ADVERTISEMENT

മസിൽകയറ്റം എന്നു സാധാരണയായി നാം പറയുന്ന അവസ്ഥയാണു പേശികൾക്കുണ്ടാകുന്ന കോച്ചിപ്പിടുത്തം. ഇതിനെ ‘മസിൽ ക്രാംപ് ’
( Muscle Cramp ) എന്നു വൈദ്യശാസ്ത്രം വിശേഷിപ്പിക്കുന്നു. അസഹ്യമായ കാൽവേദനയാണ് ഇതിന്റെ ലക്ഷണം. ഉറക്കത്തിൽ നിന്നു കാൽവേദനയോടെ ഉണരേണ്ട സാഹചര്യവും വരാം. സാധാരണയായി സങ്കോചിക്കുന്ന പേശികൾ വിശ്രാന്താവസ്ഥയിലേക്കു വരും. എന്നാൽ ചില അവസരങ്ങളിൽ പേശികൾ കൂടുതലായി സങ്കോചിക്കാം. അനിയന്ത്രിതമായ പേശീസങ്കോചങ്ങളാണു കോച്ചിപ്പിടുത്തത്തിലേക്കു നയിക്കുന്നത്. കാൽവണ്ണയുടെ പിന്നിലെ കാഫ് മസിലുകളെയാണ് ഇതു കൂടുതലായും ബാധിക്കുന്നത്.

കാരണങ്ങളും പ്രതിരോധവും  

ഏതു പ്രായത്തിലുള്ളവരിലും ഇതു വരാമെങ്കിലും കോച്ചിപ്പിടുത്തത്തിന്റെ യഥാർഥകാരണം ഇപ്പോഴും അവ്യക്തമായി തുടരുന്നു. കഠിനമായ തണുപ്പ്, ഗർഭം എന്നിവ പേശീവേദനയും കോച്ചിപ്പിടുത്തവും വരുത്തുന്നു. ചിലരിൽ ചൂടുകാരണമുള്ള നിർജലീകരണവും ഉപ്പിന്റെയും ധാതുക്കളുടെയും കാത്സ്യത്തിന്റെയും പൊട്ടാസ്യത്തിന്റെയും കുറവും കാരണമാകാം. രാത്രികാലങ്ങളിൽ കോച്ചിപ്പിടുത്തം വരുന്നവരുണ്ട്. വ്യായാമവുമായി ബന്ധപ്പെട്ടും മസിൽ കയറ്റം വരാം.

ADVERTISEMENT

ധാരാളം വെള്ളം കുടിച്ചു ഹൈഡ്രേറ്റഡ് ആയിരിക്കുന്നതു കോച്ചിപ്പിടുത്തത്തെ തടയാൻ സഹായിക്കും. തേങ്ങാവെള്ളവും കുടിക്കാം.   മഗ്നീഷ്യവും പൊട്ടാസ്യവും ആഹാരത്തിലൂടെ ലഭിക്കുന്നതിന് അനുയോജ്യമായ പഴങ്ങളും പച്ചക്കറികളും ആഹാരത്തിൽ ഉൾപ്പെടുത്താം.
ഉദാ : ഏത്തപ്പഴം, പച്ചിലക്കറികൾ.

പാദത്തിനു ഘടനാവൈകല്യങ്ങൾ ഉള്ളവർക്ക് അനുയോജ്യമായ ചെരുപ്പുകളും മറ്റും ധരിച്ചു കോച്ചിപ്പിടുത്തത്തെ പ്രതിരോധിക്കാനാകും. പതിവായി  കാലുകൾ സാവധാനം സ്ട്രെച്ചു ചെയ്യുന്നതും ഗുണകരമാണ്. കോച്ചിപ്പിടുത്തത്തെ പ്രതിരോധിക്കുന്ന ഫലപ്രദമായ വ്യായാമങ്ങളുണ്ട്. കാഫ് മസിൽ സ്ട്രെച്ച്, ക്വാഡ്രിസെപ്സ് മസിൽ സ്ട്രെച്ച്, ഹാംസ്ട്രിങ് സ്ട്രെച്ച് എന്നിവ അതിൽ ഉൾപ്പെടുന്നു. അവ വിദഗ്ധ നിർദേശത്തോടെ പരിശീലിച്ചു വീട്ടിൽ ചെയ്യാം.

ADVERTISEMENT

വീട്ടിൽ ശ്രദ്ധിക്കേണ്ടത്

കോച്ചിപ്പിടുത്തം ഉണ്ടായാൽ നാരങ്ങാവെള്ളത്തിൽ അൽപം ഉപ്പും പഞ്ചസാരയും ചേർത്തു കഴിക്കുന്നതു ഫലപ്രദമാണ്. കോച്ചിപ്പിടുത്തമുണ്ടായ ഭാഗം സാവധാനം സ്ട്രെച്ച് ചെയ്യുന്നതു വളരെ ഗുണം ചെയ്യും. കോച്ചിപ്പിടിച്ച വശത്തിന്റെ എതിർദിശയിലേക്കാണു സ്ട്രെച്ചു ചെയ്യേണ്ടത്. ഒന്നോ രണ്ടോ മിനിറ്റു  സ്ട്രെച്ചു  ചെയ്ത നിലയിൽ തന്നെ തുടരാം. കോച്ചിപ്പിടിച്ച ഭാഗത്തു ചെറുതായി ചൂടോ തണുപ്പോ വയ്ക്കുന്നതും ഫലപ്രദമാണ്. െഎസ് പായ്ക്കും വയ്ക്കാം. ഇളംചൂടുവെള്ളത്തിൽ കുളിക്കുന്നതും ഗുണം ചെയ്യും. കോച്ചിപ്പിടുത്തം വരുന്ന സമയത്തു മസാജ് ചെയ്യാം. മഗ്‌നീഷ്യം, മൾട്ടിവൈറ്റമിനുകൾ എന്നിവ ഡോക്ടറുടെ നിർദേശപ്രകാരം കഴിക്കുന്നതു ഗർഭിണികളിലെ കോച്ചിപ്പിടുത്തം ലഘൂകരിക്കും. ലവണങ്ങളുടെ അപര്യാപ്തതയാണു കാരണമെങ്കിൽ അതിനു ഡോക്ടറുടെ നിർദേശത്തോടെ സപ്ലിമെന്റ്സ് കഴിക്കാം. ഒരേ പൊസിഷനിൽ തുടരെ ഇരിക്കുകയോ നിൽക്കുകയോ ചെയ്യരുത്. കോച്ചിപ്പിടുത്തം കൂടെക്കൂടെ ഉണ്ടാകുന്നവർ ഡോക്ടറുടെ നിർദേശപ്രകാരം പരിശോധനകൾ ചെയ്യേണ്ടതാണ്.

ADVERTISEMENT

വിവരങ്ങൾക്കു കടപ്പാട്
ഡോ. ഡിനാ ക്ലെറിൻ ഫ്രാൻസിസ്
അസിസ്‌റ്റന്റ ് പ്രഫസർ
ഗവ. മെഡി,കോളജ് , കോട്ടയം

ADVERTISEMENT