ഇടയ്ക്കിടെ കണ്ണിനു പുകച്ചിൽ, കണ്ണിൽ മണൽത്തരികൾ ഉള്ളതുപോലുള്ള അസ്വാസ്ഥ്യം എന്നിവ ഉണ്ടോ? കണ്ണിനു ചുവപ്പും ചൊറിച്ചിലും അനുഭവപ്പെടാറുണ്ടോ?.ഇതൊക്കെ ഡ്രൈ ഐ അഥവാ കണ്ണു വരൾച്ചയുടെ ലക്ഷണമാകാം.
ലോകമാകെ ദശലക്ഷക്കണക്കിന് ആള്‍ക്കാരെ ബാധിക്കുന്ന അവസ്ഥയാണു കണ്ണുകളിലെ വരള്‍ച്ച അഥവാ ഡ്രൈ ഐ സിൻഡ്രം. കൃത്യമായ അളവില്‍ കണ്ണുനീര്‍ ഉണ്ടാക്കാതെ വരിക, കണ്ണിന്റെ ജലാംശം നഷ്ടപ്പെടുക, തുടങ്ങിയവയാണു കണ്ണുകളില്‍ വരള്‍ച്ച ഉണ്ടാകുമ്പോഴുള്ള പ്രധാന ലക്ഷണങ്ങള്‍. കണ്ണില്‍ അസ്വസ്ഥത, ചൊറിച്ചില്‍, കാഴ്ച മങ്ങുക തുടങ്ങിയ പ്രശ്‌നങ്ങളും ഉണ്ടാകാം. വരണ്ട വായു, കാറ്റ്, കൂടുതലായി മൊബൈല്‍ ഫോണ്‍ / കംപ്യൂട്ടര്‍ ഉപയോഗം, പ്രായം, ഹോര്‍മോണ്‍ വ്യതിയാനം, ചില മരുന്നുകളുടെ ഉപയോഗം തുടങ്ങിയവയാണു കണ്ണുകളിലെ വരള്‍ച്ചയ്ക്കു കാരണമാകുന്നത്.
രോഗലക്ഷണങ്ങള്‍
കണ്ണിന്റെ വരള്‍ച്ചയുടെ ലക്ഷണങ്ങള്‍ ദൈനംദിന ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നു. സാധാരണയായി കണ്ടുവരുന്ന ലക്ഷണങ്ങള്‍.
∙· കണ്ണ് പുകച്ചില്‍
∙· കണ്ണില്‍ ചുവപ്പ് നിറവും ചൊറിച്ചിലും
∙· കണ്ണില്‍ മണല്‍ത്തരികള്‍ ഉള്ളതുപോലെ തോന്നുക
∙· കാഴ്ച മങ്ങല്‍
∙· കണ്ണുകളില്‍ പ്രകാശം വരുമ്പോള്‍ ബുദ്ധിമുട്ട് നേരിടുക
∙· കണ്ണുകളില്‍ നിന്നും സാധാരണയില്‍ കൂടുതലായി കണ്ണുനീര്‍ / വെള്ളം വരിക (കണ്ണിലെ അസ്വസ്ഥതയാണ് ഇതിനു കാരണം).
രോഗകാരണങ്ങള്‍
വരണ്ട വായുവും കാറ്റും, കൂടുതലായി മൊബൈല്‍ ഫോണ്‍, കമ്പ്യൂട്ടര്‍ എന്നിവ ഉപയോഗിക്കുക, പ്രായാധിക്യം, ഹോര്‍മോണ്‍ വ്യതിയാനം, ചില മരുന്നുകളുടെ ഉപയോഗം, പരിസ്ഥിതി ഘടകങ്ങള്‍ എന്നിവ ഡ്രൈ ഐ സിൻഡ്രത്തിനു കാരണമാകാം.· കണ്ണുകളില്‍ ലെന്‍സ് ഉപയോഗിക്കുമ്പോഴോ കണ്ണിനു പരുക്കു പറ്റുകയോ ശസ്ത്രക്രിയ ചെയ്തിട്ടുണ്ടെങ്കിലോ കണ്ണുകളിൽ വരൾച്ച വരാം.
പ്രതിരോധ മാര്‍ഗങ്ങള്‍
കണ്ണുകളിലെ വരള്‍ച്ച പൂര്‍ണ്ണമായും ചികിത്സിച്ചു ഭേദമാക്കാന്‍ സാധിക്കില്ല. എന്നിരുന്നാലും രോഗലക്ഷണങ്ങള്‍ നിയന്ത്രിക്കാന്‍ സാധിക്കും.
∙· കണ്ണിന്റെ ജലാംശം നിലനിര്‍ത്തുന്നതിനായി ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം തുള്ളിമരുന്നു പതിവായി ഒഴിക്കുക.
∙· കണ്ണുകള്‍ക്കു വിശ്രമം നല്‍കുന്നതിനായി മൊബൈല്‍ ഫോണും കംപ്യൂട്ടറും ഉപയോഗിക്കുന്നവര്‍ ഇടവേളകള്‍ എടുക്കുക. 20 മിനിറ്റു കൂടുമ്പോൾ 20 സെക്കൻഡ് നേരത്തേക്ക് 20 അടി ദൂരമുള്ള വസ്തുവിനെ നോക്കുക. ഇതു കണ്ണിനുണ്ടാകുന്ന ആയാസം കുറയ്ക്കും.
·∙ കണ്ണുകളില്‍ ആവശ്യത്തിനു ജലാംശം നിലനിര്‍ത്തുന്നതിനായി ധാരാളം വെള്ളം കുടിക്കുക.
∙· കാറ്റില്‍ നിന്നും പൊടിയില്‍ നിന്നും വെയിലിൽ നിന്നും കണ്ണുകളെ സംരക്ഷിക്കുന്നതിനായി സൺഗ്ലാസ്സ് ഉപയോഗിക്കുക.
∙· കണ്ണുകളുടെ ആരോഗ്യത്തിനായി മത്സ്യം പോലെ ഒമേഗ 3 അടങ്ങിയ സമീകൃതാഹാരം ശീലമാക്കുക.
∙· എന്തെങ്കിലും പ്രശ്നം തോന്നിയാൽ കൃത്യമായ രോഗനിര്‍ണയത്തിനും ചികിത്സയ്ക്കുമായി നേത്രരോഗ വിദഗ്ധനെ കാണുക.
കണ്ണുനീർ ഉണ്ടാകാൻ മരുന്നുകൾ
രോഗലക്ഷണങ്ങള്‍ നിലനില്‍ക്കുകയാണെങ്കില്‍ എത്രയും വേഗം ഒരു നേത്രരോഗ വിദഗ്ധനെ കാണേണ്ടതാണ്.
∙ നീരു കുറയുന്നതിനും കണ്ണുനീര്‍ ഉണ്ടാകുന്നതിനുമായി ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മരുന്നുകള്‍ ഉപയോഗിക്കുക. ·
∙ കണ്ണുനീര്‍ നഷ്ടപ്പെടാതിരിക്കാന്‍ പങ്ച്വൽ പ്ലഗ്സ് (punctal plugs) സഹായിക്കുന്നു. ഇതിനായി അരിമണിയുടെ അത്രമാത്രം വലുപ്പമുള്ള ഒരു മെഡിക്കൽ ഉപകരണം കണ്ണുനീർ നാളികളിലേക്ക് (Punctua) കടത്തിവച്ച് കണ്ണുനീർ വാർന്നുപോകാതെ തടയുന്നു.
·∙ കണ്‍പോളകള്‍ വൃത്തിയാക്കുന്നതിനായി ലിഡ് സ്ക്രബ്സ് ഉപയോഗിക്കുക.· കൺപോളകളിലെ അധികമുള്ള എണ്ണയും ബാക്ടീരിയയും മറ്റും നീക്കുന്നതിനായുള്ള വീര്യം കുറഞ്ഞ ക്ലെൻസറുകളാണ് ലിക് സ്ക്രബ്സ്.
∙ കണ്ണുനീര്‍ ആവശ്യത്തിന് ഉണ്ടാകുന്നതിനായുള്ള മരുന്നുകള്‍ ഉപയോഗിക്കുക.
ഇത്തരം ചെറിയ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിലൂടെ നിങ്ങളുടെ കണ്ണുകളെ സംരക്ഷിക്കാനും ആരോഗ്യകരമായ കാഴ്ച നിലനിര്‍ത്താനും സാധിക്കുന്നു. നിങ്ങള്‍ക്ക് ഇടയ്ക്കിടെ കണ്ണിലെ വരള്‍ച്ച വരാറുണ്ടെങ്കില്‍ കൃത്യമായ രോഗനിര്‍ണയത്തിനും ശരിയായ ചികിത്സ ഉറപ്പാക്കുന്നതിനുമായി നിര്‍ബന്ധമായും ഒരു നേത്രരോഗ വിദഗ്ധന്റെ സഹായം തേടേണ്ടതാണ്.
ഡോ. സബിത സാഫർ
കൺസൽറ്റന്റ് ഒഫ്താൽമോളജിസ്റ്റ്
എസ്,യു,റ്റി, പട്ടം, തിരുവനന്തപുരം