ശ്വാസനാളിയും ശ്വാസകോശവും സംരക്ഷിക്കുന്നതിനു നമ്മുടെ ശ്വസന വ്യവസ്ഥ സ്വയം ചെയ്യുന്ന സുരക്ഷാപ്രതികരണമാണ് ചുമ. ശ്വാസനാളിയിൽ രൂപപ്പെടുന്ന കഫം, ശ്വാസനാളിയിലെത്തുന്ന രോഗാണുക്കൾ, അന്യവസ്തുക്കൾ എന്നിവയെ പുറംതള്ളി ശ്വാസകോശത്തിനു സംരക്ഷണം നൽകുക എന്നതാണു ചുമയുടെ സവിശേഷ ധർമം.
ചുമ വരാൻ കാത്തിരിക്കുന്ന കുടുംബങ്ങൾ ചുമച്ചു തുടങ്ങിയാലുടൻ കഫ് സിറപ്പ് വാങ്ങി കഴിക്കുന്ന പരസ്യചിത്രങ്ങളാണ് ഇന്നും പലരുടെയും മനസ്സിൽ നിറഞ്ഞു നിൽക്കുന്നത്. മെഡിക്കൽ ഷോപ്പിൽ നിന്ന് ഓവർ ദ് കൗണ്ടറായി കഫ് സിറപ്പ് വാങ്ങിക്കഴിക്കുന്ന പ്രവണത തികച്ചും അപകടകരമാണ്. ചുമയുടെ രീതി അനുസരിച്ചു കഴിക്കേണ്ട കഫ് സിറപ്പും മാറും എന്നത് എല്ലാവരും അറിഞ്ഞിരിക്കണം. കഫമുള്ള ചുമ ഉള്ളയാൾ ചുമയെ അമർച്ച ചെയ്യുന്നതിനുള്ള സിറപ്പ് വാങ്ങിയാൽ കഫം ഉള്ളിൽ കെട്ടിക്കിടന്ന് അണുബാധ വർധിക്കാം. ന്യൂമോണിയ ബാധിക്കുന്നതിനുമിടയുണ്ട്. അതേസമയം കഫം ഇല്ലാത്ത ചുമയുള്ള വ്യക്തി, കഫത്തെ പുറത്തു കളയുന്നതിനുള്ള സിറപ്പാണു കഴിക്കുന്നതെങ്കിൽ ചുമ വർധിക്കും. കഫ് സിറപ്പിൽ അടങ്ങിയ ചേരുവകളിൽ ചിലതിനെങ്കിലും പാർശ്വഫലങ്ങളുമുണ്ട്. ക്ഷീണം, തളർച്ച, അമിതമായ ഉറക്കം/മയക്കം, നെഞ്ചിടിപ്പിലെ വ്യതിയാനം എന്നിങ്ങനെ അവ അനുഭവപ്പെടാം. അത്തരം സിറപ്പുകൾ നിർദേശം കൂടാതെ ഉപയോഗിക്കരുത്. കുട്ടികൾക്കും ഓവർ ദ കൗണ്ടറായി കഫ് സിറപ്പുകൾ നൽകരുത്. കഫ് സിറപ്പു കഴിക്കേണ്ടതു ഡോക്ടർ നിർദേശിക്കുന്ന അളവിലാണ്.
ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം കൂടിയുണ്ട്, ഇനി ശരിയായ കഫ് സിറപ്പാണ് ഉപയോഗിക്കുന്നതെങ്കിൽ രോഗിക്കു താൽക്കാലികമായ ആശ്വാസം ലഭിക്കും. അങ്ങനെ വരുമ്പോൾ ഡോക്ടറെ കാണുന്നതു വൈകാനിടയുണ്ട്. ചുമയ്ക്കു പിന്നിൽ എന്തെങ്കിലും രോഗാവസ്ഥ ഉണ്ടെങ്കിൽ അതു കണ്ടെത്താൻ വൈകുകയും ചെയ്യും. ചുമയ്ക്കു സ്വയംചികിത്സ ഒഴിവാക്കുന്നതാണു സുരക്ഷിതം. ഗുണനിലവാരം കുറഞ്ഞ ചുമ മരുന്നുകൾക്കെതിരേ ലോകാരോഗ്യസംഘടന മുന്നറിയിപ്പു നൽകിയത് അടുത്തിടെയാണ്. ജൂസ് കുടിക്കുന്ന ലാഘവത്തോടെയല്ല കഫ് സിറപ്പ് കുടിക്കേണ്ടത്. ഒരാൾ കഴിക്കുന്ന കഫ് സിറപ്പ് മറ്റൊരാൾക്ക് അനുയോജ്യമാകില്ല എന്ന അടിസ്ഥാന പാഠം ഉൾക്കൊള്ളണം.
വിവരങ്ങൾക്കു കടപ്പാട്
ഡോ. സുധീർ കുമാർ കെ.
സീനിയർ കൺസൽറ്റന്റ ് പൾമനോളജിസ്‍റ്റ്
ചെസ്‌റ്റ് ഹോസ്പിറ്റൽ , കോഴിക്കോട്