Friday 07 January 2022 12:58 PM IST

സങ്കടകാഴ്ചയായി ‘അനന്യമാർ’ ഉണ്ടാകാതിരിക്കാൻ; ട്രാൻസ്ജെൻഡർ ലിംഗമാറ്റ ശസ്ത്രക്രിയയെ കുറിച്ച് അറിയേണ്ടതെല്ലാം

Asha Thomas

Senior Sub Editor, Manorama Arogyam

transgender-series-ananya-54453 അനന്യകുമാരി അലക്സ് (ഫോട്ടോ: ഹരികൃഷ്ണൻ) അനന്യ അവസാനയാത്ര

മലയാളി ട്രാൻസ് സമൂഹത്തിന്റെ കണ്ണുനീരാണ് അനന്യകുമാരി അലക്സ്. തന്റെ ലിംഗസ്വത്വം വീണ്ടെടുക്കാൻ നടത്തിയ ശസ്ത്രക്രിയയുടെ പരാജയം ജീവിതത്തെ നരകതുല്യമാക്കിയപ്പോൾ അനന്യ സ്വയം അവസാനിപ്പിച്ചു വേദനകളിൽ നിന്നു മുക്തി നേടി. ട്രാൻസ് ജെൻഡർ സമൂഹത്തിന്റെ പ്രശ്നങ്ങൾ കേവലം പരിഹാസമോ, തമാശയോ, പുച്ഛമോ നിറഞ്ഞ കണ്ണുകളിൽ കാണേണ്ടതല്ല എന്ന് പൊതുസമൂഹത്തോട് വിളിച്ചു പറഞ്ഞ ഒരു സങ്കടകാഴ്ചയായിരുന്നു പൂക്കളാൽ മൂടിയ അനന്യകുമാരി അലക്സിന്റെ അവസാന യാത്ര...

ഇനിയൊരു ട്രാൻസ് വ്യക്തിക്കും ഇത്തരമൊരു ദുരന്തം ഉണ്ടാവരുത് എന്ന ലക്ഷ്യത്തോടെ മനോരമ ആരോഗ്യവും വനിത ഓൺലൈനും ചേർന്ന ട്രാൻസ് സമൂഹത്തിന്റെ ജീവിതത്തെ പൊതുസമൂഹത്തിനു മുമ്പിൽ അവതരിപ്പിക്കുകയാണ്. ലിംഗസ്ഥിരീകരണ ശസ്ത്രക്രിയയ്ക്ക് വിധേയരാവും മുമ്പ് എന്തെല്ലാം ഒരുക്കങ്ങൾ നടത്തണമെന്ന് ട്രാൻസ് സമൂഹത്തിന് അറിവു നൽകുന്ന പരമ്പര... സ്വത്വം തേടുന്ന ജീവിതങ്ങൾ

രോഗമല്ല, ശാരീരികാവസ്ഥ

ട്രാൻസ് ജെൻഡർ എന്നത് ഒരു മാനസിക പ്രശ്നമോ, പെരുമാറ്റ വൈകല്യമോ അല്ല എന്ന് ലോകാരോഗ്യസംഘടന ഈയടുത്ത് അംഗീകരിച്ചു. രാജ്യാന്തര രോഗവർഗീകരണ പട്ടികയിൽ (ഐസിഡി) ട്രാൻസ്‌സെക്‌ഷ്വലിസത്തെ മാനസിക–പെരുമാറ്റ ക്രമക്കേടുകളുടെ വിഭാഗത്തിലാണ് നേരത്തെ ലോകാരോഗ്യസംഘടന ഉൾപ്പെടുത്തിയിരുന്നത്. പുതുക്കിയ പട്ടികയിൽ ചരിത്രപരമെന്നു വിശേഷിപ്പിക്കാവുന്ന നീക്കത്തിലൂടെ ലോകാരോഗ്യസംഘടന ട്രാൻസ് സെക്‌ഷ്വലിസത്തിനു പകരം ‘ജെൻഡർ ഇൻകോൺഗ്രുവൻസ്’ (ലിംഗ പൊരുത്തക്കേട്) എന്ന പുതിയപദം കൊണ്ടുവന്നു. അതിനെ ലൈംഗികാരോഗ്യ അവസ്ഥകളുടെ നിരയിലേക്ക് മാറ്റുകയും ചെയ്തു.

transgender-series-ananya-cover മോഡലുകൾ :ഐൻ ഹണി ആരോഹി, ദയ ഗായത്രി (ഫോട്ടോ: ശ്യാംബാബു)

തങ്ങളുടെ ഉള്ളിലുള്ള ലിംഗസ്വത്വവും ബാഹ്യരൂപവും തമ്മിലുള്ള കലഹം കലശലാകുമ്പോഴാണ് ട്രാൻസ്ജെൻഡർ വ്യക്തികൾ ലിംഗമാറ്റ ശസ്ത്രക്രിയകളെക്കുറിച്ച് ആലോചിച്ചു തുടങ്ങുന്നത്. മുൻപ് ഈ ശസ്ത്രക്രിയകൾ സെക്സ് റീ അസൈൻമെന്റ് ശസ്ത്രക്രിയകകൾ (SRS) എന്നാണ് അറിയപ്പെട്ടിരുന്നത്. ഇപ്പോൾ അവയെ ജെൻഡർ അഫർമേഷൻ സർജറി അഥവാ ലിംഗസ്ഥിരീകരണ ശസ്ത്രക്രിയകൾ എന്നാണ് പറയുന്നത്. ലിംഗപരമായ സംഘർഷത്തിലാണെന്നു കരുതി ഉടനേ ശസ്ത്രക്രിയ നടത്താം എന്നു തീരുമാനിക്കാനാകില്ല. 18 വയസ്സു കഴിഞ്ഞവരെ മാത്രമേ ലിംഗസ്ഥിരീകരണ ശസ്ത്രക്രിയയ്ക്കു പരിഗണിക്കുകയുള്ളൂ. വിശദമായ മാനസിക വിലയിരുത്തലും ഒരു വർഷത്തോളം നീളുന്ന ഹോർമോൺ ചികിത്സയും ഇതിനു ആവശ്യമാണ്.

ആദ്യം മാനസിക വിലയിരുത്തൽ

ആദ്യം സമ്പൂർണമായ മാനസികവിലയിരുത്തലും കൗൺസലിങ്ങും നടത്തണം. വ്യക്തിയുടെ ജന്മനാലുള്ള ലിംഗവ്യക്തിത്വവും (Assigned gender) അയാളുടെ ഉള്ളിലുള്ള ലിംഗസ്വത്വവും (Identified gender) തമ്മിൽ ഒരു സംഘർഷം (ജെൻഡർ ഡിസ്ഫോറിയ) ഉണ്ടെന്ന് നിർണയിക്കണം. ഇപ്പോഴത്തെ മാനസികാവസ്ഥ എന്താണ്, വിഷാദം പോലെ മറ്റു മാനസികപ്രശ്നങ്ങളുണ്ടോ, വ്യക്തിത്വപ്രശ്നങ്ങളുണ്ടോ എന്നെല്ലാം പരിശോധിക്കണം. ലിംഗസ്ഥിരീകരണ ശസ്ത്രക്രിയ നടത്തിക്കഴിഞ്ഞാൽ പഴയ രൂപത്തിലേക്ക് മാറാനാവില്ലന്നതുൾപ്പെടെ ലിംഗമാറ്റത്തിന്റെ എല്ലാ വശങ്ങളെക്കുറിച്ചും വ്യക്തമാക്കിക്കൊടുക്കണം. സർജറിക്കുശേഷമുള്ള പുതു ജീവിതത്തെ ധീരമായി സ്വീകരിക്കാനും അതിനോട് ഇണങ്ങിച്ചേരാനുമുള്ള മാനസികപരിശീലനവും നൽകാറുണ്ട്. ഈ ഘട്ടം പൂർത്തിയായാൽ ഹോർമോൺ ചികിത്സ ആരംഭിക്കാം. ചില ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് ലിംഗമാറ്റ ശസ്ത്രക്രിയയോട് ആഭിമുഖ്യമുണ്ടാവില്ല. കൗൺസലിങ്ങിലൂടെ അവരുടെ പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്താം.

ഹോർമോൺ ചികിത്സ

ട്രാൻസ്ജെൻഡ‍ർ വ്യക്തികൾ ഹോർമോൺ ചികിത്സ അതീവ ശ്രദ്ധയോടെ ചെയ്യേണ്ടതാണ്. കാരണം ഹോർമോൺ വ്യതിയാനങ്ങൾ മൂലമുള്ള പാർശ്വഫലങ്ങളുടെ സാധ്യത ചികിത്സാഘട്ടത്തിലുടനീളമുണ്ടാകാം. ട്രാൻസ്ജെൻഡർ സ്ത്രീകളിൽ അധികമുള്ള ടെസ്േറ്റാസ്‌റ്റിറോൺ എന്ന പുരുഷ ഹോർമോൺ കുറയ്ക്കാനുള്ള മരുന്നുകൾക്കൊപ്പം സ്ത്രീ ഹോർമോണായ ഈസ്ട്രജനും നൽകും. ഈസ്ട്രജൻ ഗുളികകളാണു നൽകുന്നത്. ഇതു രണ്ടും ഒന്നിച്ചു നൽകിയാൽ മാത്രമേ വേണ്ടത്ര ഫലം ലഭിക്കൂ. ഈസ്ട്രജൻ മാത്രം കൊടുത്താൽ ഫലം കാണില്ല എന്നാണനുഭവം. എന്നാൽ ട്രാൻസ് ജെൻഡർ പുരുഷന്മാർക്ക് അത് അത്യാവശ്യമില്ല. അവർക്കു പുരുഷ ഹോർമോൺ മാത്രം കൊടുത്താലും ഹോർമോൺ പ്രവർത്തനമാരംഭിക്കുന്നതിനിടെ സ്ത്രീഹോർമോൺ സ്വാഭാവികമായി കുറയുന്നതായി കാണുന്നു. സാധാരണ, മാസത്തിൽ ഒന്ന് അല്ലെങ്കിൽ രണ്ടാഴ്ചയിൽ ഒന്ന് എന്ന ക്രമത്തിലാണു ടെസ്േറ്റാസ്റ്റിറോൺ ഹോർമോൺ കുത്തിവയ്പ് നൽകുക. ആദ്യം ഡോസ് കുറച്ചു നൽകും. പിന്നെ അളവു വർധിപ്പിക്കും.

transgender-series-model-sheethal

പാർശ്വഫലങ്ങൾ അറിയാം

ട്രാൻസ് സ്ത്രീകളിൽ പുരുഷഹോർമോണിന്റെ ലെവൽ കുറയ്ക്കാനുള്ള ഗുളിക കഴിക്കുമ്പോൾ പ്രഷർ കുറയാനും പൊട്ടാസ്യം ലെവൽ വർധിക്കാനും സാധ്യതയുണ്ട്. ഈസ്ട്രജൻ തെറപ്പിയുടെ പ്രധാന പാർശ്വഫലം കാലിൽ രക്തം കട്ടപിടിക്കുന്ന വീനസ് ത്രോംബോ എംബോളിസം എന്ന അസുഖമാണ്. കൂടാതെ സ്തനാർബുദ സാധ്യതയുമുണ്ട്. തലച്ചോറിലെ പിറ്റ്യൂട്ടറി ഗ്ലാൻഡ് ഉൽപാദിപ്പിക്കുന്ന പ്രൊലാക്റ്റിൻ എന്ന ഹോർമോണിന്റെ വർധനവുമൂലവും ആരോഗ്യപ്രശ്നങ്ങളുണ്ടാകാം. ഈ സാധ്യതകൾ സശ്രദ്ധം നിരീക്ഷിച്ചു പഠിച്ചാണ് ഹോർമോണ്‍ ചികിത്സ തുടരേണ്ടത്. ബിപി, പ്രമേഹം എന്നിവ വരാനും ഉള്ളവരിൽ വർധിക്കാനും സാധ്യതയുണ്ട്. മൈഗ്രേൻ തലവേദന വർധിക്കാം. വൃക്ക–കരൾ പരിശോധനകൾ ഒക്കെ വേണ്ടിവരും. ഹോർമോൺ ചികിത്സ പെട്ടെന്നു നിർത്തി വയ്ക്കാനാവില്ല ചികിത്സ മുടങ്ങിയാൽ അത് അസ്ഥിയുടെ ബലക്ഷയത്തിനും തേയ്മാനത്തിനും ഇടവരുത്തും.

ടെസ്േറ്റാസ്റ്റിറോൺ കുത്തിവയ്പിന് ചില പാർശ്വഫലങ്ങളുണ്ട്. കൊളസ്ട്രോൾ അളവിലുണ്ടാകാവുന്ന വ്യത്യാസങ്ങൾ, രക്തത്തിലെ ഹീമോഗ്ലോബിൻ വർധനവു മൂലമുള്ള പ്രശ്നങ്ങൾ, ഉറക്കത്തിൽ ശ്വാസംമുട്ടൽ അനുഭവപ്പെടുന്ന ഒബ്സ്ട്രക്ടീവ് സ്ലീപ് അപ്നിയ എന്നിവയാണ് പാർശ്വഫലങ്ങൾ. ഇവയുടെ തീവ്രത വർധിക്കാതെ സശ്രദ്ധം നിരീക്ഷിക്കേണ്ടി വരും. കൂടാതെ ഷുഗർ, പ്രഷർ, കൊളസ്ട്രോൾ വ്യത്യാസങ്ങൾ മൂലമുള്ള ഹൃദ്രോഗ സാധ്യത, സ്ട്രോക്ക് ഉണ്ടാകുവാനുള്ള സാധ്യത ഇവയും തള്ളിക്കളയാനാവില്ല. പുകവലി, മദ്യപാനം, മയക്കുമരുന്നുപയോഗം ഇവയെല്ലാം രോഗസാധ്യത വളരെ വർധിപ്പിക്കും. ഹൃദയം, വൃക്കകൾ, കരൾ ഇവയുടെ ആരോഗ്യം സാധാരണ നിലയിലാണോ എന്നറിയാനുള്ള കൃത്യമായ പരിശോധനകളും മുടങ്ങാതെ നടത്തണം.

transgender-series-model-ananya അനന്യകുമാരി അലക്സ് (ഫയൽ ചിത്രം)

തുടരും...

Tags:
  • Manorama Arogyam