ADVERTISEMENT

ഡിസംബർ മാസത്തിലെ മഞ്ഞും കുളിരും സുഖകരമാണെങ്കിലും ശ്വാസകോശപ്രശ്നങ്ങൾ ഉള്ളവരെ സംബന്ധിച്ച് ഏറെ ദുഷ്കരമായ സമയമാണിത്. കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ കാരണം അലർജിയും ആസ്മയും ശ്വാസകോശപ്രശ്നങ്ങളും വർധിക്കാം. അതുകൊണ്ട് പ്രതികൂല കാലാവസ്ഥയുള്ള സാഹചര്യങ്ങളില്‍ മുന്‍കരുതലുകള്‍ എടുക്കേണ്ടത് അത്യാവശ്യമാണ്. പ്രത്യേകിച്ച് അലർജി, ആസ്മ, സിഒപിഡി, ഐഎൽഡി, ബ്രോങ്കൈറ്റിസ് എന്നിവ പോലുള്ള ശ്വാസകോശ രോഗങ്ങള്‍ ഉള്ളവര്‍ പ്രത്യേക ശ്രദ്ധ നല്‍കേണ്ടതാണ്.

അലര്‍ജിയുള്ളവര്‍ക്ക് തണുപ്പുകാലം അനുകൂലമല്ല. തണുത്ത വായു ശ്വസിക്കുന്നത് ആസ്മ കൂടാന്‍ കാരണമാകും. അതുകൊണ്ട് അമിതമായി ശീതീകരിച്ചതും തണുപ്പുള്ള സ്ഥലങ്ങളിലേക്കുമുള്ള യാത്രകള്‍ ഒഴിവാക്കുക. അനിവാര്യമുള്ള യാത്രകള്‍ ചെയ്യുമ്പോള്‍ അലര്‍ജിക്കുള്ള മരുന്നുകളും ഡോക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള ഇന്‍ഹേലറുകളും മറക്കാതെ കയ്യില്‍ കരുതുക. മഫ്ളർ, മങ്കി ക്യാപ് പോലുള്ള തണുപ്പു കുറയ്ക്കുന്ന ആവരണങ്ങൾ ഉപയോഗിക്കുക.

തണുപ്പുള്ള സമയത്ത് അതിരാവിലെയുള്ള നടത്തം അലർജി വർധിക്കാൻ ഇടയാക്കാം. അതുകൊണ്ട് നടത്തം മറ്റു സമയത്താക്കാം. കഴിവതും ഇളംചൂടുള്ള ഭക്ഷണവും പാനീയങ്ങളും കഴിക്കുവാൻ ശ്രദ്ധിക്കണം. ചൂടുവെള്ളത്തിലുള്ള കുളി ഉത്തമം. അലർജിയുള്ളവർ രാത്രി വളരെ വൈകി തല കുളിക്കാതിരിക്കുക. ഉറങ്ങും മുൻപ് ജനലും വാതിലുമെല്ലാം അടച്ച് മുറിക്കുള്ളിലെ ഊഷ്മാവ് സുഖകരമാക്കാം. ജനൽ തുറന്നിട്ടുറങ്ങുന്നതു വഴി പ്രഭാതത്തിലെ മഞ്ഞ് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കാം എന്നു മറക്കരുത്.

ആസ്മ രോഗികള്‍ ഇന്‍ഹേലര്‍ മരുന്നുകള്‍ കൃത്യമായി ഡോക്ടറുടെ നിര്‍ദ്ദേശമനുസരിച്ച് എടുക്കുക. അത്യാവശ്യ അവസരങ്ങളില്‍ എടുക്കുവാനുള്ള റിലീവർ മരുന്നുകളും കയ്യില്‍ കരുതുക. കൃത്യമായ ഇന്‍ഹേലര്‍ ഉപയോഗം തണുപ്പുകാലത്തുള്ള ശ്വസന പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ സഹായകമാകും. സിഒപിഡി രോഗബാധിതര്‍, തണുപ്പുകാലത്ത് ഫ്‌ളൂ രോഗം ബാധിക്കാനും മറ്റു ശ്വാസകോശ അണുബാധകള്‍ ഉണ്ടാകാനും സാദ്ധ്യതയുള്ളവരാണ്. അതുകൊണ്ട് സിഒപിഡി രോഗികളും ആസ്മ രോഗികളെ പോലെ ഡോക്ടര്‍ നിര്‍ദ്ദേശിച്ച ഇന്‍ഹേലര്‍ മരുന്നുകള്‍ കൃത്യമായി എടുക്കേണ്ടതാണ്.

മഞ്ഞുകാലത്ത് മുടങ്ങാതെ തുറസ്സായ സ്ഥലത്തു നിന്നുള്ള വ്യായാമം ചെയ്യുന്നവര്‍, തണുപ്പു കാരണം നടപ്പും ജോഗിങ്ങും മുടക്കാറുണ്ട്. ഇത് തണുപ്പുകാലത്തുള്ള അധികമായ മെറ്റബോളിക് ഡിമാൻഡും വിശപ്പും അധികമാക്കുകയും തന്‍മൂലം തൂക്കം വര്‍ദ്ധിക്കുകയും ചെയ്യും. ശരീരഭാരം കൂടുന്നത് എപ്പോഴും ശ്വാസകോശരോഗങ്ങള്‍ അധികരിപ്പിക്കുകയും ദൈനംദിന ജീവിത ജോലികള്‍ പ്രയാസമുള്ളതായും മാറ്റും. അതിനാല്‍ ക്രമമായ ഭക്ഷണശൈലി തുടരുകയും വ്യായാമം കാലാവസ്ഥ അനുസൃതമായി സമയം മാറ്റി തുടരുകയും ചെയ്യുക.

തണുപ്പുകാലത്ത് സാംക്രമിക രോഗങ്ങള്‍ പടര്‍ന്നു പിടിക്കാന്‍ സാദ്ധ്യത കൂടുതലാണ്. അതിനാല്‍ ശ്വാസകോശ രോഗങ്ങള്‍ ഉള്ളവര്‍ പൊതുസ്ഥലങ്ങളിൽ പോകുന്നത് ഒഴിവാക്കുന്നതാണു നല്ലത്. പ്രത്യേകിച്ച് തിരക്കേറിയ സ്ഥലങ്ഹളിൽ. പൊതുഗതാഗത മാർഗങ്ങൾ ഉപയോഗിക്കുമ്പോൾ മാസ്ക് ധരിക്കണം.

മുറികളിൽ വായുസഞ്ചാരം ഉറപ്പാക്കണം. കൈകള്‍ അണുവിമുക്തമാക്കുകയും ഇടപഴകലുകളിൽ പരസ്പരം അകലം പാലിക്കുകയും മാസ്‌ക് ഉപയോഗിക്കുകയും വേണം. പാശ്ചാത്യ രാജ്യങ്ങളില്‍ തണുപ്പുകാലത്ത് പുകവലിയും മദ്യപാനവും വര്‍ദ്ധിക്കുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നു. ഈ ദുശ്ശിലങ്ങള്‍ വര്‍ജ്ജിക്കുകയും പുകവലിക്കുന്നവരുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുകയും ചെയ്യണം. പ്രത്യേകിച്ച് കുട്ടികൾ.

സമീകൃത ആഹാരക്രമം പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായകമാകും. അതുപോലെ തന്നെ പ്രധാനമാണ് കൃത്യമായ അളവിൽ വെള്ളം കുടിക്കുന്നതും . ഫ്‌ളൂവിനും ന്യൂമോകോക്കൽ ബാക്ടീരിയയ്ക്കും എതിരെ പ്രതിരോധം നല്‍കുന്ന വാക്സീൻ തീര്‍ച്ചയായും ശ്വാസകോശ രോഗങ്ങള്‍ ഉള്ളവര്‍ എടുത്തിരിക്കണം. നല്ല ശീലങ്ങള്‍ പാലിക്കുന്നതു വഴി തണുപ്പുകാലത്ത് ഉണ്ടായേക്കാവുന്ന ശ്വാസകോശ പ്രശ്‌നങ്ങളില്‍ നിന്നും രക്ഷപെടാനും ജീവിതത്തിന്റെ ഗുണമേന്മ നഷ്ടമാകാതെ സൂക്ഷിക്കുവാനും കഴിയും.

 

ഡോ. സോഫിയ സലിം മാലിക്

സീനിയർ കൺസൽറ്റന്റ് , പൾമണോളജിസ്റ്റ്

അലർജി, ഇമ്യൂണോളജി, സ്ലീപ് കൺസൽറ്റന്റ്

എസ് യു റ്റി ഹോസ്പിറ്റൽ, പട്ടം

ADVERTISEMENT