗത്തിനു രണ്ടു ഘട്ടങ്ങളുണ്ട്. ഒരാളിൽ തന്നെ ഉന്മാദവും വിഷാദവും വേലിയേറ്റവും വേലിയിറക്കവും പോലെ മാറി മറിയുകയാണ്. ഡ‍ിപ്രഷൻ കഴിഞ്ഞാൽ‌ അടുത്തതു ഹൈപ്പോമാനിക് ഫേസ്. ഹൈപ്പോമാനിക് ഫേസ് എന്ന ഉന്മാദഘട്ടത്തിൽ ഊർജസ്വലത വളരെ കൂടുതലാണ്. അസാധാരണമായ ആത്മവിശ്വാസം പ്രകടമാക്കും. കരിയറിൽ പ്രകടനങ്ങൾ മെച്ചപ്പെടും. ഈ മികവുറ്റ പ്രകടനങ്ങൾ രോഗലക്ഷണമാണെന്നു പലപ്പോഴും അറിയില്ല.

എന്നാൽ അതിൽ നിന്നു വിഷാദത്തിലേക്കു ചായുമ്പോൾ വിപരീതഫലമാണ് ഉണ്ടാകുന്നത്. നേട്ടങ്ങൾ എത്ര ഉണ്ടായാലും നിരാശയ്ക്ക് ഒരു കുറവും ഉണ്ടാകില്ല. കോഗ്‌നിറ്റീവ് ഡിസ്‌റ്റോർഷൻ തുടങ്ങിയെങ്കിൽ ചെറിയ ഒരു തോൽവിയിലോ ഒരു തിരിച്ചടിയിലോ അവരുടെ മനസ്സു പതി‍ഞ്ഞിരിക്കും. സാമ്പത്തിക ബുദ്ധിമുട്ടോ പ്രോജക്റ്റു നഷ്ടപ്പെടുന്നതോ ഒക്കെയാകാം കാരണം. അപ്പോഴത്തെ നിലയിൽ അവർക്കതു താങ്ങാനാകില്ല. ആ തോൽവിയിൽ, തകർച്ചയിൽ, മുൻപോട്ടുള്ളതെല്ലാം അങ്ങനെയായിരിക്കും എന്ന ധാരണാപ്പിശക് അവർക്കുണ്ടാകും. ആ ഒറ്റ കാര്യത്തെ അടിസ്ഥാനമാക്കി മാത്രം അവർ ഒരു നിഗമനത്തിലെത്തും.

തലച്ചോറിന്റെ പ്രവർത്തനത്തകരാറുകൊണ്ടു തന്നെയാണിത്. സന്തോഷവും ആനന്ദവും പകരുന്ന ന്യൂറോട്രാൻസ്മിറ്ററുകളുടെ തോതിന്റെ വ്യതിയാനം കൊണ്ടുമിതു വരാം. വിട്ടുമാറാത്ത സമ്മർദം മറ്റൊരു കാരണമാണ്. ജനിതക വഴികളിൽ ഇങ്ങനെയൊരു കുഴപ്പമുണ്ടെങ്കിൽ അതിലൂടെയും സാധ്യത കൂടാം. മറ്റൊരു കാര്യം. പ്രശസ്തിയിൽ തിളങ്ങി നിൽക്കുന്നവരിൽ നിന്നു സമൂഹം പ്രതീക്ഷിക്കുന്നതും ഇവർ സ്വയം പ്രതീക്ഷിക്കുന്നതും ഉയർന്ന നിലവാരത്തിലുള്ള കാര്യങ്ങളാണ്. പ്രതീക്ഷകളും ടാർഗറ്റുകളും ഉയരുമ്പോൾ മാനസികസമ്മർദം കൂടും. പ്രശസ്തി കൂടുന്നതിനനുസരിച്ചും സമ്മർദം കൂടും. ജീവിതത്തിൽ അനുഭവിക്കേണ്ടി വരുന്ന ഏകാന്തതയും ഒറ്റപ്പെടലും കൂടി ഇക്കൂട്ടത്തിൽ പറയേണ്ടതാണ്.

പ്രശസ്തരുടെയും സാധാരണക്കാരുടെയും എല്ലാം പ്രശ്നം സ്റ്റിഗ്‌മയാണ്. മാനസികപ്രശ്നമെന്നാൽ അപമാന ഹേതുവായ ഒന്നാണെന്ന സ്റ്റിഗ്‌മ. അതു മാറിയേ തീരൂ. അതു കൊണ്ടു തന്നെ ചികിത്സ തേടാൻ അവർ മടിക്കും. പ്രമേഹമോ, തൈറോയ്ഡ് രോഗങ്ങളോ പോലെ തന്നെയാണു മാനസിക പ്രശ്നങ്ങളും. അവ ചികിത്സിച്ചു ഭേദമാക്കാം എന്ന ബോധ്യം അവർക്കു നൽകണം. ആത്മഹത്യ ഒരു പരിധിവരെ തടയാനാകുന്നതു തന്നെയാണ് എന്ന സന്ദേശവും നൽകണം.

മരുന്നിന്റെ പിന്തുണ

വിഷാദത്തിലും ബൈപോളാർ രോഗാവസ്ഥയിലുമെല്ലാം മരുന്നുകൾ വളരെ ഉപകരിക്കും. തലച്ചോറിലെ രാസപദാർഥത്തിന്റെ അളവിലെ ഏറ്റക്കുറച്ചിൽ പരിഹരിക്കുന്ന തരം ഒട്ടേറെ മരുന്നുകൾ ലഭ്യമാണ്. ചിലപ്പോൾ 100 ശതമാനവും മരുന്നു ഗുണം ചെയ്യും. ബാക്കി സൈക്കോതെറപ്പിയിലൂടെ പരിഹരിക്കാം. മരുന്നുകൾ എല്ലാം സുരക്ഷിതമാണ്. പാർശ്വഫലങ്ങൾ തീരെ കുറവാണ്. ആന്റിഡിപ്രസന്റുകൾ, ആന്റി സൈക്കോട്ടിക് മരുന്നുകൾ, മൂഡ് സ്‌റ്റെബിലൈസറുകൾ....അങ്ങനെ വിവിധ തരം മരുന്നുകൾ.. പാരസെറ്റമോളിന്റെ അത്രപോലും പാർശ്വഫലങ്ങളില്ലാത്ത പുതിയ മരുന്നുകളും ലഭ്യമാണ്. മനസ്സിലെ ഭാരം തുറന്നു പറയാൻ വ്യക്തിയെ തിരഞ്ഞെടുക്കുമ്പോൾ യോജിച്ച ആൾ തന്നെ എന്നുറപ്പാക്കേണ്ടതും പ്രധാനമാണ്. പ്രശ്നത്തെ അശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നവർ അതിനെ നിസ്സാരവൽക്കരിക്കാം. അതുകൊണ്ട് ഉചിതമായ ചികിത്സ  ലഭിക്കാതെ വരാം.

വിഷാദമെന്ന ഇരുൾ വഴിയിൽ ജീവിതത്തിനു സ്വയം തിരശ്ശീല വലിച്ചിടാനൊരുങ്ങുന്നതിനു മുൻപായി നമ്മുടെ പ്രിയപ്പെട്ടവർ കടന്നു പോകുന്ന ഒട്ടേറെ ഘട്ടങ്ങളുണ്ട്. അവരെ നിരീക്ഷിക്കണം. കൂടെ നിൽക്കുമെന്നു പറഞ്ഞു പിന്തുണ നൽകണം. എങ്കിൽ മാത്രമേ അവർ മനസ്സു തുറക്കൂ. മനസ്സു തുറന്നാലേ ജീവിതത്തിലേക്ക് അവരെ തിരികെ വിളിക്കാനാകൂ.

വിവരങ്ങൾക്കു കടപ്പാട്

ഡോ. എൽസി ഉമ്മൻ

കൺസൽറ്റന്റ് സൈക്യാട്രിസ്‌റ്റ്

മെഡിക്കൽ ട്രസ്‌റ്റ് ഹോസ്‌പിറ്റൽ, കൊച്ചി  

ADVERTISEMENT