Monday 29 November 2021 02:57 PM IST : By A. S. Ullas

ഇന്ത്യയിൽ ഏറ്റവുമധികം കുടവയറുള്ളത് കേരളത്തിലെ സ്ത്രീകൾക്കും പ‍ുരുഷന്മാർക്കും! ദേശീയ ഫാമിലി ഹെൽത്ത് സർവേ 2019–2020

obesity-cover

സാക്ഷരതയിൽ മാത്രമല്ല, പൊണ്ണത്തടിയിലും കുടവയറിലും ദേശീയ ശരാശരിയും മറികടന്നു കേരളം ഏറെ മുന്നിൽ. കേരളത്തിലെ സ്ത്രീകളിൽ15നും 49നും ഇടയിൽ പ്രായമുള്ളവരിൽ 38.1% പേർ അമിത വണ്ണമുള്ളവരാണ്. ഇതിൽ തന്നെ നഗരപ്രദേശങ്ങളിലെ 40.4 % ഗ്രാമപ്രദേശങ്ങളിൽ 36% സ്ത്രീകളും അമിതവണ്ണക്കാർ.

ദേശീയ ശരാശരി 24 % നിൽക്കുമ്പോഴാണ് കേരളം പിടിച്ചാൽ കിട്ടാത്ത രീതിയിൽ മുന്നേറുന്നത്. ജീവീത ശൈലി രോഗങ്ങളിലേക്ക് അപകടകരമായി കേരളം പോകുന്നതിന്റെ കണക്കുകളുമാണ് കേന്ദ്ര ആരോഗ്യ–കുടുംബക്ഷേമവകുപ്പ് നടത്തിയ 2019–2020ലെ ദേശീയ ഫാമിലി ഹെൽത്ത് സർവേയിലൂടെ പുറത്തുവരുന്നത്.

പുരുഷൻമാരിലെ പൊണ്ണത്തടിയിലും ദേശീയ ശരാശരി 22.9 നിൽക്കുമ്പോൾ കേരളത്തിലെ 15 നും 49 നും ഇടയിൽ പ്രായമുള്ള ആണുങ്ങൾ 36.4% പേരാണ് പൊണ്ണത്തടിയുള്ളവർ. നഗരപ്രദേശത്ത് ഇത് 40.1% ഗ്രാമപ്രദേശത്ത് ഇത് 33.2 ശതമാനവുമാണ്. ഉയരത്തിനു അനുപാത തൂക്കം (ബോഡിമാസ് ഇൻഡക്സ് ബിഎംഐ) പരിശോധനയാണ് സർവേയുടെ ഭാഗമായി നടത്തിയത്. 2015ലെ സർവേയിൽ കേരളത്തിൽ 32.4% സ്ത്രീകൾക്കും 28.5% പുരുഷൻമാരിലുമായിരുന്നു പൊണ്ണത്തടിയെന്ന് കണ്ടെത്തിയിരുന്നത്.

നഗരങ്ങളിലെ സ്ത്രീകളിൽ കൂടുതൽ

2015ൽ സർവേയിൽ ഉൾപ്പെടുത്താതിരുന്ന കുടവയറിന്റെ കാര്യവും 2019–20 സർവേയിൽ ഉൾപ്പെടുത്തി. അരവണ്ണവും കുടവയറും കണക്കാക്കിയുള്ള പരിശോധനയിൽ രാജ്യശരാശരി സ്ത്രീകളിൽ 56.7% വും പുരുഷൻമാരിൽ 47.7% ആണ്. എന്നാൽ കേരളത്തിലെ സ്ത്രീകളിൽ 70.7% വയർ കൂടുതലുള്ളവരാണ്. പുരുഷൻമാരുടെ വയറും കാര്യമായി ചാടുന്നുണ്ട്. 56.8% പുരുഷൻമാർക്കും കുടവയറുണ്ട്. നഗരങ്ങളിലെ സ്ത്രീകൾക്കാണ് കുടവയർ കൂടുതൽ 71.1% . ഗ്രാമങ്ങളിൽ 70.2% പേർക്കും. പുരുഷൻമാരുടെ പിടിവിട്ട് വയർ വലുതാവുന്നതും നഗരങ്ങളിലാണ് 57.2% . ഗ്രാമങ്ങളിൽ ഇത് 56.5%.

ഒരു സ്ഥലത്ത് അമിത വണ്ണത്തിൽ മുന്നേറുമ്പോൾ തന്നെ മെലിഞ്ഞ് ഉയരത്തിനു അനുസ്യതമായ ഭാരമില്ലാതെ തൂക്കകുറവിലും കേരളം പിന്നിലല്ല. ഗ്രാമീണമേഖലയിലെ 10.1% സ്ത്രീകളും നഗരമേഖലയിലെ 9.7% സ്ത്രീകളും തുക്കക്കുറവുള്ളവരാണ്. പുരുഷൻമാരിൽ ഗ്രാമപ്രദേശങ്ങളിലുള്ളവർ 12.7% പേർക്കും നഗരങ്ങളിലെ 6.9% പേർക്കും മതിയായ തൂക്കമില്ല. രക്തസമ്മർദം (ബിപി)യിലും കേരളം ദേശീയ ശരാശരിക്കു മുകളിലാണ്. 15 വയസിനു മുകളിലെ 15.5% സ്ത്രീകളും 19.2 പേരും ബി പിയുടെ പിടിയിലാണെന്നാണ് സർവെ. ദേശീയ ശരാശരി ഇത് സ്ത്രീകളിൽ 12.4% വും പുരുഷൻമാരിൽ 15.7% ഉം ആണ്.

പ്രമേഹരോഗികളുടെ എണ്ണവും ദേശീയ ശരാശരിയ്ക്കു മുകളിലാണ്. മരുന്നുകഴിക്കുന്ന പ്രമേഹരോഗികൾ കേരളത്തിൽ പുരുഷൻമാരിൽ 27% പേരും സ്ത്രീകളിൽ 24.8% പേരുമാണെന്നാണ് ദേശീയ സർവേ. ദേശീയ ശരാശരി ഇത് പുരുഷൻമാരിൽ 15.6% സ്ത്രീകളിൽ 13.5%.