ADVERTISEMENT

നമ്മുടെ ശ്വാസനാളത്തെ കുരുക്കുന്ന ഒരു രോഗമാണ് ആസ്മ. പ്രായഭേദമെന്യേ ഏവരേയും ശ്വാസംമുട്ടിക്കുന്ന രോഗം. പലപ്പോഴും ദീർഘനാൾ നീണ്ടുനിൽക്കുന്ന അലർജി ആസ്മയായി മാറാനും സാധ്യത കൂടുതലാണ്. ആസ്മയ്ക്ക് ഇൻഹേലർ ഉൾപ്പെടെയുള്ള ഫലപ്രദമായ ചികിത്സാരീതികൾ നിലവിലുണ്ട്. ഏതു രോഗത്തിനുള്ള ചികിത്സയാണെങ്കിലും അവയിൽ വ്യായാമത്തിനും പ്രധാന പങ്കുണ്ട്. ആസ്മയുടെ കാര്യത്തിലും ഇതു ഭിന്നമല്ല. ആസ്മയുടെ ലക്ഷണങ്ങളെ ഫലപ്രദമായി നിയന്ത്രിക്കാൻ സഹായിക്കുന്ന ഒട്ടേറെ വ്യായാമങ്ങളുണ്ട്. ആസ്മ രോഗികൾ വ്യായാമം ചെയ്യാൻ പാടില്ല എന്ന ധാരണ പൊതുവെയുണ്ട്. വ്യായാമം രോഗലക്ഷണങ്ങളെ തീവ്രമാക്കുമെന്നാണ് പലരും കരുതുന്നത്. എന്നാൽ വ്യായാമങ്ങൾ പലതും ശ്വാസകോശക്ഷമത വർധിപ്പിക്കാനും അതു വഴി ആസ്മ നിയന്ത്രിക്കാനും സഹായിക്കുന്നു. ചെയ്യുന്നുവോ അത്രയും കൂടുതൽ ഓക്സിജൻ ശ്വാസകോശം ഉപയോഗിക്കുന്നു.

നേസൽ ബ്രീത്തിങ്
മൂക്കിലൂടെ ശ്വസിക്കുന്ന രീതിയാണ് നേസൽ ബ്രീത്തിങ്. സൗകര്യപ്രദമായി ഇരിക്കുക. മൂക്കിലൂടെ ശ്വാസം എടുത്ത് മൂക്കിലൂടെ തന്നെ പുറത്തേക്കു വിടുക. ശ്വാസോച്ഛ്വാസത്തിനു വായ ഉപയോഗിക്കരുത്. താടിയിലെയും തൊണ്ടയിലെയും പേശികളെ അയച്ചിടുക. ശ്വാസം എടുക്കുന്നതും വിടുന്നതും പതിയെ മതി. നമ്മുടെ മൂക്കിനുള്ളിലെ രോമങ്ങളും ചെറിയ മുടിനാരുകളായ സീലിയകളും വായുവിലുള്ള പൊടിപടലങ്ങളെ അരിച്ചു നീക്കി അവ ശ്വാസകോശത്തിൽ എത്തുന്നത് തടയുന്നു. മൂക്കിലൂടെ ശ്വസിക്കുന്നത് വായുവിനെ ഈർപ്പമുള്ളതാക്കുന്നു. ഇതു ശ്വാസനാളങ്ങൾ വരണ്ടുപോകുന്നതു തടയും. വരണ്ട വായു ശ്വാസനാളത്തിൽ അസ്വസ്ഥതയുണ്ടാക്കുകയും ആസ്മയുടെ ലക്ഷണങ്ങളെ പ്രകോപിപ്പിക്കുകയും ചെയ്യുന്നു.

ADVERTISEMENT

പഴ്സ്‌ഡ് ലിപ് ബ്രീത്തിങ്
മൂക്കിലൂടെ ശ്വാസം എടുത്തു വായിലൂടെ ശ്വാസം വിടുന്ന രീതിയാണ് പഴ്സ്ഡ് ലിപ് ബ്രീത്തിങ്. സൗകര്യപ്രദമായി കട്ടിലിലോ കസേരയിലോ ഇരിക്കുക. തോളുകൾ അയച്ചിടുക. ഒരു കൈ വയറിലും മറ്റേ കൈ നെഞ്ചിലും പിടിക്കുക. പതിയേയും ആഴത്തിലും മൂക്കിലൂടെ ശ്വാസം എടുക്കുക. തുടർന്ന് വിസിൽ അടിക്കാൻ പോകുന്നതുപോലെ (pursed lip) ചുണ്ട് കൂർപ്പിച്ച് പതിയെ ശ്വാസം വിടുക (ഒരു സ്‌ട്രോയിലൂടെ ഊതുന്നതുപോലെ). ശ്വാസം എടുക്കുന്നതിലും സാവധാനത്തിൽ ശ്വാസം വിടാൻ ശ്രദ്ധിക്കുക. ശ്വാസംമുട്ടൽ നിയന്ത്രിക്കാൻ ഈ ശ്വസനവ്യായാമം സഹായിക്കും.

ഡയഫ്രമാറ്റിക് ബ്രീത്തിങ്
ബെല്ലി ബ്രീത്തിങ്, ഡീപ് ബ്രീത്തിങ് എന്നീ പേരുകളിലും ഡയഫ്രമാറ്റിക് ബ്രീത്തിങ് അറിയപ്പെടുന്നു. ഡയഫ്രം (നെഞ്ചിനെയും വയറിനെയും വേർതിരിക്കുന്ന സ്തരം) ഉപയോഗിച്ചു ചെയ്യുന്ന ശ്വസനവ്യായാമമാണിത്. ഡയഫ്രമാറ്റിക് ബ്രീത്തിങ്ങിലൂടെ കൂടുതൽ ആഴത്തിലുള്ളതും ഫലപ്രദവുമായ ശ്വസനം സാധ്യമാകുന്നു.

ADVERTISEMENT

സൗകര്യപ്രദമായ സ്ഥലത്ത് ഇരിക്കുകയോ കിടക്കുകയോ ചെയ്യാം. ഒരു കൈ നെഞ്ചിലും മറ്റേ കൈ വയറിലും വയ്ക്കുക. സാവധാനം ആഴമുള്ള ശ്വാസം മൂക്കിലൂടെ എടുക്കുക. ആമാശയം വലുതാകാനും ശ്വാസകോശത്തിൽ വായു നിറയാനും അനുവദിക്കുക. ശ്വാസമെടുക്കുന്പോൾ നെഞ്ചും തോളും ഉയർത്താതിരിക്കാൻ ശ്രദ്ധിക്കുക. വായിലൂടെ പതിയെ ശ്വാസം വിടുക. ശ്വാസകോശത്തിലെ വായു പുറത്തുവിടുന്നതിലൂടെ വയറു ചുരുങ്ങാൻ അനുവദിക്കുക. ആവർത്തിച്ചു ചെയ്യുക. വയറിന്റെ ചലനം ശ്രദ്ധിക്കണം. ഈ ശ്വസനരീതി ഡയഫ്രം ശക്തിപ്പെടുത്തുന്നു. ശ്വസിക്കുന്ന തവണ (ബ്രീത്തിങ് റേറ്റ്) കുറയ്ക്കുന്നു.

വിവരങ്ങൾക്ക് കടപ്പാട്
ഡോ. അഖിലേഷ് കെ.
റെസ്പിറേറ്ററി മെഡിസിൻ
അമൃത ഹോസ്പിറ്റൽ, എറണാകുളം

ADVERTISEMENT
English Summary:

Asthma is a condition that constricts the airways and causes breathing difficulties for people of all ages. While many believe exercise exacerbates asthma symptoms, specific breathing exercises like nasal breathing, pursed lip breathing, and diaphragmatic breathing can effectively manage symptoms and improve lung function. These techniques help regulate breathing, increase oxygen intake, and prevent airway irritation, offering a valuable approach to asthma management.

ADVERTISEMENT