എല്ലാ ചികിത്സകളും പരാജയപ്പെട്ടോ? അന്തിമ പ്രതീക്ഷയായ് കാർ ടി തെറപ്പി Is CAR T Therapy a Magic Bullet for Cancer?
Mail This Article
പണ്ട് അർബുദത്തിനുള്ള കീമോ തെറപ്പിയും റേഡിയേഷനുമൊക്കെ ഫലം കണ്ടില്ലെങ്കിൽ പിന്നെ ചികിത്സയൊന്നുമില്ല. രോഗി മരണം കാത്തിരിക്കുന്ന അവസ്ഥയായിരുന്നു. ഇന്ന് അർബുദത്തിന്റെ പ്രാഥമികതല ചികിത്സകൾ പരാജയപ്പെട്ടവർക്കു പുതുപ്രതീക്ഷയായ് കൈമറിക് ആന്റിജൻ റിസപ്റ്റർ തെറപ്പി (Chimeric Antigen Receptor Therapy) എന്ന കാർ ടി (CAR T) തെറപ്പിയുണ്ട്. കേരളത്തിൽ മലബാർ കാൻസർ സെന്റർ ഉൾപ്പെടെ തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിൽ ഈ ചികിത്സ ലഭ്യവുമാണ്. ഒാരോ വ്യക്തിയുടെയും കോശങ്ങളെ എടുത്ത് അതിനെ വ്യത്യാസപ്പെടുത്തി ചെയ്യുന്നതിനാൽ ഇതിനെ വ്യക്തിഗത തെറപ്പി അഥവാ പേഴ്സണലൈസ്ഡ് മെഡിസിൻ എന്നു പറയാം.
കാർ ടി ഒരു മാജിക് റെമഡിയാണോ?
ഇതൊരു മാജിക് റെമഡിയൊന്നുമല്ല. മാത്രമല്ല എല്ലാ അർബുദത്തിനും ഫലപ്രദവുമല്ല. രക്തവുമായി ബന്ധപ്പെട്ട അർബുദങ്ങൾക്കാണിത് ഏറ്റവും ഫലപ്രദമായി കാണുന്നത്. നിലവിൽ, ആഗോളതലത്തിൽ മൂന്നുതരം രക്താർബുദങ്ങൾക്കാണു കാർ ടി തെറപ്പി അനുവദിച്ചിട്ടുള്ളത്. ബി അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയ, ബി സെൽ നോൺ ഹോഡ്ജ് കിൻസ് ലിംഫോമ, മൾട്ടിപ്പിൾ മൈലോമ എന്നീ അർബുദങ്ങൾക്ക്. പക്ഷേ, ഇന്ത്യയിൽ ഇതിൽ ആദ്യത്തെ രണ്ട് അർബുദങ്ങൾക്കേ ചെയ്യാൻ അനുമതിയുള്ളു. മറ്റ് അർബുദങ്ങളുടെ കാര്യത്തിൽ പരീക്ഷണങ്ങൾ നടക്കുന്നതേയുള്ളു.
കാൻസർ പൂർണമായും മാറ്റുമോ?
നിലവിൽ ഇന്ത്യൻ കാർ ടിയുടെ വിജയശതമാനം 50% ആണ്. അതായത്, മറ്റു ചികിത്സകളെല്ലാം പരാജയപ്പെട്ട 100 അർബുദ രോഗികൾക്കു ചികിത്സ കൊടുത്താൽ 50 പേരുടെയെങ്കിലും അസുഖം മാറി കിട്ടും. ഒരു കാലത്ത്, 100 പേരും മരിക്കുന്ന അവസ്ഥയായിരുന്നെന്നോർക്കണം. ഇന്ത്യയിൽ, ഈ ചികിത്സ വന്നിട്ട് ഒന്നൊന്നര വർഷം ആയതേ ഉള്ളൂ. അതുകൊണ്ടു കുറച്ചുനാൾ കൂടി കഴിഞ്ഞാലേ ഫലപ്രാപ്തിയെക്കുറിച്ചു കൃത്യമായ ചിത്രം ലഭ്യമാകൂ.
പാർശ്വഫലങ്ങളുണ്ടോ?
കാർ ടി ഒരു ടാർഗറ്റഡ് ചികിത്സയാണ്. കാൻസർ കോശങ്ങളെ മാത്രം ഫോക്കസ് ചെയ്തുള്ള ചികിത്സ. അതുകൊണ്ടു പൊതുവേ പാർശ്വഫലങ്ങൾ കുറവാണ്. എങ്കിലും ചിലതുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് സൈറ്റോകൈൻ റിലീസ് സിൻഡ്രം (CRS). സൈറ്റോകൈനുകൾ എന്ന ഇൻഫ്ളമേറ്ററി പ്രോട്ടീനുകൾ അമിത അളവിൽ രക്തത്തിലേക്കു പ്രവഹിക്കപ്പെടുന്നതിന്റെ ഫലമായി ക്ഷീണം, പനി തുടങ്ങി ശ്വാസതടസ്സം, അവയവ പരാജയം വരെ വരാം. എന്നാൽ, മിക്കവാറും രോഗികളിൽ, വലിയ സങ്കീർണതകളിലേക്കു പോകാതെ കൈകാര്യം ചെയ്യാനാകും. രണ്ടാമത്തേത്, നാഡീപരമായ പ്രശ്നമാണ് (Neurological Toxicity). തലച്ചോറ്, സുഷുമ്നാ നാഡി, ഞരമ്പുകൾ എന്നിവയെ ബാധിക്കുന്ന തരത്തിലുള്ള സങ്കീർണത. ഇതൊക്കെ എല്ലാവർക്കും വരണമെന്നില്ല.
കാർ ടി നൽകി, ആറു മാസം കഴിയുമ്പോൾ, ഇമ്യൂണിറ്റി കുറയുന്നതു പരിഹരിക്കാൻ വാക്സീൻ കൊടുക്കാറുണ്ട്. ഇങ്ങനെ നൽകാനായി പ്രത്യേകം അനുമതി നൽകിയിട്ടുള്ള ഒരു കൂട്ടം വാക്സീനുകളുണ്ട്. സൈറ്റോകൈൻ റിലീസ് സിൻഡ്രം അല്ലെങ്കിൽ ന്യൂറോളജിക്കൽ ടോക്സിസിറ്റി ഒക്കെ വരുന്നത് ഏഴു മുതൽ 14 ദിവസത്തിനുള്ളിലാണ്. ആ ഘട്ടം കഴിഞ്ഞാൽ പൊതുവെ പ്രശ്നങ്ങൾ വരാൻ സാധ്യത കുറവാണ്.
എങ്ങനെയാണ് ഇതു ചെയ്യുന്നത്?
അർബുദത്തിനു പ്രോട്ടോക്കോൾ അനുസരിച്ചു നൽകുന്ന ചികിത്സകളെല്ലാം പരാജയപ്പെട്ടവരെയാണ് ഇതിനായി തിരഞ്ഞെടുക്കുന്നത്. ആദ്യം രോഗിയുടെ രക്തത്തിൽ
നിന്നു ടി കോശങ്ങളെ (T Cells) ശേഖരിക്കും. എഫറസെസ് മെഷീൻ എന്നു പറയുന്ന നമ്മുടെ രക്തത്തിലെ ഏതു കോശവും ശേഖരിക്കാൻ സഹായിക്കുന്ന ഒരു മെഷീൻ ഉപയോഗിച്ചാണു ടി കോശങ്ങൾ വേർതിരിച്ചെടുക്കുന്നത്.
ടി കോശങ്ങൾ ഗുണമേന്മ ഉള്ളതാണോ എന്നും മതിയായ എണ്ണം ഉണ്ടോ എന്നും ഉറപ്പു വരുത്തുന്നു. അതിനുശേഷം ഈ കോശങ്ങളിൽ കൃത്രിമമായി ജനിതക വ്യതിയാനം വരുത്തുന്നു. അർബുദമുള്ളയാളിലെ കാൻസർ കോശങ്ങളുടെ മേൽ അതിനനുബന്ധമായുള്ള ആന്റിജൻ അല്ലെങ്കിൽ ഒരു പ്രോട്ടീൻ കാണും. നമ്മുടെ ശരീരത്തിൽ നിന്നും ശേഖരിച്ച
ടി കോശങ്ങളിൽ ഈ പ്രോട്ടീന് അല്ലെങ്കിൽ ആന്റിജന് എതിരായുള്ള ഒരു ആന്റിബോഡി (കൈമറിക് ആന്റിജൻ റിസപ്റ്റർ– കാർ) എക്സ്പ്രസ് ചെയ്യിക്കുന്നു. ഇതിനെയാണു ജനിതക വ്യതിയാനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
19 മുതൽ 21 ദിവസം വരെ എടുക്കും ജനിതക രൂപവ്യതിയാനം പൂർത്തിയാകാൻ. ഇങ്ങനെ ലഭിച്ച ടി കോശങ്ങൾ വളരെ കുറച്ചേ ഉണ്ടാകൂ. പക്ഷേ, ശരീരത്തിലുള്ള മില്യൺ–ട്രില്യൺ കാൻസർ കോശങ്ങളെ നിർവീര്യമാക്കാൻ അത്രയും തന്നെ രൂപവ്യതിയാനം വരുത്തിയ ടി കോശങ്ങൾ വേണം. അതിനായി സെൽ കൾച്ചർ എന്ന പ്രകിയ ചെയ്ത് ആന്റിബോഡി എക്സ്പ്രസ് ചെയ്ത ടി കോശങ്ങളെ പെരുപ്പിച്ചെടുക്കുന്നു.
എന്നിട്ടു രക്തം കയറ്റും പോലെ സിരകളിലൂടെ ശരീരത്തിലേക്കു തിരിച്ചു കയറ്റുന്നു. ശരീരത്തിലെത്തിയ കാർ ടി കോശങ്ങൾ കാൻസർ കോശങ്ങളുടെ പ്രതലത്തിലെ ആന്റിജനു മുകളിൽ അറ്റാച്ച് ചെയ്ത് സൈറ്റോടോക്സിക് ഗ്രാന്യൂൾസ് എന്ന പദാർഥങ്ങൾ പുറപ്പെടുവിക്കുന്നു. ഇതു കാൻസർ കോശങ്ങളെ നശിപ്പിക്കും.
ഈ ചികിത്സയുടെ ചെലവ്?
കാർ ടിയുടെ പ്രധാന ന്യൂനത, അതിനു വരുന്ന വലിയ ചെലവാണ്. ഒരു നിർജീവ വൈറസിന്റെ സഹായത്തോടു കൂടിയാണു ജീൻ, ടി കോശങ്ങളുടെ അകത്തു കയറ്റുന്നത്. ഇതിനായി ഇന്ത്യയിൽ നിർമിച്ചിട്ടുള്ള വൈറൽ വെക്ടറും ഉപയോഗിക്കാറുണ്ട്. പുറം രാജ്യങ്ങളിൽ നിന്നുള്ളതുമുണ്ട്. ടാറ്റാ മെമ്മോറിയൽ ആശുപത്രിയിൽ ആദ്യമായി കാർ ടി ക്ലിനിക്കൽ ട്രയൽ നടത്തിയപ്പോൾ ഇന്ത്യയിൽ നിർമിച്ച വൈറൽ വെക്ടറാണ് ഉപയോഗിച്ചത്. സെൽ കൾച്ചർ ചെയ്തു കോശങ്ങളുടെ എണ്ണം കൂട്ടണമെങ്കിൽ കോശങ്ങൾക്കു പോഷകങ്ങൾ അഥവാ റീ ഏജന്റുകൾ നൽകണം. ഇത് ഇറക്കുമതി ചെയ്യണം. എല്ലാം കൂടി വരുമ്പോൾ ചെലവേറും. നിലവിൽ കാർ ടി തെറപ്പിക്ക് 26 മുതൽ 30 ലക്ഷം വരെ ചെലവു വരും. എംസിസിയിൽ കാർ ടി സെൽ നിർമാണത്തിനു ഗുണനിലവാരമുള്ള ഒരു കേന്ദ്രം തുടങ്ങാനുള്ള നടപടികൾ നടക്കുന്നു. നിലവിലെ ചെലവു കുറയ്ക്കാൻ ഇതു സഹായിച്ചേക്കും.
വിവരങ്ങൾക്കു കടപ്പാട്
ഡോ. ചന്ദ്രൻ കെ. നായർ, ക്ലിനിക്കൽ ഹെമറ്റോളജി
& മെഡി. ഒാങ്കോളജി വിഭാഗം,
മലബാർ കാൻസർ സെന്റർ, തലശ്ശേരി
