ADVERTISEMENT

“ഡോക്ടർ, ഓപ്പറേഷൻ കഴിഞ്ഞാൽ എന്റെ ശബ്ദം മാറുമോ?”തൈറോയ്ഡ് ശസ്ത്രക്രിയ നിർദേശിക്കപ്പെടുമ്പോൾ മിക്ക രോഗികളും ആദ്യം ചോദിക്കുന്ന ചോദ്യമാണിത്. ആശങ്ക സ്വാഭാവികമാണ്. കാരണം, ശബ്ദം വെറുമൊരു ശബ്ദമല്ല. അത് നമ്മുടെ വ്യക്തിത്വത്തിന്റെയും തൊഴിലിന്റെയും ആത്മവിശ്വാസത്തിന്റെയും ഭാഗമാണ്.
കഴുത്തിന്റെ മുൻഭാഗത്തു ചിത്രശലഭത്തിന്റെ ആകൃതിയിൽ സ്ഥിതിചെയ്യുന്ന ചെറിയൊരു ഗ്രന്ഥിയാണ് തൈറോയ്ഡ്. വലുപ്പത്തിൽ ചെറുതാണെങ്കിലും ശരീരത്തിന്റെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതിൽ അതിന് വലിയ പങ്കുണ്ട്. അതിന്റെ തൊട്ടരികിലൂടെയാണ് ശബ്ദത്തെ നിയന്ത്രിക്കുന്ന നാഡികൾ കടന്നുപോകുന്നത്. ശരീരത്തിലെ കാൽസ്യം നിയന്ത്രിക്കുന്ന, കടുകുമണിയോളം മാത്രം വലുപ്പമുള്ള പാരാതൈറോയ്ഡ് ഗ്രന്ഥികളും തൈറോയ്ഡിനോട് ചേർന്നാണ് കാണപ്പെടുന്നത്.
അതുകൊണ്ടുതന്നെ തൈറോയ്ഡ് ശസ്ത്രക്രിയ എന്നത് ഒരു മുഴ നീക്കം ചെയ്യുക മാത്രമല്ല. രോഗം ചികിത്സിക്കുന്നതിനൊപ്പം ശബ്ദവും കാൽസ്യത്തിന്റെ സന്തുലിതാവസ്ഥയും ശ്വാസസുരക്ഷയും സംരക്ഷിക്കേണ്ട അതിസൂക്ഷ്മമായ ശസ്ത്രക്രിയയാണിത്.

എല്ലാ മുഴകൾക്കും ശസ്ത്രക്രിയ വേണ്ട
അൾട്രാസൗണ്ട് പരിശോധനയിൽ തൈറോയ്ഡ് മുഴ കണ്ടെത്തിയാൽ പലരും പരിഭ്രമിക്കാറുണ്ട്. എന്നാൽ ഭൂരിഭാഗം തൈറോയ്ഡ് മുഴകളും കാൻസറല്ല. അവയിൽ പലതും മരുന്നുപോലും ആവശ്യമില്ലാതെ കൃത്യമായ ഇടവേളകളിൽ പരിശോധിച്ചാൽ മാത്രം മതിയാകും. ശസ്ത്രക്രിയ വേണമോ എന്നു തീരുമാനിക്കുന്നതിനു മുൻപ് രോഗലക്ഷണങ്ങൾ, തൈറോയ്ഡ് ഹോർമോൺ പരിശോധന, നല്ലൊരു അൾട്രാസൗണ്ട്, ആവശ്യമായിടത്ത് സൂചിപരിശോധന അഥവാ FNAC എന്നിവ വിലയിരുത്തണം. മുഴയുടെ വലുപ്പം മാത്രമല്ല, അതിന്റെ രൂപം, വളർച്ച, സമീപത്തുള്ള ലിംഫ് ഗ്രന്ഥികൾ, രോഗിയുടെ പ്രായം, കുടുംബചരിത്രം, ശബ്ദത്തിലെ മാറ്റം എന്നിവയും പ്രധാനമാണ്.

എപ്പോഴാണ് ശസ്ത്രക്രിയ ?
സൂചിപരിശോധനയിൽ തൈറോയ്ഡ് കാൻസർ ഉറപ്പായാൽ സാധാരണയായി ശസ്ത്രക്രിയ ആവശ്യമായി വരും. പരിശോധനയിൽ കാൻസർ ശക്തമായി സംശയിക്കപ്പെടുന്ന മുഴകൾക്കും ശസ്ത്രക്രിയ നിർദേശിക്കാം.
ചിലപ്പോൾ സൂചിപരിശോധന വ്യക്തമായ ഉത്തരം നൽകില്ല. അത്തരം സാഹചര്യങ്ങളിൽ അൾട്രാസൗണ്ടിലെ സംശയകരമായ ലക്ഷണങ്ങൾ, മുഴയുടെ വളർച്ച, വലുപ്പം, കുടുംബചരിത്രം എന്നിവ പരിഗണിച്ചാണ് തീരുമാനം. കാൻസർ കഴുത്തിലെ ലിംഫ് ഗ്രന്ഥികളിലേക്ക് പടർന്നിട്ടുണ്ടെങ്കിൽ അവയും ശസ്ത്രക്രിയയിൽ നീക്കം ചെയ്യേണ്ടിവരാം.

ADVERTISEMENT

കാൻസർ എന്ന വാക്ക് കേട്ടാൽ മുഴുവൻ തൈറോയ്ഡും നീക്കം ചെയ്യണമെന്നില്ല. ചെറിയതും ഒരുവശത്ത് മാത്രം ഒതുങ്ങിയതുമായ, പുറത്തേക്ക് പടരാത്ത ചില കാൻസറുകൾക്ക് തൈറോയ്ഡിന്റെ ഒരു ഭാഗം മാത്രം നീക്കം ചെയ്താൽ മതിയാകും.

വലിയ മുഴ കാരണം ബുദ്ധിമുട്ടുണ്ടാകുമ്പോൾ.
കാൻസറല്ലെങ്കിലും ഒരു വലിയ തൈറോയ്ഡ് മുഴയോ ഗോയിറ്ററോ താഴെപ്പറയുന്ന പ്രശ്നങ്ങൾ ഉണ്ടാക്കുന്നുവെങ്കിൽ ശസ്ത്രക്രിയ വേണ്ടിവരാം:
* ഭക്ഷണമോ ഗുളികയോ ഇറക്കാൻ ബുദ്ധിമുട്ട്
* ശ്വാസതടസ്സം
* കിടക്കുമ്പോൾ കഴുത്തിൽ ഞെരുക്കം
* ശ്വാസനാളം ഒരു വശത്തേക്ക് മാറുക
* കഴുത്തിലെ വീക്കം തുടർച്ചയായി വലുതാകുക
* ശബ്ദത്തിൽ പുതിയ മാറ്റം
* തൈറോയ്ഡ് നെഞ്ചിനുള്ളിലേക്ക് വളരുക
* പ്രകടമായ വീക്കം കാരണം സൗന്ദര്യപരമോ മാനസികമോ ആയ ബുദ്ധിമുട്ട്
മുഴയ്ക്ക് നാല് സെന്റിമീറ്ററിലധികം വലുപ്പമുണ്ടെങ്കിൽ ശസ്ത്രക്രിയ പരിഗണിക്കാം. എന്നാൽ വലുപ്പം മാത്രം ശസ്ത്രക്രിയയുടെ കാരണം ആകരുത്. രോഗലക്ഷണങ്ങളും പരിശോധനാഫലങ്ങളും കൂടി പരിശോധിച്ചാണ് അന്തിമ തീരുമാനമെടുക്കേണ്ടത്.

ADVERTISEMENT

തൈറോയ്ഡ് അമിതമായി പ്രവർത്തിക്കുന്ന പല രോഗികളെയും മരുന്നോ റേഡിയോആക്ടീവ് അയോഡിൻ ചികിത്സയോ ഉപയോഗിച്ച് നിയന്ത്രിക്കാം. എന്നാൽ ചില സാഹചര്യങ്ങളിൽ ശസ്ത്രക്രിയയാണ് കൂടുതൽ അനുയോജ്യം.

മരുന്നിലൂടെ രോഗം നിയന്ത്രിക്കാനാകാത്തത്, മരുന്നിന്റെ ഗുരുതര പാർശ്വഫലങ്ങൾ, വലിയ ഗോയിറ്റർ, ശ്വാസമോ വിഴുങ്ങലോ സംബന്ധിച്ച ബുദ്ധിമുട്ട്, കാൻസർ സംശയമുള്ള മുഴ, കണ്ണിനെ ബാധിക്കുന്ന ഗുരുതരമായ തൈറോയ്ഡ് രോഗം തുടങ്ങിയവയാണ് പ്രധാന കാരണങ്ങൾ.

ADVERTISEMENT

ഒരു വശത്തു മാത്രം ഹോർമോൺ അധികമായി ഉൽപാദിപ്പിക്കുന്ന മുഴയാണെങ്കിൽ ആ ഭാഗം മാത്രം നീക്കം ചെയ്താൽ മതിയാകാം. എന്നാൽ ഇരുവശത്തും രോഗമുണ്ടെങ്കിലോ ഗ്രേവ്സ് രോഗത്തിനു ശസ്ത്രക്രിയ തിരഞ്ഞെടുക്കുകയാണെങ്കിലോ സാധാരണയായി മുഴുവൻ തൈറോയ്ഡും നീക്കം ചെയ്യേണ്ടിവരും.

തൈറോയ്ഡ് സിസ്റ്റിലെ ദ്രാവകം നീക്കിയ ശേഷവും വീണ്ടും വീണ്ടും നിറയുകയോ, വേദന, വിഴുങ്ങൽ പ്രശ്നം, രക്തസ്രാവം, പ്രകടമായ വീക്കം എന്നിവ ഉണ്ടാക്കുകയോ ചെയ്താൽ ശസ്ത്രക്രിയ പരിഗണിക്കാം.

ഒരുവശം മാത്രം നീക്കം ചെയ്യുന്നത് എപ്പോൾ?
തൈറോയ്ഡിന്റെ രോഗമുള്ള ഒരു വശം മാത്രം നീക്കം ചെയ്യുന്നതിനെയാണ് ‘ഹേമിതൈറോയ്ഡക്ടമി’ എന്നു പറയുന്നത്.
താഴെപ്പറയുന്ന സാഹചര്യങ്ങളിൽ ഇത് മതിയായേക്കാം:
* ഒരു വശത്ത് മാത്രം ഉള്ള, ബുദ്ധിമുട്ടുണ്ടാക്കുന്ന സാധാരണ മുഴ
* ഒരു വശത്ത് മാത്രം ഉള്ള ഹോർമോൺ ഉൽപാദിപ്പിക്കുന്ന മുഴ
* സൂചിപരിശോധനയിൽ വ്യക്തത ലഭിക്കാത്ത ചില മുഴകൾ
* ഒരു വശത്തു മാത്രം ഒതുങ്ങിയ ചെറിയ, കുറഞ്ഞ അപകടസാധ്യതയുള്ള കാൻസർ
* കഴുത്തിലെ ലിംഫ് ഗ്രന്ഥികളിലേക്കോ തൈറോയ്ഡിന് പുറത്തേക്കോ പടർന്നിട്ടില്ലാത്ത ചില കാൻസറുകൾ

രണ്ടു സെന്റിമീറ്റർ വരെ വലുപ്പമുള്ള, ഒരുവശത്തു മാത്രം ഒതുങ്ങിയ, പടരാത്ത ചില തൈറോയ്ഡ് കാൻസറുകൾക്ക് ഒരുവശം മാത്രം നീക്കം ചെയ്യുന്നതു മതിയായ ചികിത്സയായേക്കാം. രണ്ടു മുതൽ നാലു സെന്റിമീറ്റർ വരെയുള്ള ചില കാൻസറുകളിൽ ഒരുവശം മാത്രം നീക്കണമോ മുഴുവനായി നീക്കണമോ എന്നത് രോഗത്തിന്റെ സ്വഭാവവും രോഗിയുടെ മുൻഗണനയും കണക്കിലെടുത്താണ് തീരുമാനിക്കുന്നത്.

ശസ്ത്രക്രിയയ്ക്കുശേഷം ലഭിക്കുന്ന അന്തിമ പരിശോധനയിൽ പ്രതീക്ഷിച്ചതിനെക്കാൾ ഗുരുതരമായ കാൻസർ കണ്ടെത്തിയാൽ ശേഷിക്കുന്ന തൈറോയ്ഡും പിന്നീട് നീക്കം ചെയ്യേണ്ടിവരാം. മറുവശത്തെ തൈറോയ്ഡിൽ ഭാവിയിൽ പുതിയ മുഴകൾ ഉണ്ടാകാനും സാധ്യതയുള്ളതിനാൽ തുടർപരിശോധന നിർബന്ധമാണ്

മുഴുവൻ തൈറോയ്ഡും നീക്കം ചെയ്യുന്നത് എപ്പോൾ?
ഇരുവശത്തെയും തൈറോയ്ഡ് നീക്കം ചെയ്യുന്നതിനെയാണ് ‘ടോട്ടൽ തൈറോയ്ഡക്ടമി’ എന്നു പറയുന്നത്.
താഴെപ്പറയുന്ന സാഹചര്യങ്ങളിൽ ഇത് സാധാരണയായി ആവശ്യമായി വരും:
* നാല് സെന്റിമീറ്ററിനു മുകളിലുള്ള തൈറോയ്ഡ് കാൻസർ
* തൈറോയ്ഡിന് പുറത്തേയ്ക്കു വളർന്ന കാൻസർ
* കഴുത്തിലെ ലിംഫ് ഗ്രന്ഥികളിലേയ്ക്കു പടർന്ന കാൻസർ
* ഇരുവശത്തും പ്രധാനപ്പെട്ട മുഴകളോ കാൻസറോ ഉള്ളത്
* ചില പ്രത്യേകതരം തൈറോയ്ഡ് കാൻസറുകൾ
* ഇരുവശത്തും ഹോർമോൺ അധികമായി ഉൽപാദിപ്പിക്കുന്ന മുഴകൾ
* ശസ്ത്രക്രിയ ആവശ്യമായ ഗ്രേവ്സ് രോഗം
* വലിയതോ നെഞ്ചിനുള്ളിലേയ്ക്കു വളർന്നതോ ആയ ഗോയിറ്റർ
* ശസ്ത്രക്രിയയ്ക്കുശേഷം റേഡിയോആക്ടീവ് അയോഡിൻ ചികിത്സ ആവശ്യമായി വരാൻ സാധ്യതയുള്ളത്
മുഴുവൻ തൈറോയ്ഡും നീക്കം ചെയ്താൽ ഇരുവശത്തുമുള്ള രോഗം ഒരേസമയം ചികിത്സിക്കാം. കാൻസറിന്റെ തുടർനിരീക്ഷണവും ആവശ്യമായവരിൽ റേഡിയോആക്ടീവ് അയോഡിൻ ചികിത്സയും കൂടുതൽ എളുപ്പമാകും. പിന്നീട് ശേഷിക്കുന്ന തൈറോയ്ഡ് നീക്കം ചെയ്യാൻ മറ്റൊരു ശസ്ത്രക്രിയ വേണ്ടിവരാനുള്ള സാധ്യതയും കുറയും.
എന്നാൽ ജീവിതകാലം മുഴുവൻ തൈറോയ്ഡ് ഹോർമോൺ ഗുളിക കഴിക്കണം. ഒരുവശം മാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയയുമായി താരതമ്യം ചെയ്യുമ്പോൾ കാൽസ്യം കുറയാനുള്ള സാധ്യതയും ശബ്ദനാഡിയുമായി ബന്ധപ്പെട്ട അപകടസാധ്യതയും കൂടുതലാണ്. അതിനാൽ ഈ ശസ്ത്രക്രിയയ്ക്ക് പ്രത്യേക പരിശീലനവും അനുഭവവും ആവശ്യമാണ്.

ശബ്ദത്തെ എങ്ങനെ സംരക്ഷിക്കുന്നു?
തൈറോയ്ഡിന്റെ പിന്നിലൂടെ കടന്നുപോകുന്ന വളരെ നേർത്ത നാഡികളാണ് നമ്മുടെ ശബ്ദത്തെ നിയന്ത്രിക്കുന്നത്. ഇവയിൽ ഒന്നാണ് ശബ്ദപേടകത്തെ ചലിപ്പിക്കുന്നത്. മറ്റൊന്ന് ശബ്ദത്തിന്റെ ഉയർച്ചയും ശക്തിയും നിയന്ത്രിക്കുന്നു. അധ്യാപകർ, ഗായകർ, പ്രസംഗകർ തുടങ്ങിയവർക്ക് രണ്ടാമത്തെ നാഡിയുടെ സംരക്ഷണം പ്രത്യേകമായി പ്രധാനമാണ്.
ശസ്ത്രക്രിയയ്ക്കിടെ ഈ നാഡികളെ നേരിട്ടു കണ്ടെത്തി സൂക്ഷ്മമായി സംരക്ഷിക്കുന്നതാണ് അടിസ്ഥാന സുരക്ഷ. ഇതിനൊപ്പം ഇന്ന് നാഡിയുടെ പ്രവർത്തനം ശസ്ത്രക്രിയയ്ക്കിടെ പരിശോധിക്കുന്ന ‘നെർവ് മോണിറ്ററിങ്’ സംവിധാനവും ഉപയോഗിക്കാം.
ഒരു വൈദ്യുത വയറിലൂടെ സന്ദേശം പോകുന്നതുപോലെ, ശബ്ദനാഡിയിലൂടെയുള്ള ചെറിയ വൈദ്യുത സന്ദേശം ഈ ഉപകരണം തിരിച്ചറിയുന്നു. നാഡിയുടെ സ്ഥാനം മനസ്സിലാക്കാനും അതിന്റെ പ്രവർത്തനം പരിശോധിക്കാനും ശസ്ത്രക്രിയയ്ക്കിടെ ഉണ്ടാകുന്ന മാറ്റങ്ങൾ നേരത്തേ തിരിച്ചറിയാനും ഇത് സഹായിക്കും.
ആദ്യവശത്തെ ശസ്ത്രക്രിയയ്ക്കുശേഷം നാഡിയുടെ സന്ദേശത്തിൽ പ്രശ്നം കണ്ടെത്തിയാൽ, സുരക്ഷിതമെന്ന് തോന്നുന്ന സാഹചര്യങ്ങളിൽ മറുവശത്തെ ശസ്ത്രക്രിയ മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കാം. ഇതിലൂടെ ഇരുവശത്തെയും ശബ്ദനാഡികൾ ഒരേസമയം ബാധിക്കാനുള്ള ഗുരുതരമായ അപകടം കുറയ്ക്കാൻ സാധിക്കും.

കാൽസ്യം കുറയുന്നത് എങ്ങനെ തടയാം?
തൈറോയ്ഡിന്റെ പിന്നിൽ സാധാരണയായി നാലു ചെറിയ പാരാതൈറോയ്ഡ് ഗ്രന്ഥികളുണ്ട്. ശരീരത്തിലെ കാൽസ്യത്തിന്റെ അളവ് നിയന്ത്രിക്കുന്നവയാണ് ഇവ. ശസ്ത്രക്രിയയ്ക്കിടെ ഇവയും അവയുടെ രക്തവിതരണവും സംരക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.
ഈ ഗ്രന്ഥികളെ തിരിച്ചറിയാൻ പ്രത്യേക പ്രകാശം ഉപയോഗിക്കുന്ന ‘പാരാതൈറോയ്ഡ് ഓട്ടോഫ്ലൂറസൻസ്’ സംവിധാനം ഇന്ന് ലഭ്യമാണ്. ഇരുണ്ട മുറിയിൽ ഒരു വസ്തുവിനെ ടോർച്ച് ഉപയോഗിച്ച് കണ്ടെത്തുന്നതുപോലെ, ഈ സാങ്കേതികവിദ്യ പാരാതൈറോയ്ഡ് ഗ്രന്ഥികളെ തിരിച്ചറിയാൻ സർജനെ സഹായിക്കുന്നു.
എന്നാൽ ഗ്രന്ഥി കണ്ടെത്തുന്നതു മാത്രം മതിയാവില്ല. അതിലേക്കുള്ള രക്തയോട്ടം സംരക്ഷിക്കുന്ന സൂക്ഷ്മമായ ശസ്ത്രക്രിയയാണ് ഏറ്റവും പ്രധാനം.

ശസ്ത്രക്രിയയ്ക്കുശേഷം വായയ്ക്കുചുറ്റും വിരലുകളിലും മരവിപ്പ്, കൈകാലുകളിൽ മുറുക്കം, പേശീവലിവ് തുടങ്ങിയവ ഉണ്ടെങ്കിൽ കാൽസ്യം കുറയുന്നതിന്റെ ലക്ഷണമാകാം. കൃത്യമായ പരിശോധനയും ആവശ്യമായ കാൽസ്യം–വൈറ്റമിൻ ചികിത്സയും വഴി ഇതു നിയന്ത്രിക്കാം.

അപൂർവമെങ്കിലും ശ്രദ്ധിക്കേണ്ട രക്തസ്രാവം.
തൈറോയ്ഡ് ശസ്ത്രക്രിയയ്ക്കുശേഷമുള്ള രക്തസ്രാവം അപൂർവമാണ്. എന്നാൽ കഴുത്തിനുള്ളിൽ രക്തം കെട്ടിനിന്നാൽ ശ്വാസനാളത്തിൽ സമ്മർദമുണ്ടാകാം.

ശസ്ത്രക്രിയയ്ക്കുശേഷം കഴുത്തിൽ പെട്ടെന്നുള്ള വീക്കം, മുറുക്കം, ശ്വാസതടസ്സം, വിഴുങ്ങാൻ ബുദ്ധിമുട്ട്, പെട്ടെന്നുള്ള ശബ്ദമാറ്റം എന്നിവ ഉണ്ടായാൽ ഉടൻ ആശുപത്രി സംഘത്തെ അറിയിക്കണം.

ഇത്തരം സാഹചര്യങ്ങളെ വേഗത്തിൽ തിരിച്ചറിഞ്ഞ് കൈകാര്യം ചെയ്യാൻ പരിശീലനം ലഭിച്ച നഴ്‌സിങ് ടീം, അനസ്തീഷ്യ വിഭാഗം, അടിയന്തര ചികിത്സാസംവിധാനം, സർജന്റെ ലഭ്യത എന്നിവ പ്രധാനമാണ്.

എൻഡോക്രൈൻ സർജന്റെ പങ്ക് എന്താണ്?

എൻഡോക്രൈൻ സർജന്റെ ജോലി ഓപ്പറേഷൻ ചെയ്യുന്നതിൽ മാത്രം അവസാനിക്കുന്നില്ല. ആദ്യം ശസ്ത്രക്രിയ യഥാർത്ഥത്തിൽ ആവശ്യമാണോ എന്ന് തീരുമാനിക്കണം. ആവശ്യമെങ്കിൽ ഒരു വശം മാത്രം നീക്കിയാൽ മതിയോ, മുഴുവനായി നീക്കണമോ, ലിംഫ് ഗ്രന്ഥികൾ കൂടി നീക്കേണ്ടതുണ്ടോ എന്നിവ നിശ്ചയിക്കണം.

ശബ്ദനാഡികളും പാരാതൈറോയ്ഡ് ഗ്രന്ഥികളും സംരക്ഷിക്കുക, വലിയ ഗോയിറ്റർ, കാൻസർ, വീണ്ടും ചെയ്യേണ്ട ശസ്ത്രക്രിയ തുടങ്ങിയ സങ്കീർണ്ണ സാഹചര്യങ്ങൾ കൈകാര്യം ചെയ്യുക, അന്തിമ പരിശോധനാഫലം വിലയിരുത്തുക, തുടർചികിത്സയും പരിശോധനകളും ഏകോപിപ്പിക്കുക എന്നിവയും ഇതിന്റെ ഭാഗമാണ്.

.ശരിയായ പരിശീലനം, സ്ഥിരമായി തൈറോയ്ഡ് ശസ്ത്രക്രിയ ചെയ്യുന്നതിന്റെ അനുഭവം, സ്വന്തം ചികിത്സാഫലങ്ങൾ നിരന്തരം പരിശോധിക്കുന്ന ശീലം, പരിശീലനം ലഭിച്ച ടീം, മികച്ച ആശുപത്രിസംവിധാനം എന്നിവയും ഒരുപോലെ പ്രധാനമാണ്.

English Summary:

Thyroid surgery is a delicate procedure aimed at removing thyroid nodules or cancerous growths while preserving vital structures like vocal cords and parathyroid glands. Patients often worry about voice changes after surgery, but advancements in nerve monitoring and surgical techniques significantly minimize this risk. The decision for surgery depends on various factors including the size and nature of the nodule, patient symptoms, and diagnostic tests like FNAC. While some benign nodules may only require monitoring, cancerous growths or problematic benign growths necessitating removal. Specialized surgeons utilize advanced tools and techniques to protect vocal cords and parathyroid glands, ensuring patient safety and optimal outcomes. Post-operative care and follow-up are crucial for managing hormone levels and monitoring for any recurrence.

ADVERTISEMENT