ADVERTISEMENT

കോവിഡ് കാലത്തും അതിനു ശേഷവും ജീവിതമാർഗമായും വെറുതെയൊരു മാനസികോല്ലാസത്തിനു വേണ്ടിയും അരുമകളെ വളർത്തുന്ന ശീലം പുതിയതായി പലരും തുടങ്ങിയിട്ടുണ്ട്. പൂച്ച, പട്ടി പോലെ സാധാരണ വളർത്തുന്ന മൃഗങ്ങളെ കൂടാതെ പ്രാവുകൾ, ലൗ ബേഡ്സ്, വിവിധതരം അലങ്കാര പക്ഷികൾ എന്നിവയേയും ഇങ്ങനെ വളർത്തുന്നുണ്ട്. ഇതുകൊണ്ടാകാം കോവിഡിനു ശേഷം പക്ഷികളുമായും മറ്റും ബന്ധപ്പെട്ടു ശ്വാസകോശപ്രശ്നങ്ങളെ കുറിച്ചു നാം കൂടുതലായി കേൾക്കുന്നത്. അരുമകളെ വളർത്തുന്നതു മനസ്സിനു സന്തോഷം നൽകുമെന്നതിൽ തർക്കമില്ല. പക്ഷേ, അലർജി പ്രവണത ഉള്ളവർ മൃഗങ്ങളെയും പക്ഷികളെയുമൊക്കെ വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.  

മൃഗരോമം ചിലർക്ക് അലർജിപ്രശ്നങ്ങൾ ഉണ്ടാക്കാമെന്നതുപോലെ പക്ഷികളുടെ കാഷ്ഠവും അലർജി പ്രവണത ഉള്ളവരിൽ വലിയ തോതിൽ പ്രശ്നങ്ങൾക്കു കാരണമാകാം. മുൻപു സൂചിപ്പിച്ചതുപോലെ കൊറോണ വൈറസിന്റെ ആക്രമണത്തിനു വിധേയമായ ശ്വാസകോശം ഇത്തരം അലർജനുകളോടു അതീതീവ്രമായ പ്രതികരണം കാണിക്കുന്നതുമാകാം.

ADVERTISEMENT

പെറ്റ് ഡാൻഡർ ആണു പ്രധാനമായും അലർജിയുണ്ടാക്കുന്നത്. മൃഗങ്ങളുടെയും പക്ഷികളുടെയും രോമത്തിൽ നിന്നോ തൂവലിൽ നിന്നോ പൊഴിയുന്ന ചർമകോശങ്ങളിൽ നിന്നാണ് പെറ്റ് ഡാൻഡർ വരുന്നത്. ഇതു കൂടാതെ മൃഗങ്ങളുടെ ഉമിനീർ, മൂത്രം, വിസർജ്യങ്ങൾ എന്നിവയിൽ കാണുന്ന പ്രോട്ടീനിനോടും അലർജി വരാം. പക്ഷികളുടെ തൂവലിൽ കാണുന്ന ഒരുതരം പ്രോട്ടീനുകളും അലർജിക്കു കാരണമാകാം.

ഇത്തരം അലർജനുകൾ അതിസൂക്ഷ്മവും ആയതിനാൽ അന്തരീക്ഷത്തിൽ ഏറെ നേരം തങ്ങിനിൽക്കാം. ഇവ വായുവിലൂടെ തുണികളിലും ബെഡിലും ഫർണിച്ചറിലുമെല്ലാം എത്തി അവിടെ തങ്ങിനിന്നു പ്രശ്നമുണ്ടാക്കാം.

ADVERTISEMENT

ഉണങ്ങിയ കാഷ്ഠത്തിൽ നിന്നു സിറ്റക്കോസിസ്

∙ അരുമപക്ഷികളിൽ നിന്നുള്ള ഒരു അപകടമാണ് സിറ്റക്കോസിസ് എന്ന രോഗാവസ്ഥ. പ്രാവുകൾ, തത്തകൾ, ടർക്കി എന്നിവയിൽ നിന്നൊക്കെ മനുഷ്യരിലേക്കു പകരുന്ന രോഗമാണിത്. ക്ലമീഡിയ സിറ്റാക്കി (Chlamidiya Psittaci) എന്ന ബാക്ടീരിയയാണു രോഗകാരണം.

ADVERTISEMENT

പക്ഷികളുടെ ഉണങ്ങിയ കാഷ്ഠത്തിൽ നിന്നുമുള്ള പൊടി വായുവിൽ കലർന്നതു ശ്വസിക്കുന്നതാണു കാരണം. പക്ഷിക്കൂടിനു ചുറ്റുപാടുമായി കാഷ്ഠം കെട്ടിക്കിടക്കുന്ന് ഉണങ്ങുന്നത് ഒഴിവാക്കുക.

∙ കാഷ്ഠം നീക്കുമ്പോൾ കയ്യുറകളും മാസ്കും ധരിക്കുക. പക്ഷിക്കാഷ്ഠത്തിലുള്ള വൈറസുകളും ബാക്ടീരിയയും ഫംഗസുമൊക്കെ ശ്വാസകോശത്തിനു പരിഹരിക്കാനാകാത്ത നാശം വരാം. ശ്വാസകോശത്തിൽ വടുക്കളുണ്ടാകുന്ന ലങ് ഫൈബ്രോസിസ്, ഇന്റർസ്റ്റീഷൽ ലങ് ഡിസീസ് എന്നിവയ്ക്കും ഇതിടയാക്കാം.

ബേഡ് ഫാൻസിയേഴ്സ് ഡിസീസ്

∙ പക്ഷിക്കാഷ്ഠം, തൂവലുകൾ എന്നിവയിലുള്ള ചിലതരം പ്രോട്ടീനുകളോടുള്ള അലർജി കാരണം ഹൈപ്പർസെൻസിറ്റിവിറ്റി ന്യൂമോണൈറ്റിസ് വരാം. ബേഡ് ഫാൻസിയേഴ്സ് ഡിസീസ് എന്നും ഇതിനു പറയുന്നു. കടുത്ത ശ്വാസതടസ്സം, വരണ്ട ചുമ, ക്ഷീണം എന്നിവ ലക്ഷണങ്ങളായുള്ള ഈ രോഗം ഇപ്പോൾ വളരെ കൂടുതലായി കാണുന്നുണ്ട്.

∙ പക്ഷികാഷ്ഠത്തിൽ നിന്നുള്ള ഫംഗസ് കാരണം ശ്വാസകോശത്തിൽ സ്ഥിരമായ വടുക്കളും ശ്വസനപരാജയവും മരണവും വരെ സംഭവിക്കാം. ഈ രോഗാവസ്ഥയ്ക്കു ഹിസ്േറ്റാപ്ലാസ്മോസിസ് എന്നു പറയുന്നു.

അലർജി ലക്ഷണങ്ങൾ

പെറ്റ് അലർജി ഉള്ളവരിൽ മൂക്കൊലിപ്പ്, മൂക്കടപ്പ്, തുമ്മൽ, കണ്ണു ചൊറിച്ചിൽ , കണ്ണിൽ വെള്ളം നിറയുക, ശ്വാസതടസ്സം എന്നീ പ്രശ്നങ്ങൾ വരാം. ആസ്മ പ്രശ്നമുള്ളവരിൽ പെറ്റ് ഡാൻഡർ ആസ്മാരോഗം തീവ്രമാകാൻ ഇടയാക്കാം. ഇത്തരം അലർജിക്കു ജനിതകമായി സാധ്യതയുള്ള അപൂർവം ചിലരിൽ ഇത് ശ്വാസകോശത്തിനു പരിഹരിക്കാനാകാത്ത നാശം വരുത്താം.

പെറ്റ് അലർജനുകളുമായുള്ള സമ്പർക്കം കഴിയുമ്പോൾ ലക്ഷണങ്ങൾ തനിയെ മാറാറുണ്ട്. അരുമകളെ പരിചരിക്കുമ്പോൾ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങൾ മാറ്റുന്നതും കുളിക്കുന്നതും അലർജി ലക്ഷണങ്ങൾ കുറയ്ക്കും. പക്ഷേ ലക്ഷണങ്ങൾ ദിവസങ്ങളോളം നീണ്ടുനിന്നാൽ അലർജി തീവ്രമാണെന്നു മനസ്സിലാക്കാം.

ആന്റി ഹിസ്റ്റമിൻ മരുന്നുകൾ കഴിക്കുന്നത് അലർജി ലക്ഷണങ്ങൾ കുറയ്ക്കും

ഈ കാര്യങ്ങൾ ശ്രദ്ധിക്കാം

അലർജി സാധ്യതയുള്ളവർ അരുമകളുമായുള്ള സമ്പർക്കം ഒഴിവാക്കുകയാണു ശ്വാസകോശ പ്രശ്നങ്ങൾ ഒഴിവാക്കാനുള്ള പ്രധാനമാർഗം. അതു സാധ്യമല്ലെങ്കിൽ കിടപ്പുമുറിയിലും ഫർണിച്ചറുകളിലുമൊക്കെ ഇവയെ കയറ്റുന്നത് ഒഴിവാക്കുക.

∙ അരുമകളെ തലോടുന്നതും കെട്ടിപ്പിടിക്കുന്നതും ചുംബിക്കുന്നതും ഒഴിവാക്കുക.

∙ അരുമകളെ വീട്ടിൽ വളർത്തുന്നവർ ഇടയ്ക്കിടെ മുറിയും ഫർണിച്ചറുകളും കാർപെറ്റുമെല്ലാം വൃത്തിയാക്കുക. ആഴ്ചയിൽ രണ്ടു തവണ വാക്വം ചെയ്യുന്നതു വളരെ ഫലപ്രദമാണ്.

∙ സാധിക്കുമെങ്കിൽ ഹെപ്പാ ഫിൽറ്റർ (High efficiency particular air filter) ഉപയോഗിച്ചു കഴിയുന്നത്ര പെറ്റ് അലർജനുകളെ നീക്കാം.

∙ വളർത്തുമൃഗങ്ങളെ പതിവായി ബ്രഷ് ചെയ്യുകയും കുളിപ്പിക്കുകയും ചെയ്തു വൃത്തിയായി പരിപാലിക്കുക.

∙ അലർജി പ്രകൃതമുള്ള കുട്ടികൾ പൂച്ചയേയും പക്ഷികളയുമൊക്കെ താലോലിക്കാൻ ഇടയായാൽ ഉടൻ തന്നെ കൈ കഴുകിക്കുകയോ കുളിപ്പിക്കുകയോ ചെയ്യുക.

∙ രോമം കുറവാണെങ്കിൽ അലർജി ഉണ്ടാകില്ലെന്നതു മിഥ്യാധാരണയാണ്. രോമം മാത്രമല്ലല്ലോ അലർജി ഉണ്ടാക്കുന്നത്. തീവ്രമായ അലർജി പ്രകൃതമുള്ളവർക്ക് അലർജി ഉണ്ടാക്കാൻ സാധ്യതയില്ലാത്ത തരം അരുമകളെ വളർത്താം. ഉദാഹരണത്തിന്, മീനുകൾ.

വിവരങ്ങൾക്കു കടപ്പാട്

ഡോ. എ. ഫത്താഹുദ്ദീൻ
ഹെഡ്, ശ്വാസകോശരോഗ വിഭാഗം
മെഡി. കോളജ്, തിരുവനന്തപുരം

English Summary:

Pet allergies are becoming more prevalent, especially after the COVID-19 pandemic, with many people adopting pets for companionship. While cats and dogs are common, an increase in keeping birds like pigeons and lovebirds has led to a rise in respiratory issues. Pet dander, shed skin cells from animals and birds, is a primary allergen, as are proteins in saliva, urine, and feces. These microscopic allergens can linger in the air and on surfaces. Bird droppings can transmit diseases like psittacosis, caused by Chlamydia psittaci, potentially leading to severe lung damage. Bird fancier's disease, a hypersensitivity pneumonitis, is also increasingly seen, causing breathing difficulties and fatigue. Allergic reactions manifest as nasal congestion, sneezing, itchy eyes, and worsened asthma symptoms. While symptoms may subside upon leaving the pet's environment, persistent issues indicate a severe allergy. Preventive measures include limiting contact, regular cleaning, using HEPA filters, and grooming pets.

ADVERTISEMENT