ഏറ്റവും കഠിനമായ നെഞ്ചുവേദന അനുഭവപ്പെടുന്നതു ഹാർട്ട് അറ്റാക്ക് അഥവാ മയോകാർഡിയൽ ഇൻഫാർക്ഷൻ സംഭവിക്കുന്പോഴാണ്. ഈ അവസ്ഥ ചികിത്സാവിധേയമാകാതെ നീണ്ടു പോയാൽ ഒരുവേള ഹൃദയസ്തംഭനം (കാർഡിയാക് അറസ്റ്റ്) വരെ സംഭവിക്കുന്നു. ഹൃദയത്തിന്റെ സങ്കോചവികാസപ്രക്രിയ സംഭവിക്കാതെ പൂർണമായി അതു നിശ്ചലമാകുന്ന ഈ അവസ്ഥയിൽ ഉടനടി സിപിആർ (കാർഡിയോ പൾമനറി റെസസിറ്റേഷൻ) നൽകിയില്ലെങ്കിൽ രോഗിയുടെ ജീവൻ നഷ്ടമാകാം.
അറ്റാക്കാണോ? ഉറപ്പാക്കാം
രോഗനിർണയത്തിലെ പ്രധാനമായ ഘടകം വിശദമായ വിവര ശേഖരണമാണ്.
∙ ഹൃദ്രോഗത്തിലേക്കു നയിക്കുന്ന അപകടഘടകങ്ങൾ (പുകവലി, പ്രമേഹം, ദുർമ്മേദസ്, അമിത രക്തസമ്മർദം, വർധിച്ച കൊളസ്ട്രോൾ, വ്യായാമക്കുറവ്, സ്ട്രെസ്സ്, പാരമ്പര്യ പ്രവണത) കൂടുതലായി കാണുന്നു.
∙ ഹൃദയാഘാതത്തിൽ നെഞ്ചുവേദന, നെഞ്ചിനുള്ളിൽ ശക്തമായ വരിഞ്ഞു മുറുകുന്ന വേദന, ഭാരം, എരിച്ചിൽ. ഈ വേദന കൈകളിലേക്കും താടിയിലേക്കും പുറത്തേക്കും വ്യാപിക്കുന്നതായി അനുഭവപ്പെടുന്നു. വേദന മണിക്കൂറുകളോളം ഉണ്ടാകാം. വിശ്രമിച്ചാലും പലപ്പോഴും നെഞ്ചുവേദന കുറയുന്നതായി കാണുന്നില്ല.
∙ പ്രധാന ലക്ഷണമായ നെഞ്ചുവേദനയോടൊപ്പം വിയർപ്പും ശ്വാസതടസ്സവും ഓക്കാനവും ഉണ്ടാകുന്നു. ഏറെ സങ്കീർണമായ നെഞ്ചുവേദന കലശലാകുന്പോൾ രോഗിക്കു മരണഭീതി വരെ ഉണ്ടാകുന്നു.
അസാധാരണ ലക്ഷണങ്ങൾ
ഹൃദയാഘാതമുണ്ടാകുന്പോൾ ചിലപ്പോൾ അസാധാരണമായ രോഗലക്ഷണങ്ങളും അനുഭവപ്പെടാറുണ്ട്. ∙അറ്റാക്കുണ്ടാകുന്പോൾ മിതമായ നെഞ്ചുവേദന മാത്രം ഉണ്ടാകുകയോ ചിലയവസരങ്ങളിൽ വേദനയുളവാകാതിരിക്കുകയോ സംഭവിക്കാം. ∙ മേൽവയറ്റിൽ എരിച്ചിലും അസിഡിറ്റിയും. ∙ തളർച്ച ∙ താടിയെല്ലുകളിലോ നെഞ്ചിന്റെ പുറകിലോ മാത്രം ഉണ്ടാകുന്ന വേദന മാത്രം. ∙ മറ്റു രോഗലക്ഷണങ്ങളൊന്നുമില്ലാതെ ശ്വാസതടസ്സം മാത്രം ∙ തലകറക്കം
ഉടൻ ചെയ്യുക
വിട്ടുമാറാത്ത നെഞ്ചിലെ അസ്വാസ്ഥ്യം ഹാർട്ടറ്റാക്കാകാനാണു സാധ്യത എന്നു തോന്നിയാൽ ഉടൻ ചെയ്യേണ്ടത്: ∙ ചെയ്തു കൊണ്ടിരിക്കുന്ന ജോലി നിർത്തുക ∙ സുഹൃത്തിനെയോ ബന്ധുക്കളെയോ അറിയിച്ച് ആശുപത്രിയിൽ പോകാനുള്ള ഏർപ്പാടുകൾ ഉടൻ ചെയ്യുക. ∙ കസേരയിൽ ഇരിക്കുകയോ കിടക്കുകയോ ചെയ്യുക. ∙ ആസ്പിരിൻ ഗുളിക (150–325 മില്ലിഗ്രാം) വീട്ടിലുണ്ടെങ്കിൽ ചവച്ചു കഴിക്കുക. ∙ സോർബിട്രേറ്റ് ഗുളിക ഉണ്ടെങ്കിൽ നാക്കിനടിയിൽ വയ്ക്കുക. ∙ എത്രയും പെട്ടെന്ന് ആശുപത്രിയിൽ എത്തുക. യാതൊരു കാരണവശാലും സ്വയം വണ്ടിയോടിച്ചു പോകരുത്. ചലച്ചിത്രതാരം എൻ.എഫ്. വർഗീസ് വീട്ടിൽ ജോലി ചെയ്തു കൊണ്ടിരുന്നപ്പോൾ നെഞ്ചുവേദനയുണ്ടായി സ്വന്തമായി കാറോടിച്ചാണ് ആശുപത്രിയിലേക്ക് പോയത്. പോകുന്ന വഴിയിൽ ഹൃദയസ്തംഭനമുണ്ടായി അദ്ദേഹം മരണപ്പെട്ടു.
ആശുപത്രി യാത്ര
ഇസിജിയും ഓക്സിജനും ഡിഫിബ്രിലേറ്ററും പരിചയസമ്പത്തുള്ള നഴ്സുമുള്ള ആംബുലൻസിലാണ് ആശുപത്രിയിലേക്കു പോകുന്നതെങ്കിൽ ഏറ്റവും നന്ന്. ഏറ്റവും അടുത്തുള്ള ആശുപത്രിയിലെത്തുന്നതാണു നല്ലത്. എന്നാൽ കാത്ത് ലാബ് സൗകര്യമുള്ള ആശുപത്രിയിൽ ഏറ്റവും നന്ന്. ആശുപത്രിയിൽ എത്തിയാൽ ഡോർ റ്റു നീഡിൽ സമയം (Door to Needle time) ആണു നിർണായക ഘടകം. ആശുപത്രിയുടെ വാതിലിൽ മുട്ടുന്നതു മുതൽ മരുന്നുകൾ നൽകാനും ആൻജിയോപ്ലാസ്റ്റി ചെയ്യാനും സൂചി വയ്ക്കുന്നതുവരെയുള്ള സമയം ഏറ്റവും ഹ്രസ്വമായാൽ അത്രയും നന്ന്. ഇതു ദീർഘിപ്പിക്കുന്തോറും മരണസാധ്യതയും കൂടുന്നു. ഇസിജി, ഹൃദ്രോഗ സൂചകങ്ങളുടെ രക്തപരിശോധന, എക്കോകാർഡിയോഗ്രാം തുടങ്ങിയവ അടിയന്തരമായി ചെയ്തു രോഗനിർണയം നടക്കുന്നു.
ഇവ ചെയ്യരുത്
വീട്ടിൽവച്ചു കലശലായ നെഞ്ചുവേദനയുണ്ടായാൽ ചെയ്യരുതാത്ത കാര്യങ്ങൾ:
∙ ഗ്യാസാണെന്നു കരുതി രോഗലക്ഷണങ്ങൾ അവഗണിക്കരുത്. ∙ വേദന കുറയാൻ വേണ്ടി കാത്തിരിക്കരുത്. ∙ ഓരോരോ മരുന്നുകൾ പരീക്ഷിച്ചു സ്വയം ചികിത്സ നടത്തരുത്. ∙ സ്വയം വാഹനമോടിച്ചു പോകാതെ പറ്റുമെങ്കിൽ ആംബുലൻസിൽ തന്നെ പോവുക.
ഹൃദയസ്തംഭനം വന്നാൽ
നെഞ്ചിലെ അസ്വാസ്ഥ്യവും ശ്വാസതടസ്സവും മറ്റും ദീർഘനേരം നീണ്ടു നിന്നാൽ ബോധം കെട്ടു നിലത്തു വീഴാം. ഈ അവസ്ഥ ഹൃദയസ്തംഭനം അഥവാ ‘കാർഡിയാക് അറസ്റ്റ്’ മൂലമാവാം. കാർഡിയാക് അറസ്റ്റിന്റെ ലക്ഷണങ്ങൾ:
∙ പെട്ടെന്നു ബോധക്ഷയം സംഭവിക്കുന്നു. പള്‍സ് നഷ്ടപ്പെടുന്നു. ∙ ശ്വാസോച്ഛ്വാസം നിലയ്ക്കുന്നു/കുറയുന്നു.
∙ തട്ടി വിളിച്ചാൽപ്പോലും ഉണരില്ല.
ഉടനടി ചെയ്യേണ്ടത്:
∙ സഹായത്തിന് ആരെയെങ്കിലുമോ ആംബുലൻസോ വിളിക്കുക
∙ രോഗിയെ പരന്ന പ്രതലത്തിൽ കിടത്തുക ∙ സിപിആർ തുടങ്ങുക (ഇതു ശാസ്ത്രീയമായി പരിശീലിച്ചിട്ടുള്ളവർ മാത്രമേ ചെയ്യാവൂ) ഒരു മിനിറ്റിൽ 100–120 പ്രാവശ്യം ചെസ്റ്റ് കംപ്രഷൻസ് തുടങ്ങുക. പരിശീലിച്ചിട്ടുള്ളവർ മാത്രം 30 പ്രാവശ്യം കാർഡിയാക് മസാജും രണ്ടുപ്രാവശ്യം കൃത്രിമ ശ്വാസോച്ഛ്വാസവും ∙ഡിഫിബ്രിലേറ്റർ ഉണ്ടെങ്കിൽ പരിശീലിച്ചിട്ടുള്ളവർ ഇസിജി നോക്കി ഷോക്ക് നൽകുക. ഇവ െചയ്യുന്നതിനൊപ്പം രോഗിയെ എത്രയും വേഗം ആശുപത്രിയിലെത്തിക്കുകയും വേണം.
ഡോ. ജോർജ് തയ്യിൽ
സീനിയർ കൺസൽറ്റന്റ് കാർഡിയോളജിസ്റ്റ്
ലൂർദ് ഹോസ്പിറ്റൽ, എറണാകുളം