Thursday 21 September 2023 03:03 PM IST : By സ്വന്തം ലേഖകൻ

പെരുമാറ്റത്തില്‍ മാറ്റം, വാക്കുകള്‍ കിട്ടാതെ വരിക, സ്ഥലകാലബോധം നഷ്ടപ്പെടുക, വഴിതെറ്റുക: ഒാർമക്കുറവ് ജീവിതത്തെ ബാധിക്കുമ്പോൾ....

drkrishnadasw23

നാം നോക്കിനില്‍ക്കെ നമ്മുടെ ഉറ്റവരില്‍ ഒരാള്‍ക്ക് ഓര്‍മ്മക്കുറവും വൈജ്ഞാനിക തകര്‍ച്ചയും സംഭവിച്ച് അവരുടെ വ്യക്തിത്വം ക്രമാനുഗതമായി ഇല്ലാതാവുന്ന രോഗമാണ് അല്‍സ്ഹൈമേഴ്സ്  രോഗം. ഈ നിശബ്ദമായ നുഴഞ്ഞുകയറ്റക്കാരന്‍ നമ്മുടെ പ്രായമേറിയവരുടെ ഇടയില്‍ വര്‍ധിച്ചുവരുന്ന ആശങ്കയായി മാറിയിരിക്കുന്നു. നമ്മുടെ ജനസംഖ്യക്ക് പ്രായമാകുമ്പോള്‍, അല്‍സ്ഹൈമേഴ്സ്  വ്യാപനവും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു, അങ്ങനെ ഇത് നമ്മുടെ കാലത്തെ ഏറ്റവും വലിയ പൊതുജനാരോഗ്യ വെല്ലുവിളികളിലൊന്നായി മാറുന്നു.

അല്‍സ്ഹൈമേഴ്സ് രോഗം കേവലം ഒരു രോഗാവസ്ഥ മാത്രമല്ല; ദശലക്ഷക്കണക്കിന് വ്യക്തികളുടെയും അവരുടെ കുടുംബങ്ങളുടെയും ജീവിതത്തെ കീഴ്‌മേല്‍ മറിക്കുന്ന ഹൃദയഭേദകമായ ഒരു പരീക്ഷണമാണിത്. ദുരിതമനുഭവിക്കുന്നവര്‍ക്കും അവരെ പരിചരിക്കുന്നവര്‍ക്കും താങ്ങാനാവാത്ത ആഘാതമേല്‍പ്പിച്ചാണ് അത് കടന്നു വരുന്നതും പോകുന്നതും. അതിന്റെ ആഘാതം നമ്മുടെ കമ്യൂണിറ്റികളുടെ വൈകാരികവും സാമൂഹികവുമായ ഘടനയിലേക്ക് തുളച്ചുകയറുന്നു. ബോധത്തിന്റെ സ്വഭാവം, ഓര്‍മ്മയുടെ ദുര്‍ബലത, വ്യക്തിത്വത്തിന്റെ സത്ത എന്നിവയെക്കുറിച്ചു തന്നെ ഇത് ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. 70 വയസ്സിനു മുകളിലുള്ള ആളുകളില്‍ 10 ശതമാനത്തോളം പേര്‍ക്ക് ഓര്‍മ്മക്കുറവുണ്ടാകാം. പകുതിയില്‍ അധികവും കാരണം, അല്‍സ്ഹൈമേഴ്സ്  രോഗം തന്നെ.

പ്രായമേറയവരില്‍ കാണുന്ന ഡിമെന്‍ഷ്യ രോഗത്തിന്റെ ഏറ്റവും പ്രധാന കാരണം അല്‍സ്ഹൈമേഴ്സ്  ആണ്. തലച്ചോറിലെ നാഡീകോശങ്ങള്‍ അഥവാ ന്യൂറോണുകളെ തളര്‍ത്തുന്ന രോഗമാണിത്. തലച്ചോറിലെ കോശങ്ങള്‍, ഓര്‍മ്മശക്തി സ്ഥിതി ചെയ്യുന്ന ഹിപ്പോകാംപസ് എന്ന ഭാഗത്തെ കോശങ്ങള്‍ ആദ്യം നശിക്കുന്നു. ആദ്യ രോഗലക്ഷണം ഓര്‍മ്മക്കുറവായിരിക്കും. പിന്നീട് തലച്ചോറിലെ മറ്റു ഭാഗങ്ങളെയും ബാധിക്കും. പെരുമാറ്റത്തില്‍ മാറ്റം, സംസാരിക്കുമ്പോള്‍ വാക്കുകള്‍ കിട്ടാതെ വരിക, സ്ഥലകാലബോധം നഷ്ടപ്പെടുക, പതിവായി യാത്ര ചെയ്യു സ്ഥലങ്ങളിലും വഴി തെറ്റിപ്പോകുക, പരിചയമുള്ളവരെ കണ്ടാല്‍ മനസ്സിലാകാതിരിക്കുക തുടങ്ങിയവയാണ് അസുഖം കൂടുമ്പോഴുണ്ടാകുന്ന മറ്റു രോഗലക്ഷണങ്ങള്‍. അസുഖം മൂര്‍ച്ഛിക്കുന്നതിന് അനുസരിച്ച് മേല്‍പറഞ്ഞ രോഗലക്ഷണങ്ങള്‍ തീവ്രമാകും. ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കു പോലും മറ്റുള്ളവരുടെ ആശ്രയം വേണ്ടി വരികയും ചെയ്യും.

ഓര്‍മ്മക്കുറവ് ദൈനംദിന ജീവിതത്തെ ബാധിച്ചു തുടങ്ങിയാല്‍ അല്‍സ്ഹൈമേഴ്സ്  രോഗം സംശയിക്കാം. വിശദമായ ന്യൂറോ കോഗ്നിറ്റീവ് അസസ്‌മെന്റ് ചെയ്യുന്നതു വഴി തലച്ചോറിലെ ഏതു ഭാഗമാണ് കൂടുതല്‍ ബാധിച്ചിരിക്കുന്നതെന്ന് മനസ്സിലാക്കാം. സാധാരണയായി ഓര്‍മ്മകള്‍ സ്ഥിതി ചെയ്യുന്ന തലച്ചോറിന്റെ ടെമ്പൊറല്‍ ലോബിനെയാണ് ആദ്യം അസുഖം ബാധിക്കുക. പിന്നീട് പരൈറ്റല്‍, ഫ്രോണ്ടല്‍ എന്നീ ഭാഗങ്ങളെയും ബാധിക്കും. ഇവയെല്ലാം വേറെ വേറെ രോഗലക്ഷണങ്ങളാണ് കാണിക്കുക. ഏതൊക്കെ ഭാഗത്തെയാണ് ബാധിച്ചിരിക്കുന്നത് എന്ന് മനസ്സിലാക്കുന്നതു വഴി ഇത് അള്‍ഷീമേഴ്‌സ് രോഗമാണോ, അതല്ല മറ്റു ഡിമെന്‍ഷ്യ രോഗമാണോ- ഉദാഹരണത്തിന് ഫ്രോണ്ടോ ടെമ്പറല്‍ ഡിമെന്‍ഷ്യ, ലൂയി ബോഡി ഡിമെന്‍ഷ്യ - എന്നും മനസ്സിലാക്കാന്‍ സാധിക്കും.

ചികിത്സിച്ചു ഭേദമാക്കാന്‍ സാധ്യതയുള്ള ചില രോഗങ്ങളും ഓര്‍മ്മക്കുറവായി വരാം. ഉദാഹരണത്തിന് ഹൈപ്പോതൈറോയ്ഡിസം, തലച്ചോറിനകത്തുള്ള രക്തസ്രാവം, വൈറ്റമിന്‍ കുറവ്, നീര്‍ക്കെട്ട്, മുഴകള്‍, തലച്ചോറിനെ ബാധിക്കുന്ന ടിബി തുടങ്ങിയവയും ചിലപ്പോള്‍ ഓര്‍മ്മക്കുറവായി വരാം. ഇവയെല്ലാം ചികിത്സിച്ചു ഭേദമാക്കാവുന്ന രോഗങ്ങളാണ്. ഇത്തരം രോഗങ്ങളില്ല എന്ന് ഉറപ്പുവരുത്തേണ്ടതും പ്രധാനമാണ്. ഇത്തരം ഘട്ടങ്ങളില്‍ തലച്ചോറിന്റെ എം ആര്‍ ഐ സ്‌കാന്‍ ആണ് പ്രധാനമായും ചെയ്യേണ്ടി വരിക. ഇതൂ കൂടാതെ നട്ടെല്ലില്‍ നീര് കുത്തിയെടുത്ത് നടത്തുന്ന പരിശോധന, പെറ്റ് സ്‌കാന്‍ എന്നിവ ചെയ്യേണ്ടി വന്നേക്കാം.

അല്‍സ്ഹൈമേഴ്സിനു ഫലപ്രദമായ മരുന്നുകള്‍ ഇനിയും കണ്ടുപിടിക്കേണ്ടതുണ്ട്. എന്നാല്‍ ഇപ്പോള്‍ വിപണിയിലുള്ള പല മരുന്നുകളും ഓര്‍മ്മ നഷ്ടപ്പെടുന്നതിന്റെ വേഗത കുറയ്ക്കും. വിഷാദം, ദേഷ്യക്കൂടുതല്‍ തുടങ്ങിയ മാനസികരോഗങ്ങളും അല്‍ഷീമേഴ്‌സിന്റെ ഭാഗമായി വേക്കാം. ഇത് കണ്ടുപിടിച്ച് അതതു സമയത്ത് ചികിത്സിക്കേണ്ടത് വളരെ പ്രധാനമാണ്. അതുപോലെ മൂത്രാശയത്തിലെ അണുബാധ, കഫക്കെട്ട്, ന്യൂമോണിയ തുടങ്ങിയ രോഗങ്ങള്‍ വരുമ്പോള്‍ അല്‍സ്ഹൈമേഴ്സ്  രോഗികള്‍ ആശയക്കുഴപ്പത്തിലാകുകയും രോഗ ലക്ഷണങ്ങള്‍ അധികമാകുകയും ചെയ്യും. ഇത്തരം രോഗലക്ഷണങ്ങള്‍ പ്രകടമാകുമ്പോള്‍ തന്നെ ശ്രദ്ധിച്ച് ചികിത്സ നല്‍കുന്നത് പ്രധാനമാണ്.

തലച്ചോറില്‍ അബീറ്റാ 42 അമൈലോയ്ഡ് എന്ന പദാര്‍ത്ഥം അടിഞ്ഞു കൂടുന്നതാണ് അല്‍ഷീമേഴ്‌സ് രോഗം വരാനുള്ള ഒരു പ്രധാന കാരണം. ഈ അമൈലോയ്ഡ് പ്രോട്ടീനെ കുറയ്ക്കുന്ന ആന്റീ അമൈലോയ്ഡ് ആന്റി ബോഡി എന്ന ചികിത്സ ഇപ്പോള്‍ ലഭ്യമാണ്. ഈ മരുന്ന് ഫലപ്രദമല്ലെന്നു കണ്ടെത്തുകയും വളരെ കുറച്ചു ഫലങ്ങള്‍ ഈ മരുന്നു മൂലം ഉണ്ടെന്നും ശാസ്ത്രലോകം കണ്ടെത്തി. എന്നാല്‍ പ്ലാസിബോ കൊടുത്ത രോഗികളെക്കാളും മരുന്നു കഴിച്ച രോഗികള്‍ക്ക് ഓര്‍മ്മകള്‍ നഷ്ടപ്പെടുതിന്റെ വേഗത ഒരല്‍പം കുറവായി കണ്ടെത്തി. തലച്ചോറിലെ അമൈലോയ്ഡിന്റെ അളവും ഈ കൂട്ടരില്‍ അല്‍പം കുറവായതായി കണ്ടെത്തി. രോഗത്തിന്റെ തുടക്കത്തില്‍ കൊടുത്താല്‍ മാത്രമെ മരുന്ന് ഫലവത്താകുകയുള്ളൂ. പിന്നീട് ലകാനിമാബ്, ഡൊനാനിമാബ് തുടങ്ങിയ മരുന്നുകളും വിപണിയിലെത്തി. പാര്‍ശ്വഫലമേറെയുണ്ടെങ്കിലും അല്‍ഷീമേഴ്‌സ് ഡിസീസ് ചികിത്സയില്‍ ആദ്യമായി രോഗകാരണത്തെ ചികിത്സിക്കുന്ന ഒരു മരുന്ന് വന്നു എന്നത് രോഗികള്‍ക്കും വൈദ്യസമൂഹത്തിനും പ്രതീക്ഷ പകരുന്ന കാര്യമാണ്.

അല്‍സ്ഹൈമേഴ്സ്  വാസ്തവത്തില്‍ ശൈശവത്തിലേക്കുള്ള തിരിച്ചുപോക്കാണ്. ഓരോന്നോരോന്നായി മറക്കുന്നു. നടക്കുമ്പോള്‍ വീഴാന്‍ തുടങ്ങുന്നു, സംസാരിക്കാന്‍ മറക്കുന്നു. മൂത്രവും മലവും അറിയാതെ പോകുന്നു തുടങ്ങി ശൈശവത്തിലേക്കുള്ള തിരിച്ചുപോക്ക്. നമ്മെ വളര്‍ത്തി വലുതാക്കിയ മാതാപിതാക്കളെ തിരിച്ച് സേവിക്കാനുള്ള അവസരമായി ഇതിനെ കണ്ടാല്‍ ഈ രോഗത്തോടുള്ള സമീപനം മാറ്റിയെടുക്കാം. അള്‍ഷീമേഴ്‌സിന് വരാനിരിക്കുത് നല്ല നാളുകളാണൊണ് ആരോഗ്യ വിദഗ്ധര്‍ കരുതുന്നത്.

ഡോ. കൃഷ്ണദാസ് എന്‍.സി

സീനിയര്‍ കൺസൽട്ടൻറ് -

സെന്റര്‍ ഫോര്‍ ന്യൂറോസയന്‍സസ്,

മേയ്ത്ര ഹോസ്പിറ്റല്‍, കോഴിക്കോട്

ഡോ. കൃഷ്ണദാസ് എന്‍.സി

സീനിയര്‍ കൺസൽട്ടൻറ് -

സെന്റര്‍ ഫോര്‍ ന്യൂറോസയന്‍സസ്,

മേയ്ത്ര ഹോസ്പിറ്റല്‍, കോഴിക്കോട്

 

Tags:
  • Daily Life
  • Manorama Arogyam