വൈറൽ എല്ലാം വയറിലേക്കു പോകരുതേ: ഹെൽത് ഡ്രിങ്കുകൾ ഉപയോഗിക്കുംമുൻപ് ശ്രദ്ധിക്കുക Debunking Viral Health Drinks: The Truth Behind Social Media Trends
Mail This Article
വൈറലാകുന്ന പലതും നമ്മുടെ വയറിനു നല്ലതല്ല എന്നാണു പരക്കെ പറയുന്നത്. സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന വൈറൽ പാനീയങ്ങളുെട ആരോഗ്യഗുണങ്ങൾ കേട്ടാൽ ആരായാലും അതിൽ മയങ്ങിപ്പോകും. എന്നാൽ ഇത്തരം ഡ്രിങ്കുകളിൽ ഭൂരിപക്ഷവും വ്യക്തമായ പഠനമില്ലാതെ രംഗത്തുവന്നവയാണ്. സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്ന ഹെൽത് ഡ്രിങ്കുകൾക്കു പിന്നിലെ സത്യാവസ്ഥ മനസ്സിലാക്കാം
∙ ആപ്പിൾ സൈഡർ വിനിഗർ (ACV) ഷോട്ട്സ്
അമിതവേഗത്തിൽ തടി കുറയ്ക്കുന്നു, ശരീരത്തിലെ വിഷാംശങ്ങൾ നീക്കം ചെയ്യുന്നു (Detox) എന്നെല്ലാമാണ് അവകാശവാദം. എന്നാൽ സത്യാവസ്ഥ എന്തെന്നാൽ ഭാരം കുറയ്ക്കുന്ന കാര്യത്തിൽ ഇതിനു വലിയ പങ്കുണ്ടെന്നു തെളിയിക്കപ്പെട്ടിട്ടില്ല. ഇത് അമിതമായി ഉപയോഗിക്കുന്നതു പല്ലിന്റെ ഇനാമൽ നശിക്കാനും തൊണ്ടയിൽ അസ്വസ്ഥതകൾ ഉണ്ടാകാനും കാരണമാകും എന്നു പറയപ്പെടുന്നു. മാത്രമല്ല അസിഡിറ്റി ഉണ്ടാകാനും ഇടയാക്കും, പ്രത്യേകിച്ചു വെറുംവയറ്റിൽ ഉപയോഗിച്ചാൽ. ഗ്യാസ്ട്രൈറ്റിസ്, അൾസർ പോലുള്ള പ്രശ്നങ്ങൾ ഉള്ളവർ ശരീരഭാരം കുറയ്ക്കാൻ ആപ്പിൾ സൈഡർ വിനഗർ ഉപയോഗിക്കുന്നത് ഒഴിവാക്കണം.
∙ ഡീറ്റോക്സ്" പാനീയങ്ങളും ഗ്രീൻ ജൂസുകളും
ശരീരത്തെ ശുദ്ധീകരിക്കാൻ എന്ന പേരിൽ പലരും പലതരത്തിലുള്ള ഡീറ്റോക്സ് പാനീയങ്ങളും ഗ്രീൻ ജൂസുകളും ഉപയോഗിക്കുന്നുണ്ട് . എന്നാൽ നമ്മൾ മനസ്സിലാക്കേണ്ട ഒരു വസ്തുത ഉണ്ട്. നമ്മുടെ കരൾ, വൃക്ക, ശ്വാസകോശം എന്നിവ ഈ ജോലി കൃത്യമായി ചെയ്യുന്നുണ്ട്. പുറത്തുനിന്നുള്ള ഒരു പാനീയത്തിനും ശരീരത്തെ "ശുദ്ധീകരിക്കാൻ" കഴിയില്ല. പല ജൂസുകളിലും ഫൈബർ (നാരുകൾ) കുറവും പഞ്ചസാര കൂടുതലുമാണ്. പലപ്പോഴും ഇത്തരം ഡ്രിങ്കുകൾ ചിലപ്പോൾ ഉണർവു നൽകും എന്നു മാത്രം.
∙ കൊംബുച്ച (Kombucha)
കൊംബുച്ച് ഒരു പ്രോബയോട്ടിക് പാനീയമാണ്. ബ്ലാക്ക് ടീയിലോ ഗ്രീൻ ടീയിലോ പഞ്ചസാരയും സ്കോബി (SCOBY- Symbiotic Culture of Bacteria and Yeast) എന്നു വിളിക്കുന്ന ബാക്ടീരിയകളുെടയും യീസ്റ്റിന്റെ ഒരു മിശ്രിതം.) ചേർത്തു പുളിപ്പിച്ചെടുക്കുന്ന പാനീയം.
കുടലിന്റെ ആരോഗ്യത്തിന് ഉത്തമമായ മാന്ത്രിക പാനീയം എന്നാണു പലരും ഇതിനെ വിശേഷിപ്പിക്കുന്നത്. ഇതിൽ പ്രോബയോട്ടിക്സ് അടങ്ങിയിട്ടുണ്ടെങ്കിലും, കടകളിൽ നിന്നു ലഭിക്കുന്ന പല ബ്രാൻഡുകളിലും അമിതമായി പഞ്ചസാര ചേർക്കാറുണ്ട്. ഇതു ഗ്യാസ് അല്ലെങ്കിൽ അസിഡിറ്റി പ്രശ്നമുള്ളവർക്കു ദോഷം ചെയ്തേക്കാം.
∙ചിയ സീഡ് വാട്ടർ
കുടൽ പെട്ടെന്ന് വൃത്തിയാക്കുന്നു എന്നാണ് അവകാശവാദം. ചിയ സീഡ്സ് പോഷകസമൃദ്ധമാണ്, പക്ഷേ ഇത് ഒരു അദ്ഭുത മരുന്നല്ല. കൃത്യമായി കുതിർക്കാതെയുള്ള ഇതിന്റെ അമിത ഉപയോഗം വയറുവേദനയ്ക്കും ദഹനപ്രശ്നങ്ങൾക്കും കാരണമായേക്കാം.
പല വെൽനസ് പാനീയങ്ങളും കൃത്യമായ ആരോഗ്യ പരിശോധനകൾക്കു വിധേയമാകാറില്ല.
സമൂഹമാധ്യമങ്ങളിൽ കാണുന്ന പരസ്യങ്ങളെ അന്ധമായി വിശ്വസിക്കരുത്. ഏറ്റവും മികച്ച ആരോഗ്യ പാനീയം പച്ചവെള്ളം തന്നെയാണ്. പച്ചക്കറികളും പഴങ്ങളും ജൂസ് ആക്കി കുടിക്കുന്നതിനേക്കാൾ നല്ലത് അവ നേരിട്ടു കഴിക്കുന്നതാണ്.
കടപ്പാട്
ഡോ. അനിതാ മോഹൻ
മുൻ സ്റ്റേറ്റ് ന്യുട്രിഷൻ ഒാഫിസർ, തിരുവനന്തപുരം
