ഗർഭപാത്രം നീക്കൽ സർജറിക്കു ശേഷം.... The Recovery Journey After Hysterectomy
Mail This Article
വളരെ സാധാരണമായി ചെയ്യപ്പെടുന്ന ഒരു ശസ്ത്രക്രിയയാണു ഗർഭപാത്രം നീക്കം ചെയ്യൽ അഥവാ
ഹിസ്റ്ററക്ടമി. ഗർഭാശയവും അനുബന്ധ അവയവങ്ങളും (ഗർഭപാത്രം, ഫാലോപിയൻ ട്യൂബുകൾ, അണ്ഡാശയം, ഗർഭാശയ ഗളം) പൂർണമായോ ഭാഗികമായോ നീക്കം ചെയ്യുന്ന ഈ ശസ്ത്രക്രിയ പല തരത്തിൽ ഉണ്ട്.
∙ ടോട്ടൽ ഹിസ്റ്ററക്ടമി (Total Hysterectomy) – ഗർഭാശയവും ഗർഭാശയ ഗളവും (Uterus and cervix) മുഴുവനായി നീക്കം ചെയ്യുന്നു.
∙ സബ്ടോട്ടൽ ഹിസ്റ്ററക്ടമി – ഇവിടെ ഗർഭാശയ ഗളം നിലനിർത്തി ഗർഭപാത്രത്തിന്റെ ബാക്കിഭാഗങ്ങൾ പൂർണമായും നീക്കം െചയ്യുന്നു.
∙ ഹിസ്റ്ററക്ടമിയും സാൽപിൻജോ ഊഫ്രക്ടമിയും (Hysterectomy with salpingo–Oophorectomy) – ഇവിടെ ഗർഭപാത്രം പൂർണമായും അണ്ഡാശയവും ഫലോപിയൻ ട്യൂബുകളും പൂർണമായോ ഒരെണ്ണം മാത്രമായോ നീക്കം ചെയ്യുന്നു.
പ്രധാനമായും നാലുവിധത്തിലാണു ഗർഭപാത്രം നീക്കൽ ചെയ്യുന്നത്.
∙ വയറിലെ മുറിവു വഴി (abdominal)
∙ യോനീഭാഗത്തു കൂടെ (vaginal)
∙ താക്കോൽദ്വാര രീതി (Laprasopic Vaginal Hysterectomy)
∙റോബട്ടിനെ ഉപയോഗിച്ച് (Robotic assisted Hysterectomy)
പരിചരണം എങ്ങനെ?
ഓപ്പറേഷനു ശേഷമുള്ള രോഗമുക്തിയും പഴയ ആരോഗ്യാവസ്ഥയിലേക്കുള്ള തിരിച്ചു വരവും പല ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു.
∙ ഓപ്പറേഷനു മുൻപുള്ള പൊതുവായ ആരോഗ്യസ്ഥിതി.
∙ എന്തു കാരണത്തിനാണ് ഓപ്പറേഷൻ ചെയ്യുന്നത് (ഉദാ. കാൻസർ ചികിത്സയുടെ ഭാഗമായി).
∙ ഏതു തരത്തിൽപ്പെട്ട ഓപ്പറേഷൻ (ലാപ്പറോസ്കോപ്പി, തുറന്ന ശസ്ത്രക്രിയ മുതലായവ)
∙ മറ്റു രോഗങ്ങളുടെ സാന്നിധ്യം, പ്രായം എന്നിവയൊക്കെ
എപ്പോള്‍ വീട്ടിൽ പോകാം ?
നൂനത ശസ്ത്രക്രിയാ രീതികളുടെ ഉപയോഗവും രോഗിയുടെ ആരോഗ്യ സ്ഥിതിയും മറ്റു രോഗങ്ങളുടെ അഭാവവും ഒക്കെ കണക്കിലെടുത്ത് ഒരൊറ്റ ദിവസത്തെ ആശുപത്രിവാസം മുതൽ രണ്ടോ മൂന്നോ ദിവസത്തെ ആശുപത്രിവാസം വരെയാകാം. ശസ്ത്രക്രിയാനന്തര സങ്കീർണതകൾ ഉണ്ടെങ്കിൽ ആശുപത്രിവാസം നീണ്ടു പോയേക്കാം.
ഓപ്പറേഷനു ശേഷം പൂർവസ്ഥിതി പ്രാപിക്കാൻ സാധാരണയായി നാലു മുതല്‍ ആറാഴ്ചയോളം എടുക്കും. ആശുപത്രിയിൽ നിന്ന് ഉടനെ തന്നെ ഡിസ്ചാർജ് ആയാലും ശരീരത്തിലെ മുറിവുകൾ പൂർണമായും ഉണങ്ങി പൂർവസ്ഥിതിയിൽ ആകാൻ ഇത്രയും സമയം വേണം. ലാപറോസ്കോപിക് ഹിസ്റ്ററക്ടമിയോ, വജൈനൽ ഹിസ്റ്ററക്ടമി
യോ കഴിഞ്ഞവരുടെ കാര്യത്തിൽ കുറഞ്ഞ സമയം മതി. എന്നാൽ വയറു കീറിയുള്ള അബ്ഡോമിനൽ ഹിസ്റ്ററക്ടമിയിൽ കൂടുതൽ സമയം വേണ്ടി വരും.
അണ്ഡാശയം ഉൾപ്പെടെ നീക്കം ചെയ്തവരിൽ ആർത്തവവിരാമം കഴിഞ്ഞവർക്കുണ്ടാകുന്ന എല്ലാവിധ പ്രശ്നങ്ങളും ഉണ്ടായേക്കാം. മൊത്തത്തിൽ ഉള്ള ഉഷ്ണം (Heat splashes) ഇവയിൽ പ്രധാനമാണ്. ശസ്ത്രക്രിയ കാരണമുള്ള സങ്കീർണതകൾ ചിലരിലെങ്കിലും ഉണ്ടാവാറുണ്ട്. അണുബാധ, രക്തസ്രാവം, ശസ്ത്രക്രിയാ സമയത്തു മറ്റ് അവയവങ്ങൾക്കു കേടുപാടുകൾ സംഭവിക്കൽ (ഉദാ. മൂത്രാശയം, മൂന്ത്രനാളി, മലാശയം മുതലായവ) അനസ്തീസിയ കാരണമുള്ള സങ്കീർണതകൾ എന്നിവയൊക്കെ ചിലപ്പോൾ സംഭവിച്ചേക്കാം.
വീട്ടിലെത്തിയാൽ
ഓപ്പറേഷനു ശേഷം അൽപകാലം കൂടി ചെറിയ തോതിലുള്ള രക്തസ്രാവം ഉണ്ടായേക്കാം. ഇത് ഏതാണ്ട് ഒരു മാസത്തോളം നീണ്ടുനിൽക്കാം. സാധാരണ രീതിയിലുള്ള
സാനിറ്ററി പാഡുകൾ ഉപയോഗിച്ചാൽ മതിയാകും. ഇതു ചിലപ്പോൾ ചുവപ്പു നിറത്തിലോ തവിട്ടുനിറത്തിലോ ആകാം.
മൂത്രമൊഴിക്കാനോ മലവിസർജനം ചെയ്യാനോ തുടക്കത്തിൽ ചെറിയ ബുദ്ധിമുട്ടികൾ ഉണ്ടായേക്കാം. ഇതു സാധാരണമാണ്. ക്രമേണ മാറിക്കൊള്ളും. അതുപോലെ തന്നെ യോനിയിലെ വരൾച്ച, ലൈംഗിക താൽപര്യക്കുറവ്, ക്ഷീണം, ചിലപ്പോൾ ഉറക്കക്കുറവ് എന്നിവയൊക്കെ ചിലരിൽ കണ്ടുവരാറുണ്ട്.
ഭക്ഷണവും നടപ്പും
∙ ഓപ്പറേഷനു ശേഷം വീട്ടിനകത്തു നടക്കുകയും ഭാരം കുറഞ്ഞ സാധാരണ ജോലികളിൽ ഏർപ്പെടുകയും ചെയ്യാം.
∙ ദിവസേന കുളിക്കുന്നതിനും തടസ്സമില്ല. മുറിവുകൾക്കു മുകളിൽ മൃദുവായ ടൗവൽ കൊണ്ടു തുടച്ച് ഉണക്കി സൂക്ഷിച്ചാൽ മതി.
∙ ടോയ്‌ലറ്റ് ഉപയോഗിക്കുമ്പോൾ അൽപം വേദനയും ബുദ്ധിമുട്ടും തുടക്കത്തിൽ ഉണ്ടാകും. ഓപ്പറേഷനു ശേഷം യൂറോപ്യൻ ക്ലോസറ്റ് ഉപയോഗിക്കുന്നതു തന്നെയാണു നല്ലത്. ദീർഘനേരം ടോയ്‌ലറ്റിൽ ഇരിക്കുന്നതും ഒഴിവാക്കേണ്ടതാണ്.
∙ ധാരാളം പഴങ്ങളും പച്ചക്കറികളും അടങ്ങിയതും എളുപ്പം ദഹിക്കുന്നതുമായ ഭക്ഷണമാണു നല്ലത്. പ്രോട്ടീൻ കൂടുതൽ അടങ്ങിയ ഭക്ഷ്യവസ്തുക്കൾ മുറിവു വേഗം ഉണങ്ങാനും ശരീരകോശങ്ങൾ പഴയ സ്ഥിതിയിൽ ആവാനും സഹായിക്കും. ധാരാളം വെള്ളം കുടിക്കണം.
∙ ചുരുങ്ങിയത് ആറാഴ്ചക്കാലത്തേക്കു ഭാരിച്ച ജോലികൾ, ഭാരം ഉയർത്തൽ എന്നിവയൊന്നും വേണ്ട.
∙ ലൈംഗികബന്ധം പുനരാരംഭിക്കാനും ഇതേ കാലയളവു തന്നെ വേണം.
∙ ഡിസ്ചാർജ് സമയത്തു നിർദേശിച്ച മരുന്നുകൾ പറഞ്ഞ ഡോസിൽ പറഞ്ഞ കാലത്തേക്കു കഴിക്കേണ്ടതാണ്. ഓപ്പറേഷനു ശേഷം വേദനാസംഹാരികളുടെ ഉപയോഗം നിർത്തിയ ശേഷമേ ഡ്രൈവിങ് ചെയ്യാവൂ. മയക്കം ഉണ്ടാവുന്ന മരുന്നുകൾ അപകടസാധ്യത വർധിപ്പിക്കാം. അതുപോലെ തന്നെ ഡ്രൈവിങ് സീറ്റിൽ ശരിയാംവണ്ണം ഇരിക്കാനും സീറ്റ്ബെൽറ്റ് ധരിക്കാനും ഒക്കെ സാധിക്കുന്നതു വരെ ഡ്രൈവ് ചെയ്യാതിരിക്കുക. ചുരുക്കത്തിൽ ഒരു മാസമെങ്കിലും വിശ്രമം നല്ലതാണെന്നർഥം.
ഉടൻ ഡോക്ടറെ കാണുക
ഇനി പറയുന്ന ലക്ഷണങ്ങൾ ഉണ്ടെങ്കിൽ വൈദ്യസഹായം തേടണം
∙ ചുവപ്പുനിറത്തിലെ രക്തസ്രാവം
∙ 100 ഡിഗ്രിക്കു മുകളിലുള്ള പനി
∙ കടുത്ത ഓക്കാനവും ഛർദിയും
∙ മൂത്രമൊഴിക്കുമ്പോള്‍ കടുത്തനീറ്റൽ, ഇടയ്ക്കിടെ മൂത്രമൊഴിക്കാൻ തോന്നുക.
∙ ശസ്ത്രക്രിയാ മുറിവിൽ നിന്നു രക്തസ്രാവം, പഴുപ്പ്, മുറിവിനു ചുറ്റും വീക്കം
∙ ഓപ്പറേഷൻ ചെയ്ത സ്ഥലത്തു സഹിക്കാനാകാത്ത വേദന.