രണ്ടുവർഷത്തോളമായി തുടർച്ചയായ വയറുവേദനയും വയറിളക്കവും അനുഭവപ്പെടുന്നു എന്ന പ്രശ്നവുമായാണ് ആ 42 വയസ്സുകാരൻ വന്നത്. പ്രത്യേകിച്ച് ഓഫീസിലേക്കു പോകുന്നതിനു മുൻപും, മീറ്റിങ്ങുകൾ പോലുള്ള സമ്മർദസാഹചര്യങ്ങളിലും വയറുവേദന, ടോയ്‌ലറ്റിൽ പോകാനുള്ള തോന്നൽ എന്നിവ രൂക്ഷമാണ്. അർബുദമാണോ എന്നു പോലും ഭയന്നു. പക്ഷേ, ഐബിഎസ് ആണെന്നു പരിശോധനയിൽ തെളിഞ്ഞു.
എന്താണ് ഐബിഎസ് ?
ഇന്നത്തെ തിരക്കേറിയ ജീവിത
ശൈലിയിൽ, മാനസിക സമ്മർദവും ക്രമരഹിതമായ ഭക്ഷണശീലങ്ങളും കാരണം വർധിച്ചുവരുന്ന ഒരു ആരോഗ്യപ്രശ്നമാണ് ഐബിഎസ് (Irritable Bowel Syndrome). ഇതൊരു ജീവൻ അപകടപ്പെടുത്തുന്ന രോഗമല്ല.
എങ്കിലും, സ്ഥിരമായ വയറുവേദന,
വയറിളക്കം, മലബന്ധം തുടങ്ങിയ
പ്രശ്നങ്ങൾ വ്യക്തിയുടെ ആത്മവിശ്വാസത്തെയും സാമൂഹികജീവിതത്തെയും ബാധിക്കും.
കുടലുകളുടെ പ്രവർത്തന തകരാറു കാരണമുണ്ടാകുന്ന ഒരു രോഗാവസ്ഥയാണ് ഐബിഎസ്. കുടലുകൾക്കു ഘടനാപരമായ കേടുപാടുകളോ അൾസറുകളോ അണുബാധയോ ഉണ്ടാകില്ല. എന്നാൽ, കുടലുകളുടെ ചലനക്രമവും (motility), നാഡീപ്രവർത്തനവും, സംവേദന ശേഷിയും (Visceral sensitivity) സാധാരണ
നിലയിൽ നിന്നു വ്യത്യസ്തമായിരിക്കും. അതുകൊണ്ട് ഐബിഎസിനെ ഫങ്ഷനൽ ഗ്യാസ്ട്രോ ഇന്റസ്‌റ്റൈനൽ ഡിസോഡർ (FGID) എന്ന വിഭാഗത്തിലാണ് ഉൾപ്പെടുത്തുന്നത്.
പല ഘടകങ്ങളും ചേർന്നാണ് ഐബിഎസ് ഉണ്ടാകുന്നത്. കുടലുകളുടെ അമിത സംവേദനശേഷി (Visceral Hypersensitivity), ചലനത്തിലെ ക്രമക്കേട് (Changes in GI mobility), കുടലിലെ നല്ല ബാക്ടീരിയകളുടെ അസന്തുലിതാവസ്ഥ (Dysbiosis), മുൻകാല കുടൽ അണുബാധകൾ, ഹോർമോൺ വ്യതിയാനങ്ങൾ, ജനിതക ഘടകങ്ങൾ എന്നിവയൊക്കെ ഐബിഎസിനു കാരണമാകാം.
മാനസികസമ്മർദം വില്ലൻ
കുടലിനെ ‘രണ്ടാമത്തെ മസ്തിഷ്കം’ (Second Brain) എന്നു വിളിക്കാറുണ്ട്. ഇതു ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്. കുടലുകളിലെ നാഡീജാലം (Enteric Nervous System) നേരിട്ട് മസ്തിഷ്കവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നു. ഈ ബന്ധത്തെ ഗട്ട്–ബ്രെയിൻ ആക്സിസ് എന്നു വിളിക്കുന്നു. മാനസികസമ്മർദം കുടലുകളുടെ ചലനം വേഗത്തിലാക്കുകയോ മന്ദഗതിയിലാക്കുകയോ ചെയ്യും. ഉത്കണ്ഠയും വിഷാദവും ഐബി
എസ് ലക്ഷണങ്ങൾ വർധിപ്പിക്കും.
∙ ഐബിഎസ് ഉള്ളവരിൽ കുടലിലെ ചെറിയ വ്യതിയാനങ്ങൾ പോലും ശക്തമായ വേദനയായി അനുഭവപ്പെടും. അതുകൊണ്ടു തന്നെ ഐബിഎസ് ഒരു മാനസിക–ശാരീരിക സംയുക്ത രോഗം ആണെന്ന് ഇന്നു വൈദ്യശാസ്ത്രം അംഗീകരിക്കുന്നു.
∙ ഐബിഎസിനു പ്രത്യേക പരിശോധനയില്ല. ലക്ഷണങ്ങൾ, രോഗചരിത്രം, ചില രക്തപരിശോധനകൾ, ഗുരുതര രോഗങ്ങൾ ഒഴിവാക്കാനുള്ള പരിശോധനകള്‍ എന്നിവ വഴി രോഗം നിർണയിക്കുന്നു.
∙ ലക്ഷണ നിയന്ത്രണമാണു പ്രധാന ചികിത്സ. ഐബിഎസ് പൂർണമായി സുഖപ്പെടുത്താനാകില്ല. എന്നാൽ ലക്ഷണങ്ങൾ നിയന്ത്രിച്ചു സാധാരണ ജീവിതം നയിക്കാൻ കഴിയും. വയറുവേദന കുറയ്ക്കുന്ന മരുന്നുകൾ, വയറിളക്ക നിയന്ത്രണ മരുന്നുകൾ, മലബന്ധം കുറയ്ക്കുന്ന മരുന്നുകൾ, പ്രോബയോട്ടിക്കുകൾ എന്നിവ ആവശ്യാനുസരണം ഉപയോഗിക്കണം. ചിലരിൽ മാനസിക സമ്മർദം കുറയ്ക്കാൻ മനശ്ശാസ്ത്ര ഇടപെടലുകളും മരുന്നുകളും വേണ്ടിവരും.
ശീലിക്കാം ഈ രീതികൾ
∙ ഭക്ഷണശീലം–കഴിവതും ഒരേ സമയത്തു ഭക്ഷണം കഴിക്കാൻ ശ്രമിക്കുക. അമിത മസാലയും എണ്ണയും ഒഴിവാക്കുക. കഫീൻ, കാർബണേറ്റഡ് പാനീയങ്ങൾ നിയന്ത്രിക്കുക. ഭക്ഷണം നന്നായി ചവച്ചരച്ചു കഴിക്കുക.
വ്യക്തിപരമായി പ്രശ്നമുണ്ടാക്കുന്ന ഭക്ഷണങ്ങൾ തിരിച്ചറിയുക. ഇതു വളരെ പ്രധാനപ്പെട്ട കാര്യമാണ്. എല്ലാവരിലും ഒരേ ഭക്ഷണം പ്രശ്നം ഉണ്ടാക്കണമെന്നില്ല.
ഉദാഹരണം: പാൽ വയറിളക്കം ഉള്ള രോഗികൾ ഒഴിവാക്കുന്നതു നല്ലതാണ്. കിഴങ്ങ് / കപ്പ ചിലർക്കു പ്രശ്നം ഉണ്ടാക്കാം. എന്നാൽ എല്ലാവർക്കുമില്ല. അതിനാൽ, സ്വന്തം ശരീരത്തിന്റെ പ്രതികരണം ശ്രദ്ധിച്ച്, പ്രശ്നം ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ തിരിച്ചറിഞ്ഞ് ഒഴിവാക്കുക.
∙ യോഗ, ധ്യാനം, ശ്വസന വ്യായാമങ്ങൾ, മതിയായ വിശ്രമം എന്നിവ വഴി മനസ്സു ശാന്തമാക്കി വയ്ക്കാം.
∙ ദിവസേന ലഘുവായ വ്യായാമങ്ങൾ, നടപ്പ്, യോഗ എന്നിവ ചെയ്യാം.
∙ നന്നായി ഉറങ്ങുക. ഉറക്കക്കുറവ് ലക്ഷണങ്ങൾ വർധിപ്പിക്കാം.
അവഗണിക്കരുത്
ഐബിഎസ് എന്നു സംശയിക്കുന്ന സാഹചര്യത്തിൽ താഴെ പറയുന്ന ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ഡോക്ടറെ കാണണം.
∙ അകാരണമായ ഭാരക്കുറവ്
∙ രക്തം കലർന്ന മലം
∙ രാത്രി തുടർച്ചയായ വയറിളക്കം
∙ സ്ഥിരമായ പനി
മുൻപു സൂചിപ്പിച്ച രോഗിക്കു മരുന്നുകൾക്കൊപ്പം ജീവിതശൈലീ ക്രമീകരണങ്ങളും സമ്മർദം കൈകാര്യം ചെയ്യാൻ ശ്വസന വ്യായാമങ്ങളും നിർദേശിച്ചു. അർബുദ ഭീതി വിട്ടകന്ന അദ്ദേഹം നിർദേശങ്ങൾ കൃത്യമായി പാലിച്ചതോടെ 6–8 ആഴ്ചയ്ക്കുള്ളിൽ ലക്ഷണങ്ങളൊക്കെ നിയന്ത്രണത്തിലായി.