ADVERTISEMENT

രീര വേദനയേക്കാൾ മോശപ്പെട്ട ഒരു കാര്യം ഈ ലോകത്തില്ല. വേദനയുടെ മുൻപിൽ ആരും ഹീറോ അല്ല...ഹീറോയേ അല്ല...

ജോർജ് ഒാർവെൽ

ADVERTISEMENT

‘വേദന വേദന ലഹരിപിടിക്കും വേദന, ഞാനതിൽ മുഴുകട്ടെ...’ എന്നു കരൾ പിളർക്കുന്ന മനോവേദനയെക്കുറിച്ചു കവി പാടി. പക്ഷേ, ശാരീരിക വേദന വന്നാൽ എങ്ങനെയെങ്കിലും അതൊന്നു മാറിക്കിട്ടിയാൽ മതി എന്നായിരിക്കും ആരും വിചാരിക്കുക. നമുക്കു ശല്യവും ദുരിതവുമൊക്കെയാണെങ്കിലും വേദനയ്ക്ക് ഒരു ഉദ്ദേശ്യശുദ്ധിയുണ്ട്- നമ്മുടെ ശരീരത്തെ സംരക്ഷിക്കുക എന്നതാണത്. ശരീരത്തിന് എന്തോ ഭീഷണിയുണ്ട് എന്നതിന്റെ മുന്നറിയിപ്പാണു വേദന. അതു ചിലപ്പോൾ അപകടമാകാം, മുറിവാകാം, ആന്തര അവയവങ്ങളുടെ പ്രവർത്തനത്തിൽ വരുന്ന പ്രശ്നങ്ങളുമാകാം...

അയ്യോ...വേദനിക്കുന്നു

ADVERTISEMENT

വേദന ഒരു സങ്കീർണമായ പ്രക്രിയയാണ്. വേദനയുടെ സന്ദേശങ്ങൾ തലച്ചോറിലേക്ക് എത്തുന്നതു പ്രത്യേക നാഡീസ്വീകരണികൾ (പെയിൻ റിസപ്േറ്റഴ്സ്) വഴിയാണ്. ചൂടു കൊണ്ടോ മർദത്താലോ രാസവസ്തുക്കളാലോ ഒക്കെ ഈ നാഡികൾ ഉത്തേജിപ്പിക്കപ്പെടുമ്പോൾ ന്യൂറോട്രാൻസ്മിറ്ററുകൾ എന്ന ചില രാസപദാർഥങ്ങൾ ഉൽപാദിപ്പിക്കപ്പെടുന്നു. നാഡീകോശങ്ങൾ തമ്മിൽ ആശയവിനിമയം നടത്തുന്നതു ന്യൂറോട്രാൻസ്മിറ്ററുകൾ വഴിയാണ്. ഈ രാസപദാർഥങ്ങൾ ശരീരത്തിലെ പെയിൻ റിസപ്റ്ററിൽ നിന്നുള്ള വേദനാസന്ദേശത്തെ സുഷുമ്നാനാഡിയിലേക്ക് എത്തിക്കുന്നു. അവിടെനിന്നും അതു തലച്ചോറിലെ തലാമസിലേക്കെത്തുന്നു. അവിടെ നിന്നും മറ്റു ചില കേന്ദ്രങ്ങളിലേക്കും വേദനയുടെ സിഗ്നൽ എത്തുന്നു. വേദന ഉണ്ട് എന്ന് അറിയുന്നതു തലാമസാണ്. എവിടെയാണു വേദന അനുഭവപ്പെടുന്നത് എന്നു കണ്ടെത്തുന്നതു കോർട്ടക്സ് ആണ്. പല കേന്ദ്രങ്ങളിലെത്തുന്ന വേദനാസന്ദേശങ്ങളെ തലച്ചോർ ക്രോഡീകരിച്ചു വിശകലനം ചെയ്യുന്നു. എന്നിട്ട് അതനുസരിച്ച് ഒരു പ്രതികരണം രൂപപ്പെടുത്തുന്നു.

നാഡികളിൽ നിന്നുള്ള സന്ദേശത്തോടൊപ്പം മാനസികവും വൈകാരികവുമായ ചില ഘടകങ്ങളും കണക്കിലെടുത്താണു തലച്ചോറു വേദനയോടുള്ള വൈകാരിക പ്രതികരണം രൂപപ്പെടുത്തുക. ഇത് ഒാരോ വ്യക്തിയിലും വ്യത്യസ്തമായിരിക്കും. ഒാരോരുത്തരിലും ഉൽപാദിപ്പിക്കപ്പെടുന്ന ന്യൂറോട്രാൻസ്മിറ്റർ അളവും വ്യത്യസ്തമാണ്. അതുകൊണ്ടാണു ഒരേ വേദന തന്നെ പലരിലും പല തീവ്രതയിൽ അനുഭവപ്പെടുക. ഒരു വ്യക്തിയുടെ ജനിതക ഘടനയും വേദനാ സംവേദനത്തെ സ്വാധീനിക്കുന്നതായി പഠനങ്ങൾ പറയുന്നു.

ADVERTISEMENT

പലതരം, പല സ്വഭാവം

വേദന പലതരത്തിലുണ്ട്.

∙ സൊമാറ്റിക് അഥവാ ചർമത്തെയോ അസ്ഥിÐപേശീ കലകളെയോ ബാധിക്കുന്നത്. ഇതു പലപ്പോഴും തുളഞ്ഞുകയറുന്ന തരമോ തുടിക്കുന്നതോ ആയ വേദനയാകാം. ചർമത്തിൽ നീർക്കെട്ടു വരാം. പേശികളിൽ തൊടുമ്പോൾ വേദന വരാം. വിശ്രമിക്കുമ്പോൾ മാറും. അസ്ഥിവേദന അതിതീവ്രമായിരിക്കും. തൊടുമ്പോൾ വേദനയും അസ്വാസ്ഥ്യവും തോന്നാം.

∙ വിസറൽ- ആന്തരിക അവയവങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടർന്നു വരുന്ന കടുത്ത വേദന.

∙ ന്യൂറോപതിക്- പെരിഫറൽ നാഡികൾക്കു നാശം സംഭവിക്കുന്നതിനെ തുടർന്നു വരാം. നട്ടെല്ലിലെ ഡിസ്ക് തള്ളി നാഡികളിൽ അമരുമ്പോൾ വേദന വരാം. കറണ്ടടിക്കുന്നതു പോലെയോ പൊള്ളുന്ന തുപോലെയോ കുത്തുന്നതുപോലെയോ ഉള്ള വേദനയായിരിക്കും. ഡിസ്ക് വേദന ചുമച്ചാൽ കൂടാം.

പെട്ടെന്നു വരാം

വേദന പെട്ടെന്നു വരാം (Acute pain) നീണ്ടുനിൽക്കുകയുമാകാം (Chronic Pain). പൊള്ളലോ മുറിവോ പോലെയുള്ള പരുക്കുകളാകാം പെട്ടെന്നു വേദന വരാനുള്ള സാധാരണകാരണം. പരുക്കു സുഖമാകുമ്പോൾ വേദനയും മാറും. എന്നാൽ ചിലരിൽ പരുക്കു സുഖമായാലും വേദന മാറാതെ നിൽക്കാം.

മൂന്നു മുതൽ ആറു മാസം വരെ വേദന നീണ്ടുനിൽക്കുകയാണെങ്കിൽ അതിനെ ക്രോണിക് പെയിൻ എന്നു കരുതാറുണ്ട്. വാതം, അർബുദം പോലെയുള്ള ആരോഗ്യപ്രശ്നങ്ങളുടെ ഭാഗമായി വേദന മാറാതെ നിൽക്കാം. ഇതിനു മരുന്നുകൾ, ഫിസിക്കൽ തെറപ്പി, ജീവിതരീതി മാറ്റങ്ങൾ, വ്യായാമം എന്നിങ്ങനെ പല തലത്തിലുള്ള ചികിത്സകൾ വേണ്ടിവരാം.

മനസ്സുണ്ടാക്കും വേദന

ചിലരിൽ ശാരീരികമായ ഒരു കാരണവുമില്ലെങ്കിലും വേദന അനുഭവപ്പെടാം. വിഷാദരോഗം പോലെയുള്ള മാനസിക പ്രശ്നങ്ങളാകാം കാരണം. ഫൈബ്രോമയാൽജിയ എന്ന പേശീവേദനയ്ക്കും കുറച്ചു മാനസിക ബന്ധമുണ്ട്. പക്ഷേ, മാനസിക കാരണങ്ങളാലുള്ള വേദനയാണ് എന്ന് ഉറപ്പിക്കും മുൻപു രോഗിക്കു ശാരീരികമായി ഒരു പ്രശ്നവുമില്ല എന്ന് ഉറപ്പാക്കണം. അതിനു രോഗചരിത്രം കേൾക്കണം. ശാരീരിക പരിശോധന നടത്തണം. അത്യാവശ്യം രക്തപരിശോധനകളോ എക്സ് റേയോ സ്കാനിങ്ങോ ഒക്കെ ചെയ്ത് രോഗമൊന്നുമില്ല എന്ന് ഉറപ്പാക്കണം.

വേദനയെ ചികിത്സിക്കരുത് !

വേദനകളുടെ കാരണം കണ്ടെത്തുന്നതിന് ഏറ്റവും പ്രധാനം രോഗചരിത്രം ശ്രദ്ധാപൂർവം കേൾക്കുകയാണ്. രോഗിയെ കേട്ടിരിക്കുമ്പോൾ തന്നെ രോഗനിർണയം 80 ശതമാനവും കിട്ടിക്കഴിഞ്ഞിരിക്കും. ഒരിക്കൽ ഉദരത്തിൽ കരളിന്റെ ഭാഗത്തു വേദനയുമായി ഒരു രോഗി വന്നു. മദ്യപനാണ്. ആദ്യമൊരു ഡോക്ടറെ കാണിച്ചപ്പോൾ കരളിൽ ആബ്‌സസ് ആകാം എന്നായിരുന്നു കണ്ടെത്തൽ. അയാളോടു സംസാരിക്കവേ ‘ഉറങ്ങാൻ പോയപ്പോൾ ഒരു കുഴപ്പവുമില്ലായിരുന്നു. രാത്രി ഒരു മണിക്കു പെട്ടെന്നു വേദന വന്നു’ എന്നയാൾ പറഞ്ഞു. അതു മനസ്സിൽ തട്ടി. ലിവർ ആബ്‌സസസിന്റെ വേദന അങ്ങനെ ഒരു ദിവസം പെട്ടെന്നങ്ങുണ്ടാകില്ല. സംശയം ഉറപ്പിക്കാൻ ഇസിജി എടുത്തുവരാൻ ‌അയച്ചു. ഫലം വന്നപ്പോൾ ഹൃദയാഘാതമാണ്.

രണ്ടാമത്തെ പ്രധാന കാര്യം, ഏതുതരം ആണെങ്കിലും വേദനയെ ചികിത്സിച്ചു കൊണ്ടിരിക്കരുത്. അതിന്റെ അടിസ്ഥാന കാരണം കണ്ടുപിടിച്ചു വേരോടെ പിഴുതു മാറ്റണം.

ചില വേദന വന്നങ്ങുപോകും. വേദന മാറിയല്ലൊ എന്നോർത്തു നമ്മളും അതു മറക്കും. പക്ഷേ, അസാധാരണമായി തോന്നുന്ന ഏതു വേദനയും ‍നിസ്സാരമാക്കരുത്. ഉദാഹരണത്തിന്, കയറ്റം കയറുമ്പോഴോ വ്യായാമം ചെയ്യുമ്പോഴോ മാത്രം വന്നുപോകുന്ന വേദന ആൻജൈന എന്ന ഹൃദയവുമായി ബന്ധപ്പെട്ടതാകാം.

pain-scale
വേദന അളക്കാൻ സ്കെയിൽ

വേദന ഇവിടെ, കാരണം അവിടെ

ചിലപ്പോൾ യഥാർഥത്തിൽ പ്രശ്നമുള്ള ഭാഗത്തല്ലാതെ മറ്റൊരു സ്ഥാനത്തു വേദന അനുഭവപ്പെടാം. ഇതിനെയാണു റെഫേഡ് പെയിൻ എന്നു പറയുന്നത്. ശരീരത്തിലെ നാഡീഞരമ്പുകളെല്ലാം പരസ്പരം ബന്ധിതമായതു കൊണ്ടുള്ള പ്രശ്നമാണിത്. ഏറ്റവും സാധാരണമായ ഒരു ഉദാഹരണം പറയാം. വാരിയെല്ലിനു തൊട്ടുതാഴെ, മുകൾവയറിലെ എപ്പിഗ്യാസ്ട്രൽ ഭാഗത്ത് അനുഭവപ്പെടുന്ന വേദനയുടെ കാരണങ്ങൾ ആസിഡ് റിഫ്ളക്സ് മുതൽ പാൻക്രിയാറ്റൈറ്റിസ് വരെയാകാം. പെട്ടെന്ന് അനുഭവപ്പെടുന്ന എപ്പിഗ്യാസ്ട്രിക് വേദന ഹൃദയാഘാതത്തിന്റെയുമാകാം. ഇതേപോലെ തന്നെ ഹൃദയാഘാതത്തിന്റെ ലക്ഷണമായി താടിയെല്ലിനു വേദന വരാം, തോളിൽ വേദന വരാം. മണിബന്ധത്തിൽ വേദന വരാം.

വേദനയുടെ സ്വഭാവം (പൊള്ളുന്നതുപോലെ/മറ്റു സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്നത്/ തുളച്ചുകയറുന്നതുപോലെ), ഒപ്പം പ്രകടമാകുന്ന മറ്റു ലക്ഷണങ്ങൾ എന്നിവ കൂടി കണക്കിലെടുത്തു ചിന്തിക്കുമ്പോൾ അതു റെഫേഡ് പെയിൻ ആണോ അല്ലയോ എന്നു ഡോക്ടർക്കു മനസ്സിലാക്കാനാകും.

വേദനിക്കാത്ത മനുഷ്യരുമുണ്ട്

എന്തെങ്കിലും കാരണം കൊണ്ടു വേദന അറിയാൻ സാധിക്കാത്ത അവസ്ഥ വന്നാലോ? സംഗതി കൊള്ളാമല്ലൊ എന്നൊക്കെ തോന്നാം. പക്ഷേ, വേദനയില്ലാതെ വന്നാൽ മുറിവുകളോ പരുക്കോ പറ്റിയാലോ കോശങ്ങൾക്കു കേടുപാടു വന്നാലോ നമുക്ക് അറിയാനാകില്ല. അതു വലിയ സങ്കീർണതകളിലേക്കു നയിക്കും. സത്യത്തിൽ വേദന ഒരു അനുഗ്രഹമാണ്.

ചിലർക്കു ജന്മനാ വേദന അറിയാൻ വയ്യാത്ത അവസ്ഥയുണ്ടാകാം. ഇതിനു കൺജനിറ്റൽ ഇൻസെൻസിറ്റിവിറ്റി ഒഫ് പെയിൻ എന്നു പറയുന്നു. ജന്മനാ തന്നെ പെരിഫറൽ നാഡിക്കു പ്രവർത്തനം കുറവോ തകരാറോ വരുന്നവരിലാണ് ഈ അവസ്ഥ കാണുന്നത്. കുഷ്ഠരോഗമുള്ളവരിൽ വേദന അറിയാനുള്ള കഴിവുണ്ടാകില്ല. സുഷുമ്നാനാഡിയിൽ സിസ്റ്റ് വരുന്ന സിറിങ്ഗോമയലിയ (Syringomyelia) എന്ന രോഗാവസ്ഥയിലും വേദന അറിയാൻ കഴിയാതെ വരാറുണ്ട്.

മറക്കരുതാത്തത്

∙ ഇതുവരെ അനുഭവപ്പെട്ടിട്ടില്ലാത്തത്ര ശക്തമായ വേദന വന്നാൽ തീർച്ചയായും നിസ്സാരമാക്കരുത്‌. ഡോക്ടറെ കാണണം.

∙ നടുവേദന കാരണം രാത്രി ഉറങ്ങാൻ പറ്റാതെ വരിക, ഭാരം കുറയുക എന്നിവ കൂടിയുണ്ടെങ്കിൽ ഗുരുതര രോഗ സൂചനയാകാം.

∙ വന്നുപോകുന്ന വേദന ആയാലും അപകടം ഉള്ളതാണോ എന്ന് ഉറപ്പിക്കേണ്ടതു പ്രധാനമാണ്.

∙ വേദനയെ ചികിത്സിക്കരുത്. വേദനാസംഹാരികളും ബാമുകളും ഒായിൻമെന്റുകളും താൽക്കാലിക ശമനമേ നൽകൂ. എന്തു കാരണം കൊണ്ടാണു വേദന വരുന്നത് എന്നറിയണം. അതു പരിഹരിക്കണം.

ഡോ. ആർ. എൻ. ശർമ

പ്രഫസർ, ജനറൽ മെഡിസിൻ പുഷ്പഗിരി മെഡി. കോളജ്, തിരുവല്ല

English Summary:

Pain is a complex process that signals a threat to the body, originating from specialized nerve receptors and transmitted through the nervous system to the brain for analysis and response. Different types of pain exist, including somatic, visceral, and neuropathic, each with distinct characteristics and causes. While acute pain is typically short-lived, chronic pain can persist for months or even years, often requiring multifaceted treatment approaches. Psychological factors can also contribute to perceived pain, emphasizing the importance of a thorough diagnosis. Understanding the underlying cause of pain, rather than merely treating its symptoms, is crucial for effective management and long-term recovery.

ADVERTISEMENT