Friday 11 November 2022 10:32 AM IST

ആർത്തവ ചക്രത്തിൽ ക്രമക്കേട്, ഭാവിയിൽ പ്രത്യുത്പാദന പ്രശ്നങ്ങൾ: ഫാ‍ഡ് ഡയറ്റുകളിൽ പതിയിരിക്കുന്ന അപകടം

Asha Thomas

Senior Sub Editor, Manorama Arogyam

fad-diets

ഭാരം കുറയ്ക്കുക എന്നത് ഇപ്പോൾ ഒരു ട്രെൻഡാണ്. ആകാരഭംഗിക്കു മാത്രമല്ല ഫിറ്റ് ആകാനും പ്രമേഹം പോലെയുള്ള അസുഖങ്ങൾ നിയന്ത്രിക്കാനുമൊക്കെ ആളുകൾ ശരീരഭാരം കുറയ്ക്കുന്നു. ഗവേഷണങ്ങൾ പറയുന്നത് അമിതശരീരഭാരം ഉള്ളവർ അഞ്ചു മുതൽ 10 ശതമാനം വരെ ഭാരം കുറയ്ക്കുന്നത് ജീവിതശൈലീരോഗങ്ങൾ ഉൾപ്പെടെ പ്രതിരോധിക്കാൻ നല്ലതാണെന്നാണ്.

പക്ഷേ, പെട്ടെന്നു ശരീരഭാരം കുറയ്ക്കാനായി മാജിക് ഡയറ്റുകൾക്കും ഡയറ്റ് പില്ലുകൾക്കും ഞൊടുക്കുവിദ്യകൾക്കും പുറകേ പോകുന്ന പ്രവണതയും വ്യാപകമാണ്. ഇതു ഗുണത്തേക്കാളേറെ ദോഷമാണു ചെയ്യുന്നത്. ഭാരം കുറഞ്ഞിട്ട് പിന്നീടു ഭാരം കൂടുന്ന വെയ്റ്റ് സൈക്ലിങ് പോലെയുള്ള പ്രശ്നങ്ങൾക്കും പോഷക അഭാവത്തിനും ക്ഷീണത്തിനുമൊക്കെ ഇത്തരം മാജിക് ഡയറ്റുകൾ ഇടയാക്കുന്നുണ്ട്.

ഫാഡ് ഡയറ്റുകൾ

പെട്ടെന്നു ഭാരം കുറയ്ക്കാൻ സഹായിക്കുന്ന, കർശന ഭക്ഷണചിട്ടകളുള്ള, ശാസ്ത്രീയ പഠനങ്ങളുടെ പിൻബലമില്ലാത്ത, മാജിക് ഡ യറ്റുകളെ ഫാഡ് ഡയറ്റ് എന്നാണു പറയുക. ഫാഷന്റെ കാര്യത്തിൽ എന്ന പോലെ കുറച്ചുനാളത്തേക്ക് ഈ ഡയ റ്റുകൾ പ്രശസ്തമായിരിക്കും. കർശനസ്വഭാവം മൂലം തുടർന്നുകൊണ്ടു

പോവുക പ്രയാസമായതിനാൽ കുറേ കഴിയുമ്പോൾ ഇവ പിൻതള്ളപ്പെടും. ഫാഡ് ഡയറ്റുകളിൽ ചില ഭക്ഷണങ്ങൾ പൂർണമായി ഒഴിവാക്കാൻ പറയാറുണ്ട്. ഉദാ. കീറ്റോ ഡയറ്റിൽ കാർബോഹൈഡ്രേറ്റ് ഏതാണ്ടു പൂർണമായി ഒഴിവാക്കുന്നു. ചിലപ്പോൾ ഡയറ്റിന്റെ ഭാഗമായി വിലയേറിയ വിഭവങ്ങളോ ചേരുവകളോ സപ്ലിമെന്റുകളോ കഴിക്കാൻ നിർദേശിച്ചെന്നു വരാം. ധാന്യങ്ങൾ, പാൽ, പയർ വർഗങ്ങൾ എന്നിവ ഒഴിവാക്കുന്ന പാലിയോ ഡയറ്റ്, ദ്രവരൂപത്തിലുള്ള ഭക്ഷണം മാത്രം കഴിക്കുന്ന ലിക്വിഡ് ഡയറ്റ്, മുട്ട മാത്രം കഴിച്ചുള്ള എഗ്ഗ് ഡയറ്റ് എന്നിങ്ങനെ ഫാഡ് ഡയറ്റുകൾ ഒട്ടേറെയുണ്ട്.

ഫാഡ് ഡയറ്റുകളുടെ

പ്രശ്നങ്ങൾ?

ഡയറ്റു തുടങ്ങുന്ന സമയത്ത് വളരെ പെട്ടെന്നു തന്നെ തൂക്കക്കുറവ് പ്രകടമാകാറുണ്ട്. കാരണം, ഫാഡ് ഡയറ്റുകൾ ആദ്യം കുറയ്ക്കുന്നത് ശരീരത്തിലെ ജലാംശവും (Water weight) പേശീഭാരവും (lean muscle mass) ആണ്. പക്ഷേ, അതിനുശേഷം എത്ര ശ്രമിച്ചാലും ഭാരം കുറയാതെ വരാം.

∙ മെറ്റബോളിക് നിരക്ക് കുറയ്ക്കുന്നു

ശരീരഭാരം കുറയാനായി ഭക്ഷണം വല്ലാതെ നിയന്ത്രിക്കുമ്പോൾ നമ്മുടെ ബേസൽ മെറ്റബോളിക് നിരക്ക് കുറഞ്ഞുതുടങ്ങും. ഡയറ്റ് തുടങ്ങുന്ന സമയത്ത് 1800 കാലറിയുടെ ഭക്ഷണം ദിവസവും കഴിച്ചിരുന്നയാൾക്ക് കുറേ കഴിയുമ്പോൾ 1200 കാലറി ഭക്ഷണത്തിലധികം കഴിച്ചാൽ വണ്ണം വയ്ക്കുന്ന അവസ്ഥ വരും. കാരണം ശരീരത്തിന് 1200 കാലറിയേ എരിച്ചുകളയാൻ സാധിക്കുന്നുള്ളൂ. കുറേവർഷം കഴിയുമ്പോൾ എത്ര കുറച്ചു ഭക്ഷണം കഴിച്ചാലും വണ്ണം വയ്ക്കുന്ന അവസ്ഥ വരും.

എന്നാൽ ഡയറ്റിനൊപ്പം വ്യായാമം കൂടിയുണ്ടെങ്കിൽ ശ്വസനനിരക്ക് വർധിക്കും. രക്തയോട്ടം മെച്ചപ്പെടുകയും പോഷകങ്ങൾ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കുമെത്തുകയും ചെയ്യുന്നു. ഇത് മെറ്റബോളിക് നിരക്കു വർധിക്കാൻ ഇടയാകും.

∙ നിലനിർത്താൻ പ്രയാസം

ഫാഡ് ഡയറ്റുകൾ ഭക്ഷണനിയന്ത്രണത്തിനു മാത്രമാണ് പ്രാധാന്യം കൊ ടുക്കുന്നത്. വ്യായാമമോ ആരോഗ്യകരമായ ജീവിതശൈലീ മാറ്റങ്ങളോ നിർദേശിക്കുന്നില്ല. തന്നെയുമല്ല ചിലതരം ഭക്ഷണങ്ങൾ പാടേ ഒഴിവാക്കേണ്ടിയുംവരും. ഇത്തരം കർശനമായ നിയന്ത്രണങ്ങളുമായി ഏറെനാൾ മുന്നോട്ടു പോവുക പ്രയാസമാണ്. ഉദാഹരണത്തിന് പാലിയോ ഡയറ്റിന്റെ കാര്യമെടുക്കാം. ഈ ഡ യറ്റിൽ ധാന്യങ്ങളും പാലും പാലുൽപന്നങ്ങളും പയറും ഒക്കെ ഒഴിവാക്കാൻ നിർദേശിക്കാറുണ്ട്.

∙ കടുത്ത ക്ഷീണം വരാം

ചിലവിഭാഗം ഭക്ഷണങ്ങൾ ഒഴിവാക്കിയുള്ള ഡയറ്റിങ് കടുത്ത പോഷകപ്രശ്നങ്ങൾക്ക് ഇടയാക്കാം. പ്രോട്ടീൻ, കാത്സ്യം, ബയോട്ടിൻ, തയാമിൻ, മഗ്നീഷ്യം, വൈറ്റമിനുകൾ എ ന്നിങ്ങനെ പലതരം പോഷകങ്ങളുടെ കുറവു വരാം. ഉദാഹരണത്തിന് വീഗൻ ഡയറ്റ് ചെയ്യുന്നവർക്ക്, മാംസത്തിൽ നിന്നും മുട്ടയിൽ നിന്നും ലഭിക്കുന്ന വൈറ്റമിനായ ബി12 ലഭിക്കാതെ വരാം. പോഷകങ്ങളുടെ അ ഭാവും കാലറി നിയന്ത്രണം മൂലമുള്ള ഊർജക്കുറവും കൂടി കടുത്ത ക്ഷീണത്തിന് ഇടയാക്കാം.

കീറ്റോ ഡയറ്റിന്റെ കാര്യത്തിൽ ചെറിയ വ്യത്യാസമുണ്ട്. ഇതൊരു ഫാഡ് ഡയറ്റാണെങ്കിലും പ്രോട്ടീൻ ധാരാളം ഉൾപ്പെടുത്തുന്നതു കൊണ്ടു ക്ഷീണമുണ്ടാകില്ല. പക്ഷേ, കാർബോഹൈഡ്രേറ്റ് തീരെയില്ലാത്തതിനാൽ ഒട്ടേറെ പോഷകങ്ങളുടെ കുറവു വരാം. യൂറിക് ആസിഡ് വർധിക്കാം. ചിലരിൽ ശരീരത്തിലാകമാനം ചൊറിച്ചിൽ, കുമിളകൾ ഉണ്ടാവുക എന്നീ പ്രശ്നങ്ങളും കാണാം. ഭാരം കുറയ്ക്കുന്ന സമയത്ത് ഇതൊന്നും പ്രകടമാകണമെന്നില്ല. ഭാരം കുറഞ്ഞുകഴിഞ്ഞ് കുറേ കഴിഞ്ഞിട്ടാവും ഈ പ്രശ്നങ്ങൾ പ്രകടമാവുക.

∙ പ്രത്യുൽപാദന പ്രശ്നങ്ങൾ

പോഷകലഭ്യതയും പ്രത്യുൽപാദനശേഷിയും തമ്മിൽ ബന്ധമുണ്ടെന്നു ശാസ്ത്രീയമായി തെളിഞ്ഞിട്ടുള്ളതാണ്. ഫാഡ് ഡയറ്റുകൾ ശരീരത്തിലെ പോഷകനില കുത്തനെ കുറയ്ക്കുന്നതു മൂലം ഹോർമോൺ അസന്തുലിതാവസ്ഥയ്ക്ക് ഇടയാക്കും. ഈസ്ട്രജൻ പോലുള്ള ഹോർമോണുകളാണ് അണ്ഡവിസർജനത്തെ നിയന്ത്രിക്കുന്നത്. ഇവയുടെ സന്തുലനാവസ്ഥ തെറ്റുന്നത് ആർത്തവചക്രത്തിൽ പ്രശ്നങ്ങളുണ്ടാക്കാം. ഭാവിയിൽ ഇതു പ്രത്യുൽപാദനപ്രശ്നങ്ങൾക്കു വഴിതെളിക്കും.

∙ പ്രതിരോധശേഷി കുറയാം

കാലറി നിയന്ത്രിക്കുന്നതിനൊപ്പം വ്യായാമം ചെയ്യാതെയും കൂടി ഇരുന്നാൽ ശരീരത്തിലെ സ്ട്രെസ്സ് ഹോർമോണുകളുടെ അളവു വർധിക്കാം. ഇതു സ്വാഭാവികമായും പ്രതിരോധശേഷിയിൽ കുറവു വരുത്താം.

∙ പേശീഭാരം നഷ്ടമാകാം

ശരീരത്തിന്റെ ഏതു പ്രവർത്തനത്തിനും പേശികൾ ദൃഢവും വഴക്കമുള്ളതായും ഇരിക്കേണ്ടതുണ്ട്. പേശീവേദനകളും മുറുക്കവും (muscle stifness) ഒക്കെ വരുന്നത് പേശീനഷ്ടം മൂലമാണ്. പ്രത്യേകിച്ച് 40 വയസ്സിനു ശേഷം കുറുക്കുവഴികളിലൂടെ ഭാരം കുറയ്ക്കാൻ ശ്രമിക്കുമ്പോൾ ഇങ്ങനെയുള്ള പ്രശ്നങ്ങൾക്കു സാധ്യതയേറെയാണ്.

എങ്ങനെ തിരിച്ചറിയാം?

ഉടൻ ഭാരം കുറയ്ക്കാമെന്ന മോഹനവാഗ്ദാനവുമായി വരുന്ന ഡയറ്റുകളെ ജാഗ്രതയോടെ നേരിടുക. ഫാഡ് ഡയറ്റുകളുടെ ചില സവിശേഷതകൾ താഴെ പറയുന്നു.

∙ കടുത്ത ഭക്ഷണനിയന്ത്രണം പറയുക, അല്ലെങ്കിൽ കാർബോഹൈഡ്രേറ്റ്, ഗോതമ്പ്, കൊഴുപ്പ് പോലെയുള്ള ചില ഭക്ഷണങ്ങൾ പാടെ ഒഴിവാക്കേണ്ടിവരിക. ഉദാഹരണം പാലിയോ ഡയറ്റ്.

∙ ഏതെങ്കിലും ഒരു പ്രധാന ഭക്ഷണത്തിനു പകരം സപ്ലിമെന്റുകൾ കഴി ക്കാൻ നിർദേശിക്കുക.

∙ ഏതെങ്കിലും ഒരൊറ്റ ഭക്ഷണം മാത്രമുള്ള ഡയറ്റ്. ഉദാഹരണം: എഗ്ഗ് ഡയറ്റ്.

∙ ജീവിതശൈലിയിൽ മാറ്റം വരുത്താതെ ഭക്ഷണക്രമീകരണത്തിനു മാത്രം പ്രാധാന്യം നൽകുക..

∙ ഡയറ്റ് പില്ലുകൾ, ഹെൽത് മിക്സ് എന്നിവ ഉപയോഗിച്ചുള്ള വണ്ണം കുറയ്ക്കൽ നിർദേശിക്കുക.

∙ ആഴ്ചയിൽ ഒരു കിലോയിലധികം വണ്ണം കുറയ്ക്കാമെന്നു വാഗ്ദാനം നൽകുക

∙ ഗ്രീൻ ടീ, കുടംപുളി എന്നിങ്ങനെ ചില പ്രത്യേക ഭക്ഷണങ്ങൾ ഉപയോഗിച്ചു ശരീരത്തിലെ കൊഴുപ്പ് എരിച്ചുകളയാമെന്നു പറയുക.

∙ എല്ലാവർക്കും ഒരേ തരം ഡയറ്റ് നിർദേശിക്കുക.

∙ ലിക്വിഡ് ഡയറ്റ്, ഡീടോക്സ് ഡയറ്റ്, ആൽക്കലൈൻ ഡയറ്റ്, ബ്ലഡ് ഗ്രൂപ് ഡയറ്റ് പോലെയുള്ള ഡയറ്റുകൾ ഒറ്റനോട്ടത്തിൽ തന്നെ അപടകാരികളാണ്.

ആരോഗ്യകരമായി

ഭാരം കുറയ്ക്കാം

ഭാരം കുറയ്ക്കാൻ നോക്കി ആരോഗ്യം അപകടത്തിലാകുന്ന സ്ഥിതി വരാതിരിക്കണമെങ്കിൽ ഫാഡ് ഡയറ്റുകളുടെ പിറകേ പോകരുത്. പോഷകസന്തുലിതവും വ്യത്യസ്ത ഭക്ഷണങ്ങൾ വഴി വ്യത്യസ്ത പോഷകങ്ങൾ ശരീരത്തിനു ലഭ്യമാക്കുന്നതുമാണ് ആരോഗ്യകരമായ ഭക്ഷണക്രമം എന്നു മറക്കാതിരിക്കുക.

∙ ഭാരം കുറയ്ക്കാൻ കാലറി കണക്കുക്കൂട്ടി കഴിക്കുകയാണ് മിക്കവരും ചെയ്യുന്നത്. വല്ലാതങ്ങു കാലറി നിയന്ത്രിച്ചാൽ ശരീരത്തിനു മതിയായ ഊർജം ലഭിക്കണമെന്നില്ല. മാത്രമല്ല കാലറി കുറഞ്ഞ ഭക്ഷണങ്ങൾ മാത്രം തിരഞ്ഞെടുത്തു കഴിക്കുമ്പോൾ സൂക്ഷ്മപോഷകങ്ങൾ ഉൾപ്പെടെയുള്ളവയുടെ കുറവു വരാം. പകരം ഒാരോ വ്യക്തിയും സ്വന്തം വിശപ്പിന് അനുസരിച്ചു കഴിക്കുകയാണ് വേണ്ടത്.

ദിവസവും ചെറിയ ഇടവേളകളിൽ ലഘു ഭാഗങ്ങളായി ഭക്ഷണം കഴിക്കുക. കൃത്യമായി ഒരു ഭക്ഷണക്രമം പ്ലാൻ ചെയ്ത് ദിവസവും കൃത്യസമയത്തു കഴിച്ചുതുടങ്ങിയാൽ വിശപ്പ് നിയന്ത്രിക്കാനാകും. ഭക്ഷണം ആസ്വദിച്ച് മെല്ലെ ചവച്ചരച്ചു ക ഴിക്കണം. ഫോൺ നോക്കിയോ ടിവി കണ്ടോ കഴിക്കുന്നത് ആവശ്യത്തിൽ കൂടുതൽ ഭക്ഷണം കഴിക്കാൻ ഇടയാക്കും.

∙ ഭാരം കുറയ്ക്കലിന് ഒരു പരിധി വരെ തടസ്സമാകുന്നത് ഇഷ്ടഭക്ഷണത്തോടുള്ള കൊതി മൂലം ഡയറ്റിങ് പാളിപ്പോകുന്നതാണ്. ഈ ക്രേവിങ് കുറയ്ക്കാൻ ഇഷ്ടമുള്ള ഭക്ഷണം പാടേ ഒഴിവാക്കാതെ, അളവു കുറച്ച് കഴിക്കുക.

∙ അനാരോഗ്യകരമായ ഭക്ഷണത്തിനു പകരം ആരോഗ്യകരമായ ഭക്ഷണങ്ങൾ കഴിക്കാം. മധുരം കഴിക്കാൻ തോന്നുമ്പോൾ കേക്ക് കഴിക്കുന്നതിനു പകരം മധുരമുള്ള ഒരു പഴമോ ഡാർക് ചോക്ലേറ്റോ കഴിക്കാം.

∙ ഭക്ഷണക്രമീകരണത്തോടൊപ്പം വ്യായാമങ്ങളും ജീവിതശൈലീ മാറ്റങ്ങളും ചേരുമ്പോഴാണ് ഭാരം കുറയ്ക്കൽ ആരോഗ്യകരവും ശാശ്വതവുമായി തീരുന്നതെന്നു മറക്കരുത്.

വിവരങ്ങൾക്ക് കടപ്പാട്‌

സ്വീറ്റി രാജീവ്

കോ–ഫൗണ്ടർ, ഹെയിൽ & ഹാർട്ടി, വെൽനസ് എക്സ്പേർട്ട്, കൊച്ചി

sweety.rajeev@gmail.com