ADVERTISEMENT

അമിതവണ്ണം കാരണം നേരിട്ടും സങ്കീർണമായ മറ്റു പ്രതിപ്രവർത്തനങ്ങളിലൂടെയും തലച്ചോറിനും നാഡികൾക്കും രോഗാവസ്ഥകളുണ്ടാകും. സെൻട്രൽ ഒബിസിറ്റി തലച്ചോറിനെയും ഞരമ്പുകളെയും പ്രതികൂലമായി ബാധിക്കുന്നു.

നാഡികളും പൊണ്ണത്തടിയും

ADVERTISEMENT

ശരീരത്തിലെ ഞരമ്പുകളെ ഓട്ടോണോമിക് നെർവുകൾ എന്നും സൊമാറ്റിക് നെർവുകൾ എന്നും രണ്ടായി തിരിക്കാം. ഓട്ടോണോമിക് ഞരമ്പുകൾ ശരീരത്തിലെ വിവിധ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നു. ഉദാ. ശരീരോഷ്മാവ്, രക്തസമ്മർദം, ഹൃദയമിടിപ്പ്, മലമൂത്ര വിസർജന നിയന്ത്രണം, ദഹനം എന്നിവയാണവ. സ്പർശനം, ചൂട്, തണുപ്പ് മുതലായവയെ ക്രമീകരിക്കുകയും അതു തലച്ചോറിനെ അറിയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നവയാണു സൊമാറ്റിക് നെർവുകൾ. രക്ത നാഡീ വേർതിരിവ് ഇല്ലാത്തതിനാൽ അമിതവണ്ണത്തിന്റെ പാർശ്വഫലങ്ങൾ പ്രധാനമായും ബാധിക്കുന്നത് ഓട്ടോണോമിക്, സൊമാറ്റിക് നെർവുകളെയാണ്. ഇതു കാരണമുണ്ടാകുന്ന പ്രശ്നങ്ങൾ നോക്കാം.

∙ഹൃദയമിടിപ്പ് ക്രമാതീതമായി കൂടും,
ഹൃദയതാളത്തിൽ വ്യതിയാനം സംഭവിക്കും.

ADVERTISEMENT

‌∙ രക്താതിസമ്മർദം.

∙ ചെറിയ രക്തധമനികളിലെ മർദം കൂടും. ആന്തരികാവയവങ്ങളിലേക്കും ഞരമ്പുകളിലേക്കുമുള്ള രക്തപ്രവാഹം തടസ്സപ്പെട്ട് അവയ്ക്കു നാശം സംഭവിക്കുന്നു.

ADVERTISEMENT

ന്യൂറോപ്പതി

മെറ്റബോളിക് സിൻഡ്രമിന്റെ ഭാഗമായ പ്രമേഹം, ലിപിഡ് – ലിപിഡ് ഘടകങ്ങളുടെ വർധനവ്, കൊളസ്ട്രോൾ വർധനവ്, ഇവ ന്യൂറോപ്പതി വർധിപ്പിക്കുന്ന കാരണങ്ങളാണ്.

അമിതവണ്ണം ശരീരത്തിലെ രണ്ടുതരം ഞരമ്പുകളെയാണു  പ്രധാനമായും രോഗാതുരമാക്കുന്നത്.

∙ ഓട്ടോണോമിക് ന്യൂറോപ്പതി

∙ സെൻസറി ന്യൂറോപ്പതി

ഓട്ടോണോമിക് ന്യൂറോപ്പതി
അമിതവണ്ണമുള്ളവരിൽ സാധാരണ കാണുന്ന രോഗാവസ്ഥയാണിത്. രോഗലക്ഷണങ്ങളും വ്യത്യസ്തമാണ്. ഉദാ. വയറിളക്കം/മലബന്ധം, ഛർദി, ഓക്കാനം, തലകറക്കം. (പ്രത്യേകിച്ച് ഉറക്കത്തിൽ നിന്ന് എഴുന്നേൽക്കുന്ന അവസ്ഥയിൽ) ഹൃദയമിടിപ്പും രക്തസമ്മർദവും പെട്ടെന്നു കുറഞ്ഞു താഴെ വീഴുന്ന അവസ്ഥ (ഓർത്തോ സ്റ്റാറ്റിക് ഹൈപ്പർ ടെൻഷൻ), ഹൃദയമിടിപ്പിലെ വ്യതിയാനങ്ങൾ – പെട്ടെന്ന് ഹൃദയമിടിപ്പു കൂടുക/ കുറയുക, രക്താതിസമ്മർദം, മൂത്രമൊഴിക്കുന്നതിൽ തടസ്സമനുഭവപ്പെടുക, രാത്രികാലങ്ങളിലുണ്ടാകുന്ന അമിതവിയർപ്പ്, ആഹാരം കഴിക്കുമ്പോൾ അമിത വിയർപ്പ്, ലൈംഗിക ശക്തി കുറയുക, കാഴ്ചശക്തി കുറയുക, ഇവയൊക്കെയാണ് ഓട്ടോണോമിക് ന്യൂറോപ്പതിയുടെ ലക്ഷണങ്ങൾ.

സെൻസറി ന്യൂറോപ്പതി

കൈകാലുകളിലെ മരവിപ്പ്, വേദനയും ചൂടും തണുപ്പും തിരിച്ചറിയാനാകാതെ വരിക. കൈയിലും പാദങ്ങളിലും മുളകു തേച്ചതുപോലെ അനുഭവപ്പെടുക. പാദങ്ങളിൽ പ്രത്യേകിച്ചു രാത്രികാലങ്ങളിൽ സൂചി വച്ചു കുത്തുന്നതുപോലെ അനുഭവപ്പെടുക. സാധാരണ ധരിക്കുന്ന വസ്ത്രം പോലും ശരീരത്തിൽ സ്പർശിക്കുമ്പോൾ വളരെ അസ്വസ്ഥത അനുഭവപ്പെടുക. സ്പർശനശേഷിയും തണുപ്പും ചൂടും വേദനയും തിരിച്ചറിയുന്നതിൽ ബുദ്ധിമുട്ടനുഭവപ്പെടുന്നതിനാൽ പലപ്പോഴും പാദങ്ങളിൽ വ്രണങ്ങളുണ്ടാകുന്നതിനുള്ള സാധ്യതയും ഈ രോഗികളിൽ കൂടുതലാണ്. അമിതവണ്ണം കുറച്ചു കൃത്യമായ ശരീരഭാരം നിലനിർത്തുന്നതാണു ന്യൂറോപ്പതി പ്രശ്നങ്ങളെ അകറ്റി നിർത്തുന്നതിനുള്ള പ്രധാന പ്രതിവിധി.

വിവരങ്ങൾക്കു കടപ്പാട്
ഡോ. ജിജി കുരുട്ടുകുളം
സീനിയർ കൺസൽറ്റന്റ് ന്യൂറോളജിസ്‌റ്റ്
രാജഗിരി ഹോസ്പി‌റ്റൽ , ആലുവ

ADVERTISEMENT