Your Heart that beats before your birth
wants all the care it needs on earth;
It keeps life's river on the flow,
But wants some blood for its own show ...
ഇന്ത്യാക്കാരനായ കവിയും ഫിസിഷനുമായ
ഡോ. ജോൺ സീൽസ് വർഷങ്ങൾക്കപ്പുറത്ത് ഒരു ഹൃദയദിനത്തിൽ കുറിച്ച വരികളാണിത്...
ജനനത്തിനു മുൻപേ സ്പന്ദിച്ചു തുടങ്ങിയ ഹൃദയത്തിന് ഭൂമിയിൽ ആവശ്യമായ എല്ലാ പരിചരണവും നൽകണമെന്ന് അറിയുമ്പോഴും, ജീവിതനദിയെ ഒഴുകാൻ അനുവദിക്കുന്ന ആ മഹാദ്ഭുതത്തിന്റെ കരുതലിനായി നാം എന്തൊക്കെ ചെയ്യുന്നു എന്ന ചോദ്യം ബാക്കിയാകുന്നു......
ഇന്ന് അത്യാധുനിക ചികിത്സകളും രോഗനിർണയ സംവിധാനങ്ങളും മരുന്നുകളും ലഭ്യമാണെങ്കിലും ഹൃദ്രോഗികളുടെ എണ്ണം കുറയുന്നില്ല. പ്രായം കുറഞ്ഞവരിലേക്കും ഹൃദ്രോഗം കടന്നുകയറ്റം നടത്തുകയാണ്. കൊച്ചു കേരളത്തിലും ഈ പ്രവണത ഏറെ ആശങ്കയുയർത്തുന്നു-
വിദഗ്ധ വിശകലനങ്ങളറിയാം.
ഉയരുന്നു ഹൃദ്രോഗ ഗ്രാഫ്
‘‘പാശ്ചാത്യ രാജ്യങ്ങളിൽ ആദ്യ ഹാർട്ട് അറ്റാക്കിന്റെ ശരാശരി പ്രായം ഏകദേശം 60 ആണെങ്കിൽ ഇന്ത്യയിൽ അത് 50 വയസ്സാണ്. അതായത് ഇന്ത്യക്കാർക്കു ഹൃദ്രോഗം വളരെ നേരത്തെ വരുന്നു ’’– കോലഞ്ചേരി എംഒഎസ്‌സി മെഡിക്കൽ കോളജിലെ സീനിയർ ഇന്റർവെൻഷനൽ കാർഡിയോളജിസ്‌റ്റായ
ഡോ. വിനു ജോയി പറയുന്നു. ഇന്ത്യയിലെ അതിവേഗ നഗരവൽക്കരണവും ജീവിതശൈലീമാറ്റവുമാണ് ഈ പ്രവണതയ്ക്കു പിന്നിലെപ്രധാന കാരണം.
‘‘ സൗത്ത് ഏഷ്യൻ ജനത ജനിതകപരമായി ഹൃദയധമനീരോഗങ്ങൾക്കു കൂടുതൽ സാധ്യതയുള്ള വിഭാഗമാണ്. അതുകൊണ്ടുതന്നെ ഇന്ത്യക്കാരിൽ കുറഞ്ഞ പ്രായത്തിൽ തന്നെ ഹൃദ്രോഗ സാധ്യത കൂടുതലാണ് ’’.– ഡോ. വിനു പറയുന്നു.
‘‘ ലോകത്ത് ഓരോ വർഷവും ഏകദേശം രണ്ടുകോടി ആളുകൾ ഹൃദ്രോഗം കാരണം മരിക്കുന്നു. ഇന്ത്യയിൽ ഏകദേശം 30 ശതമാനം മരണങ്ങൾക്കും കാരണം ഹൃദ്രോഗമാണ്.’’ – കോട്ടയം ഗവ. മെഡിക്കൽ കോളജിലെ കാർഡിയോളജി വിഭാഗം അസി. പ്രഫസറായ ഡോ. ജിത്തു സാം രാജൻ പറയുന്നു. മൂന്നു പതിറ്റാണ്ടിനിടെ ഇന്ത്യയിൽ ഹൃദ്രോഗനിരക്കു ഗണ്യമായി വർധിച്ചു. മരണനിരക്കു കുറയുന്നുണ്ടെങ്കിലും ഹൃദ്രോഗികളുടെ ആകെ എണ്ണം വർധിക്കുന്നു. ജീവിതശൈലീമാറ്റങ്ങൾക്കൊപ്പം ജനിതക ഘടകങ്ങൾ, പ്രമേഹം, അമിതവണ്ണം, മാനസിക സമ്മർദം, വാർധക്യകാലം നീളുന്നത്, രക്താതിസമ്മർദം, വ്യായാമക്കുറവ്, സംസ്കരിച്ച ആഹാരം, മാനസികസമ്മർദം, ഉറക്കക്കുറവ്, പുകവലി, മദ്യപാനം, അന്തരീക്ഷ മലിനീകരണം ഇവയെല്ലാം കാരണങ്ങളാണ്.
കൊഴുപ്പും കൊളസ്ട്രോളും – കൈവിട്ട കളി
ഇന്ത്യക്കാരിൽ കൂടുതലായി കാണുന്ന വയറിലെ കൊഴുപ്പും (Abdominal Obesity), അസാധാരണ കൊളസ്ട്രോൾ നിലയും വലിയ അപകട സൂചനകളാണ്. ‘‘ഇന്ത്യക്കാരിൽ ഉയർന്ന എൽഡിഎൽ കൊളസ്ട്രോളും ഉയർന്ന ട്രൈഗ്ലിസറൈഡും കുറഞ്ഞ എച്ച്ഡിഎല്ലും ഉൾപ്പെടുന്ന ലിപിഡ് പ്രൊഫൈൽ ഇന്നു സാധാരണമാണ്. യുവാക്കളിലും ഇതു വർധിക്കുകയാണ് ’’– ഡോ. വിനു പറയുന്നു. ലോകത്തിന്റെ പ്രമേഹ തലസ്ഥാനമായി മാറുകയാണ് ഇന്ത്യ. 40 വയസ്സിനു താഴെയുള്ളവരിലും ഇന്നു പ്രമേഹവും രക്താതിസമ്മർദവും വ്യാപകമായി കണ്ടെത്തുന്നതോടെ ചിത്രം കൂടുതൽ വ്യക്തമാകുന്നു.
പ്രമേഹം കണ്ടെത്തിയാലും പലരും ചികിത്സ വൈകിപ്പിക്കുന്നു. അത് അപകടകരമാണ്. ‘‘പ്രമേഹം ആദ്യ വർഷങ്ങളിൽ എത്ര നിയന്ത്രണത്തിലാണോ, അതിലൂടെ ഭാവിയിൽ ഹൃദ്രോഗവും വൃക്കരോഗവും വരാനുള്ള സാധ്യതയെ നിർണയിക്കാനാകും’’
– ഡോ. വിനു വിശദീകരിക്കുന്നു.
‘ഹൃദയം തകർന്ന് ’ കേരളം
കേരളത്തിൽ പ്രമേഹവും രക്താതിമർദവും മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു കൂടുതലാണെന്നതു ഞെട്ടിപ്പിക്കുന്ന യാഥാർഥ്യമാണെന്നു ഹൃദ്രോഗ വിദഗ്ധർ പറയുന്നു. അതു ഹൃദയാരോഗ്യം തകർക്കുന്ന പ്രധാന കാരണമാകുകയാണ്. പരമ്പരാഗത ഭക്ഷണരീതിയും ജീവിതശൈലീ മാറ്റവുമാണ് ഈ പ്രശ്നം രൂക്ഷമാക്കുന്നതെന്നു
ഡോ. ജിത്തു വിലയിരുത്തുന്നു.
‘‘മുൻപു നമ്മുടെ പരമ്പരാഗത ഭക്ഷണക്രമത്തിനൊപ്പം നല്ല തോതിലുള്ള ശാരീരികാധ്വാനവും ഉണ്ടായിരുന്നു. ഇന്ന് അധ്വാനം കുറഞ്ഞു. പക്ഷേ നാം ഭക്ഷണരീതി വലിയ മാറ്റമില്ലാതെ തുടരുകയാണ്. അതാണ് അമിതവണ്ണവും അനുബന്ധ രോഗങ്ങളും വർധിപ്പിക്കുന്നത് ’’ – ഡോ.ജിത്തു സാം രാജൻ വിശദമാക്കുന്നു.
ചികിത്സാ സൗകര്യങ്ങൾ മെച്ചപ്പെട്ടതോടെ രോഗം നേരത്തേ കണ്ടെത്താൻ കഴിയുന്നതും രോഗികളുടെ എണ്ണം വർധിച്ചതായി തോന്നാൻ കാരണമാകുന്നുണ്ട്. കേരളത്തിലെ ഹൃദ്രോഗ വ്യാപനം രാജ്യത്തെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു കൂടുതലാണെന്നതും പ്രധാനമാണ്. ‘‘കേരളത്തിലെ കൊറോണറി ആർട്ടറി രോഗ വ്യാപനം ഏകദേശം 10 ശതമാനമാണ്. ഇത് ഇന്ത്യയിലെ നഗരപ്രദേശങ്ങളിലെ ശരാശരിക്കു സമാനമാണ്. ദേശീയ ശരാശരിയേക്കാൾ വളരെ കൂടുതലുമാണ്.’’ – ഡോ. വിനു വിലയിരുത്തുന്നു.
ഹോട്ടൽ ഭക്ഷണത്തിന്റെ വർധിച്ച ഉപയോഗം, സംസ്കരിച്ച ആഹാരത്തോടുള്ള ആഭിമുഖ്യം, വ്യായാമക്കുറവ് എന്നിവയാണു കേരളത്തിലെ പ്രധാന വെല്ലുവിളികൾ. കേരളത്തിൽ ചെറുപ്പക്കാരിലും കൊളസ്ട്രോളിന്റെയും പ്രമേഹത്തിന്റെയും സാന്നിധ്യം കൂടുതലാണ്. 30 വയസ്സിനു താഴെയുള്ളവരിൽ പോലും ഇംപയേർഡ് ഗ്ലൂക്കോസ് ടോളറൻസ് വ്യാപകമായി കാണുന്നുവെന്നു ഡോ. വിനു വിശദമാക്കുന്നു.
താളം തെറ്റി യുവഹൃദയങ്ങൾ
മുൻപ് 60 വയസ്സിനു മുകളിലുള്ളവരിലാണു ഹൃദ്രോഗം കൂടുതലായി കണ്ടിരുന്നതെങ്കിൽ ഇപ്പോൾ സ്ഥിതിയാകെ മാറിയിരിക്കുന്നു.
‘‘ഇന്ന് 30 മുതൽ 50 വയസ്സു വരെയുള്ളവരിലാണു ഹൃദ്രോഗം കൂടുതൽ കാണുന്നത്. 40 വയസ്സിനു താഴെയുള്ളവരിലും ഹൃദയാഘാതം അപൂർവമല്ല.’’–ഡോ. ജിത്തു സാം രാജൻ പറയുന്നു. ചെറുപ്പത്തിൽ തന്നെ പ്രമേഹം ആരംഭിക്കുന്നതും ബാല്യകാല അമിതവണ്ണവും ഇതിനു പ്രധാന കാരണങ്ങളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ഇന്നു കുട്ടിക്കാലത്തു തന്നെ അമിതവണ്ണം വർധിക്കുകയാണ്. ഇരിപ്പുജോലികൾ കൂടുന്നു. വ്യായാമം കുറയുന്നു. പുകവലി, മദ്യപാനം, ലഹരി ഉപയോഗം തുടങ്ങിയ ദുശ്ശീലങ്ങളും യുവാക്കളിൽ വർധിക്കുന്നു. ഇതെല്ലാം അപകടസാധ്യത കൂട്ടുകയാണ്. ഉറക്കക്കുറവും ഉയർന്ന എൽഡിഎൽ കൊളസ്ട്രോളും കുടുംബ പാരമ്പര്യവും അപകടസാധ്യത വർധിപ്പിക്കുന്ന പ്രധാന ഘടകങ്ങളായി മാറുന്നു.
ഐടി മേഖലയടക്കമുള്ള ഇരിപ്പുജോലികളും വ്യായാമക്കുറവും ഹൃദ്രോഗസാധ്യത വർധിപ്പിക്കുന്നു. ശരീരമനങ്ങാത്ത ജീവിതശൈലിയും ഉയർന്ന കാലറി ഭക്ഷണവും ചേർന്നാൽ ഇൻസുലിൻ റെസിസ്റ്റൻസ്, അമിതവണ്ണം, ഇൻഫ്ലമേഷൻ, ഒടുവിൽ ഹൃദയാഘാതം എന്നിവയുടെ സാധ്യത ഗണ്യമായി ഉയരുമെന്നു
ഡോ. വിനു പറയുന്നു. സമ്മർദഭരിതമായ ജോലി സാഹചര്യങ്ങളും ഉറക്കക്കുറവും ഹൃദയാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു.
‘‘കോർപറേറ്റ് ജോലി സംസ്കാരം, ടാർഗറ്റുകൾ, ഷിഫ്റ്റ് ഡ്യൂട്ടി, ഉറക്കക്കുറവ് എന്നിവ ഹൃദ്രോഗസാധ്യത വർധിപ്പിക്കുന്ന പ്രധാന ജീവിതശൈലീ ഘടകങ്ങളാണ്.’’ പുകയിലയും അമിത മദ്യപാനവും യുവാക്കളിൽ കൊറോണറി ആർട്ടറി രോഗത്തിനു ശക്തമായ അടിത്തറ പാകുന്നു.
സികെഎം സിൻഡ്രം – പുതിയ മുന്നറിയിപ്പ്
അടുത്തകാലത്ത് ആഗോളതലത്തിൽ ഏറെ ശ്രദ്ധ നേടിയ ആശയമാണ് കാർഡിയോ വാസ്കുലാർ–കിഡ്നി – മെറ്റബോളിക് സിൻഡ്രം (Cardiovascular-Kidney-Metabolic (CKM) Syndrome). അമേരിക്കൻ ഹാർട്ട് അസോസിയേഷൻ അവതരിപ്പിച്ച ഈ ആശയം, ഹൃദയം, വൃക്ക, ഉപാപചയ പ്രവർത്തനങ്ങൾ എന്നിവയെ വേർതിരിച്ചു കാണാനാകില്ലെന്ന തിരിച്ചറിവാണു മുൻപോട്ടു വയ്ക്കുന്നത്. ഈ ആശയം ചികിത്സാരംഗത്തു പുതിയ കാഴ്ചപ്പാടു നൽകി. ഹൃദ്രോഗം, വൃക്കരോഗം, പ്രമേഹം, അമിതവണ്ണം ഇവ ഓരോന്നായി കാണേണ്ട രോഗങ്ങളല്ല. ഇവ പരസ്പരം ബന്ധപ്പെട്ട രോഗചക്രത്തിന്റെ ഭാഗങ്ങളാണ്. അമിതവണ്ണം ഇൻസുലിൻ റെസിസ്റ്റൻസിലേക്കു നയിക്കുകയും പിന്നീടു പ്രമേഹത്തിലേക്കും അതുവഴി ഹൃദ്രോഗം, വൃക്കരോഗം, സ്ട്രോക്ക് തുടങ്ങിയ ഗുരുതര ആരോഗ്യപ്രശ്നങ്ങളിലേക്കും എത്തിക്കുന്നു. പ്രമേഹം ശരീരത്തിലെ എല്ലാ രക്തക്കുഴലുകളെയും ബാധിക്കും. അതുകൊണ്ടാണു ഹൃദ്രോഗവും സ്ട്രോക്കും വൃക്കരോഗവും ഒരേ രോഗ പ്രക്രിയയുടെ ഭാഗമായി കാണുന്നത്. ഈ രോഗങ്ങൾ ഒരുമിച്ചു വരുമ്പോൾ ചികിത്സ കൂടുതൽ സങ്കീർണമാകുന്നു. ഒരേ സമയം പല അവയവങ്ങളും രോഗബാധിതമാകുന്നതിനാൽ ചികിത്സ കൂടുതൽ സങ്കീർണമാകുന്നു. മാത്രമല്ല, ആശുപത്രിവാസവും ചികിത്സാച്ചെലവും മരണസാധ്യതയും വർധിക്കുന്നു.
അതേസമയം ഹൃദയത്തിനും വൃക്കയ്ക്കും ഉപാപചയ ആരോഗ്യത്തിനും ഒരുപോലെ ഗുണം ചെയ്യുന്ന പുതിയ മരുന്നുകൾ വലിയ മാറ്റം സൃഷ്ടിച്ചിട്ടുണ്ട്. ഈ അവസ്ഥയുടെ അടിസ്ഥാന കാരണം ഇൻസുലിൻ റെസിസ്റ്റൻസും വിസറൽ കൊഴുപ്പുമാണ്. വിസറൽ കൊഴുപ്പു വർധിക്കുമ്പോൾ ഇൻഫ്ലമേഷൻ ഉണ്ടാകുന്നു. അതാണ് ഇൻസുലിൻ റെസിസ്റ്റൻസിലേക്കും പിന്നീടു ഹൃദ്രോഗം, പ്രമേഹം, വൃക്കരോഗം എന്നിവയിലേക്കും നയിക്കുന്നത്.
ജനിതകം ശക്തമാണ്
ഹൃദ്രോഗത്തിനു ശക്തമായ ജനിതക സ്വാധീനമുണ്ട്. കുടുംബപാരമ്പര്യമുള്ളവർ കൂടുതൽ ജാഗ്രത പുലർത്തണം. ‘‘കൊറോണറി ആർട്ടറി രോഗത്തിന്റെ പാരമ്പര്യ സാധ്യത ഏകദേശം 50 ശതമാനമാണ്. കുടുംബത്തിൽ അടുത്ത ബന്ധുക്കൾക്കു ചെറുപ്പത്തിൽ ഹൃദ്രോഗം ഉണ്ടായിട്ടുണ്ടെങ്കിൽ അതു ശക്തമായ റിസ്ക് ഫാക്ടറായി കരുതണം. എന്നാൽ 20 വയസ്സു മുതൽ ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുകയും കൊളസ്ട്രോൾ പരിശോധിക്കുകയും ചെയ്താൽ കുടുംബ പാരമ്പര്യം ഉണ്ടായാലും ഹൃദ്രോഗ സാധ്യത ഗണ്യമായി കുറയ്ക്കാം’’– ഡോ. വിനു പറയുന്നു.
അത്തരം സാഹചര്യങ്ങളിൽ ചെറുപ്പം മുതൽ ജീവിതശൈലീ മാറ്റങ്ങളും പരിശോധനകളും അനിവാര്യമാണ്. കൊറോണറി ആർട്ടറി രോഗത്തിൽ കുടുംബചരിത്രം വളരെ പ്രധാനമാണ്.
അച്ഛന് 55 വയസ്സിനു മുൻപോ അമ്മയ്ക്ക് 65 വയസ്സിനു മുമ്പോ ഹൃദയാഘാതം ഉണ്ടായിട്ടുണ്ടെങ്കിൽ അപകടസാധ്യത കൂടുതലാണ്. ഫമിലിയൽ ഹൈപ്പർകൊളസ്ട്രോളീമിയ, ഹൈപ്പർട്രോഫിക് കാർഡിയോമയോപതി, ഡൈലേറ്റഡ് കാർഡിയോമയോപതി, ലോങ് ക്യു. ടി. സിൻഡ്രം, ബ്രുഗാഡ സിൻഡ്രം തുടങ്ങിയ ചില രോഗങ്ങൾ വ്യക്തമായ ജനിതക ബന്ധമുള്ളവയാണെന്നു
ഡോ. ജിത്തു സാം വിശദീകരിക്കുന്നു.
ജനിതക സാധ്യതയുണ്ടെന്നതു രോഗം ഉറപ്പാണെന്ന് അർഥമാക്കുന്നില്ല. നമുക്കു ജീനുകളെ തിരഞ്ഞെടുക്കാൻ കഴിയില്ല. പക്ഷേ ജീവിതശൈലിയെ തിരഞ്ഞെടുക്കാൻ കഴിയും. പുകവലി ഒഴിവാക്കുക, സ്ഥിരമായി വ്യായാമം ചെയ്യുക, ആരോഗ്യ ഭക്ഷണം കഴിക്കുക, ശരീരഭാരം നിയന്ത്രിക്കുക, പ്രമേഹം, രക്തസമ്മർദം, കൊളസ്ട്രോൾ എന്നിവ കൃത്യമായി നിയന്ത്രിക്കുക എന്നിവയിലൂടെ ഹൃദ്രോഗ സാധ്യത ഗണ്യമായി കുറയ്ക്കാം.
ഉയർന്ന രക്തസമ്മർദമോ ഉയർന്ന കൊളസ്ട്രോളോ ഉണ്ടായിട്ടുണ്ടെങ്കിൽ പതിവിലും നേരത്തേ ആരോഗ്യപരിശോധനകൾ ആരംഭിക്കണം. ഹൃദയാരോഗ്യത്തിനായി ഹൃദയപൂർവം മാറ്റങ്ങൾക്കൊരുങ്ങാം. ജീവിതയാത്ര താളാത്മകമാകട്ടെ.....