ദഹനവ്യവസ്ഥയിലെ രോഗങ്ങളെക്കുറിച്ച് പറയുമ്പോൾ പലരും അൾസർ, ഗ്യാസ്ട്രൈറ്റിസ്, ഫാറ്റി ലിവർ, കാൻസർ തുടങ്ങിയവയെക്കുറിച്ചാണ് ചിന്തിക്കുന്നത്. എന്നാൽ അത്രയൊന്നും ശ്രദ്ധിക്കപ്പെടാത്തതും ജീവിതനിലവാരത്തെ ഗണ്യമായി ബാധിക്കുന്നതുമായ ഒരു വിഭാഗം രോഗങ്ങളാണ് ഗ്യാസ്ട്രോഇന്റസ്റ്റൈനൽ മോട്ടിലിറ്റി ഡിസോർഡേഴ്സ് അഥവാ ദഹനനാളത്തിന്റെ ചലന വൈകല്യങ്ങൾ.
നാം കഴിക്കുന്ന ഭക്ഷണം വായിൽ നിന്ന് അന്നനാളത്തിലൂടെയും ആമാശയത്തിലൂടെയും ചെറുകുടൽ, വൻകുടൽ എന്നിവയിലൂടെയും ക്രമമായി മുന്നോട്ട് നീങ്ങുന്നത് പേശികളുടെ ഏകോപിതമായ ചലനങ്ങൾ കൊണ്ടാണ്. ഈ ചലനങ്ങളിൽ ഉണ്ടാകുന്ന തകരാറുകളെയാണ് മോട്ടിലിറ്റി ഡിസോർഡേഴ്സ് എന്ന് വിളിക്കുന്നത്. ഈ അവസ്ഥയിൽ ദഹനനാളത്തിൽ വ്യക്തമായ വ്രണമോ മുഴയോ കാണണമെന്നില്ല. എന്നിരുന്നാലും രോഗികൾക്ക് ഗുരുതരമായ ബുദ്ധിമുട്ടുകൾ അനുഭവപ്പെടാം.
ഭക്ഷണം വിഴുങ്ങാൻ ബുദ്ധിമുട്ട്, ഭക്ഷണം തൊണ്ടയിൽ കുടുങ്ങുന്നതുപോലുള്ള തോന്നൽ, നെഞ്ചുവേദന, നെഞ്ചെരിച്ചിൽ, വയറു വീർക്കൽ, ഭക്ഷണം കഴിച്ചാൽ ഉടൻ വയർ നിറഞ്ഞതുപോലെ തോന്നുക, സ്ഥിരമായ മലബന്ധം, മലമൊഴിക്കാൻ അമിതമായി മുക്കേണ്ടിവരുക, ചിലപ്പോൾ മലം നിയന്ത്രിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുക തുടങ്ങിയ ലക്ഷണങ്ങൾ ഇത്തരം രോഗങ്ങളിൽ കാണാം.
ഇത്തരം ലക്ഷണങ്ങൾ ഉള്ളവരിൽ സാധാരണ എൻഡോസ്കോപ്പി, കൊളോനോസ്കോപ്പി, സ്കാൻ തുടങ്ങിയ പരിശോധനകളിൽ പലപ്പോഴും യാതൊരു തകരാറും കണ്ടെത്താനാകില്ല. അതുകൊണ്ട് തന്നെ രോഗലക്ഷണങ്ങൾ അവഗണിക്കപ്പെടുകയോ "പ്രശ്നമൊന്നുമില്ല" എന്ന് തെറ്റിദ്ധരിക്കപ്പെടുകയോ ചെയ്യാം. എന്നാൽ ഇത്തരം സാഹചര്യങ്ങളിൽ ദഹനനാളത്തിന്റെ പ്രവർത്തനം വിലയിരുത്തുന്ന പ്രത്യേക പരിശോധനകളാണ് മനോമെട്രി (Manometry).
മനോമെട്രി പരിശോധനയിലൂടെ ദഹനനാളത്തിലെ പേശികളുടെ ചലനവും സമ്മർദ്ദവും വളരെ കൃത്യമായി വിലയിരുത്താൻ കഴിയും. അന്നനാളത്തിന്റെ പ്രവർത്തനം പരിശോധിക്കുന്ന ഈസോഫേജിയൽ ഹൈ റെസല്യൂഷൻ മനോമെട്രി (High Resolution Esophageal Manometry), മലബന്ധത്തിന്റെയും മലമൊഴിക്കുന്നതിലെ ബുദ്ധിമുട്ടുകളുടെയും കാരണം കണ്ടെത്താൻ സഹായിക്കുന്ന അനോറെക്ടൽ മനോമെട്രി (Anorectal Manometry) എന്നിവ ഇന്ന് വ്യാപകമായി ഉപയോഗിക്കുന്ന പരിശോധനകളാണ്.
ഈ പരിശോധനകളിലൂടെ അകാലേഷ്യ കാർഡിയ (Achalasia Cardia), ഈസോഫഗോഗാസ്‌ട്രിക് ജംഗ്ഷൻ ഔട്ട്ഫ്ലോ ഒബ്സ്ട്രക്ഷൻ (Esophagogastric Junction Outflow Obstruction – EGJOO), ഡിഫ്യൂസ് ഈസോഫേജിയൽ സ്പാസം (Diffuse Esophageal Spasm), ഡൈസിനർജിക് ഡിഫിക്കേഷൻ (Dyssynergic Defecation), ഹിർഷ്സ്പ്രങ് രോഗം (Hirschsprung's Disease), ഫീക്കൽ ഇൻകോണ്ടിനൻസ് (Fecal Incontinence) തുടങ്ങിയ പല രോഗങ്ങളും കൃത്യമായി തിരിച്ചറിയാൻ കഴിയും. രോഗത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ കഴിയുന്നതിനാൽ ശരിയായ ചികിത്സ തിരഞ്ഞെടുക്കാനും ഇത് സഹായിക്കുന്നു.
മനോമെട്രി ഒരു ശസ്ത്രക്രിയയല്ല. മുറിവോ അനസ്തീഷ്യയോ ആവശ്യമില്ലാത്ത, സുരക്ഷിതവും താരതമ്യേന കുറഞ്ഞ സമയത്തിനുള്ളിൽ പൂർത്തിയാക്കാവുന്നതുമായ പരിശോധനയാണിത്. പരിശോധനയ്ക്ക് ശേഷം രോഗിക്ക് സാധാരണ ജീവിതത്തിലേക്ക് ഉടൻ മടങ്ങാൻ സാധിക്കും.
ഭക്ഷണം വിഴുങ്ങാൻ ബുദ്ധിമുട്ട്, വർഷങ്ങളായി തുടരുന്ന മലബന്ധം, മലമൊഴിക്കാൻ അമിതമായി മുക്കേണ്ടിവരിക, അല്ലെങ്കിൽ സാധാരണ പരിശോധനകളിൽ കാരണം കണ്ടെത്താനാകാത്ത ദഹനസംബന്ധമായ പ്രശ്നങ്ങൾ എന്നിവ ഉണ്ടെങ്കിൽ അവ അവഗണിക്കരുത്. വിദഗ്ധ ഡോക്ടറെ സമീപിച്ച് ആവശ്യമായ പരിശോധനകൾ നടത്തുന്നത് രോഗം നേരത്തേ കണ്ടെത്താനും ഫലപ്രദമായ ചികിത്സ ലഭിക്കാനും സഹായിക്കും.