ADVERTISEMENT

‘പവിഴാധരങ്ങൾ’ എന്നാണു ചുണ്ടുകളെ വർണിക്കുന്നത്. അതു കൊണ്ടു തന്നെ ചുണ്ടുകളിൽ അൽപം നിറം പകരാൻ എല്ലാവർക്കും ഇഷ്ടമാണ്. പുരാതന സംസ്കാരങ്ങളിലെ സുന്ദരിമാർ രത്നങ്ങൾ പൊടിച്ചെടുത്തു മുഖത്തും അധരങ്ങളിലുമൊക്കെ തൂകി അഴകു കൂട്ടിയിരുന്നുവെന്നു ചരിത്രം പറയുന്നുണ്ട്. ഇന്നു കഥ മാറി. ദിവസം മുഴുവൻ ചുണ്ടുകളിലെ നിറം നിലനിർത്തുന്ന ലോങ് സ്‌റ്റേ ലിപ്സ്റ്റിക് മുതൽ മാറ്റ് ലിപ്സ്റ്റിക്, ലിക്വിഡ് ലിപ്സ്റ്റിക്, സാറ്റിൻ ലിപ്സ്‌റ്റിക് , ലിപ് ക്രയോൺ എന്നിങ്ങനെ ലിപ് മേക്കപ്  വിപണി അടിമുടി മാറിക്കഴിഞ്ഞു.

ചുണ്ടുകൾക്കു നിറം നൽകുക മാത്രമല്ല ലിപ്സ്റ്റിക്കിന്റെ ലക്ഷ്യം. ചുണ്ടുകൾ വരളാതിരിക്കാനും എണ്ണമയം നിലനിർത്താനും ഒക്കെ സഹായകമായ മോയ്സ്ചറൈസർ കൂടിയാണിത്. ലിപ്സ്റ്റിക് പുരട്ടുന്ന 50 വയസ്സിനു മേൽ പ്രായമുള്ളവർ ചുണ്ടു വരളാതിരിക്കുക എന്ന ആരോഗ്യ ലക്ഷ്യത്തിനാണു പ്രാധാന്യം നൽകുന്നത്. എന്നാൽ പുതിയ തലമുറയ്ക്കു ചുണ്ടുകളുടെ ആരോഗ്യത്തോടൊപ്പം ലിപ്സ്റ്റിക്കിന്റെ നിറവും പ്രധാനപ്പെട്ടതാണ്.
ലിപ്സ്റ്റിക് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ അറിയാം.

ADVERTISEMENT

ഗുണമേൻമയുള്ള ലിപ്‌സ്‌റ്റിക്  

ദിവസവും ലിപ്സ്റ്റിക് പുരട്ടുന്നവരും വിശേഷദിവസങ്ങളില്‍ മാത്രം പുരട്ടുന്നവരുമുണ്ട്. എല്ലാവരും ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാന കാര്യം ലിപ്‌സ്‌റ്റിക്കിന്റെ ക്വാളിറ്റി അഥവാ ഗുണമേൻമയാണ്. വലിയ വില നൽകണമെന്നല്ല , ഗുണമേന്മ ഉള്ളതു മാത്രം ഉപയോഗിക്കണം എന്നതാണു പ്രധാനം. ലിപ്സ്റ്റിക്കിലെ ചേരുവകളെക്കുറിച്ചു വ്യക്തമായി അറിയാനാകാത്ത സാഹചര്യത്തിൽ സുരക്ഷിതമായ ലിപ്സ്റ്റിക് തിരഞ്ഞെടുക്കാനുമുള്ള പോംവഴി നല്ല ബ്രാന്‍ഡ് തിരഞ്ഞെടുക്കുക എന്നതാണ്. മികച്ച ബ്രാന്‍ഡുകളുടെ ലിപ്സ്‌റ്റിക്കുകളിൽ ലെഡ് പോലുള്ള ടോക്സിക് സാന്നിധ്യവും മറ്റും കുറവായിരിക്കും. അതു തിരഞ്ഞെടുക്കാം. വിലക്കുറവു നോക്കി ഗുണനിലവാരമില്ലാത്തവ വാങ്ങാതിരിക്കുക.

ADVERTISEMENT

ലിപ്സ്റ്റിക്കിന്റെ ആരോഗ്യകരമാ​യ ഉപയോഗ കാലാവധി ഒരു വർഷമാണ്. തീർന്നിട്ടില്ലെങ്കിലും അത്രയും കാലമായാൽ ലിപ്സ്റ്റിക് മാറ്റുന്നതാണ് അഭികാമ്യം. ലിക്വിഡ് ലിപ്സ്‌റ്റിക്കുകളും ഗ്ലോസുകളും ആറു മാസം മുതൽ ഒരു വർഷം വരെ ഉപയോഗിക്കുന്നതാണ് ആരോഗ്യകരം. ഇത്രയും വില കൊടുത്തതല്ലേ എങ്ങനെയാണു കളയുന്നത് എന്നു ചിന്തിക്കരുത്. കാലാവധി കഴിഞ്ഞവ തുട‌ർന്നും ഉപയോഗിക്കുന്നതിലൂടെ അലർജി പ്രശ്നം വരാം. ലിപ്സ്റ്റിക്കിൽ ചേർത്തിരിക്കുന്ന പ്രിസർവേറ്റീവിന്റെ കാലാവധി തീരുന്നതുകൊണ്ടു കൂടുതൽ അനാരോഗ്യകരമാകാം. ചുണ്ടുകൾ വരളുന്നതിനും കാരണമാകാം.

ലിപ്സ്റ്റിക്കിന്റെ ഉപയോഗം ആരോഗ്യകരമാക്കാൻ സ്വയം ശീലിക്കാവുന്ന ചില മാർഗങ്ങളുണ്ട്.

ADVERTISEMENT

∙ ദിവസേനയുള്ള ഉപയോഗം പരമാവധി കുറയ്ക്കുന്നതിനു ശ്രമിക്കുക. വിശേഷാവസരങ്ങളിൽ ഉപയോഗിക്കാം. മറ്റു ദിവസങ്ങളിൽ
ഓർഗാനിക് ലിപ് ബാം പുരട്ടാം.

∙ ലിപ്സ്റ്റിക് ചുണ്ടിൽ നിന്നു പോയാല്‍ വീണ്ടും വീണ്ടും പുരട്ടുന്ന രീതി ഒഴിവാക്കുക.

∙ ഇളം നിറങ്ങൾ തിരഞ്ഞെടുക്കുക. അവയിൽ ലെഡ് പോലുള്ള രാസപദാർഥങ്ങൾ പൊതുവെ കുറവായിരിക്കും.

ലിപ്സ്റ്റിക് പുരട്ടാം: മൂന്നു ഘട്ടങ്ങളിലൂടെ

ലിപ്സ്റ്റിക് നേരെ ചുണ്ടിലേക്കു പുരട്ടുന്നത് അത്ര ആരോഗ്യകരമായ രീതിയല്ല.

∙ ആദ്യം ലിപ് ബാം പുരട്ടണം. ഇതിലൂടെ ലിപ്സ്റ്റിക് കാരണമുണ്ടാകാനിടയുള്ള അലർജി പ്രശ്നങ്ങൾ ചുണ്ടിനെ ബാധിക്കാതിരിക്കും. ചുണ്ടുകൾ മൃദുവാകും.

∙ ഇനി ചുണ്ടിന്റെ നിറമുള്ള ലിപ് ലൈനർ അഥവാ ലിപ് പെൻസിൽ കൊണ്ട് ഒൗട്ടർ ലൈൻ ഇടാം. ലിപ്‌സ്‌റ്റിക് പുറത്തേക്കു പടരാതെ ഇടാനാണിത്. ഇതിലൂടെ ചുണ്ടുകൾക്ക് ആകൃ‍തിയും നൽകാനാകും.

∙ ഇനി ഒരു ലിപ് ബ്രഷ് കൊണ്ട് ലിപ്സ്റ്റിക് അൽപം എടുക്കാം. ചുണ്ടിൽ എല്ലായിടത്തും കൃത്യതയോടെ കോണുകളിലുൾപ്പെടെ ഒരു പോലെ പുരട്ടാൻ ബ്രഷ് സഹായകമാകും. ഉപയോഗശേഷം ലിപ്ബ്രഷ് നനഞ്ഞ കോട്ടൻ കൊണ്ടു തുടച്ചു വൃത്തിയാക്കി ഉണക്കി വയ്ക്കാം.

ലിപ്സ്റ്റിക് നീക്കുന്നതിലും ഏറെ ശ്രദ്ധിക്കണം. വെറുതെ കഴുകിക്കളയുകയല്ല വേണ്ടത്. അൽപം ഒലിവെണ്ണയോ , വെളിച്ചെണ്ണയോ, ബേബി ഓയിലോ ഒരു കോട്ടനിലെടുക്കുക. ആ കോട്ടൻ കൊണ്ടു ചുണ്ടിൽ നിന്നു ലിപ്സ്റ്റിക് ഒപ്പി മാറ്റണം. പെട്രോളിയം ജെല്ലിയും
(ഉദാ : വാസ്‌ലിൻ ) ലിപ്സ്റ്റിക് റിമൂവറുകളുമെല്ലാം ഇന്നു വിപണിയിലുണ്ട്.

ഴകേകും ലിപ് സ്ക്രബുകൾ

മുഖചർമം പോലെ മൃദുവാണ് അധര ചർമവും. അതിനാൽ ചുണ്ടുകൾ ഒരു കാരണവശാലും ബോഡിസ്ക്രബുകളിട്ട് ഉരച്ചു കഴുകരുത്. ലിപ്സ്ക്രബുകൾ ഉപയോഗിക്കുന്നതിലൂടെ ചുണ്ടുകളിൽ നിന്നു മൃതകോശങ്ങളെ നീക്കാം. അവ ചുണ്ടുകൾക്ക് ആരോഗ്യവും അഴകും നൽകും.

∙ ഒരു ടീസ്പൂൺ തേനില്‍ രണ്ടു ടീസ്പൂൺ പഞ്ചസാര ചേർത്തു നന്നായി യോജിപ്പിക്കുക. ഇതു ചുണ്ടിൽ പുരട്ടി മൃദുവായി തിരുമ്മുക. 10 മിനിറ്റു വയ്ക്കുക. തുടർന്നു കഴുകാം. ഇങ്ങനെ ചുണ്ടിലെ മൃതകോശങ്ങളെ കളയാം.

∙ അൽപം ലിപ് ബാം എടുത്ത് ചുണ്ടിൽ കട്ടിയുള്ള ലെയറായി പുരട്ടുക. തുടർന്നു വൃത്തിയുള്ള ഒരു ടൂത്ത് ബ്രഷ് എടുത്തു ചുണ്ടുകളിൽ വൃത്താകൃതിയിൽ മൃദുവായി ബ്രഷ് ചെയ്യുക.

∙ അര ടീസ്പൂൺ തേൻ, അര ടീസ്പൂൺ ഗ്രാന്യൂലേറ്റഡ് വൈറ്റ് ഷുഗർ, ഒരു ടീസ്പൂൺ െഫ്രഷ് നാരങ്ങാ നീര് എന്നിവ കൊണ്ടു സ്ക്രബ് തയാറാക്കാം. ആദ്യം ഒരു ചെറിയ ബൗളിൽ‌ പഞ്ചസാരയും തേനും നന്നായി യോജിപ്പിക്കുക. തുടൽന്ന് സ്ക്രബ് അർധദ്രവാവസ്ഥയിലെത്തുന്നതുവരെ നാരങ്ങാനീരു ചേർത്തു യോജിപ്പിക്കുക. ഇതു ചുണ്ടിൽ പുരട്ടി മൃദുവായി മസ്സാജ് ചെയ്യുക.

ടീനേജിൽ ലിപ് ബാം  

ഇന്നു കൗമാരക്കാരിൽ പലരും ലിപ്സ്റ്റിക് ഉപയോഗിക്കാറുണ്ട്. എന്നാൽ ഈ പ്രായത്തിൽ കഴിയുന്നതും ലിപ്സ്‌റ്റിക് ഒഴിവാക്കുന്നതാണു സുരക്ഷിതം. കുറേ കുട്ടികളെങ്കിലും ഗുണമേൻമ കുറഞ്ഞ ലിപ്സ്‌റ്റിക്കുകളും ഉപയോഗിക്ക്കുന്നുണ്ട്. കൗമാരത്തിൽ , അത്യാവശ്യമെങ്കിൽ ഗുണമേന്മയുള്ള ലിപ്ബാം പുരട്ടാം. ലിപ്‌സ്‌‌റ്റിക്കിനു പകരം ശുദ്ധമായ വെളിച്ചെണ്ണ, ലിക്വിഡ് ഗ്ലിസറിൻ എന്നിവയും ഉപയോഗിക്കാം.

ഇപ്പോൾ ലിപ്സ്റ്റിക്കിലും ഓര്‍ഗാനിക് സംസ്കാരം എത്തിക്കഴിഞ്ഞു. വിഷമയമായ രാസപദാർഥങ്ങളെല്ലാം ഒഴിവാക്കി പ്രകൃതിദത്ത പദാർഥങ്ങള്‍ കൊണ്ടു നിർമിക്കുന്നവയാണ് ഓർഗാനിക് ലിപ്സ്റ്റിക്കുകൾ. സിന്തറ്റിക് നിറങ്ങൾക്കും ലെഡിനും പാരബെനുമൊക്കെ പകരം സസ്യഎണ്ണകളും പ്ലാന്റ് ബട്ടറും മിനറൽ പിഗ്മെന്റുകളുമൊക്കെയാണ് ഇതിലെ ഘടകങ്ങൾ. മൃഗങ്ങളിൽ നിന്നുള്ള ഉപ ഉൽപന്നങ്ങളൊക്കെ ഒഴിവാക്കി നിർമിക്കുന്ന വീഗൻ ലിപ്സ്റ്റിക്കും ഇന്നു വിപണിയിലുണ്ട്.
 

വിവരങ്ങൾക്കു കടപ്പാട്

ഡോ. കുക്കു മത്തായി
കൺസൽറ്റന്റ് ഡെർമറ്റോളജിസ്‌റ്റ്
നെടുംചാലിൽ ട്രസ്റ്റ് ഹോസ്പിറ്റൽ
മൂവാറ്റുപുഴ

ADVERTISEMENT