ഇൻസ്റ്റഗ്രാമിൽ വൈറലായ ഒരു റീൽ വഴിയാണ് തൃശൂർ സ്വദേശിനിയായ ബെൻസി ജോയ് എന്ന ‘വിറ്റിലിഗോ മോഡലി’നെ കുറിച്ചറിയുന്നത്. കൗമാരത്തിൽ തന്നെ, ചർമത്തിൽ വെളുത്ത പാടുകൾ പ്രത്യക്ഷപ്പെടുന്ന വിറ്റിലിഗോ അഥവാ വെള്ളപ്പാണ്ട് എന്ന ചർമപ്രശ്നത്തിന്റെ പിടിയിലായവൾ. ആളുകളുടെ വിധിയെഴുത്തുകളും അകറ്റിനിർത്തലും ഭയന്നു പുറത്തിറങ്ങാൻ പോലും മടിച്ചു വീടിനുള്ളിൽ ഒതുങ്ങിയവൾ. ഒരുനാൾ അപമാനഭീതിയുടെ പ്യൂപ്പയിൽ നിന്നവൾ പുറത്തു കടന്നു. സധൈര്യം തന്റെ ചർമപ്രശ്നത്തെ എല്ലാവരുടെയും മുൻപിൽ തുറന്നുകാട്ടിയപ്പോൾ അതു വൈറലായി.
അതേ സമയത്താണ് ഫോട്ടോഷൂട്ടിനായി സമീപിച്ചിട്ട് വിറ്റിലിഗോ എന്ന പ്രശ്നമുണ്ടെന്നറിഞ്ഞപ്പോൾ ഒരു വാക്കുപോലും പറയാതെ അതിൽ നിന്നും ഒഴിവാക്കപ്പെട്ട അനുഭവം പങ്കുവച്ച, രസിത എന്ന വിറ്റിലിഗോ മോഡലിന്റെ റീൽ ഫോട്ടോഗ്രാഫർ ശ്യാം ബാബു ഷെയർ ചെയ്യുന്നത്. രസിതയും കൗമാരത്തിലേ വെള്ളപ്പാണ്ടു ബാധിച്ചയാളാണ്.
ഇവരെക്കുറിച്ച് അറിയുന്തോറും വിറ്റിലിഗോയെക്കുറിച്ചുള്ള ആളുകളുടെ അറിവില്ലായ്മ എങ്ങനെയാണ് ഇവരുടെ ജീവിതത്തെ കടുത്ത ദുരിതത്തിലാക്കിയത് എന്നു തിരിച്ചറിഞ്ഞു. ഒരേ കുപ്പിയിൽ നിന്നും വെള്ളം കുടിച്ചാലോ അടുത്തു ചേർന്നിരുന്നാലോ രോഗം പകരുമെന്നു ഭയന്നുള്ള അകറ്റി നിർത്തലുകൾ. ചിത്രശലഭത്തെ പോലെ പാറിപ്പറന്നു നടക്കാൻ പെൺകുട്ടികൾ ആഗ്രഹിക്കുന്ന കൗമാരത്തിൽ ആളുകളുടെ കളിയാക്കലുകൾ ഭയന്നു മൂടിപ്പുതച്ചു ജീവിച്ച നാളുകൾ. അവർ അനുഭവിച്ച കയ്പേറിയ ജീവിതത്തെ കുറിച്ചു കൂടുതലറിയുന്തോറും മനസ്സു നൊന്തു. ഇവർ ജീവിതാനുഭവം പങ്കുവച്ചാൽ സമാനാവസ്ഥയിലുള്ള എത്രയോ പേർക്ക് അത് ആത്മധൈര്യമേകിയേക്കും എന്നൊരു ചിന്ത മനസ്സിൽ വീണു.
മനോരമ ആരോഗ്യം ജൂൺ ലക്കം ‘സ്കിൻ റിപ്പയർ സ്പെഷൽ’ ആയാണു പ്ലാൻ ചെയ്തിരുന്നത്. ചർമഭംഗിയും ആരോഗ്യവും വീണ്ടെടുക്കേണ്ടതിന്റെ പ്രാധാന്യവും അതിനുള്ള വഴികളും സമഗ്രമായി പ്രതിപാദിക്കുന്ന ജൂൺ ലക്കം മനോരമ ആരോഗ്യത്തിന് ഏറ്റവും മികച്ച കവർ ചിത്രം ഇവർ തന്നെയായിരിക്കും എന്നു തോന്നി. മാത്രമല്ല സ്ഥിരം ചെയ്യുന്ന സെലിബ്രിറ്റി കവർ ചിത്രത്തിനപ്പുറം ഇവർ മുഖചിത്രമായാൽ സമൂഹത്തിനു നല്ലൊരു സന്ദേശമാകുമെന്ന് അസിസ്റ്റന്റ് എഡിറ്റോറിയൽ കോ ഒാഡിനേറ്റർ സന്തോഷ് ശിശുപാലും പച്ചക്കൊടി കാട്ടി. ഫോട്ടോഗ്രാഫർ ശ്യാം ബാബു ആ കവർ ചിത്രം മനോഹരമായി വിഷ്വലൈസ് ചെയ്യുകയും ചെയ്തു.
ചർമപ്രശ്നം നൽകിയ നാണക്കേടിനെ മറികടന്ന് ആത്മവിശ്വാസത്തോടെ കവർ മോഡലുകളായി ഇവർ തിളങ്ങുമ്പോൾ അതു മാഗസിൻ ചരിത്രത്തിലെ ഒരു വിപ്ലവകരമായ കാൽവയ്പാണ്. പരമ്പരാഗത സൗന്ദര്യസങ്കൽപങ്ങളുടെ പൊളിച്ചെഴുത്ത് ! മറ്റുള്ളവരിൽ നിന്നു വ്യത്യസ്തമായ ശരീരഘടനയോ ചർമമോ ഉള്ളതുകൊണ്ട് ആരും ഒളിച്ചിരിക്കേണ്ടതില്ല എന്ന ബോഡി പോസിറ്റീവിറ്റിയുടെ ആഘോഷം.
സമൂഹത്തിൽ രോഗവുമായി ബന്ധപ്പെട്ട അപമാനഭീതിയെ (സ്റ്റിഗ്മ) തിരുത്താൻ കൂടി ഈ മുഖചിത്രം നിമിത്തമാകുമെന്നു മനോരമ ആരോഗ്യം ടീം പ്രത്യാശിക്കുന്നു.
ബെൻസിയുടെയും രസിതയുടെയും പോരാട്ടത്തെക്കുറിച്ചു കൂടുതലറിയാൻ മനോരമ ആരോഗ്യം ജൂൺ ലക്കം വായിക്കാം.
വൈറലായ മനോരമ ആരോഗ്യം കവർ ചിത്രവുമായി മോഡൽ ബെൻസി ജോയ്