ഇടിമിന്നൽ: ലോഹങ്ങളെ പേടിക്കണോ? സുരക്ഷിതമായ സ്ഥലമേത്? കാറിലിരിക്കാമോ? Protecting Yourself from Lightning Strikes
Mail This Article
“When thunder roars, go indoors”
“ഇടിമുഴക്കം കേട്ടു തുടങ്ങിയാൽ ഉടൻ കോൺക്രീറ്റ് കെട്ടിടത്തിനുള്ളിൽ അഭയം തേടുക. ഇടിയുടെ ശബ്ദം നിലച്ച് അര മണിക്കൂർ കഴിഞ്ഞു മാത്രം പുറത്തിറങ്ങുക.”
ആദ്യമായി കേൾക്കുന്നവർക്ക് വിചിത്രമായി തോന്നാമെങ്കിലും ഇത് അന്തരാഷ്ട്ര തലത്തിൽ തെളിവ് സഹിതം അംഗീകരിക്കപ്പെട്ട സുരക്ഷാ നിർദേശമാണിത്. പ്രത്യേകിച്ച് ഈയടുത്തു മലപ്പുറത്തെ കുന്നിൻ മുകളിൽ വച്ചു മിന്നലേറ്റ് ഒരേ ദിവസം നാലു ചെറുപ്പക്കാർ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ.
ഇന്ത്യയിൽ പ്രകൃതിക്ഷോഭങ്ങൾ മൂലമുണ്ടാകുന്ന മരണങ്ങളിൽ മുൻപന്തിയിലാണു മിന്നൽ. പ്രതിവർഷം ശരാശരി 2500 പേർ മിന്നലേറ്റ് മരിക്കുന്നുണ്ടെന്നാണ് ഏകദേശ കണക്ക്. ഓരോ വർഷവും കേരളത്തിലെ ഒരു ചതുരശ്ര കിലോമീറ്റർ സ്ഥലത്ത് ശരാശരി ഇരുപതു തവണ മിന്നലേൽക്കുന്നു എന്ന് കണക്കുകൾ. ഏറ്റവും കൂടുതൽ കോട്ടയം ജില്ലയിൽ.വികസിത രാജ്യങ്ങളിൽ ബോധവൽക്കരണ പരിപാടികളിലൂടെ മിന്നലേറ്റുള്ള മരണനിരക്ക് ഗണ്യമായി കുറയ്ക്കാൻ സാധിച്ചിട്ടുണ്ട്. മിന്നലിന് പിന്നിലെ ശാസ്ത്രവും അതിൽ നിന്ന് രക്ഷപ്പെടാനുള്ള മാർഗങ്ങളും നമുക്ക് നോക്കാം.
മിന്നൽ എങ്ങനെ ഉണ്ടാകുന്നു?
താഴ്ന്ന താപനിലയിൽ വായു അതിവേഗം ചലിക്കുമ്പോൾ മേഘകണങ്ങൾ ചാർജ് ചെയ്യപ്പെടുന്നു.നെഗറ്റീവ് ചാർജുകൾ മേഘത്തിന്റെ താഴെയും പോസിറ്റീവ് ചാർജുകൾ അങ്ങു താഴെ ഭൂമിയിലും അടിഞ്ഞുകൂടുന്നു.വായു വൈദ്യുതി കടത്തിവിടാത്തതിനാൽ ആദ്യഘട്ടത്തിൽ പ്രശ്നമുണ്ടാകില്ല.എന്നാൽ,ഇലക്ട്രിക് ചാർജ് അടിഞ്ഞുകൂടി രണ്ടു വിരുദ്ധ ചാർജുകളുംതമ്മിലുള്ള ആകർഷണം വായുവിന്റെ പ്രതിരോധത്തെ മറികടക്കുമ്പോൾ ഉണ്ടാകുന്ന കൂറ്റൻ വൈദ്യുത സ്‌പാർക്കാണ് മിന്നൽ.
ഇടിമുഴക്കം എന്നാൽ ?
മിന്നൽ പിണരുകൾ വായുവിനെ സൂര്യന്റെ ഉപരിതലത്തേക്കാൾ കൂടുതൽ ചൂടാക്കുന്നു (ഏകദേശം50,000ഫാരൻഹീറ്റ്).ഈ താപം വായുതന്മാത്രകളെ അതിവേഗം ചൂടാക്കി വികസിപ്പിക്കുകയും അവ മറ്റു വായു തന്മാത്രകളുമായി കൂട്ടിയിടിച്ചു വലിയ ശബ്ദമുണ്ടാക്കുകയും ചെയ്യുന്നു.ഇതാണ് ഇടിമുഴക്കം.
ഹൃദയം നിർത്തും മിന്നൽ
മിന്നലിലെ വൈദ്യുതി ഹൃദയത്തിന്റെ ഇലക്ട്രിക് സർക്യൂട്ടുമായി പ്രതിപ്രവർത്തിച്ചു ഹൃദയാഘാതം വരുന്നതാണു മിന്നലേറ്റുള്ള മരണങ്ങളുടെ പ്രധാനകാരണം. മിന്നലേറ്റ ഉടൻ കൃത്യമായ സി.പി.ആർ(CPR)നൽകുന്നത് ജീവൻ രക്ഷിക്കാൻ സഹായിക്കും. നാഡീ തകരാറുകൾക്കും പൊള്ളലേൽക്കാനും വീഴ്ചയിൽ പരിക്ക് പറ്റാനും സാധ്യതയുണ്ട്.
മിന്നലിൽ നിന്ന് രക്ഷപ്പെടാൻ
ചില നിർദ്ദേശങ്ങൾ
∙ ഇടിമിന്നലുള്ളപ്പോൾ പുറത്തിറങ്ങുന്നത് ഒഴിവാക്കുക: മിന്നലിലെ കൂറ്റൻ ഇലക്ട്രിക് സ്പാർക് ഭൂമിയിലേക്ക് ആകർഷിക്കപ്പെടുകയാണല്ലൊ. ഏറ്റവും ഉയരമുള്ള പോയിന്റിലേക്കാണ് ഇതാദ്യം എത്തുക. അങ്ങനെ വരുമ്പോൾ തുറസ്സായ സ്ഥലത്ത് നിൽക്കുന്ന ഒരാൾക്ക് മിന്നലേൽക്കാനിടയുണ്ട്.
∙മരച്ചുവട്ടിൽ അഭയം പ്രാപിക്കരുത്: ഒറ്റപ്പെട്ട ഉയരമുള്ള മരങ്ങൾ മിന്നലിനെ ആകർഷിക്കും. നിരവധി മരണങ്ങൾ ഇതുമൂലം നടന്നിട്ടുണ്ട്.
∙ ഉയർന്ന സ്ഥലങ്ങൾ ഒഴിവാക്കുക: ഇടിമുഴക്കമുള്ള സമയത്ത് കുന്നിൻ മുകളിലോ വീടിന്റെ ടെറസ്സിലോ നിൽക്കുന്നത് അപകടകരമാണ്. ഉണക്കാൻ ഇട്ട തുണി “മഴയ്ക്കു മുൻപ് പെട്ടെന്ന് എടുക്കാം” എന്നു കരുതി ടെറസിലോ മുറ്റത്തോ പോയവർക്ക് മിന്നലേറ്റ് അപകടമുണ്ടായ കഥകൾ അനവധിയുണ്ട്.
പ്രത്യേകിച്ചും മഴക്കാലത്ത് കലാവസ്ഥാ മുന്നറിയിപ്പുകൾ ശ്രദ്ധിച്ചു മാത്രം ട്രെക്കിങ്, ക്രിക്കറ്റ്, ഫുട്ബോൾ മത്സരങ്ങൾ തുറസ്സായ സ്ഥലങ്ങളിൽ നടത്തുന്ന ജനത്തിരക്കുള്ള പരിപാടികൾ മുതലായവ പ്ലാൻ ചെയ്യുക. പ്രകൃതിയെ വെല്ലുവിളിക്കാതിരിക്കുക.
മിന്നൽ പലവിധം
നേരിട്ടേൽക്കുന്ന മിന്നൽ (Direct Strike) കൂടാതെ, ഭൂമിയിലൂടെ പടരുന്ന വൈദ്യുത പ്രവാഹം (Ground Current) നമ്മിലേക്കടിക്കാം. പ്രത്യേകിച്ച് മിന്നലിന് 100-200 feet അകലത്തിനുള്ളിലാണ് നമ്മളെങ്കിൽ. മരം പോലെ ഉയരമുള്ള വസ്തുവിലേക്കു തട്ടി ശരീരത്തിലേക്ക് ചാടുന്ന'സൈഡ് ഫ്ലാഷ്'എന്ന മിന്നലും അപകടമുണ്ടാക്കാം.
∙ നിലത്തു കിടക്കരുത്: ഭൂമിയിലൂടെ മിന്നലിലെ വൈദ്യുതി ചാർജ് horizontal ആയി പടരാൻ സാധ്യതയുള്ളതിനാൽ നിലത്ത് കിടക്കുന്നത് അപകടകരമാണ്.
∙വേലികളിൽ നിന്നും കമ്പികളിൽ നിന്നും അകലം പാലിക്കുക: ലോഹ വേലികൾ,പൈപ്പുകൾ,ലാൻഡ് ഫോൺ ലൈനുകൾ എന്നിവയിലൂടെ മിന്നലിലെ വൈദ്യുതി കടന്നു വരാം. ഇത്തരം വസ്തുക്കളിൽ നിന്നും അകലം പാലിക്കുക.
∙കൂട്ടം കൂടി നിൽക്കരുത്: മിന്നൽ ഏൽക്കാൻ സാധ്യതയുള്ള തുറസ്സായ ഇടത്ത് അപ്രതീക്ഷിതമായി പെട്ടുപോയാൽ ഒരു കൂട്ടം ആളുകൾ ഉണ്ടെങ്കിൽ ഓരോരുത്തരും 100 അടി എങ്കിലും അകലത്തിൽ നിൽക്കുക. ഇപ്രകാരം അകലം പാലിച്ചാൽ അഥവാ ഒരാൾക്ക് മിന്നലേറ്റാൽ പോലും തറയിലൂടെ മറ്റുള്ളവരിലേക്കു പടരുന്നതു തടയും. മാത്രമല്ല മറ്റുള്ളവർക്ക് അയാളെ രക്ഷിക്കാനുള്ള അവസരവും ലഭിക്കും. കൂട്ടം കൂടി നിന്നാൽ എല്ലാവർക്കും ഒരേസമയം അപകടം സംഭവിക്കാം.
∙ജീവൻ രക്ഷിക്കാൻ:മിന്നലേറ്റ ആൾ അബോധാവസ്ഥയിലായാൽ ഒട്ടും വൈകാതെ സിപിആർ(CPR)നൽകുകയും ആശുപത്രിയിൽ എത്തിക്കുകയും ചെയ്യുക.
ലോഹങ്ങളും കാറും
∙മിന്നലുള്ളപ്പോൾ ശരീരത്തിലുള്ള ലോഹ ആഭരണങ്ങളോ വാച്ചുകളോ മാറ്റണമെന്നു പറയുന്നതിൽ വലിയ കഴമ്പില്ല. ഇവ മാറ്റുന്നതു വളരെ ഉയരത്തിൽ നിന്നും വരുന്ന ഒന്നായ മിന്നലിൽ നിന്നും തടയില്ല. മിന്നലേൽക്കുമ്പോഴുള്ള പൊള്ളലുകൾ കുറയ്ക്കാൻ ആഭരണങ്ങൾ ഒഴിവാക്കുന്നതു കുറച്ചൊക്കെ സഹായിച്ചേക്കാം എന്നുമാത്രം.
∙ കാറിനുള്ളിൽ സുരക്ഷിതമാണ്: ഇടിയും മിന്നലുമുള്ളപ്പോൾ കാറിനുള്ളിലാണെങ്കിൽ സൈഡ് ഗ്ലാസ്സ് താഴ്ത്താതെ ഇരിക്കുന്നതു സുരക്ഷിതമാണ്. ഇതിനു കാരണം ഫാരഡേ കേജ് എഫക്ട്(Faraday Cage Effect) എന്ന പ്രതിഭാസമാണ്. മികച്ച വൈദ്യുതചാലകമായ കാറിന്റെ ലോഹഭാഗങ്ങൾ മിന്നലേറ്റു വാങ്ങി നമ്മെ സംരക്ഷിക്കുന്നു. മിന്നലുള്ളപ്പോൾ കാറിന്റെ ലോഹ ഭാഗങ്ങളിൽ സ്പർശിക്കരുത്. കൈ മടിയിൽ വച്ച് ഇരിക്കാം. ബസ്, വാൻ ഇവയും സുരക്ഷിതമാണ്. എന്നാൽ സൈക്കിൾ, ബൈക്ക്, ട്രാക്ടർ എന്നിവ സുരക്ഷിതമല്ല.
∙ വിമാനങ്ങൾ സുരക്ഷിതമാണ്: വിമാനത്തിലായിരിക്കുമ്പോഴും ഫാരഡേ കേജ് എഫക്റ്റ് മിന്നലിൽ നിന്ന് ഉള്ളിലുള്ളവരെ സംരക്ഷിക്കുന്നു.
∙ വീടിനുള്ളിൽ ഇരിക്കുക: മിന്നലുള്ളപ്പോൾ ജനലുകളിൽ നിന്നും ഭിത്തിയിൽ നിന്നും അകന്നു വീടിന്റെ മധ്യഭാഗത്ത് ഇരിക്കുക. ലോഹവയറുകളോ വസ്തുക്കളോ സ്പർശിക്കരുത്. ബസ് വെയ്റ്റിങ് ഷെഡ്ഡുകൾ, വരാന്തകൾ, ടെന്റുകൾ എന്നിവ സുരക്ഷിതമല്ല.
മഴയ്ക്ക് ശേഷവും ശ്രദ്ധിക്കുക–ഇടിമുഴക്കം അവസാനിച്ചാലും 30മിനിറ്റ് കഴിഞ്ഞ് മാത്രം പുറത്തിറങ്ങുക.
∙ലാൻഡ് ഫോണുകൾ വേണ്ട: മിന്നലുള്ളപ്പോൾ ലാൻഡ് ഫോൺ ഉപയോഗിക്കരുത്. മൊബൈൽ ഫോണുകൾ ചാർജ് ചെയ്തുകൊണ്ട് ഉപയോഗിക്കരുത്. ചാർജിങ് പോയിന്റിൽ നിന്നു മാറ്റി മൊബൈൽ ഫോൺ ഉപയോഗം സുരക്ഷിതമാണ്.
∙വൈദ്യുത ഉപകരണങ്ങൾ അൺപ്ലഗ് ചെയ്യുക: വിലപിടിപ്പുള്ള ടിവി, കംപ്യൂട്ടർ തുടങ്ങിയവ പ്ലഗ്ഗിൽ നിന്നു വേർപെടുത്തേണ്ടതു പ്രധാനമാണ്. സ്വിച്ച് ഓഫാണെങ്കിൽ പോലും പുറത്തുള്ള ഇലക്ട്രിക് പോസ്റ്റിലേറ്റ മിന്നൽ ലോഹവയറുകളിലൂടെ സഞ്ചരിച്ച് പ്ലഗ് ചെയ്തുവച്ചിരിക്കുന്ന തേപ്പുപെട്ടി പോലെയുള്ള വൈദ്യുത ഉപകരണം വഴി ഉപയോഗിക്കുന്നവരിലേക്കെത്താം.
∙പൈപ്പ് വെള്ളം ഉപയോഗിക്കരുത്: ഇടിമിന്നൽ ഉള്ള സമയത്ത് പൈപ്പിൽ നിന്നും വീഴുന്ന വെള്ളത്തിൽ കുളിക്കുന്നതും പാത്രം കഴുകുന്നതും കൈ കഴുകുന്നതും ഒഴിവാക്കുക.
ഒഴുക്കുവെള്ളം നലലൊരു വൈദ്യുത ചാലകമായതിനാൽ സമീപത്തു മിന്നലുണ്ടായാൽ നമുക്കു ഷോക്കടിക്കാൻ സാധ്യതയുണ്ട്.കുളത്തിലോ പുഴയിലോ നീന്തുകയാണെങ്കിൽ ഉടൻ കരയ്ക്ക് കയറണം.സ്വിമ്മിങ് പൂളുകളിൽ നീന്തുന്നതും സുരക്ഷിതമല്ല. ഇടിമുഴക്കം നിന്നാലും 30 മിനിറ്റു കൂടി കഴിയാതെ പൂളിലേക്കോ വെള്ളത്തിലേക്കോ ഇറങ്ങരുത്.
മിന്നലേറ്റുള്ള അപകടങ്ങൾ മിക്കവാറും സംഭവിക്കുന്നത് നമ്മൾ പുറത്തായിരിക്കുമ്പോഴാണ്. അതിനാൽ ഇടിമിന്നൽ സൂചനയുള്ളപ്പോൾ വീടിനുള്ളിൽ അല്ലെങ്കിൽ വാഹനത്തിനുള്ളിൽ തന്നെ ഇരിക്കുന്നതാണ് ഏറ്റവും ഉചിതം. ലളിതമായ ഈ മുൻകരുതൽ പ്രാവർത്തികമാക്കിയതോടെ അമേരിക്ക പോലെയുള്ള രാജ്യങ്ങളിൽ മിന്നലേറ്റുള്ള മരണങ്ങൾ ഏതാണ്ട് ഇല്ലാതായി എന്നുള്ളത് ശ്രദ്ധേയമാണ്.
ഡോ.രാജീവ് ജയദേവൻ,
Convener Research Cell, Kerala State IMA
