10 വയസ്സു കുറയ്ക്കും ഡീടോക്സ് മേക്കോവർ ; ഉപവാസവും ഡീടോക്സ് ഡ്രിങ്കും വേണോ? Practical Tips for an Effective Anti-Inflammatory Detox Diet
Mail This Article
മാലിന്യങ്ങൾ നീക്കി സ്വയം ശുദ്ധമാക്കാൻ മികച്ച ഡീടോക്സിഫിക്കേഷൻ സംവിധാനങ്ങളുള്ള ഒന്നാണു മനുഷ്യശരീരം. കരളും വൃക്കയും പോലെയുള്ള അവയവങ്ങളൊക്കെ ഈ സംവിധാനത്തിന്റെ
ഭാഗമായി വളരെ ഫലപ്രദമായി പ്രവർത്തിക്കുന്നു. എന്നാൽ നമ്മുടെ ഭാഗത്തുനിന്നുള്ള ചില നടപടികൾ ഈ ഡീടോക്സിഫിക്കേഷനെ കൂടുതൽ സുഗമമാക്കും.
ഉദാഹരണത്തിന്, ചെറിയ തോതിലുള്ളതാണെങ്കിലും വളരെ നാളായുള്ള നീർവീക്കം ശരീരത്തിന്റെ
ശുദ്ധീകരണപ്രക്രിയയിൽ ഉൾപ്പെടുന്ന അവയവങ്ങളുടെ പ്രവർത്തനം തടസ്സപ്പെടുത്താം.
ഈ നീർവീക്കം കുറയ്ക്കാൻ സഹായിക്കുന്ന പോഷകങ്ങൾ അടങ്ങിയ ആന്റി ഇൻഫ്ലമേറ്ററി ഡയറ്റ് ശരീരത്തിന്റെ പ്രകൃതിദത്ത ഡീടോക്സിഫിക്കേഷൻ പ്രക്രിയയെ പിന്തുണയ്ക്കുന്നു. തന്നെയുമല്ല നീർവീക്കം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.
ഡീടോക്സ് ഡയറ്റുകൾ എന്നറിയപ്പെടുന്നവ ഭൂരിഭാഗവും ശാസ്ത്രീയ അടിസ്ഥാനമൊന്നുമില്ലാത്ത ഫാഡ് ഡയറ്റുകളാണ്. ഇത് അധികകാലം മുൻപോട്ടു കൊണ്ടുപോകാനാവുകയില്ല.
എന്നാൽ ആന്റി ഇൻഫ്ലമേറ്ററി ഡയറ്റിന്റെ അടിസ്ഥാനം സന്തുലിതമായ ആഹാരരീതിയാണ്. കാർബോഹൈഡ്രേറ്റും പ്രോട്ടീനും നല്ല കൊഴുപ്പും വൈറ്റമിനുകളും നാരുകളും വെള്ളവുമെല്ലാം സമാസമം ചേരുന്ന ഡയറ്റ്. അതുകൊണ്ടു തന്നെ ഇതു കൂടുതൽ കാലത്തേക്കു പിന്തുടരാവുന്നവയും അപകടരഹിതവുമാണ്.
സൗഖ്യകരമായ ആരോഗ്യാനുഭവത്തിനായി ഈ ഡയറ്റിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കണം.
കഴിക്കേണ്ടത്
∙ ഡയറ്റിന്റെ ഭാഗമായി ഉപയോഗിക്കുന്ന പച്ചക്കറികളും പഴങ്ങളും നമ്മുടെ നാട്ടിൽ തന്നെ ഉൽപാദിപ്പിക്കുന്നവയും സീസണലായി ലഭ്യമാകുന്നവയുമാകണം. ഒരുപാടു ദൂരെ നിന്നും ദിവസങ്ങളെടുത്തു ശീതീകരിച്ചും വാടിയും എത്തുന്ന പഴങ്ങളിൽ നിന്നും പച്ചക്കറികളിൽ നിന്നുമുള്ള പോഷകലഭ്യത കുറയും. നമ്മുടെ വീട്ടിലും തൊടിയിലുമുള്ള വാഴപ്പൂവും വാഴത്തടയും ചീരയിലയും മുരിങ്ങയിലയുമൊക്കെ കഴിച്ചാൽ തന്നെ നമുക്ക് ആവശ്യത്തിനുള്ള ജീവകങ്ങളും ധാതുക്കളും ലഭിക്കും.
∙ അണ്ടിപ്പരിപ്പുകളും വിത്തുകളും കഴിക്കുമ്പോൾ അളവിൽ ശ്രദ്ധിക്കണം. ദിവസം 10 മുതൽ 15 ഗ്രാം വരെ കഴിക്കാം. ഉപ്പു ചേർത്തോ എണ്ണയിൽ വറുത്തോ കഴിക്കരുത്. വെറുതെ ചൂടാക്കിയോ (ഡ്രൈ റോസ്റ്റ്) വെള്ളത്തിൽ കുതിർത്തോ കഴിച്ചാൽ ഗ്യാസ് പ്രശ്നങ്ങൾ ഉണ്ടാകില്ല.
∙ പഴങ്ങളിൽ ബെറീസിനാണ് ഏറ്റവും കൂടുതൽ ആന്റി ഒാക്സിഡന്റ്– ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉള്ളത്. പക്ഷേ, ഇവ നമ്മുടെ നാട്ടിൽ ലഭ്യമല്ല. ശീതീകരിച്ചും മറ്റും പുറമെ നിന്നും കൊണ്ടുവരികയാണ്. ഇതു ഡീടോക്സ് ഗുണം നൽകില്ല. അതിലും പ്രയോജനം നമ്മുടെ പറമ്പിലെ പപ്പായയ്ക്കും പാഷൻ ഫ്രൂട്ടിനുമൊക്കെയാണ്. അടുക്കളത്തോട്ടങ്ങളും ടെറസ് കൃഷിയുമൊക്കെ വഴി പഴങ്ങളും പച്ചക്കറികളും പരമാവധി ഫ്രഷായിത്തന്നെ കഴിക്കാനുള്ള സാഹചര്യം ഒരുക്കാം.
∙ ദിവസവും ഭക്ഷണത്തിൽ പ്രോബയോട്ടിക്സ് ഉൾപ്പെടുത്താം. പഴങ്കഞ്ഞി, തൈര്, യോഗർട്ട് എന്നിവയൊക്കെ മികച്ച പ്രോബയോട്ടിക് ഭക്ഷണങ്ങളാണ്. ഹോർമോൺ സന്തുലനാവസ്ഥയിലെ പ്രശ്നങ്ങൾ മാറാൻ ഇതു നല്ലതാണ്. ദിവസവും 100 മി.ലീ മോര്, സംഭാരം എന്നിവയിലേതെങ്കിലും കഴിക്കാം.
∙ ഒാറഞ്ച്, നാരങ്ങ പോലുള്ള സിട്രസ് പഴങ്ങളും കാരറ്റ്, കാപ്സിക്കം പോലെയുള്ള പച്ചക്കറികളും നല്ലത്.
∙ പ്രോട്ടീൻ അളവു ശ്രദ്ധിക്കണം. കൊഴുപ്പു കുറഞ്ഞതോ നല്ല കൊഴുപ്പുള്ളതോ ആയ പ്രോട്ടീനു പ്രാധാന്യം നൽകുക.
∙ ഏതു പ്രായത്തിലും ഉള്ളവർക്കു കഴിക്കാവുന്ന, ഡീടോക്സിങ് ഗുണം നൽകുന്ന ഒരു പാനീയമാണ് ഉപ്പിട്ട നാരങ്ങാവെള്ളം. ഇതിലേക്കു ചിയ സീഡും ചേർക്കാം.
∙ ആഴ്ചയിൽ ഒരിക്കൽ നാടൻ കരിക്കു കുടിക്കാം. ഇതു സോഡിയം, പൊട്ടാസ്യം സന്തുലനാവസ്ഥ നിലനിർത്തുന്നു.
∙ നെല്ലിക്കയിൽ ധാരാളം ആന്റി ഒാക്സിഡന്റുകൾ ഉണ്ട്. പക്ഷേ, അളവു ശ്രദ്ധിക്കണം. ദിവസവും നെല്ലിക്ക ജൂസ് കുടിക്കുന്നത് ആരോഗ്യകരമല്ല. ഇതു വൃക്കകളുടെ ജോലിഭാരം വർധിപ്പിക്കാം. പകരം ദിവസം ഒന്നോ രണ്ടോ നെല്ലിക്ക വീതം കഴിക്കാം.
∙ ഏതെങ്കിലും ഒരു നേരത്തെ കാപ്പിയോ ചായയോ ഒഴിവാക്കി ഗ്രീൻ ടീ കുടിക്കുക. അതാകുമ്പോൾ കഫീൻ കുറയ്ക്കാം. പാലും പഞ്ചസാരയും ഒഴിവാകും.
∙ ഭക്ഷണം പോലെ തന്നെ പ്രധാനമാണ് നല്ല സുഖകരമായ ഉറക്കം. ദിവസവും വ്യായാമം ചെയ്യാനുംമറക്കരുത്.
ഒഴിവാക്കേണ്ടത്
∙ റിഫൈൻഡ് ഷുഗർ, ധാന്യങ്ങൾ എന്നിവ ഒഴിവാക്കുക. പഴങ്ങൾ കഴിവതും ജൂസ് ആക്കാതെ നാരോടുകൂടി തന്നെ കഴിക്കുക.
∙ കഫീൻ അമിതമായാൽ ആർത്രൈറ്റിസ് പോലെയുള്ള പ്രശ്നമുള്ളവരിൽ അസ്വാസ്ഥ്യം വർധിപ്പിക്കാം.
∙ ബീഫ്, പന്നി ഇറച്ചി പോലെയുള്ള ചുവന്ന മാംസം നീർവീക്കം വരുത്താം, ഒഴിവാക്കുക.
‘ഡീടോക്സ് ഡ്രിങ്ക്സ് ’ വേണോ?
∙ വെള്ളരിക്കയും നാരങ്ങയും പോലെയുള്ളവ ശുദ്ധജലത്തിൽ ഇട്ടുവച്ചു പിറ്റേന്നു കുടിക്കുന്നതു ഡീടോക്സിങ് ഫലം നൽകുമെന്ന് അവകാശവാദങ്ങളുണ്ട്. പക്ഷേ,യഥാർഥത്തിൽ ഇതൊരു റീഫ്രഷിങ് പാനീയമാണെന്നല്ലാതെ മറ്റു ഗുണങ്ങളൊന്നുമില്ല. ഡീടോക്സ് ചായ, കോഫി എന്നിവ വയറിളകിപ്പോകാൻ സഹായിക്കുമെന്നേയുള്ളു. അതിലും കവിഞ്ഞു ഗുണമൊന്നുമില്ല.
∙ ഡീടോക്സിങ്ങിനു വല്ലപ്പോഴും ഉപവസിക്കുന്നതിൽ കുഴപ്പമില്ല. പക്ഷേ, എന്തെങ്കിലും രോഗത്തിനു മരുന്നു കഴിക്കുന്നവരാണെങ്കിലോ, ആരോഗ്യസ്ഥിതി നല്ലതല്ലെങ്കിലോ (വിളർച്ചയുള്ളവർ) ഉപവാസം അനുഷ്ഠിക്കുന്നതിൽ കരുതൽ വേണം. രക്തപരിശോധനകളൊക്കെ നടത്തി എല്ലാം നോർമൽ ആണെങ്കിലേ ദീർഘമായ ഉപവാസമെടുക്കാവൂ. ഉപവാസം ആണെങ്കിലും വെള്ളം കുടിക്കാനും പഴങ്ങൾ കഴിക്കാനും ശ്രദ്ധിക്കുക.
വിവരങ്ങൾക്ക് കടപ്പാട്
സൗമ്യ എസ്. നായർ
ഡയറ്റീഷൻ,
ഇഎസ്ഐ മോഡൽ ഹോസ്പിറ്റൽ, കൊല്ലം
