ADVERTISEMENT

പരീക്ഷ അടുക്കാറാകുന്പോൾ പനിയും വയറളിക്കവും വരുന്ന കുട്ടികൾ, ഓഫിസിൽ ഇൻസ്പെക്‌ഷൻ ഉള്ള ദിവസം വയറുവേദന വരുന്നവർ... മനസ്സിനെ അലട്ടുന്ന പ്രശ്നങ്ങൾ വരുന്പോൾ അതെങ്ങനെയാണു വയറിനെ ബാധിക്കുന്നത്? മനസ്സും ദഹനാരോഗ്യവും അത്രമാത്രം ബന്ധപ്പെട്ടു കിടക്കുന്നുവെന്നതിനു വേറെ തെളിവു വേണ്ട.

നമ്മുടെ ദഹനവ്യവസ്ഥയും തലച്ചോറും തമ്മിൽ ആശയവിനിമയം നടത്തുന്ന ശ്യംഖലയാണു ഗട്ട്– ബ്രെയിൻ ആക്സിസ്. ഈ ശ്യംഖലയിലൂടെ ഇരുവശത്തേക്കും ആശയവിനിമയം നടക്കുന്നു. അതായതു വയറിനു സുഖമില്ലെങ്കിൽ‌ അതു മനസ്സിനെ ബാധിക്കാം. മനസ്സിനെ അലട്ടുന്ന അവസ്ഥകൾ ദഹനപ്രശ്നങ്ങളും വരുത്താം. ദഹനനാളത്തിൽ കോടിക്കണക്കിനു നാഡീകോശങ്ങൾ (ന്യൂറോണുകൾ) ഉണ്ട്. ദഹനപ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന ഈ നാഡിവ്യവസ്ഥയ്ക്കു വേഗസ് നാഡി വഴി തലച്ചോറുമായി ആശയവിനിമയം നടത്താൻ സാധിക്കും.

ADVERTISEMENT

മനസ്സുണ്ടാക്കുന്ന മാറ്റങ്ങൾ

∙ മാനസികസമ്മർദം കൂടുന്പോൾ വേഗസ് നാഡിയുടെ പ്രവർത്തനം തകരാറിലാകും. ഇതു ദഹനം മന്ദഗതിയിലാക്കുകയോ വേഗത്തിലാക്കുകയോ ചെയ്യാം. ഇതു വയറുവേദന, മലബന്ധം, വയറിളക്കം തുടങ്ങിയ പ്രശ്നങ്ങളിലേക്കു നയിക്കാം.

ADVERTISEMENT

∙ സമ്മർദമുള്ള സാഹചര്യങ്ങളിൽ ശരീരം 'പോരാടുക അല്ലെങ്കിൽ പലായനം ചെയ്യുക' (Fight or Flight) എന്ന പ്രതികരണത്തിലേക്കു മാറുന്നു. ഈ അവസ്ഥയിൽ ദഹനപ്രക്രിയയ്ക്കു മുൻഗണന കുറയുകയും ദഹനരസങ്ങളുെട ഉൽപാദനം കുറയുകയും ചെയ്യും. ഇതു ഭക്ഷണത്തെ ദഹിപ്പിക്കാനുള്ള ശരീരത്തിന്റെ കഴിവിനെ ദോഷകരമായി ബാധിക്കാം.

∙ സമ്മർദം കുടലിലെ പേശികളുടെ ചലനത്തെ ബാധിക്കാം. ഇത് ഒന്നുകിൽ ഭക്ഷണം കുടലിലൂടെ വളരെ വേഗത്തിൽ നീങ്ങാനോ (വയറിളക്കം), വളരെ സാവധാനത്തിൽ നീങ്ങാനോ കാരണമാകാം (മലബന്ധം).

ADVERTISEMENT

∙ കുടലിൽ ജീവിക്കുന്ന സൂക്ഷ്മാണുക്കളാണു 'ഗട്ട് മൈക്രോബയോം'. മാനസികസമ്മർദം ഈ സൂക്ഷ്മാണുക്കളുടെ സന്തുലിതാവസ്ഥയെ തകരാറിലാക്കുന്നു. നല്ല ബാക്ടീരിയകളുടെ എണ്ണം കുറയുകയും ദോഷകരമായ ബാക്ടീരിയകൾ വർധിക്കുകയും ചെയ്യാം. ഇതു ദഹനപ്രശ്നങ്ങൾക്കു പുറമെ, വീക്കം (Inflammation), പോഷകങ്ങളുടെ ആഗിരണക്കുറവ് എന്നിവയ്ക്കും കാരണമാകുന്നു.

∙ മാനസികസമ്മർദം ആമാശയത്തിലെ ആസിഡ് ഉൽപാദനത്തെ സ്വാധീനിക്കും. ഇത് അസിഡിറ്റി, നെഞ്ചെരിച്ചിൽ, ഗേർഡ് എന്നിവയുടെ ലക്ഷണങ്ങളെ വർധിപ്പിക്കാം.

∙ മാനസികാരോഗ്യ പ്രശ്നങ്ങൾ കാരണം ചിലർക്കു വിശപ്പ് കുറയുകയും ചിലർക്കു കൂടുകയും ചെയ്യും. അമിത ഭക്ഷണം ദഹനവ്യവസ്ഥയ്ക്കു ഭാരമാവുകയും ആരോഗ്യകരമായ ദഹനത്തിനു തടസ്സമാവുകയും ചെയ്യും.

ദഹനപ്രശ്നങ്ങൾ മാനസികപ്രശ്നങ്ങൾക്കും കാരണമാകാം. ഗ്യാസും വയർ വീർക്കലും പോലുള്ള പ്രശ്നങ്ങൾ അസ്വാസ്ഥ്യം വരുത്താം, ഒരു കാര്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെ വരുന്ന അവസ്ഥ സൃഷ്ടിക്കാം. മലബന്ധം പോലുള്ള പ്രശ്നങ്ങൾ സോഷ്യൽ ആങ്സൈറ്റി സൃഷ്ടിക്കാം. അതായത് എപ്പോഴും വയറിനെ കുറിച്ചു ചിന്തിച്ച് ആകുലപ്പെടുന്ന അവസ്ഥ.

കുടൽഭിത്തിയിലെ ചോർച്ച

മാനസികസമ്മർദം കുടൽഭിത്തിയുടെ സംരക്ഷണ കവചത്തെ ദുർബലപ്പെടുത്തും. ഇത് "ലീക്കി ഗട്ട്" (Leaky Gut) എന്ന അവസ്ഥയിലേക്കു നയിച്ചേക്കാം. അവിടെ ദഹിക്കാത്ത ഭക്ഷണ കണികകളും വിഷവസ്തുക്കളും കുടൽഭിത്തിയിലൂടെ രക്തപ്രവാഹത്തിൽ എത്തുകയും ശരീരത്തിൽ വീക്കത്തിനും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുകയും ചെയ്യും. അടിവയർ വേദന, ചില ഭക്ഷണങ്ങളോടു സെൻസിറ്റിവിറ്റി, ദഹനക്കുറവ്, വയർവീർപ്പ് എന്നിവ ലക്ഷണങ്ങളായി കാണപ്പെടുന്നു.

പരിഹാരം നല്ല ഭക്ഷണം

ദഹനപ്രശ്നങ്ങളുള്ള ഒരാൾക്കു മാനസികാരോഗ്യ പ്രശ്നങ്ങളുണ്ടെങ്കിൽ, രണ്ടു പ്രശ്നങ്ങൾക്കും ഒരേസമയം പരിഹാരം കാണണം. സമ്മർദം, ഉത്കണ്ഠ, വിഷാദം എന്നിവയെ നേരിടാൻ മാനസികാരോഗ്യവിദഗ്ധരെ സമീപിക്കാം. ആരോഗ്യകരമായ ഭക്ഷണക്രമം പാലിക്കാം. പ്രോബയോട്ടിക്സും പ്രീബയോട്ടിക്സും അടങ്ങിയ ഭക്ഷണങ്ങൾ കുടലിലെ നല്ല ബാക്ടീരിയകളെ വളർത്താൻ സഹായിക്കും. തൈര്, മോര്, പഴങ്കഞ്ഞി പോലുള്ള പുളിപ്പിച്ച ഭക്ഷണങ്ങളിൽ നല്ല ബാക്ടീരിയകൾ ഉണ്ട്. പഴവർഗങ്ങളും നാരുകൾ അടങ്ങിയ പച്ചക്കറികളും കഴിക്കുന്നതു നല്ല ബാക്ടീരിയ വളരാനുള്ള സാഹചര്യം ഒരുക്കുന്നു. നമ്മുടെ ചുറ്റുപാടും നിന്നും ലഭിക്കുന്ന വിഭവങ്ങൾ കൊണ്ടുള്ള സമീകൃതാഹാരം കഴിക്കുക. നല്ല ഉറക്കം മാനസികാരോഗ്യത്തിനും ദഹനത്തിനും ഒരുപോലെ അത്യാവശ്യമാണ്.

വിവരങ്ങൾക്കു കടപ്പാട്
ഡോ. രാജീവ് ജയദേവൻ
ചെയർമാൻ, റിസർച്ച് സെൽ, ഐഎംഎ

English Summary:

The mind-gut connection, also known as the gut-brain axis, highlights the intricate bidirectional communication between the brain and the digestive system. Stress and mental health issues can significantly impact digestion, leading to various gastrointestinal problems, while digestive discomfort can also affect mood and mental well-being.

ADVERTISEMENT