Thursday 21 October 2021 04:52 PM IST : By മനോരമ ആരോഗ്യം റിസർച്ച് ഡസ്ക്

കോവിഡിന് ജീവൻരക്ഷാ ഔഷധമോ ആന്റിബോഡി കോക്ടെയിൽ? പാർശ്വഫലങ്ങളും ഉപയോഗരീതിയും അറിയാം

sadas43r

അമേരിക്കൻ പ്രസിഡന്റായിരുന്ന ഡോണൾഡ് ട്രംപിന് കോവിഡ് ചികിത്സയുടെ ഭാഗമായി ഉപയോഗിച്ചപ്പോഴാണ് ആന്റിബോഡി കോക്ടെയിൽ വലിയ ചർച്ചയാവുന്നത്. പ്രമേഹം പോലെ മാരകമായ അനുബന്ധരോഗമുള്ളവർക്ക് രക്ഷകനായി ആന്റിബോഡി കോക്ടെയിലിനെ ചിത്രീകരിച്ചുള്ള പരസ്യങ്ങൾ ഇപ്പോൾ വ്യാപകമാണ്. എന്താണ് ഈ ആന്റിബോഡി കോക്ടെയിൽ ? ആർക്കൊക്കെയാണ് ഇത് ആവശ്യമുള്ളത്? കോലഞ്ചേരി എംഒഎസ്‌സി മെഡിക്കൽ കോളജിലെ മെഡിസിൻ വിഭാഗം പ്രഫസർ ഡോ. ടി. എസ്. ഫ്രാൻസിസ് വിശദമാക്കുന്നു.

കോവിഡിനെതിരെയുള്ള ആന്റിബോഡി

കോവി‍ഡിന്റെ ആന്റിബോഡി കോൺസൻട്രേറ്റ് ആണിത്. കോവിഡ് വന്നവരുടെ രക്തത്തിൽ ലെ സീറത്തിൽ നിന്നും കോവിഡിനെതിരെ രൂപപ്പെട്ടിട്ടുള്ള ആന്റിബോഡി വേർതിരിച്ചെടുക്കുന്നു. ഇതിനെയാണ് ആന്റിബോഡി കോക്ടെയിൽ എന്നു പറയുന്നത്. കോവിഡ് രോഗത്തിന്റെ ആദ്യഘട്ടത്തിൽ ഈ കോക്ടെയിൽ നൽകിയാലാണ് മികച്ച ഫലം ലഭിക്കുന്നത്.

റോഷെ എന്ന സ്വിസ് ഔഷധനിർമാണ കമ്പനിയുടെ കാസിർവിമാബ്, ഇംഡെവിമാബ് എന്നീ ആന്റിബോഡി കോക്ടെയിലുകൾക്കാണ് ഇന്ത്യയിൽ എമർജൻസി ഉപയോഗ അനുമതി നൽകിയിരിക്കുന്നത്.

ആർക്കാണ് വേണ്ടത്?

അനിയന്ത്രിതമായ പ്രമേഹമോ ഹൃദയസംബന്ധമായ സങ്കീർണതകളോ വൃക്കരോഗമോ അർബുദമോ ഒക്കെ പോലെ മറ്റ് രോഗങ്ങളുള്ളവർ, 65 വയസ്സോ അതിനു മുകളിലോ പ്രായമുള്ളവർ എന്നിങ്ങനെ കോവിഡ് മൂലം സങ്കീർണതകൾ വരാൻ സാധ്യതയുള്ള, തീവ്ര കോവിഡ് രോഗമുള്ളവർക്ക് കോവിഡ് മൂലമുള്ള ആശുപത്രിവാസമോ അടിയന്തര ചികിത്സയോ ഒഴിവാക്കാനായി ഇതു നൽകാറുണ്ട്. എങ്കിലും ഇതൊരു നിർബന്ധമായിട്ടുള്ള ചികിത്സയല്ല. സാധാരണഗതിയിൽ രണ്ടു ഡോസ് വാക്സീനുകളും എടുത്തവർക്ക് ആന്റിബോഡി സുരക്ഷ ഉള്ളതിനാൽ ഇതിന്റെ ആവശ്യം വരാറില്ല. പ്രമേഹം പോലെ രോഗപ്രതിരോധശക്തി കുറയ്ക്കുന്ന രോഗമുള്ളവർ, ജന്മനാ പ്രതിരോധശേഷി കുറഞ്ഞവർ, ഇമ്യൂണോസപ്രസന്റ് മരുന്നുകൾ കഴിക്കുന്നവർ എന്നിങ്ങനെ രോഗപ്രതിരോധ ശക്തി കുറഞ്ഞ, വാക്സീൻ എടുക്കാത്ത, തീവ്രകോവിഡ് ബാധിതർക്കാണ് ഇതേറ്റവും പ്രയോജനപ്പെടുക.

എങ്ങനെ നൽകുന്നു?

ഐവി ഇൻഫ്യൂഷൻ അഥവാ സിരകളിൽ നൽകുന്ന കുത്തിവയ്പ് ആയാണ് ഈ മരുന്നു നൽകുന്നത്. ഗവ മെഡി. കോളജുകളിലും ജില്ലാ ആശുപത്രികളിലും ആന്റിബോഡി കോക്ടെയിൽ ലഭ്യമാണ്. സ്വകാര്യ ആശുപത്രികളിലും ഇതു ലഭ്യമാണ്. വില അൽപം കൂടുതലാണ്.

അലർജിയുണ്ടാകാം

പലർക്കും ജീവൻരക്ഷാ ഔഷധമാണെങ്കിലും ആന്റിബോഡി കോക്ടെയിൽ ഉപയോഗത്തിൽ ശ്രദ്ധ വേണം. കുത്തിവയ്പ് എടുക്കുന്നതിനു മുൻപ് രോഗിക്ക് ഇതിനോട് അലർജിയുണ്ടോ എന്നു നിർബന്ധമായും പരിശോധിക്കണം. അലർജിപ്രതികരണം ഒഴിവാക്കാൻ ഇതു സഹായിക്കും. മൈൽഡ് കോവിഡ് ഉള്ളവരിൽ ഇത് എടുക്കേണ്ട കാര്യമില്ല. അമിതമായ അളവിൽ ആന്റിബോഡി കോക്ടെയിൽ എടുത്താൽ സീറം സിക്നസ്സ് എന്ന ആരോഗ്യപ്രശ്നം വരാനിടയുണ്ട്. കോവിഡിന്റെ ആദ്യഘട്ടത്തിൽ തന്നെ ഈ മരുന്നു നൽകിയാലേ പ്രയോജനമുള്ളു. മെക്കാനിക്കൽ വെന്റിലേഷനോ ഒാക്സിജൻ തെറപ്പിയോ ഉപയോഗിക്കുന്ന രോഗികളിൽ ആന്റിബോഡി കോക്ടെയിൽ ഉപയോഗിക്കാവുന്നതല്ല.

Tags:
  • Manorama Arogyam
  • Health Tips