ADVERTISEMENT

അരുമപ്പൂച്ചയായിരുന്നു. കുഞ്ഞുമായി കളിച്ചപ്പോൾ നഖം ചെറുതായൊന്നുരസി. പ്രത്യക്ഷത്തിൽ മുറിവു കാണാനില്ലായിരുന്നു. വീട്ടിൽ വളർത്തുന്ന പൂച്ചയല്ലേ, എന്തു പേടിക്കാനാ എന്നു കരുതി, കുത്തിവയ്പ് എടുത്തില്ല. പക്ഷേ, ചെറിയ പോറലു പോലും അപകടമായേക്കാമെന്നു മനസ്സിലാക്കിയപ്പോഴേക്കും ആ കുഞ്ഞു ജീവൻ നഷ്ടപ്പെട്ടിരുന്നു.

പൂച്ചയോ പട്ടിയോ കടിച്ചാലോ മാന്തിയാലോ വാക്സിൻ എടുക്കുന്നതാണ് എപ്പോഴും സുരക്ഷിതം എന്നു നമുക്കറിയാത്തതല്ല. പക്ഷേ, പട്ടി കടിയുടെ അത്ര ഗൗരവം പൂച്ചയുടെ കടിക്ക് പ്രത്യേകിച്ച് മാന്തലിന് നാം കൊടുക്കാറില്ല. ‘എത്രയോ വർഷമായി ഞാൻ വീട്ടിൽ പൂച്ചയെ വളർത്തുന്നു, എത്ര തവണ മാന്ത് കിട്ടിയിട്ടുണ്ടെന്നോ, എനിക്കിതുവരെ പേ വന്നിട്ടില്ല’ എന്നു പറഞ്ഞ് നിസ്സാരമാക്കിക്കളയും. പക്ഷേ, വീട്ടിൽ വളർത്തുന്ന പൂച്ചയായാലും പുറത്തുനിന്നുള്ള പൂച്ചകളുടെ കടിയേൽക്കാൻ ഇടയുണ്ടെന്നും അതുവഴി രോഗം വരാമെന്നും മറക്കരുത്.

ADVERTISEMENT

മാന്തലോ കടിയോ എത്ര നേരിയതായാൽ പോലും, രക്തം പൊടിഞ്ഞില്ലെങ്കിൽ പോലും അതുവഴി അണുബാധയുണ്ടാകാം. പൂച്ചക്കുഞ്ഞുങ്ങൾ മാന്തിയതായാൽ പോലും പ്രശ്നമാണ്. ‘ക്യാറ്റ് സ്ക്രാച്ച് ഡിസീസ്’ എന്ന ബാക്ടീരിയൽ അണുബാധ വരാം. റാബീസ് പോലെ ടെറ്റനസ്സും മൃഗങ്ങളിലൂടെ പകരാം.

എങ്ങനെ റാബീസ് വരുന്നു?

ADVERTISEMENT

പലരും കരുതുന്നതുപോലെ പൂച്ചയുടെ നഖത്തിലുള്ള വിഷമല്ല ഈ അസുഖങ്ങൾക്കിടയാക്കുന്നത്. റാബീസിന്റെ കാര്യത്തിൽ ഉമിനീർ വഴിയാണ് രോഗപ്പകർച്ച പ്രധാനമായും നടക്കുന്നത്. രോഗബാധയുള്ള മൃഗം കടിക്കുമ്പോൾ വൈറസ് കലർന്ന ഉമിനീർ കടിവായിൽ കലരാം. പൂച്ച ഇടയ്ക്കിടെ കയ്യും നഖവുമുൾപ്പെടെ നക്കി വൃത്തിയാക്കാറുണ്ട്. ഇങ്ങനെ നഖങ്ങളിൽ പുരളുന്ന ഉമിനീർ നേരിയ പോറലുകൾ വഴി ശരീരത്തിലെത്താം. ഈ വൈറസ് നേരേ കേന്ദ്രനാഡീവ്യൂഹത്തിലേക്കെത്താം. തലച്ചോറിൽ അണുബാധ പിടിപെട്ടാൽ വൈറസ് നാഡികളിലൂടെ മറ്റ് അവയവങ്ങളിലേക്കെത്തി പെരുകും.

എന്തുകൊണ്ട് വാക്സീൻ?

ADVERTISEMENT

റാബീസ് അഥവാ പേവിഷബാധയുടെ ലക്ഷണങ്ങൾ പ്രകടമായാൽ പിന്നെ ചികിത്സയില്ല. മരണം ഉറപ്പാണ്. എന്നാൽ കടിയേറ്റ ഉടൻ തന്നെ വാക്സീനേഷൻ എടുത്താൽ ഉറപ്പായും അസുഖം തടയാനാകും. വാക്സീന് മാരകമായ പാർശ്വഫലങ്ങളൊന്നും ഇല്ല താനും. കൊച്ചുകുഞ്ഞുങ്ങൾക്കു പോലും ആവശ്യം വന്നാൽ എടുക്കാം. അതുകൊണ്ടാണ് പൂച്ചയുൾപ്പെടെയുള്ള മൃഗങ്ങളിൽ നിന്നുള്ള നേരിയ പോറലിൽ പോലും വാക്സീൻ എടുക്കുന്നതാണ് സുരക്ഷിതം എന്നു പറയുന്നത്.

കടിയേറ്റാൽ ഉടൻ ചെയ്യേണ്ടത്?

∙ കടിയോ മാന്തലോ ആകട്ടെ, ചോര വരുന്നുണ്ടെങ്കിലും ഇല്ലെങ്കിലും ആ ഭാഗം ഒഴുക്കുവെള്ളത്തിൽ സോപ്പുപയോഗിച്ച് നന്നായി കഴുകി വൃത്തിയാക്കണം. ഉരച്ചു കഴുകരുത്. മുറിവു കൂടുതൽ വലുതാകാം. തുടർന്ന് ബിറ്റാഡിൻ ഉണ്ടെങ്കിൽ പുരട്ടാം.

∙ കടിയേറ്റിടത്തു നിന്നു ചോര വരുന്നുണ്ടെങ്കിൽ വൃത്തിയുള്ള ബാൻഡേജോ ടവലോ ഉപയോഗിച്ച് പതിയെ അമർത്തി രക്തമൊഴുക്കു നിർത്തുക.

∙ മുറിവിനു ചുറ്റുമുള്ള വെള്ളം ഒപ്പി അണുവിമുക്തമായ കോട്ടൺ തുണി കൊണ്ട് മൂടി ഉടൻ ആശുപത്രിയിലെത്തുക. ബാൻഡേജ് ഒട്ടിക്കരുത്.

സൗജന്യം വാക്സിനേഷൻ

പ്രൈമറി ഹെൽത് സെന്ററുകളിൽ ഉൾപ്പെടെ സർക്കാർ ആശുപത്രികളിൽ സൗജന്യമായി റാബീസ് വാക്സിനേഷൻ ലഭ്യമാണ്. മൃഗത്തിനു ശരിക്കും അസുഖമുണ്ടോ, മുറിവിന് എത്ര ആഴമുണ്ട്, എത്രത്തോളം ഉമിനീര് മുറിവിൽ കലർന്നിട്ടുണ്ട് എന്നതൊക്കെ പരിഗണിച്ചാണ് ഏതുതരം വാക്സിനേഷനാണ് വേണ്ടതെന്നു തീരുമാനിക്കുന്നത്. തൊലിപ്പുറമേ എടുക്കുന്ന ഇൻട്രാ ഡെർമൽ വാക്സീനാണ് പോറലുകൾക്കൊക്കെ സാധാരണ നിർദേശിക്കാറ്.

0–3–7–21–28 എന്നിങ്ങനെയാണ് സാധാരണ വാക്സീൻ ഷെഡ്യൂൾ. ഡോക്ടർ നിർദേശിക്കുന്ന അത്രയും ഡോസ് പൂർത്തിയാക്കണം. ഷെഡ്യൂൾ അനുസരിച്ചുള്ള ദിവസം തന്നെ വാക്സീൻ എടുക്കണം.

പൂച്ച നക്കിയ ഭക്ഷണം

പൂച്ച നക്കിയ ഭക്ഷണത്തിന്റെ ബാക്കി കുഞ്ഞ് കഴിച്ചു, പേ വരുമോ എന്നൊക്കെ സംശയങ്ങളുണ്ട് പലർക്കും. സാധാരണഗതിയിൽ ഈ രീതിയിലൂടെ പേ വിഷബാധ പിടിപെട്ടു കാണാറില്ല. പക്ഷേ, പൂച്ചയുടെ ശരീരത്തിലുള്ള പല അണുക്കളും പൂച്ചയ്ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നില്ല എന്നേയുള്ളു. മനുഷ്യനു ദോഷകരമാകാം. അതുകൊണ്ട് പൂച്ച നക്കിയതോ കഴിച്ചതോ ആയ ഭക്ഷണത്തിന്റെ ബാക്കി കഴിക്കാതിരിക്കുക.

പൂച്ചയുടെ മുഖത്തും മൂക്കിലുമൊക്കെ ഉമ്മ വയ്ക്കുന്നതും കൂടെ കിടത്തുന്നതും പലതരം രോഗങ്ങൾക്കും അലർജി പ്രശ്നങ്ങൾക്കും ഇടയാക്കാം എന്നതിനാൽ ഒഴിവാക്കുക.

കൃത്യമായി വാക്സിനേഷൻ എടുക്കുകയും ശ്രദ്ധിച്ച് ഇടപഴകുകയും ചെയ്താൽ പൂച്ചയെ വീട്ടിൽ വളർത്തുന്നതിൽ ഭയപ്പെടേണ്ടതില്ല.

വിവരങ്ങൾക്ക് കടപ്പാട്

ഡോ. അരുൺഭട്ട്

കമ്യൂണിറ്റി മെഡിസിൻ വിഭാഗം

എംഒഎസ്‌സി മെഡി. കോളജ്, കോലഞ്ചേരി

ADVERTISEMENT