ADVERTISEMENT

പ്രമേഹത്തിനു മരുന്നുകൾ കഴിച്ചാൽ ക്ഷീണം വരുമോ? പലരുടെയും സംശയമാണ്. പ്രമേഹ ചികിത്സയ്ക്ക് ഇപ്പോൾ ഒരു ഡസനിലേറെ ഔഷധങ്ങൾ ലഭ്യമാണ്. ഓരോ രോഗിയുടെയും പ്രത്യേകതകൾ മാനിച്ചാണു ചികിത്സ നൽകുന്നത്. വളരെ സമയമെടുത്ത് ഈ വിധത്തിൽ ഔഷധങ്ങൾ തിരഞ്ഞെടുക്കുന്നതിനെയും ചികിത്സാ നിർദേശം നൽകുന്നതിനെയും, ‘പേഴ്സണലൈസ്ഡ് ഡയബറ്റിസ് കെയർ’ (Personalized Diabetes Care) എന്നാണു പറയുന്നത്.

മരുന്നുകളിലെ മാറ്റം
പഴയ തലമുറയിൽ പെടുന്ന ഹ്യൂമൻ ഇൻസുലിൻ (Human Insulin), ഗ്ലിമെപിറൈഡ് (Glimepiride) തുടങ്ങിയ ഔഷധങ്ങൾ രക്തത്തിലെ പഞ്ചസാര തീരെ താഴ്ന്നുപോകുന്നതു കാരണം(Hypoglycemia) ക്ഷീണം, തളർച്ച, ബോധക്ഷയം, മാനസിക പ്രശ്നങ്ങൾ എന്നിവ ഉണ്ടാക്കുന്നവയാണ്. ഈ കാരണത്താൽ ഹൈപ്പോഗ്ലൈസീമിയ സാധ്യത കുറവുള്ള GLP-1നും, അനലോഗ് ഇൻസുലിനും (Analogue Insulin) പുത്തൻ തലമുറയിലെ ഗ്ലിപ്റ്റിൻ (Gliptin), ഗ്ലിഫ്ലോസിൻ (Gliflozin) തുടങ്ങിയ ഗുളികകളുമാണ് ഇപ്പോൾ നിർദേശിക്കാറ്.

ADVERTISEMENT

ഹൈപ്പോഗ്ലൈസീമിയയും ക്ഷീണവും
രക്തത്തിലെ പഞ്ചസാര 70 മില്ലിഗ്രാമിൽ താഴെയാകുമ്പോഴാണു ഹൈപ്പോഗ്ലൈസീമിയ എന്നു പറയുന്നത്. തുടർച്ചയായ ക്ഷീണത്തിനു കാരണം ഹൈപ്പോഗ്ലൈസീമിയ ആണോ എന്നു തിരിച്ചറിയാൻ ലാബ് പരിശോധനയിലൂടെ സാധിച്ചെന്നു വരില്ല. ഇതിനായി സിജിഎം (CGM) സെൻസർ ഉപയോഗിച്ചു തുടർച്ചയായി 15 ദിവസത്തോളം ഗ്ലൂക്കോസ് നിരീക്ഷിക്കാവുന്നതാണ്. ഓരോ മിനിറ്റിലുമുള്ള പഞ്ചസാരയുടെ മാറ്റങ്ങൾ രോഗിക്കു ഫോണിൽ കണ്ടുകൊണ്ടിരിക്കാം. ഇതനുസരിച്ച് ഔഷധത്തിന്റെ ഡോസ് ക്രമീകരിക്കുവാനും ഭക്ഷണത്തിലും മറ്റു ജീവിതചര്യകളിലും മാറ്റങ്ങൾ വരുത്തുവാനും സാധിക്കും. മേൽവിവരിച്ച കഥയിലെ രാജശേഖരനെപ്പോലെ ഔഷധങ്ങൾ നിർത്തുന്നതല്ല പരിഹാരം; അതു കൂടുതൽ അപകടമാണ്.

പഞ്ചസാര കൂടുന്നു, ജലാംശം കുറയുന്നു
പ്രമേഹരോഗിക്കു പഞ്ചസാര വർധിക്കുമ്പോൾ ശരീരത്തിലെ ജലാംശം കുറയും. ദാഹം വർധിക്കുകയും മൂത്രത്തിന്റെ അളവു കൂടുകയും ചെയ്യും. പ്രമേഹം നന്നായി ചികിത്സിക്കുമ്പോൾ ക്ഷീണം പൂർണമായും മാറും.ഡാപ്പഗ്ലിഫ്ലോസിൻ (Dapagliflozin), എംപാഗ്ലിഫ്ലോസിൻ (Empagliflozin) തുടങ്ങിയ ഗുളികകൾ ഇപ്പോൾ വളരെ കൂടുതലായി ഉപയോഗിച്ചു വരുന്നു. പ്രമേഹം ഇല്ലാത്തവർക്കു പോലും ഹൃദയപരാജയം (Heart Failure), വൃക്കപരാജയം (Kidney Failure) എന്നീ ഗുരുതര രോഗങ്ങൾ പ്രതിരോധിക്കുന്നതിനും, ചികിത്സിക്കുന്നതിനും ഈ ഗുളികകൾ ഉപയോഗിക്കുന്നു. രക്തത്തിലെ പഞ്ചസാര അധികമാകുന്പോൾ ഈ ഔഷധത്തിന്റെ പ്രവർത്തനത്തിന്റെ ഫലമായി മൂത്രത്തിലൂടെ പഞ്ചസാര നഷ്ടമാകുന്നു. ഒട്ടേറെ പ്രയോജനങ്ങളുള്ള ഔഷധ കുടുംബമാണിത്. ശരീരത്തിലെ ജലാംശം നഷ്ടപ്പെടാം എന്ന കാരണത്താൽ രണ്ടോ മൂന്നോ ഗ്ലാസ് വെള്ളം കൂടുതലായി കുടിക്കണം. അല്ലാത്തപക്ഷം രോഗികൾക്കു ക്ഷീണം അനുഭവപ്പെടാം.

ADVERTISEMENT

ക്ഷീണം വരുത്താം
പ്രമേഹം ചികിത്സിക്കുന്നതിനു ചെറിയ ഡോസിലും, അമിതവണ്ണം ചികിത്സിക്കുന്നതിന് അധിക ഡോസിലും ഉപയോഗിച്ചുവരുന്ന രണ്ട് ഔഷധങ്ങളുണ്ട്. സെമാഗ്ലൂട്ടൈഡ് (Ozempic, Wegovy), ടിർസെപ്പറ്റൈഡ് (Mounjaro, Yurpeak). ആഴ്ചയിലൊരിക്കൽ എടുക്കുന്ന ഈ കുത്തിവയ്പുകൾ ആഗോളതലത്തിൽ തന്നെ പ്രചാരം നേടിക്കഴിഞ്ഞവയാണ്. പ്രധാനപ്പെട്ട എല്ലാ അവയവങ്ങളും സംരക്ഷിക്കപ്പെടുന്നു എന്നതാണ് ഇതിന്റെ പ്രധാന നേട്ടം. സെമാഗ്ലൂട്ടൈഡ് എല്ലാ ദിവസവും കഴിക്കാവുന്ന ഗുളിക രൂപത്തിലും ഭാരതത്തിൽ ലഭ്യമാണ് (റൈബെൽസസ്- Rybelsus). ഈ വിഭാഗത്തിൽ പെടുന്ന ഔഷധങ്ങൾ ഉപയോഗിക്കുന്ന പല രോഗികളും ക്ഷീണം പരാതിപ്പെടാറുണ്ട്. ചില പ്രത്യേകതരം വ്യായാമങ്ങൾ, പ്രോട്ടീൻ, സൂക്ഷ്മപോഷകങ്ങൾ എന്നിവയാണ് ഇതിനു പരിഹാരം. ഓരോ രോഗിക്കും ഈ നിർദേശങ്ങൾ തികച്ചും വ്യത്യസ്തമായിരിക്കും. ക്ഷീണം എന്ന കാരണത്താൽ വളരെ പ്രയോജനമുള്ള ഈ ഔഷധങ്ങൾ നിർത്തലാക്കരുത്. ഡോക്ടറോടു വിശദമായി സംസാരിച്ചു പരിഹാരമാർഗങ്ങൾ സ്വീകരിക്കുക. ഗുണമുള്ള എല്ലാ ഔഷധങ്ങൾക്കും പാർശ്വഫലങ്ങളും ഉണ്ടാകാം എന്ന് ഓർക്കുക. ഔഷധം തുടങ്ങുന്നതും നിർത്തുന്നതും ചികിത്സിക്കുന്ന ഡോക്ടറുടെ നിർദേശപ്രകാരം ആയിരിക്കാൻ ശ്രദ്ധിക്കണം.

ഡോ. ജ്യോതിദേവ് കേശവ്ദേവ്
ചെയർമാൻ
ഡോ. ജ്യോതിദേവ്സ് ഡയബറ്റിസ് റിസർച്ച് സെന്റേഴ്സ്

ADVERTISEMENT
English Summary:

Diabetes medication fatigue is a common concern, but modern personalized diabetes care offers many solutions. While older medications can cause hypoglycemia leading to fatigue, newer drugs like GLP-1 agonists, analogue insulins, gliptins, and gliflozins have a lower risk, and continuous glucose monitoring helps manage blood sugar effectively. Staying hydrated, especially with SGLT2 inhibitors, and consulting a doctor for exercise and nutritional advice are key to managing fatigue and maximizing the benefits of diabetes treatment.

ADVERTISEMENT