Wednesday 25 January 2023 04:22 PM IST : By സ്വന്തം ലേഖകൻ

ഡോക്ടറെ കണ്ടെത്തുന്നതു മുതൽ ടെസ്റ്റുകൾ വരെ... ചികിത്സ ചെലവു കുറയ്ക്കാൻ 10 എളുപ്പ മാർഗങ്ങൾ

treatment-cost

കുടുംബത്തിൽ ആർക്കെങ്കിലും ആശുപത്രിവാസം വേണ്ടിവന്നാൽ ഏതാനും മാസത്തേക്കു കുടുംബബജറ്റ് മൊത്തം താളംതെറ്റുന്ന അവസ്ഥയാണ് ഇന്നുള്ളത്. മരുന്നിന്റെയും ചികിത്സയുടെയും ചെലവ് അത്രമേൽ ഉയർന്നതാണ്. ഇതാ ചികിത്സാചെലവു കുറയ്ക്കാൻ സഹായിക്കുന്ന ചില പ്രായോഗിക വഴികൾ.

ചോദിച്ചറിയാം ഈ കാര്യങ്ങൾ

പതിവു പരിശോധനയ്ക്കായാകും ചില പ്പോൾ ഡോക്ടറെ കാണുക. അതല്ലെങ്കിൽ എന്തെങ്കിലും രോഗലക്ഷണങ്ങൾ കണ്ടു വിദഗ്ധ പരിശോധനയ്ക്ക്. എന്തു കാര്യത്തിനായാലും ഡോക്ടറോ ടു ചില ചോദ്യങ്ങൾ ചോദിക്കുന്നത് ചെലവ് ഒരു പരിധി വരെ കുറയ്ക്കാനും ഒരുപക്ഷേ, അനാവശ്യ ചെലവ് ഒഴിവാക്കാനും സഹായിച്ചേക്കും.

∙ എന്തിനാണ് ഈ പരിശോധന നടത്തുന്നത്? എങ്ങനെയാണു പരിശോധന നടത്തുന്നത്?ചിലപ്പോൾ വില കൂടിയ പരിശോധനകളാകും നിർദേശിക്കുക. അങ്ങനെയെങ്കിൽ ചെലവു കുറഞ്ഞ മറ്റെന്തെങ്കിലും പരിശോധനകളുണ്ടോ എന്നു ചോദിക്കാം.

∙ പരിശോധനയ്ക്കു മുൻപ് തയാറെടുപ്പ് വേണോ എന്നു ചോദിക്കേണ്ടതു പ്രധാനമാണ്. കൃത്യമായ പരിശോധനാഫലം ലഭിക്കാൻ ചില തയാറെടുപ്പുകൾ സഹായിക്കും. ഉദാഹരണത്തിന്, തൈറോയ്ഡ്, കൊളസ്ട്രോൾ തുടങ്ങി മിക്കവാറും പരിശോധനകൾക്കും കൃത്യമായ ഫലം ലഭിക്കുക അവ രാവിലെ വെറുംവയറ്റിൽ ചെയ്യുമ്പോഴാണ്. മരുന്നിന്റെയോ ഭക്ഷണപാനീയങ്ങളുടെയോ സ്വാധീനമില്ലാതെയുള്ള പരിശോധനാഫലം ലഭിക്കും.

∙ ചികിത്സകളുടെ കാര്യത്തിലും ചില ചോദ്യങ്ങൾ ചോദിക്കാം. എത്രത്തോളം ചെലവു വരും? ഇത് അത്യാവശ്യമാണോ? ഇതല്ലാതെ ചെലവു കുറഞ്ഞ മറ്റെന്തെങ്കിലും പരിഹാരങ്ങൾ ഉ ണ്ടോ? ശസ്ത്രക്രിയ ആണെങ്കിൽ ഉടനെ തന്നെ ചെയ്യണോ? ചിലപ്പോൾ ഉടനെ ശസ്ത്രക്രിയ ആവശ്യമില്ലായിരിക്കും. മരുന്നു ചികിത്സ കൊണ്ടു കുഴപ്പമില്ലാതെ മാസങ്ങളോളം പോകാനായേക്കും. അങ്ങനെ വരുമ്പോൾ ശസ്ത്രക്രിയയ്ക്കായി പെട്ടെന്ന് ഒരു വലിയ തുക സംഘടിപ്പിക്കേണ്ടി വരില്ല.

∙ കിടത്തിചികിത്സ ആവശ്യം വന്നാൽ ഇൻഷുറൻസ് ഉണ്ടല്ലോ എന്നാശ്വസിച്ച് ഇരിക്കരുത്. ചില ഇൻഷുറൻസുകളിൽ സർജറിക്കും മറ്റും ആകെ തുകയുടെ നിശ്ചിത ശതമാനമേ ലഭിക്കൂ. ബാക്കി പണം രോഗിതന്നെ കൊടുക്കേണ്ടി വരും. അതുകൊണ്ടു ചികിത്സാ ചെലവിന്റെ എത്ര ശതമാനം ഇൻഷുറൻസിൽ ഉൾക്കൊള്ളിക്കും എന്നു നേരത്തെ അ ന്വേഷിച്ചുവയ്ക്കുക.

മരുന്നു ചെലവു കുറയ്ക്കാൻ

മരുന്നു ചെലവു കുറയ്ക്കാനുള്ള പ്രധാന മാർഗം ബ്രാൻഡഡ് മരുന്നുകൾക്കു പകരം അതേ മരുന്നു ചേരുവ ഉള്ള ജനറിക് മരുന്ന് വാങ്ങി ഉപയോഗിക്കുകയാണ്. ജനൗഷധി മെഡിക്കൽ സ്േറ്റാറുകളിൽ നിന്നും വളരെ തുച്ഛമായ വിലയിൽ മിക്ക മരുന്നുകളും വാങ്ങാൻ സാധിക്കും. ഉദാഹരണത്തിന് 9–10 രൂപ വിലവരുന്ന ഇബുപ്രൂഫിൻ ഒരു സ്ട്രിപ്പിന് ഈ മെഡിക്കൽ സ്േറ്റാറുകളിൽ മൂന്നു രൂപയോളമേ ആവുകയുള്ളു. എന്നാൽ ചില ഡോക്ടർമാർ പതിവായി ഉപയോഗിച്ച് ഫലമുണ്ടെന്ന് ഉറപ്പുള്ള ബ്രാൻഡഡ് മരുന്നുകൾ എഴുതാനാണ് താൽപര്യപ്പെടാറ്. അതുകൊണ്ട് ഡോക്ടറോടു തന്നെ ജനറിക് മരുന്നുകൾ എഴുതാമോയെന്നു ചോദിക്കുക. അതു സാധ്യമല്ലെങ്കിൽ മരുന്ന് പുറത്തേക്ക് എഴുതിത്തരാൻ ആവശ്യപ്പെടാം. ആശുപത്രി ഫാർമസികളിൽ നിന്നും വാങ്ങുന്നതിലും കുറഞ്ഞ വിലയ്ക്ക് നീതി, കാരുണ്യ പോലെ നിശ്ചിത തുക കുറവു നൽകുന്ന മെഡിക്കൽ സ്േറ്റാറുകളിൽ നിന്ന് മരുന്നു വാങ്ങാം.

∙ ഡോക്ടറെ തിരഞ്ഞെടുക്കുന്നതിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. തലവേദന വന്നാലുടനെ നേരേ പോയി ന്യൂറോളജിസ്റ്റിനെ കാണാം എന്നു തീരുമാനിച്ചു കളയരുത്. ഹാർട്ട് അറ്റാക്ക്, സ്ട്രോക്ക് പോലുള്ള അടിയന്തര ഘട്ടത്തിലല്ലാത്തപ്പോൾ ആദ്യം കാണേണ്ടത് ഒരു ജനറൽ ഫിസിഷനെ അല്ലെങ്കിൽ കുടുംബ ഡോക്ടറെ ആണ്. അല്ലെങ്കിൽ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിൽ ചികിത്സ തേടാം. രോഗം എന്താകാമെന്ന് ഏതാണ്ട് അനുമാനിച്ച ശേഷം വിദഗ്ധ ചികിത്സയ്ക്ക് ഈ ഡോക്ടർ ഒരു സ്പെഷലിസ്റ്റിന് റഫർ ചെയ്യുന്നതാണു നല്ലത്. അങ്ങനെ വരുമ്പോൾ കുറച്ചുകൂടി കൃത്യമായ ഏതാനും പരിശോധനകളേ സ്പെഷലിസ്റ്റിന്റെയടുത്തു വേണ്ടിവരൂ. അനാവശ്യമായി വൻ തുക കൺസൽറ്റിങ് ഫീസ് അടയ്ക്കുന്നതും ഒഴിവാക്കാം. സർജനെ തിരഞ്ഞെടുക്കുമ്പോൾ ഒട്ടേറെ സർജറികൾ ചെയ്ത് സാമാന്യം അനുഭവ സമ്പത്തുള്ള ഒരാളെ കണ്ടെത്തുക.

∙ ഹൃദ്രോഗികളിലെ സ്െറ്റന്റ് പോലുള്ളവ, മുട്ടുമാറ്റി വയ്ക്കലിന് ഉപയോഗിക്കുന്ന ഇംപ്ലാന്റുകൾ തുടങ്ങിയവയ്ക്ക് സീലിങ് പ്രൈസ് തീരുമാനിച്ചിട്ടുണ്ട്. അതിൽ കൂടിയ വില ഈടാക്കാൻ പറ്റില്ല. അതുകൊണ്ട് ഇവയുടെ അടിസ്ഥാന വിലയെ പറ്റി ഒരു ധാരണ ഉണ്ടാക്കി വയ്ക്കുന്നതു നല്ലതാണ്.

ഒാൺലൈൻ ഒ പി

∙ ഇ സഞ്ജീവനി പോലുള്ള ഒാൺലൈൻ ഒപി സംവിധാനങ്ങൾ വഴി ചെലവു കുറഞ്ഞ രീതിയിൽ വീട്ടിലിരുന്നു തന്നെ ചികിത്സ തേടാം. ഇപ്പോൾ കാർഡിയോളജി, ഗ്യാസ്ട്രോ എന്ററോളജി പോലുള്ള സ്പെഷലിസ്റ്റ് ഡോക്ടർമാരുടെ സേവനവും ഇ സഞ്ജീവനിയിൽ ലഭ്യമാണ്. ഡോക്ടറുടെ കുറിപ്പടി ഡൗൺലോഡ് ചെയ്ത് സമീപത്തുള്ള സർക്കാർ ആശുപത്രിയിൽ കൊണ്ടു ചെന്നാൽ സൗജന്യമായി മരുന്നും വാങ്ങിക്കാം.

∙ ആശുപത്രിയിൽ ചികിത്സ തേടുമ്പോൾ ചെയ്യുന്ന പരിശോധനകളുടെ ഫലങ്ങളെല്ലാം ഒരു കോപ്പി വാങ്ങി സൂക്ഷിച്ചുവയ്ക്കുന്നതു നല്ലതാണ്. അഡ്മിറ്റായി ചികിത്സ തേടിയപ്പോഴുള്ള ഡിസ്ചാർജ് സമ്മറി സൂക്ഷിച്ചുവയ്ക്കാം. എന്തെങ്കിലും കാരണവശാൽ മറ്റൊരു ഡോക്ടറെ കാണേണ്ടിവന്നാൽ രോഗചരിത്രത്തെക്കുറിച്ച് ഏകദേശ ധാരണ ലഭിക്കാൻ ഇതു സഹായിക്കും. കൊച്ചുകുട്ടികളുടെ കാര്യത്തിൽ അടിക്കടി രോഗം വരിക സാധാരണമാണ്. ഒരു നോട്ട് ബുക്ക് വാങ്ങി ഒാരോ പ്രാവശ്യത്തെ അസുഖവിവരവും തീയതി അനുസരിച്ച് കുറിച്ചിട്ടാൽ നല്ലതാണ്.

∙ സർക്കാരിന്റെ സൗജന്യ സേവനങ്ങൾ ഉപയോഗപ്പെടുത്തുക വഴി ചികിത്സാചെലവ് കുറയ്ക്കാം. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യ സംരക്ഷണത്തിനായുള്ള അമ്മയും കുഞ്ഞും പദ്ധതി, അർബുദരോഗികൾക്കായുള്ള പ്രത്യേക പദ്ധതികൾ, ശിശുക്കളിലെ ജന്മവൈകല്യങ്ങൾ കണ്ടെത്താനുള്ള സൗജന്യ സ്ക്രീനിങ് എന്നിങ്ങനെ ഒട്ടേറെ സർക്കാർ സേവനങ്ങൾ ലഭ്യമാണ്.

ചില രോഗമുള്ളവർക്കു ചികിത്സാ സംബന്ധമായ യാത്രയ്ക്ക് ആനുകൂല്യങ്ങ ൾ ലഭ്യമാണ്. ഉദാഹരണത്തിന്, അർബുദ രോഗികൾക്ക് ട്രെയിൻ യാത്ര സൗജന്യമാണ്. കൂടെ യാത്ര ചെയ്യുന്ന ആൾക്ക് 50 ശതമാനം ഇളവും ലഭിക്കും. ഈ ആനുകൂല്യത്തിനു വരുമാനപരിധി ബാധകമല്ല.

ഒഴിവാക്കാം ഈ ശീലങ്ങൾ

∙ ചികിത്സാ ചെലവു കുറയ്ക്കാൻ ഒഴിവാക്കേണ്ടതായ രണ്ടു പ്രധാന ശീലങ്ങളാണ് ഡോക്ടർ ഷോപ്പിങ്ങും സ്വയം ചികിത്സയും. ഒരു ഡോക്ടറുടെ അടുത്തുനിന്നു മറ്റൊരാളുടെ അടുത്തേക്ക്, അലോപ്പതിയിൽ നിന്ന് ഹോമിയോപ്പതിയിലേക്ക് എന്ന മട്ടിലുള്ള ഒാട്ടം ഒരിക്കലും രോഗിക്കു ഗുണം ചെയ്യില്ല. പകരം ഒരു ഡോക്ടറെ വിശ്വാസത്തിലെടുത്ത്, എഴുതി തന്ന മരുന്നുകളെല്ലാം ഡോസ് പൂർത്തിയാകുന്നതുവരെ കഴിക്കുക.

ജലദോഷം, പതിവായുള്ള അലർജി, ചെറിയ മുറിവുകൾ എന്നിങ്ങനെ ലഘുവായ ആരോഗ്യപ്രശ്നങ്ങൾക്കു വീട്ടിൽ തന്നെ പരിഹാരം തേടുന്നതിൽ തെറ്റില്ല. പക്ഷേ, രണ്ടു മൂന്നു ദിവസം കഴിഞ്ഞിട്ടും രോഗം കുറയുന്നില്ലെങ്കിലോ മറ്റു ഗുരുതരമായ എന്തെങ്കിലും ലക്ഷണങ്ങൾ കൂടി പ്രകടമായാലോ ഉടനെ ഡോക്ടറെ കാണണം. പലപ്പോഴും ഒരേ രോഗമാണെങ്കിലും ഒരാൾക്കു പ്രയോജനപ്പെടുന്ന മരുന്നു മറ്റേയാൾക്ക് ഉപകാരപ്പെടണമെന്നില്ല. ഇത്തരം സ്വയം ചികിത്സ കൊണ്ട് കീശ കാലിയാവുകയേയുള്ളൂ.

പ്രതിരോധം മറക്കേണ്ട

രോഗം വന്ന ശേഷം ചികിത്സിക്കുന്നതിലും നല്ലതു രോഗം വരാതെ നോക്കുകയാണ് എന്നാണല്ലൊ. കുട്ടികളിലും വയോജനങ്ങളിലും പ്രതിരോധ വാക്സീനുകൾ എടുക്കുക വഴി തന്നെ ഒ ട്ടേറെ രോഗങ്ങളെ തടയാം. പ്രിവന്റീവ് ക്ലിനിക്കുകൾ സർക്കാർ തലത്തിലുണ്ട്. അവ ഉപയോഗപ്പെടുത്തുക. നിശ്ചിത പ്രായം കഴിഞ്ഞാൽ ആരോഗ്യപരിശോധനകൾ ചെയ്തു നോക്കാം. ഇതു രോഗങ്ങളെ ആരംഭദശയിലേ കണ്ടെത്താൻ സഹായിക്കും.