വളരെ ഗൗരവത്തോടെ കൈകാര്യം ചെയ്യേണ്ട ഒന്നാണു തലയിടിച്ചു വീണുള്ള പരുക്കുകൾ. തലയോട്ടിയുടെ ഉള്ളിലാണു തലച്ചോർ സ്ഥിതി ചെയ്യുന്നത്. ശരീരത്തിന്റെ സിപിയു തലച്ചോറാണ്. സുഷുമ്നാനാഡിയും അതിനോടു ചേർന്നുള്ള നാഡീവ്യൂഹവുമൊക്കെ തലച്ചോറുമായി ബന്ധപ്പെട്ടു കിടക്കുന്നു. തലച്ചോറിനു പരുക്കു പറ്റിയാൽ ശരീരത്തിൽ ഏതു ഭാഗത്തും തളർച്ച അനുഭവപ്പെടും. ചലനശേഷിയും നഷ്ടപ്പെടാം. തലയിടിച്ചു വീണു പരുക്കു പറ്റിയാൽ ഏതു പ്രതലത്തിലാണു തല ഇടിച്ചത്, എത്ര ഉയരത്തിൽ നിന്നാണു വീഴ്ച സംഭവിച്ചത്, വീഴുന്പോൾ ശരീരത്തിന്റെ ഭാരം, വേഗത തുടങ്ങിയ കാര്യങ്ങൾ പരിഗണിക്കണം. പത്ത് അടിക്കു മുകളിലുള്ള ഉയരത്തിൽ നിന്നുള്ള ഏതു വീഴ്ചയും ഗൗരവത്തോടെ കണക്കാക്കണം.
തലയിടിച്ചു വീണാൽ ഈ ലക്ഷണങ്ങൾ കണ്ടാൽ ഉടനെ ആശുപത്രിയിൽ എത്തിക്കുക.
∙ ചെവിയുടെ പുറകുവശത്തെ മാേസ്റ്റായിഡ് എല്ലിന്റെ ഭാഗത്തു നീലനിറത്തിൽ കാണപ്പെടുക. ഇതിനെ ബാറ്റിൽ സൈൻ എന്നാണു പറയുക. ∙ ചെവിയുടെ ഉള്ളിൽ നിന്നു രക്തം / ദ്രാവകം വരും. സെറിബ്രോ സ്പൈനൽ ഫ്ലൂയിഡ് ആണു ദ്രാവകം പോലെ വരുന്നത്. ∙ കർണപുടത്തിൽ രക്തം കട്ടപിടിച്ചു കിടക്കുകയോ പരുക്കു പറ്റുകയോ ചെയ്താൽ ∙ കണ്ണിനു ചുറ്റും നീലനിറത്തിൽ അടയാളം വരുക. ഇതിനെ റെക്കൂൺസ് ഐ എന്നാണു പറയുന്നത്. ∙ മൂക്കിൽ നിന്നു രക്തം അല്ലെങ്കിൽ ഫ്ലൂയിഡ് വരുക ∙ മുഖത്തെ എല്ലുകൾ (മേൽത്താടി പോലെ) ഒടിയുക. ∙ പെട്ടെന്നു ബോധം പോവുക, ബോധം വരുക എന്നിവ മാറി മാറി വന്നാൽ. ∙ ശരീരഭാഗങ്ങൾ തളർന്നു പോവുക, മുഖം വശത്തേക്കു കോടിപ്പോവുക ∙ വീഴ്ചയ്ക്കു ശേഷം അപസ്മാരം വന്നാലും പ്രത്യേകം ശ്രദ്ധിക്കുക. ∙ പരുക്കു പറ്റിയ വ്യക്തി തുടരെ ഛർദിക്കുക, ശ്വാസഗതിയിൽ വ്യത്യാസം കാണുക, കയ്യോ കാലോ കോച്ചിപ്പിടിക്കുക.
ഉടൻ ചെയ്യുക
തലയിടിച്ചു വീണാൽ ആ ഭാഗത്തെ ചർമത്തിനു ചതവു പറ്റാം, വീക്കം ഉണ്ടാകാം, ചർമത്തിനു താഴെ സ്ഥിതി ചെയ്യുന്ന തലയോട്ടി പൊട്ടിപ്പോകാം.
∙ വ്യക്തിയെ അധികം ചലിപ്പിക്കാതിരിക്കുക. തലയും കഴുത്തും സംരക്ഷിച്ചു കൊണ്ടു മലർത്തി കിടത്തുക.
∙ ബോധം ഇല്ല, ശ്വാസമെടുക്കുന്നില്ല എങ്കിൽ സിപിആർ നൽകണം.
∙ തലയുടെ ഇടിച്ച ഭാഗത്തു നിന്നു രക്തസ്രാവം ഉണ്ടാവുകയാണെങ്കിൽ നല്ല വൃത്തിയുള്ള തുണിയോ കോട്ടനോ ഉപയോഗിച്ച് ആ ഭാഗം നന്നായി അമർത്തിപ്പിടിക്കുക. രക്തസ്രാവം കുറയാൻ ഇതു സഹായിക്കും.
രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്നുകൾ കഴിക്കുന്നവരുണ്ടാകാം. ഇവർ തലയിടിച്ചു
വീണാൽ തലയ്ക്കുള്ളിൽ ഉണ്ടാകുന്ന ചെറിയ രക്തസ്രാവം പോലും വലിയ രക്തസ്രാവമായി മാറുകയും ഗുരുതരാവസ്ഥയിലേക്കു പോവുകയും ചെയ്യും. ഉടൻ ചികിത്സ തേടുക.
തയാറാക്കിയത്
ഡോ. പി.പി. വേണുഗോപാലൻ
മേയ്ത്ര ഹോസ്പിറ്റൽ, കോഴിക്കോട്