Wednesday 28 December 2022 04:01 PM IST

ടാൽക്കം പൗഡർ മുതൽ ചോക്കുപൊടി വരെ, വൃക്കയേയും ചർമ്മത്തേയും തകർക്കാൻ പോന്ന വിഷം; കഴിക്കുന്നത് ചോറല്ല വിഷം

Asha Thomas

Senior Sub Editor, Manorama Arogyam

fodewrsw4

ലെഡ് ക്രോമേറ്റ്, ഡിഡിറ്റി, ഫോർമാലിൻ, ആൽഫ ക്ലോർഡേൻ, സിപ്രോഫ്ലോക്സാസിൻ. ഏതെങ്കിലും രാസപരീക്ഷണ ശാലയിലെ പദാർഥങ്ങളുടെ പേരാണെന്നു തെറ്റിദ്ധരിക്കേണ്ട. നമ്മുടെ നിത്യഭക്ഷണത്തിലെ ചേരുവകളാണ് ഇവയൊക്കെ. സംശയിക്കേണ്ട, നാം പ്രഭാതത്തിൽ കുടിക്കുന്ന പാലിലുണ്ട് മൃതവസ്തുക്കൾ കേടാകാതെ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന ഫോർമാലിൻ. പ്രാതലിലെ ഏത്തപ്പഴത്തിലുണ്ട് അൽഡ്രിൻ, ഉച്ചയ്ക്ക് ചോറുണ്ണാനെടുത്താൽ അതിലുണ്ട് ആർസെനിക്കും ക്രോമിയവും. ത്വക്കിനേയും വൃക്കയേയും ചർമത്തെയുമെല്ലാം തകർക്കാൻ ശേഷിയുള്ളത്. മുട്ടയിലും ചിക്കനിലും സിപ്രോഫ്േളാക്സാസിൻ എന്ന ആന്റിബയോട്ടിക്ക്. പച്ചച്ചീരയിൽ കാൻസറുണ്ടാക്കുന്ന ഗാമ ബിഎച്ച്സി, കാരറ്റിൽ ഗർഭപാത്രത്തിലെ കുഞ്ഞിനെ പോലും നശിപ്പിക്കുന്ന ഡിഡിറ്റി, ആപ്പിളിൽ രക്താർബുദത്തിനു കാരണമാകുന്ന ആൽഫ ക്ലോർഡേൻ.

പേടിപ്പിക്കാൻ പറയുന്നതല്ല. മാരകരോഗങ്ങൾക്ക് കാരണമായേക്കാവുന്ന രാസവസ്തുക്കൾ തോന്നുംപടി ചേര്‍ത്തുണ്ടാക്കുന്ന വിഷഭക്ഷണമാണ് നാമിന്നു കഴിക്കുന്നത്. പതിവായുള്ള ഈ വിഷം കഴിക്കലിന്റെ ഫലമായി കാൻസർ, വൃക്കയുടേയും കരളിന്റെയും പ്രവർത്തന വൈകല്യങ്ങൾ, ഓർമനഷ്ടം, വന്ധ്യത, ഹൃദയ പ്രവർത്തന വൈകല്യങ്ങൾ എന്നിവ പിടികൂടുന്നു. ഇവ വളർന്നു വരുന്ന തലമുറയെ പോലും രോഗികളും ദുർബലരുമാക്കുന്നു.

പണ്ടൊക്കെ പാലിൽ അൽപ്പം വെള്ളം കലർത്തുന്നതായിരുന്നു മായം. അല്ലെങ്കിൽ അരിയിലും പയറിലും ഒരുപിടി കല്ലിട്ട് തൂക്കം വർധിപ്പിക്കുന്നത്. മായത്തിന്റെ തീവ്രതയും രൂക്ഷതയും കൂടിയതോടെ രോഗങ്ങളും കൂടി. കേരളത്തിൽ വർധിച്ചു വരുന്ന കാൻസർ രോഗികളുടെ എണ്ണം മാത്രം നോക്കിയാൽ മതി. ഈ മാരക വിഷങ്ങളുടെ പ്രഹരശേഷി മനസ്സിലാക്കാൻ.

നിറം പുരട്ടിയ വിഷങ്ങൾ

ഭക്ഷ്യവസ്തുക്കൾക്ക് ഇഷ്ടനിഷ്ടം ലഭിക്കാനായി വിവിധ തരം ഡൈകൾ സാധാരണയായി ഉപയോഗിക്കാറുണ്ട്. ഇവയെല്ലാം തന്നെ ഒരു പരിധിയിൽ കൂടുതലായാൽ ശരീരത്തിനു ദോഷകരം തന്നെയാണ്. അതിനാൽ ഇത്തരം പദാർഥങ്ങൾ ചേർക്കുന്നതിന് ഒരു നിയന്ത്രണ പരിധി വച്ചിട്ടുണ്ട്. എങ്കിലും ഇത്തരം കാര്യങ്ങളിലെ നിയന്ത്രണം അത്ര ശക്തമല്ലാത്തതിനാൽ പരിധി വിട്ടും മായം ചേർക്കപ്പെടുന്നുണ്ട്. തന്നെയുമല്ല, എല്ലാത്തരം കൃത്രിമ നിറങ്ങളും ഭക്ഷ്യവസ്തുക്കളിൽ ചേർക്കാൻ അനുയോജ്യമല്ല. ഉദാഹരണത്തിന് മഞ്ഞളിന് മഞ്ഞനിറം ലഭിക്കാൻ ലെഡ് ക്രോമേറ്റ് ചേർക്കാറുണ്ട്. വൃക്കത്തകരാറുകൾക്കും കരൾ രോഗങ്ങൾക്കും കാരണമായേക്കാവുന്ന മാരകവിഷമാണിത്. പച്ചമുളകിലും പച്ചക്കറികളിലുമൊക്കെ ചേർക്കുന്ന മാലക്കൈറ്റ്ഗ്രീനും അപകടകാരികളാണ്.

പ്രീസർവേറ്റീവും അപകടം

ഭക്ഷണം കേടുകൂടാതെ സൂക്ഷിക്കാൻ സഹായിക്കുന്ന രാസവസ്തുക്കൾ (പ്രിസർവേറ്റീവുകൾ) ആണ് നിയന്ത്രണാതീതമായി ഉപയോഗിക്കപ്പെടുന്ന മറ്റൊരു വിഭാഗം. ക്ലാസ് 1, ക്ലാസ് 2 എന്നിങ്ങനെ രണ്ടു തരമുണ്ട് പ്രിസർവേറ്റീവുകൾ. ഇതിൽ ക്ലാസ് 1 വിഭാഗത്തിൽ പെട്ടവയ്ക്ക് പ്രത്യേക ഉപയോഗ പരിധി ഇല്ല. നൈട്രേറ്റ് പോലുള്ള ക്ലാസ് 2 വിഭാഗത്തിൽ പെട്ടവയ്ക്ക് ഉപയോഗ പരിധി നിശ്ചയിച്ചിട്ടുണ്ട്. എന്നാൽ പൊതുവായി പറഞ്ഞാൽ ഇവയെല്ലാം തന്നെ വിഷമാണ്. ബാക്ടീരിയയുടെ കോശങ്ങളിൽ പ്രവേശിച്ച് അവയുടെ ഡിഎൻഎയുടെ പ്രവർത്തനം തകരാറിലാക്കുകയാണ് ഇവയുടെ ചുമതല. ബാക്ടീരിയയുടെ ഡിഎൻഎയിൽ മാറ്റം വരുത്താമെങ്കിൽ ഇവയക്ക് മനുഷ്യ ഡിഎൻഎയുടെയും പ്രവർത്തനം തകരാറിലാക്കാൻ സാധിക്കും.

ഭക്ഷ്യവസ്തുക്കളിൽ സാധാരണ ചേർക്കുന്ന മായങ്ങളും അവയുടെ ദീർഘകാല ഉപയോഗം മൂലമുള്ള ആരോഗ്യപ്രശ്നങ്ങളും താഴെ പറയുന്നു.

∙ ടാൽക്കംപൗഡർ, ചോക്ക് പൊടി. ദഹന വ്യവസ്ഥയ്ക്കും ചെറു കുടലിനും നാശം, വയറുവേദന, വയറിളക്കം.

∙ പരിപ്പിൽ ചേർക്കുന്ന കേസരി ദാൽ നാഡീപരമായ രോഗങ്ങൾക്ക് കാരണമാകാം.

∙ ആന്റിബയോട്ടിക്കുകൾ, മിനറൽ ഓയിൽ, മെതനോൾ–കാൻസർ മുതൽ വിവിധ അവയവങ്ങളുടെ പ്രവർത്തന പരാജയത്തിനു വരെ കാരണമാകാം.

∙ അരിയിൽ ചേർക്കുന്ന മെറ്റനിൽ യെല്ലോ എന്ന കൃത്രിമ നിറം കാൻസറിനു വരെ കാരണമാകും.

∙ കടുകിൽ ചേർക്കുന്ന ആർഗിമോൺ വിത്തുകൾ എപ്പിഡെമിക് ഡ്രോപ്സി, ഗ്ലോക്കോമ, ഹൃദയാഘാതം എന്നിവയ്ക്കിടയാകാം.

∙ ആപ്പിളിലും മറ്റു പഴങ്ങളിലും തളിക്കുന്ന ആർസെനിക് എന്ന വിഷ സംയുക്തം തലകറക്കം, കുളിര്, തളർവാതം തുടങ്ങി മരണത്തിനു വരെ കാരണമാകാം.

∙ ഫംഗസ് ബാധിച്ച ധാന്യങ്ങൾ, ബ്രോഡ്, അണ്ടിപ്പരിപ്പ് എന്നിവ കഴിച്ചാൽ കരൾ രോഗങ്ങൾ മുതൽ കാൻസർ വരെയുണ്ടാകാം.

∙ ചൈനീസ് ഭക്ഷണങ്ങളിൽ ചേർക്കുന്ന മോണോസോഡിയം ഗ്ലൂട്ടാമേറ്റ് (അജിനോമോട്ടോ) കാൻസറിനും നാഡീരോഗങ്ങൾക്കും വരെ കാരണമാകുന്ന അതീവ അപകടകരമായ വസ്തുവാണ്.

എന്നാൽ, സാധാരണക്കാരന് പലപ്പോഴും ഇത്തരം കാര്യങ്ങളെക്കുറിച്ചുള്ള അവബോധം കുറവാണ്. അല്ലെങ്കിൽ അത്ര എളുപ്പം കണ്ടുപിടിക്കാനാവാത്തത്ര വൈദഗ്ധ്യത്തോടെയാണ് മായം ഭക്ഷ്യവിഭവങ്ങളിൽ കലർത്തുന്നത്. എങ്കിലും ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമ്മുടെ അടുക്കളയിൽവച്ചു തന്നെ ഈ മായം തിരിച്ചറിയാൻ സാധിക്കും. അതിനു സഹായിക്കുന്ന ലളിതമായ ചില പരിശോധനകൾ തുടർന്ന് മനസ്സിലാക്കാം. മായം കലർന്ന ഭക്ഷണങ്ങൾ തിരിച്ചറിയാനും അവ ഉപേക്ഷിക്കാനും ഈ മാർഗരേഖ സഹായകമാകും.

വിവരങ്ങൾക്ക് കടപ്പാട്

ഡോ. ആർ ബി നായർ, കൊച്ചി,

ഫുഡ‍് അതോറിറ്റി ഓഫ് ഇന്ത്യ

ഇൻസ്ട്രക്ഷൻ മാനുവൽ.

Tags:
  • Manorama Arogyam
  • Health Tips