പതിവായി മുട്ട കഴിക്കുന്നത് ആരോഗ്യകരമാണ്. പക്ഷേ എത്രയെണ്ണം കഴിക്കാം എന്നുള്ളതു പല ഘടകങ്ങളെ ആശ്രയിച്ചിരിക്കും. പ്രോട്ടീൻ, വൈറ്റമിനുകൾ (എ, ഡി, ബി 12), ധാതുക്കൾ എന്നിവ നൽകുന്ന പോഷക സാന്ദ്രമായ ‘പവർഹൗസുകൾ’ ആയി മുട്ടകൾ ഇപ്പോൾ അംഗീകരിക്കപ്പെട്ടിരിക്കുന്നു.
ദിവസവും ഒരു കോഴിമുട്ട വരെ കഴിക്കുന്നതു മിക്ക ആളുകൾക്കും സുരക്ഷിതവും പോഷകപ്രദവുമാണെന്നു പൊതുവെ കണക്കാക്കപ്പെടുന്നു. പ്രായം, ശാരീരിക അവസ്ഥ, മെഡിക്കൽ അവസ്ഥ, വ്യായാമം, തയാറാക്കുന്ന രീതി, ജീവിതശൈലി, മൊത്തത്തിലുള്ള ഭക്ഷണക്രമം, മുട്ടയുടെ കൂടെ എന്തൊക്കെ കഴിക്കുന്നു എന്നതിനെയെല്ലാം ആസ്പദമാക്കിയാണ് എത്രയെണ്ണം കഴിക്കാം എന്നു തീരുമാനിക്കുന്നത്. ഒരു മുട്ടയിൽ ഏകദേശം ആറു ഗ്രാം പ്രോട്ടീൻ ഉണ്ട്.
ഡോക്ടറോട് ചോദിക്കാം
ഹൃദ്രോഗം, പ്രമേഹം, ഉയർന്ന കൊളസ്ട്രോൾ എന്നിവയുള്ള വ്യക്തികൾ ഡോക്ടറെ സമീപിക്കണം. കാരണം ഇക്കൂട്ടർ മഞ്ഞക്കരു കഴിക്കുന്നതു പരിമിതപ്പെടുത്തേണ്ടതുണ്ട്. മുട്ട അലർജി, വിട്ടുമാറാത്ത വൃക്ക രോഗം (പ്രോട്ടീൻ നിയന്ത്രണം ആവശ്യമായി വന്നേക്കാം), പിത്താശയ അസ്വസ്ഥത തുടങ്ങിയ രോഗങ്ങൾ ഉള്ളവരും ശ്രദ്ധിക്കണം. പ്രതിരോധശേഷി കുറവുള്ള വ്യക്തികൾ അസംസ്കൃതമോ വേവിക്കാത്തതോ ആയ മുട്ടകൾ ഒഴിവാക്കണം. മുട്ടയുടെ മഞ്ഞക്കരുവിൽ കൊളസ്ട്രോൾ അടങ്ങിയിട്ടുണ്ടെങ്കിലും, മിക്ക ആളുകളുടെയും രക്തത്തിലെ കൊളസ്ട്രോളിന്റെ പ്രധാന ഘടകം ഭക്ഷണത്തിലെ കൊളസ്ട്രോൾ അല്ലെന്ന് ആധുനിക ശാസ്ത്രം തെളിയിക്കുന്നു. പകരം, സംസ്കരിച്ചതും വറുത്തതുമായ ഭക്ഷണങ്ങളിൽ കാണപ്പെടുന്ന ട്രാൻസ്ഫാറ്റും അധിക പൂരിത കൊഴുപ്പും അടങ്ങിയ ഭക്ഷണക്രമമാണു പ്രധാന കാരണങ്ങൾ.
∙ കുട്ടികളും കൗമാരക്കാരും ഒരു ദിവസം 1 – 2 മുട്ടകൾ കഴിക്കാം. ശരീരവളർച്ച വേഗം നടക്കുന്നതിനാൽ പ്രോട്ടീനിൽ നിന്നും പോഷകങ്ങളിൽ നിന്നും പ്രയോജനം ലഭിക്കുന്നു. ഇതു ശാരീരിക വളർച്ചയെ സഹായിക്കുന്നു.
∙ ആരോഗ്യമുള്ള മുതിർന്നവർക്കും സമീകൃതാഹാരത്തിന്റെ ഭാഗമായി ദിവസവും 1 – 2 മുട്ടകൾ വരെ കഴിക്കാം.
∙ അതിതീവ്രമായി വ്യായാമം ചെയ്യുന്നവർക്ക് 100 ഗ്രാമിൽ കൂടുതൽ പ്രോട്ടീൻ ആവശ്യമാണ്, അവർക്ക് രണ്ടു മുതൽ നാലു മുട്ട വരെ കഴിക്കാം. പ്രോട്ടീന്റെ അളവു കൂടുതൽ വേണമെങ്കിൽ മുട്ടയുടെ വെള്ള മാത്രം അഞ്ചെണ്ണം വരെ കഴിക്കാം.
മിതമായി ഒരു മണിക്കൂർ വ്യായാമം പരിശീലിക്കുന്നവരോ ഉയർന്ന പ്രോട്ടീൻ ആവശ്യകതയുള്ളവരോ ആയവർക്കു ബാക്കി ഭക്ഷണം പോഷകസമൃദ്ധമായി തുടരുന്നിടത്തോളം, ദിവസവും 2 – 3 മുട്ടകൾ ഉൾപ്പെടുത്താം.
പ്രായമായവർക്കും ഗർഭിണികൾക്കും
പ്രായമായവർക്കു പലപ്പോഴും കൂടുതൽ പ്രോട്ടീൻ ആവശ്യമുണ്ട്. ദിവസവും ഒരു മുട്ട കഴിക്കുന്നതിൽ
കുഴപ്പമില്ല. ഗർഭകാലത്തും മുലയൂട്ടുന്ന സമയത്തും, മഞ്ഞക്കരുവിലെ കോളിൻ തലച്ചോറിന്റെ വികാസത്തെ പിന്തുണയ്ക്കുന്നു, ഇതാണു പല ഡോക്ടർമാരും ദിവസം 1 അല്ലെങ്കിൽ 2 മുട്ടകൾ അനുവദിക്കുന്നതിന്റെ
കാരണം.
ആത്യന്തികമായി, മുട്ടകളുടെ എണ്ണത്തിൽ മാത്രമല്ല, മൊത്തം ഭക്ഷണക്രമത്തിലും ശ്രദ്ധിക്കണം. പച്ചക്കറികൾ, ധാന്യങ്ങൾ, പയർവർഗങ്ങൾ എന്നിവയോടൊപ്പം മുട്ട കഴിക്കുന്നതാണ് ഉത്തമം. ചുരുക്കത്തിൽ, എത്ര മുട്ട കഴിക്കുന്നു എന്നതു മാത്രമല്ല അവ എങ്ങനെ പാകം ചെയ്യുന്നു, മറ്റു വിഭവങ്ങൾ എന്തെല്ലാം കഴിക്കുന്നു, ദിവസത്തിന്റെ ബാക്കി സമയം നിങ്ങൾ എങ്ങനെ ചെലവഴിക്കുന്നു എന്നീ കാര്യങ്ങളും
പ്രധാനമാണ്.
സോളി ജെയിംസ്
ന്യൂട്രിഷനിസ്റ്റ്, കൊച്ചി