ഫാറ്റിലിവർ രോഗികളുടെ എണ്ണം സമൂഹത്തിൽ വർധിച്ചു വരുന്നു എന്നാണു കണക്കുകൾ സൂചിപ്പിക്കുന്നത്. മുതിർന്ന ഫാറ്റിലിവർ രോഗികളുടെ എണ്ണം 50 ശതമാനത്തിനു മുകളിലായി എന്നു പഠനങ്ങൾ സൂചിപ്പിക്കുന്നു. പണ്ട് കരൾ രോഗത്തിന്റെ പ്രധാന കാരണം മദ്യപാനമാണ് എന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ ഇന്നു മദ്യത്തിനപ്പുറം കരളിനെ വേട്ടയാടുന്ന ഒരു രോഗമായി ഫാറ്റിലിവർ മാറിയിരിക്കുന്നു. മദ്യം തൊടാത്തവരിൽ പോലും കരളിൽ കൊഴുപ്പടിയുന്ന അവസ്ഥയാണ്.
ഫാറ്റിലിവറിനെ ജീവിതശൈലി രോഗമായി കരുതാം. അമിതവും അനാരോഗ്യകരവുമായ ഭക്ഷണവും ആരോഗ്യകരമായ ജീവിതശൈലിയുടെ അഭാവവും വ്യായാമക്കുറവും ഇതിനു പ്രധാന കാരണമാണ്. മലയാളികൾ തങ്ങളുടെ തനതായ ഭക്ഷണ– ജീവിത രീതികളിൽ വരുത്തിയ മാറ്റങ്ങൾ ഫാറ്റിലിവർ രോഗത്തിനു കാരണമായിട്ടുണ്ട്.
ഫാറ്റിലിവർ വളരെ വ്യാപകമാണെങ്കിലും വളരെ നിസ്സാരമായ രോഗമായാണു പലരും ഇതു പരിഗണിക്കുന്നത്. എന്നാൽ ഇതു ശരിയായ കാഴ്ച്ചപ്പാടല്ല. ഫാറ്റിലിവർ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുടെ തുടക്കമാണ്. ഫാറ്റിലിവർ ഉള്ളവരിൽ പ്രമേഹം, ഹൃദ്രോഗം, അമിതരക്തസമ്മർദം, അമിതവണ്ണം തുടങ്ങിയ രോഗങ്ങൾ ഉണ്ടാകാൻ സാധ്യത കൂടുതലാണ്. അതിനാൽ ഫാറ്റി ലിവർ രോഗത്തിന്റെ തുടക്കത്തിൽ പ്രമേഹം, ഹൃദ്രോഗം തുടങ്ങിയവ ഇല്ലെങ്കിലും കാലക്രമേണ ഈ രോഗങ്ങൾ വരാനുള്ള സാധ്യത വളരെ കൂടുതലായതിനാൽ തുടക്കം മുതൽ തന്നെ രോഗം നിയന്ത്രിച്ചു നിർത്താൻ ശ്രമിക്കണം.
ഫാറ്റിലിവർ ഏത് അവസ്ഥയിലാണെങ്കിലും വളരെ ജാഗ്രത പാലിക്കണം. ഏതു ഗ്രേഡ് ആണെങ്കിലും സങ്കീർണമായ രോഗാവസ്ഥയിലേക്ക് നയിക്കാം. ഇൻസുലിൻ പ്രതിരോധം എന്ന സങ്കീർണാവസ്ഥ ഫാറ്റിലിവർ രോഗികളിൽ കാണാറുണ്ട്. അതിനാൽ ഫാറ്റിലിവർ ഉള്ളവർ, അത് ഏതു ഗ്രേഡ് ആണെങ്കിലും ഒാരോ ആറു മാസം കൂടുമ്പോഴും ഫാറ്റിലിവർ തുടർപരിശോധന നടത്തി രോഗം തീവ്രമാകുന്നില്ല എന്ന് ഉറപ്പു വരുത്തുന്നത് അഭികാമ്യമാണ്.
ജീവിതശൈലീ രോഗമായ ഫാറ്റിലിവറിനു ചില പ്രത്യേകഘട്ടത്തിൽ മരുന്നുകൾ ആവശ്യമായി വരും. എന്നാൽ ജീവിതശൈലിയിൽ വരുത്തുന്ന മാറ്റങ്ങൾ ആണു പ്രധാനമായും ഫാറ്റിലിവർ രോഗം നിയന്ത്രിക്കാൻ പ്രധാനം. ഏറ്റവും പ്രധാനം ഭക്ഷണനിയന്ത്രണമാണ്.
ഇതാ ഫാറ്റിലിവർ റിവേഴ്സലിനു സഹായകമായ സാംപിൾ മെനു.
6.30 എ.എം. - തിളപ്പിച്ച വെള്ളം + ബദാം ( 4 എണ്ണം)
8.30 എ.എം. - ഇഡ്ഡലി/ ദോശ/ ചപ്പാത്തി - 2-3 (എണ്ണം) സാമ്പാർ, കടലക്കറി, വെജിറ്റബിൾകറി/ചെറുപയർകയറി (തേങ്ങ കുറച്ചത് ) / ഓട്സ് + പച്ചക്കറികൾ - 1 കപ്പ്
10.30 എ.എം - പഴവർഗങ്ങൾ (അധികം പഴുക്കാത്തത്) 1 എണ്ണം.
12.30 പി.എം- ചോറ്, ചപ്പാത്തി- 1 കപ്പ്/ 2-3 എണ്ണം
പച്ചക്കറി തോരൻ (തേങ്ങ കുറഞ്ഞത്) 1- കപ്പ്
സാമ്പാർ/മോരുകറി/രസം /- 1കപ്പ്
ചെറുപയർ തോരൻ /ചിക്കൻ/ മത്സ്യം/തൈര് - 1 കപ്പ് / 60 ഗ്രാം.
4.30 പിഎം. – ചായ, കാപ്പി - 1 കപ്പ്
ഗോതമ്പ് ബ്രഡ് - 2 സ്ലൈസ് / ആവിയിൽ പുഴുങ്ങിയ ഭക്ഷണം - 1 എണ്ണം
7.30 പിഎം - ചപ്പാത്തി /റാഗി ദോശ/ ഗോതമ്പ് ദോശ - 2-3 എണ്ണം
ചിക്കൻ / പരിപ്പു വർഗങ്ങൾ - 50ഗ്രാം / 1 കപ്പ്.
വെജിറ്റബിൾ സാലഡ് - 1 കപ്പ്.
മെഡിറ്ററേനിയൻ ഡയറ്റ് ഗുണകരം
സമീകൃതമായുള്ള ആഹാരക്രമമാണു മെഡിറ്ററേനിയൻ ഡയറ്റ്. കൂടുതൽ സസ്യാഹാരങ്ങളും (പഴവർഗങ്ങൾ, പച്ചക്കറികൾ, പയർ– പരിപ്പു വർഗം, നട്സ്, വിത്തുകൾ ) നല്ല കൊഴുപ്പ് അടങ്ങിയിട്ടുള്ള ഭക്ഷണങ്ങളും ( മത്സ്യം, നട്സ്), തവിടു നീക്കാത്ത ധാന്യങ്ങളും ആണല്ലൊ ഇതിൽ പ്രധാനമായും ഉൾപ്പെടുന്നത്. ഇതു കൊഴുപ്പു ശരീരത്തിൽ കൂടാനുള്ള സാധ്യതകളെ തടയും. ഇതിൽ ഒലിവെണ്ണയാണ് ഉപയോഗിക്കുന്നത്. ഇതിലും നല്ല കൊഴുപ്പുകളാണ് ഉള്ളത്. പയർ വർഗ്ഗങ്ങളും തവിടു നീക്കാത്ത ധാന്യങ്ങളും രക്തത്തിലെ ഷുഗർ നിരക്കു ചാഞ്ചാടാതെ നിലനിർത്തും. ഇൻസുലിൻ സംവേദനത്വം മെച്ചപ്പെടും. മത്സ്യങ്ങളിലെ ഒമേഗ 3 ഫാറ്റി കൊഴുപ്പ് കരളിലെ കൊഴുപ്പളവു കുറയ്ക്കും. ഫാറ്റിലിവർ ഉള്ളവർ റെഡ് വൈനിനു പകരം കട്ടൻ കാപ്പിയോ ഹെർബൽ ചായകളോ കുടിക്കുന്നതാകും ഉത്തമം.
ഡോ.രമേശ് എം. (സീനിയർ കൺസൽറ്റന്റ്, ഗ്യാസ്ട്രോഎന്ററോളജി)
രശ്മി. എസ്. നായർ ( ഡയറ്റീഷൻ), മാർ സ്ലീവാ മെഡിസിറ്റി, പാലാ.