ജിനു, ഉടൽ പുരുഷന്റേതാണെങ്കിലും ഉള്ള് സ്ത്രീയുടെ ഭാവങ്ങളാൽ നിറയുക... പക്ഷേ, സമൂഹത്തിന്റെ വിധികളെ പേടിച്ച് അതു മറച്ചുവച്ച് പ്രഫഷനൽ പഠനം പൂർത്തിയാക്കുക. ഒരു ഡോക്ടറായി വിജയകരമായി മുന്നോട്ടുപോവുമ്പോൾ തന്റെ പുരുഷവ്യക്തിത്വത്തിന്റെ അടരുകളെല്ലാം മാറ്റി ഉള്ളിലെ സ്ത്രീയെ പുറത്തുകൊണ്ടുവരുവാൻ തീരുമാനിക്കുക... സ്വന്തം അമ്മയുടെയും കുടുംബത്തിന്റെയും പിന്തുണയിൽ അങ്ങനെ ഡോ. ജിനു ഡോ. വി. എസ്. പ്രിയ ആയി. കേരളത്തിലെ ആദ്യ ട്രാൻസ്ജെൻഡർ ഡോക്ടറായ വി. എസ്. പ്രിയയുടെ ജീവിതം നമുക്കൊക്കെ ഈഹിക്കാവുന്നതിലും അപ്പുറം ട്വിസ്റ്റുകൾ നിറഞ്ഞതാണ്...
ഡോക്ടറായി കഴിഞ്ഞു തുറന്നു പറഞ്ഞു
വൈദ്യപഠനം കഴിഞ്ഞ് വീടിനടുത്തുള്ള ആയുർവേദ ആശുപത്രിയിൽ ഡോക്ടറായി ജോലിയിൽ ചേർന്ന ശേഷമാണ് ലിംഗപരിവർത്തനത്തെക്കുറിച്ച് ഡോ. ജിനു തീരുമാനമെടുക്കുന്നതും വീട്ടുകാരോട് തന്റെ അവസ്ഥയെക്കുറിച്ച് തുറന്നു സംസാരിക്കുന്നതും.
‘‘ആദ്യപ്രതികരണം ഷോക്ക് ആയിരുന്നു. ‘ഇനി ജോലിയിൽ തുടരാൻ പറ്റുമോ? നിന്റെ ജീവിതം എങ്ങനെയാകും?...’ എന്നിങ്ങനെ ഒരുപാട് ആവലാതികളും വിഷമങ്ങളുമുണ്ടായിരുന്നു അമ്മയ്ക്ക്. ‘എനിക്ക് പ്രഫഷനൽ ജീവിതത്തേക്കാൾ പ്രധാനം ജീവൻ നിലനിർത്തുന്നതാണ്. ഞാനായിത്തന്നെ ജീവിക്കാൻ പറ്റിയില്ലെങ്കിൽ എന്തുചെയ്യുമെന്ന് എനിക്കു തന്നെ അറിയില്ല.’ എന്നു ഞാൻ അമ്മയോടു തുറന്നുപറഞ്ഞു. ഭാഗ്യവശാൽ അമ്മയ്ക്ക് എന്റെ ഉള്ള് കാണാനായി. ‘നിന്റെ കൂടെ ആരുമില്ലെങ്കിലും ഞാനുണ്ട്’ എന്ന് ഉറപ്പും തന്നു.

സഹോദരൻ ഡോക്ടറാണ്. ഇത്രനാൾ പുരുഷസ്വത്വത്തിൽ നിന്നയാൾ സ്ത്രീ ആകുമ്പോൾ ഉണ്ടാകാവുന്ന കൊടുങ്കാറ്റുകളെക്കുറിച്ച് ആധിയുണ്ടായിരുന്നെങ്കിലും അതു പുറത്തുകാട്ടാതെ ചേട്ടനും ഏടത്തിയമ്മയും സ്നേഹപൂർവം കൂടെനിന്നു. എന്റെ ലിംഗവ്യക്തിത്വത്തെക്കാൾ അവർ പ്രാധാന്യം കൊടുത്തത് ഞാനെന്ന വ്യക്തിക്കാണ്.’’ ഡോ. വി. എസ്. പ്രിയ മനോരമ ആരോഗ്യത്തോടു പറഞ്ഞു.
അഭിമുഖത്തിന്റെ പൂർണരൂപം മനോരമ ആരോഗ്യം ഡിസംബർ ലക്കത്തിൽ