ADVERTISEMENT

ശ്രീദേവിയും സൂരജും പ്രണയത്തിലാകുന്നത് ഉൗട്ടിയിലെ സ്കൂൾ കാലത്താണ്. വിനോദയാത്രയ്ക്കിടെ അവർ സ്വകാര്യനിമിഷങ്ങൾ പങ്കുവയ്ക്കുന്നു. വൈകാതെ താൻ ഗർഭിണിയാണെന്നു ശ്രീദേവി അറിയുന്നു. ഡോക്ടറെ കണ്ടു ഗർഭം അലസിപ്പിക്കാമെന്നു കൂട്ടുകാരികൾ തീരുമാനിക്കുന്നു. ആശുപത്രിയിൽ വച്ച് അപ്രതീക്ഷിത രക്തസ്രാവത്തിൽ ശ്രീദേവി മരണമടയുന്നു...

ഈ രംഗങ്ങൾ 20 വർഷങ്ങൾക്കു മുൻപു നാം കണ്ട ‘നോട്ട്‌ബുക്’ എന്ന മലയാള സിനിമയിലേതാണ്. ‘അടക്കമില്ലാത്ത പെൺകുട്ടികൾക്ക്, ഇതല്ല, ഇതിലപ്പുറവും വരു’മെന്നു പറഞ്ഞിരുന്ന പഴയ കാലത്തുനിന്നു നമുക്കു മുൻപോട്ടു നടക്കാം. പ്രണയത്തിൽ കുരുങ്ങി ഗർഭം ധരിക്കുന്ന പെൺകുട്ടികളുടെ മാത്രം കഥകളല്ല ഇപ്പോൾ കേൾക്കുന്നത് – പ്രിയപ്പെട്ടവരിൽ നിന്നും ബന്ധുക്കളിൽ നിന്നും സ്വന്തം വീടകങ്ങളിൽ നിന്നും ആസക്തി നിറഞ്ഞ കണ്ണുകൾ കൗമാരക്കാരികളെ തിരയുന്നു. അവരുടെ നിഷ്കളങ്കതയും നിരാലംബതയും ചൂഷണം ചെയ്യപ്പെടുന്നു. നമ്മുടെ കൊച്ചു കേരളത്തിൽ പ്രായപൂർത്തിയാകാതെ ഗർഭം ധരിക്കുന്ന കൗമാരക്കാരികളുടെ എണ്ണത്തിൽ പ്രകടമായ വർധനവ് ഉണ്ടായിരിക്കുന്നു എന്നു റിപ്പോർട്ടുകൾ വെളിപ്പെടുത്തുമ്പോൾ അത് ഉയർത്തുന്ന ആഘാതം ചെറുതല്ല.

കഥയല്ല, ജീവിതചിത്രങ്ങൾ

ADVERTISEMENT

∙ ഏഴാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ പോക്സോ കേസിന്റെ മെഡിക്കൽ പരിശോധനയ്ക്കായാണ് ആശുപത്രിയിൽ കൊണ്ടു വന്നത്. അവൾ എട്ടു മാസം ഗർഭിണിയായിരുന്നു. കുട്ടിയുടെ വയർ വീർത്തു വരുന്നതു ശ്രദ്ധിച്ചില്ലേ എന്ന ഡോക്ടറുടെ ചോദ്യത്തിന് അതു ഗ്യാസ് ആണെന്നു കരുതി എന്നായിരുന്നു അമ്മയുടെ മറുപടി. പ്രതി കുട്ടിയുടെ അച്ഛൻ ആയിരുന്നു. ഈ വിവരം ആ അമ്മയ്ക്ക് അറിയാമായിരുന്നു. കുട്ടിയും ആദ്യം അച്ഛനെ സംരക്ഷിച്ചു സംസാരിച്ചു എന്നതു വിചിത്രമായി തോന്നി എന്നു കുട്ടിയെ ചികിത്സിച്ച ഗൈനക്കോളജിസ്‌റ്റ് വെളിപ്പെടുത്തി.

∙ ഭർത്താവിന്റെ ചികിത്സയ്ക്കു മുംബൈയിലേക്കു
പോകണം. അതിനാൽ ആ അമ്മയ്ക്ക് 15 കാരിയായ മകളെ തന്റെ സഹോദരന്റെ വീട്ടിൽ ഒരു മാസത്തോളം താമസിപ്പിക്കേണ്ടി വന്നു. ആ വീട്ടിൽ നിത്യസന്ദർശകനായിരുന്ന മറ്റൊരു ബന്ധു ഈ കുട്ടിയെ ലൈംഗികമായി ദുരുപയോഗം ചെയ്തു. കുട്ടി ഗർഭിണിയായി. അമ്മ തിരികെയെത്തിയപ്പോൾ ഈ വാർത്തയറിഞ്ഞു. ആ സാധു സ്ത്രീ നെഞ്ചു പൊട്ടിക്കരഞ്ഞാണു കുട്ടിയുമായി ഡോക്ടറെ കാണാനെത്തിയത്. ഭീതിയിലാഴ്ന്നു പോയ കുട്ടി കൗൺസലിങ്ങിനിടയിലാണ് ആരാണു തന്നെ ഉപദ്രവിച്ചതെന്നു വെളിപ്പെ‍ടുത്തിയത്.

ADVERTISEMENT

∙ എട്ടാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടി ഉറ്റ സുഹൃത്തിന്റെ ബർത്‌ഡേ പാർട്ടിക്കു പോയതാണ്. രാത്രിയിലായിരുന്നു പാർട്ടി. വീടു നിറയെ ആളുകളാണ്. ആ തിരക്കിനിടയിൽ കൂട്ടുകാരിയുടെ മാതൃസഹോദര പുത്രൻ, ഇരുപതു വയസ്സോളം പ്രായമുള്ളയാളാണ്. ബലപ്രയോഗത്തിലൂടെ കുട്ടിയെ ദുരുപയോഗിക്കുന്നു. അവൾ ഗർഭിണിയാകുന്നു.

∙ 18 വയസ്സു പ്രായമുള്ള കുട്ടി പ്രണയിച്ചയാളിൽ നിന്നാണു ഗർഭിണിയായത്. അതു പുറത്തറിയാതിരിക്കാൻ അവൾ ഗർഭം അലസിപ്പിക്കുവാനുള്ള ഗുളികകൾ കഴിച്ചു. ഒടുവിൽ ഗുരുതരാവസ്ഥയിൽ ആയി. അവശയായ പെൺകുട്ടിയെ ഹോസ്പിറ്റലിൽ കൊണ്ടുവരുമ്പോഴാണു ഗർഭത്തെക്കുറിച്ചു വീട്ടുകാർ അറിയുന്നത്.

ADVERTISEMENT

∙ കടുത്ത വയറുവേദനയുമായി സ്വകാര്യ ആശുപത്രിയിൽ വന്നതാണു 16കാരി. ഛർദിയും ഉണ്ട്. ഫിസിഷന്റെ നിർദേശപ്രകാരം ഗൈനക്കോളജിസ്‌റ്റിന്റെ അരികിലെത്തി. അൾട്രാസൗണ്ട് സ്കാനിങ്ങിൽ കുട്ടി ഗർഭിണിയാണെന്നു മനസ്സിലായ ഡോക്ടറാണ് ആദ്യം ഞെട്ടിയത്. രണ്ടുമാസം ആയിരുന്നു. മാതാപിതാക്കൾ വലിയ ആഘാതത്തിലായി. മറുപടിയില്ലാതെ കുട്ടി വിറങ്ങലിച്ചു നിൽക്കുകയാണ്. അച്ഛനും അമ്മയും തമ്മിൽ വലിയ വാഗ്വാദമുണ്ടായി. ഇരുവരും പരസ്പരം കുടുംബാംഗങ്ങളെ പഴിചാരുകയാണ്. ഒടുവിൽ കൗൺസലിങ്ങിൽ തന്റെ സഹപാഠിയുടെ പേരു കുട്ടി പറഞ്ഞു. അവർ പ്രണയത്തിലായിരുന്നു. ആരുമറിയാതെ ഇതു പരിഹരിക്കണം ഡോക്ടർ, അല്ലെങ്കിൽ ഞങ്ങൾ ജീവിച്ചിരിക്കില്ല എന്നു പറ‍ഞ്ഞു ഡോക്ടറുടെ കൈകളിൽ പിടിച്ചു വിതുമ്പി കരയുകയായിരുന്നു അമ്മ. പതിനെട്ടു വയസ്സിനു താഴെയുള്ള ഗർഭധാരണം പോക്സോ വിഭാഗത്തിലുൾപ്പെടുന്നതിനാൽ പോലിസിൽ അറിയിക്കാതിരിക്കാനാകാതെ ഡോക്ടറും വലഞ്ഞു.

∙ ഗർഭിണി ആയ കൗമാരക്കാരി ഒരു ഡോക്ടറുടെ നിർദേശം സ്വീകരിച്ചാണു ഗുളിക കഴിച്ചത്. പക്ഷേ ഗർഭധാരണം ഫലോപ്യൻ ട്യൂബിൽ ആയിരുന്നു. ട്യൂബ് പൊട്ടി. കുട്ടി ഗുരുതരാവസ്ഥയിലായി. മറ്റൊരു പെൺകുട്ടി ഗുളിക കഴിച്ചു. എന്നാൽ പൂർണമായും അബോർഷൻ ആയില്ല. അത് അണുബാധയിലേക്കും സങ്കീർണതകളിലേക്കും വഴി മാറി.

കണക്കുകൾ കാണാമറയത്ത്

ആരോഗ്യ സൂചികകളിൽ കേരളം രാജ്യത്തിനു മാതൃകയാണ്. എന്നാൽ ഈ നേട്ടങ്ങൾക്കിടയിലും നിശ്ശബ്ദമായ ഒരു ആശങ്ക ഉയർന്നു വരുന്നുണ്ട്. അവിവാഹിതരായ കൗമാരക്കാരികളിൽ ഗർഭധാരണം വർധിക്കുന്നതിന്റെ റിപ്പോർട്ടുകൾ. അവിവാഹിതരിലെ ഗർഭധാരണം വളരെ സെൻസിറ്റീവ് ആയ വിഷയമായതിനാൽ ഇവയിൽ വലിയൊരു പങ്കും റിപ്പോർട്ടു ചെയ്യപ്പെടാതെ പോകുന്നു. അതു കൊണ്ടുതന്നെ ഇതു സംബന്ധിച്ച കണക്കുകൾ ഒൗദ്യോഗികമായി രേഖപ്പെടുത്തുന്നില്ല. എന്നാൽ പോക്സോ കേസുകളും കൗമാര ആരോഗ്യ റിപ്പോർട്ടുകളും ചേർത്തു വായിക്കുമ്പോൾ വർധനവിന്റെ സൂചന ലഭിക്കുന്നു. 2024 മുതൽ 2025 വരെ സംസ്ഥാനത്തു കുട്ടികൾക്കുനേരെയുണ്ടായ ലൈംഗികാതിക്രമങ്ങളിൽ വർധനവു രേഖപ്പെടുത്തിയിരുന്നു. ലൈംഗികാതിക്രമങ്ങളെത്തുടർന്നു ഗർഭിണികളായ 18 വയസ്സിനു താഴെയുള്ള പെൺകുട്ടികളുടെ എണ്ണം രേഖപ്പെടുത്തിയതു തന്നെ അഞ്ചു വർഷത്തിനിടെ മൂന്ന് ഇരട്ടിയിലായി. 2020 ൽ 16 പെൺകുട്ടികൾ എന്ന കണക്ക് 2024–ൽ 61 ആയി മാറി എന്നു ലൈംഗിക അതിക്രമത്തെ അതിജീവിച്ച പെൺകുട്ടികളെ താമസിപ്പിക്കുന്ന എൻട്രി ഹോമുകളിലെ കണക്കുകൾ വെളിപ്പെടുത്തുന്നു.

2020 മുതൽ 2025 ജൂൺ വരെ സംസ്ഥാനത്തെവിവിധ എൻട്രി ഹോമുകളിൽ‍ പ്രവേശിക്കപ്പെട്ട പെൺകുട്ടികളിൽ 209 പേർ 18 വയസ്സിനു താഴെ പ്രായമുള്ള ഗർഭിണികളായിരുന്നു എന്നത് ഈ വിഷയത്തിന്റെ ഗൗരവം ഉയർത്തുന്നു. നാഷനൽ ഫാമിലി ഹെൽത് സർവേ 2019–2021 വരെ നടത്തിയ സർവേയിൽ ഇന്ത്യയിൽ 15 മുതൽ 19 വയസ്സുവരെയുള്ളവരിലെ ഗർഭധാരണ നിരക്ക് 6–7 ശതമാനമാണെന്നു വെളിപ്പെടുത്തി. ഇതിൽ വിവാഹിതരും ഉൾപ്പെടുന്നുണ്ട്. 2022 ലെ നാഷനൽ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം കേരളം പോക്സോ കേസുകളുടെ കാര്യത്തിൽ രാജ്യത്തെ സംസ്ഥാനങ്ങളിൽ മുൻനിരയിൽ തന്നെയാണ്. ഇത്തരം കേസുകളിൽ ചിലതെങ്കിലും ഗർഭധാരണത്തിലേക്കു നയിക്കുന്നതായി വനിതാശിശു വികസന വകുപ്പും സൂചിപ്പിക്കുന്നു.

കൗമാരം – മാറുന്ന നിലപാടുകൾ

‘‘കഴിഞ്ഞ ഒരു വർഷത്തിനിടയിൽ കൗമാരക്കാരികളിലെ ഗർഭധാരണനിരക്കു കൂടുന്നതായി കണ്ടു വരുന്നുണ്ട്. സ്കൂൾ തലം മുതൽ പരസ്പരം സമ്മതത്തോടെ ഇത്തരം ബന്ധങ്ങൾ നടക്കുന്നു. എനിക്ക് ബോയ്ഫ്രണ്ട് ഉണ്ട്. ഞങ്ങൾ ഇന്റർകോഴ്സ് ചെയ്തിട്ടുണ്ട് എന്നു വളരെ ലാഘവത്തോടെ പറയുന്ന കൗമാരക്കാരികളെ ഇന്നു കാണാം’’. ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിലെ ഒബ്സ്‌റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി വിഭാഗം ജൂനിയർ കൺസൽറ്റന്റ ് ഡോ. പ്രജി എസ്. പ്രസാദ് പറയുന്നു. സമൂഹമാധ്യമങ്ങളും ഇതിൽ ചെറുതല്ലാത്ത പങ്കു വഹിക്കുന്നുണ്ട്. വിവാഹിതരാകുന്ന കൗമാരക്കാരുടെ അഭിമുഖങ്ങളും ‘എ ഡേ ഇൻ മൈ ലൈഫും’ മില്യൻ കാഴ്ചക്കാരെ നേടുന്നതായി കാണാം. പൊടിപ്പും തൊങ്ങലും വച്ചുള്ള ഇത്തരം കഥകൾ പല കുട്ടികൾക്കും പ്രലോഭനം തന്നെയാണെന്നു
ഡോ. പ്രജി പറയുന്നു. ‘‘ മദ്യത്തിന്റെയും ലഹരിയുടെയും ഉപയോഗം കൗമാരക്കാരികളിൽ വളരെ കൂടുന്നതായി കാണുന്നു. റിസ്ക് ടേകിങ് ബിഹേവിയർ ഇത്തരം കുട്ടികളിൽ കൂടുന്നതായി കാണുന്നുണ്ട്. ബഹുഭൂരിപക്ഷത്തിനും കോണ്ടം ഗർഭനിരോധനത്തിന് ഉള്ളതാണെന്ന അറിവ് ഉണ്ട്. എന്നാൽ അവർ അത് ഉപയോഗിക്കുവാൻ തയാറുമല്ല. ലൈംഗികവിദ്യാഭ്യാസത്തിന്റെ കുറവു വളരെ പ്രധാനപ്പെട്ട കാരണമാണ് ’’. ഡോ. പ്രജി പറയുന്നു.

ഗർഭം ധരിക്കുന്ന കൗമാരക്കാരികളുടെ എണ്ണം കൂടി വരികയാണ്. ഇതിനു പിന്നിൽ ഒട്ടേറെ കാരണങ്ങളുണ്ട്. ‘‘സാമൂഹ്യപരിതസ്ഥിതിയിലുണ്ടായ വ്യത്യാസങ്ങളാണ് ഒരു കാരണം. ധാർമിക മൂല്യങ്ങളെക്കുറിച്ചുള്ള സങ്കൽപം തന്നെ മാറിയതാണു മറ്റൊരു കാരണം. ഇത്തരം കാര്യങ്ങളിലേക്കു പോകുന്നതിനുള്ള സൗകര്യങ്ങൾ ലഭ്യമായതും കാരണമാണ്. പഠിക്കാനും ജോലി ചെയ്യാനുമായി നാട്ടിൽ നിന്നു മാറി നിൽക്കുന്ന കുട്ടികൾക്കു പെട്ടെന്നു സ്വാതന്ത്ര്യം ലഭിക്കുന്നുണ്ട്. അതു പലപ്പോഴും ഇത്തരം പ്രശ്നങ്ങളിലേക്കു നയിക്കുന്നുണ്ട്.’’ – കോട്ടയം മെഡി.കോളജിലെ ഗൈനക്കോളജി വിഭാഗം അസോസിയേറ്റ് പ്രഫസറായ ഡോ. റീബ സാറാ മാത്യു പറയുന്നു.

എന്നാൽ ഗർഭധാരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ മിക്ക പെൺകുട്ടികളും ആശുപത്രിയിൽ വരാറുണ്ടെന്നും തനിയെ മെഡിസിൻ കഴിക്കുകയും പരിഹാരം തേടുകയുമൊക്കെ ചെയ്യുന്ന കേസുകൾ കേരളത്തിൽ പൊതുവെ കുറവാണ് എന്നും ഡോ. റീബ പറയുന്നു. ഇത്തരം ഗർഭധാരണം ഉണ്ടായാലും മലയാളി പെൺകുട്ടികൾ അധികം വൈകാതെ ഒരു ഗൈനക്കോളജിസ്‌റ്റിനെ കാണാറുണ്ടെന്നു ഡോ. റീബ വിശദമാക്കുന്നു.

സ്ത്രീരോഗ വിദഗ്ധരുടെ അഭിപ്രായത്തിൽ ഇപ്പോൾ കൗമാരക്കാരിൽ പൊതുവെ ചിട്ടയില്ലാത്ത ഒരു ജീവിതരീതിയാണു കണ്ടുവരുന്നത്. കൗമാരക്കാരികളുടെ ആർത്തവകാലം തെറ്റി വരുന്നതു പലപ്പോഴും അമ്മമാരും ശ്രദ്ധിക്കാറില്ലെന്നു കാഞ്ഞിരപ്പള്ളി മേരി ക്യൂൻസ് മിഷൻ ഹോസ്പിറ്റലിലെ കൺസൽറ്റന്റ ് ഗൈനക്കോളജിസ്‌റ്റ് ഡോ. ജിഷാ ജോസ് പറയുന്നു.

രഹസ്യമായി പരിഹാരം തേടുമ്പോൾ

‘‘ഗർഭിണിയെന്നറിഞ്ഞാൽ ഏതെങ്കിലും മെഡിക്കൽ സ്‌റ്റോറിൽ നിന്നു ലഭിക്കുന്ന അബോർഷൻ പില്ലുകൾ വാങ്ങിക്കഴിക്കുന്നതാണു കൗമാരക്കാരിൽ സാധാരണ കാണുന്ന രീതി. മറ്റു സ്ഥലങ്ങളിലെപ്പോലെ വ്യാജവൈദ്യൻമാർ (Quacks) നമ്മുടെ നാട്ടിൽ പൊതുവെ കുറവാണ്. സ്കാൻ ചെയ്തു ഗർഭധാരണത്തെക്കുറിച്ചു കൃത്യമായി അറിയാതെ പിൽസ് കഴിച്ചാൽ അതു ട്യൂബൽ പ്രഗ്നൻസിയാണെങ്കിൽ ഫലോപ്യൻ ട്യൂബ് പൊട്ടി മരണം വരെ സംഭവിക്കാം. പിൽസ് വിദഗ്ധ നിർദേശമില്ലാതെ കഴിച്ചാൽ വേദന, രക്തസ്രാവം എന്നിവ വരാം. ഇതു മരണത്തിലേക്കു പോലും നയിക്കാവുന്ന സങ്കീർണതകളാണ്. ഗർഭനിരോധനത്തിനു വേണ്ടിയുള്ള െഎ പില്ലും ഉപയോഗിക്കുന്നവരുണ്ട്. െഎ പില്ലിൽ ഉയർന്ന അളവിൽ പ്രോജസ്‌റ്ററോൺ ഉണ്ട്. ഒാവുലേഷൻ കഴിഞ്ഞ സമയത്താണ് െഎ പിൽ കഴിച്ചത് എങ്കിൽ പ്രയോജനം ലഭിക്കില്ല. ഗർഭധാരണം സംഭവിക്കാം. അത് അറിയാതെ പോകാം. ’’ കൊച്ചി മെഡിക്കൽ ട്രസ്‌റ്റ് ഹോസ്പിറ്റലിലെ കൺസൽറ്റന്റ ് ഗൈനക്കോളജിസ്‌റ്റ്, ഡോ. സൂര്യാ ജയറാം പറയുന്നു.

കാരണങ്ങളറിയാം

tpregnancy

‘‘ സ്വയംമതിപ്പു കുറവുള്ള കുട്ടികൾ മറ്റൊരാളിൽ നിന്നു കൂടുതൽ സ്നേഹവും അംഗീകാരവും കൊതിക്കുന്നവരാണ്. അവർ പ്രണയബന്ധങ്ങളിലേക്കു പോകുന്നതിനു സാധ്യത ഉള്ളവരാണ്. വൈകാരികമായി ഒറ്റപ്പെട്ട അവസ്ഥയിലൂടെ കടന്നു പോകുന്ന കാലത്തു കുടുംബബന്ധങ്ങളിലെ അരക്ഷിതാവസ്ഥയും മറ്റും സുഹൃത്തിലോ പങ്കാളിയിലോ അമിത ആശ്രയത്വം നൽകുന്നതിനു കാരണമാകുന്നു. ജൈവികമായി വിലയിരുത്തിയാൽ കൗമാരകാലത്തു തലച്ചോറിന്റെ വളർച്ച പൂർണമായിട്ടില്ല. അതുകൊണ്ടു തന്നെ പെട്ടെന്നു തീരുമാനം എടുക്കുന്നതിനുള്ള ഇംപൽസീവ് ബിഹേവിയർ അവരിൽ കൂടുതലായിരിക്കും. അതിനാൽ തങ്ങളുടെ ഇത്തരം തീരുമാനങ്ങളുടെ ദീർഘദൂര പ്രത്യാഘാതത്തെക്കുറിച്ചു ചിന്തിക്കാനുള്ള സാവകാശം ഇവർക്കുണ്ടാകില്ല. പ്രണയ ബന്ധങ്ങളിലെ പ്രതിബദ്ധത, അധികമായുള്ള റൊമാന്റിസൈസേഷൻ എന്നിവയെല്ലാം ഇതിന്റെ ഭാഗമാണ് ’’ – കോഴിക്കോട് ഇംഹാൻസിലെ ക്ലിനിക്കൽ സൈക്കോളജി വിഭാഗം അസി. പ്രഫസറും മേധാവിയുമായ ഡോ. സുജാ മാത്യു വിശദമാക്കുന്നു.

കുടുംബത്തിൽ തന്നെ കെണികൾ

അടുത്ത ബന്ധുക്കളിൽ നിന്നു കുട്ടികൾ ദുരുപയോഗം ചെയ്യപ്പെട്ടു ഗർഭം ധരിക്കുന്ന സംഭവങ്ങൾ അടുത്ത കാലത്തായി കൂടുതലായി കാണുന്നു എന്നതു യഥാർഥത്തിൽ ഞെട്ടിക്കുന്ന വസ്തുതയാണ്. ‘‘കുടുംബത്തിലുള്ളവർ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന രീതി (Incest) ഭീതിദമായി വർധിക്കുന്നതായി കണ്ടുവരുന്നു. അച്ഛനിൽ നിന്നും അമ്മാവന്മാരിൽ നിന്നും ഗർഭം ധരിച്ച പെൺകുട്ടികളെ കണ്ടിട്ടുണ്ട്. പലതും അബോർഷൻ ചെയ്യുവാൻ കഴിയുന്ന കാലഘട്ടം കഴിഞ്ഞാണ് അറിയുന്നത് ’’– ഡോ. പ്രജി പറയുന്നു. ഇത്തരം അനുഭവങ്ങൾ തെളിയിക്കുന്നതു കുട്ടികളുടെ സുരക്ഷ മാതാപിതാക്കൾ എപ്പോഴും ഉറപ്പു വരുത്തണം എന്നണ്. സുഹൃത്തുക്കളുടെയോ ബന്ധുക്കളുടെയോ വീട്ടിലോ എവിടെ പോയാലും സാഹചര്യം സുരക്ഷിതമാണ് എന്ന് ഉറപ്പു വരുത്തണം. കൗമാരക്കാരികൾ ഗർഭിണികളാകുന്ന കൂടുതൽ കേസുകളിലും കുട്ടികൾക്ക് ഏറെ പരിചയമുള്ളവരാണു പിന്നിൽ എന്നതാണു വാസ്തവമെന്നു ഡോ. റീബ പറയുന്നു.

കൗമാരക്കാരിയുടെ ശരീരവും മനസ്സും പ്രസവം,
മെഡിക്കൽ ടെർമിനേഷൻ ഒാഫ് പ്രഗ്നൻസി എന്നിങ്ങനെയുള്ള പ്രക്രിയകളിലൂടെയൊന്നും കടന്നുപോകുവാൻ പാകമായിട്ടില്ല. അതിനാൽ അവ ഹൈ റിസ്‌ക് കാറ്റഗറിയിൽ ഉൾപ്പെടുന്നു. മെഡിക്കൽ ടെർമിനേഷൻ ഒാഫ് പ്രഗ്നൻസി ഒരു ആശുപത്രിയിൽ ഗൈനക്കോളജിസ്റ്റിന്റെ മേൽനോട്ടത്തിൽ മാത്രം നടത്തേണ്ടതാണ്’’. ഡോ. പ്രജി പറയുന്നു.

അറിയണം മുറിവേറ്റ മനസ്സിനെ

കൗമാര ഗർഭധാരണം കുട്ടികളുടെ ശരീരത്തെ പിടിച്ചുലയ്ക്കുന്നതു പോലെ മനസ്സിനെയും തച്ചുടയ്ക്കുന്നുണ്ട്. ‘‘കൗമാര ഗർഭധാരണത്തിൽ മിക്ക പെൺകുട്ടികളും ശരീരത്തിനു പ്രകടമായ വ്യത്യാസം വരുന്നതു വരെ പുറത്തു പറയാതിരിക്കും, ആ സമയം ഭ്രൂണം വളർച്ച പ്രാപിച്ചിട്ടുണ്ടാകും. പൂർണവളർച്ച ആയതിനാൽ മെഡിക്കൽ ടെർമിനേഷൻ ചെയ്താലും കുഞ്ഞിനു ജീവനുണ്ടാകും. ചില ശാരീരിക വൈകല്യങ്ങളോടെ ജനിക്കാൻ സാധ്യതയുണ്ട് എന്നും പൂർണവളർച്ചയെത്തി പ്രസവിക്കണോ അതോ മെ‍ഡിക്കൽ ടെർമിനേഷൻ ചെയ്യണോ എന്നും കുട്ടിയോടു ചോദിക്കാറുണ്ട്. ഈ സമയത്തുവലിയ ട്രോമയും വൈകാരിക പ്രശ്നങ്ങളും കുട്ടികളിൽ കാണാറുണ്ട്.’’ കോഴിക്കോട് ഗവ. മെഡിക്കൽ
കോളജിലെ സൈക്യാട്രി വിഭാഗം അസോസിയേറ്റ് പ്രഫസർ ഡോ. സ്മിത സി. എ. പറയുന്നു.

‘‘വിവിധ സാമൂഹിക, മാനസിക, സാമ്പത്തിക സാഹചര്യങ്ങൾ കാരണം ഒട്ടുമിക്ക അമ്മമാർക്കും ജനനശേഷം കുഞ്ഞിനെ തങ്ങളോടൊപ്പം കൊണ്ടുപോകാൻ സാധിക്കാറില്ല. ചെറുപ്രായത്തിൽ തന്നെ പ്രസവത്തിന്റേതായ എല്ലാ ബുദ്ധിമുട്ടുകളും ഈ കൗമാരക്കാരികൾ അനുഭവിക്കുകയാണ്. പോസ്‌റ്റ്പാർട്ടം ബ്ലൂസ് , പോസ്‌റ്റ്പാർട്ടം ഡിപ്രഷൻ, ഉത്കണ്ഠ– എല്ലാം ഇവർക്കും അനുഭവപ്പെടാം. പീഡനത്തിന്റെ ഭാഗമായ ഗർഭധാരണത്തിൽ സ്വകാര്യത ലംഘിക്കപ്പെട്ടു എന്നതിന്റെ മുറിവും കുട്ടികൾക്ക് ഉണ്ടാകാം. പീഡനത്തിന്റെ ഒാർമകൾ അതിസങ്കീർണമായ പോസ്‌റ്റ് ട്രൊമാറ്റിക് സ്ട്രെസ്സ് ഡിസോഡറും വ്യക്തിത്വത്തിൽ മാറ്റങ്ങളും വരുത്താം. പതിയെ വിഷാദത്തിലേക്കും വഴി മാറാം’’. ഡോ. സ്മിത പറയുന്നു. ഇതെല്ലാം കുട്ടിയുടെ ജീവിത സാഹചര്യങ്ങൾ, വിദ്യാഭ്യാസം, െഎക്യു ലെവൽ, മാതാപിതാക്കളുടെ പിന്തുണ, സാമൂഹികതലങ്ങൾ എന്നിവയെ ആശ്രയിച്ചിരിക്കും.

കൗമാരക്കാർ മെഡിക്കൽ ടെർമിനേഷനു വേണ്ടി എത്തുമ്പോൾ മൈനറായതിനാൽ ഉത്തരവാദിത്തപ്പെട്ടവരെ അറിയിക്കണമെന്നു പറയുമ്പോൾ അശാസ്ത്രീയ വഴികൾ സ്വീകരിക്കുന്ന പ്രവണതയും കണ്ടുവരുന്നു. സോഷ്യൽ സ്‌റ്റിഗ്‌മ അധികമായി നേരിടുന്ന കാലവുമാണിത്. ‘‘പിന്തുണ നൽകുന്നവരിൽ നിന്നുണ്ടാകുന്ന സമ്മർദവും ഇവർ നേരിടേണ്ടി വരും. വളരെ കുറച്ചു മാതാപിതാക്കളേ ഇത്തരം ഘട്ടങ്ങളിൽ മക്കളെ വൈകാരികമായി പിന്തുണയ്ക്കാറുള്ളൂ’’. ഡോ. സ്മിത വിശദമാക്കുന്നു.

വ്യക്തികളുടെ തെറ്റെന്നു മുദ്ര ചാർത്തപ്പെടുന്നതിനാൽ കൗമാര ഗർഭധാരണം ഇന്നും മൗനത്തിൽ മറയ്ക്കപ്പെടുന്ന ഒരു സാമൂഹിക പ്രതിസന്ധിയാണ്. കുടുംബവും വിദ്യാലയവും സമൂഹവും ചേർ‌ന്നു നൽകുന്ന ലൈംഗിക വിദ്യാഭ്യാസവും ബോധവൽക്കരണവും കൗമാരത്തിനു പുതിയ ദിശാബോധം നൽകും. ഇളം കൗമാരത്തിൽ ‘കാലമറിയാതെ’ അവരെന്തിനാണ് അമ്മമാരാകുന്നത്?

ADVERTISEMENT