Saturday 06 May 2023 11:52 AM IST

നിങ്ങൾ എത്രമാത്രം ആരോഗ്യവാനാണ്: സ്വയം പരിശോധിച്ചറിയാൻ വഴികൾ

Asha Thomas

Senior Sub Editor, Manorama Arogyam

fit3435345

ശാരീരികമായ ഫിറ്റ്നസിനെ നിർണയിക്കുന്നത് അഞ്ചു ഘടകങ്ങളാണ്.

∙ ഹൃദയധമനീക്ഷമത (കാർഡിയോ വാസ്കുലർ എൻഡുറൻസ്)

തുടർച്ചയായി ജോലികൾ ചെയ്യുന്നതിനാവശ്യമായ പ്രാണവായുവും ഊർജവും നൽകാൻ ഹൃദയത്തിനും ശ്വാസകോശത്തിനുമുള്ള കഴിവിനെ സൂചിപ്പിക്കുന്നു.

∙ ശരീരവഴക്കം (ഫ്ലെക്സിബിലിറ്റി)

ഒാരോ സന്ധിക്കും സാധ്യമായുള്ള ചലനപരിധിയിൽ (Range of motion) ചലിപ്പിക്കാനുള്ള കഴിവ്.

∙ ബോഡി കോംപോസിഷൻ – ശരീരത്തിലെ കൊഴുപ്പിന്റെ (Fat Mass) അളവ്.

∙ പേശീക്ഷമത (മസ്കുലർ എൻഡുറൻസ്)

ക്ഷീണമില്ലാതെ തുടർച്ചയായി ദീർഘസമയം പ്രവർത്തിക്കാനുള്ള പേശികളുടെ കഴിവ്

∙ പേശീശക്തി അഥവാ ബലം.

പരിശോധിച്ചറിയാം

കാർഡിയോവാസ്കുലർ എൻഡുറൻസ് :

ഇതു പരിശോധിച്ചറിയാൻ 1.5 മൈൽ ഒാടിയിട്ടുള്ള പരിശോധന സഹായിക്കും. ഒാടുന്നയാളുടെ പരമാവധി ഹൃദയമിടിപ്പ്, പരമാവധി ഒാക്സിജൻ ഉപയോഗം എന്നിവയൊക്കെ അളന്ന് അതേ പ്രായത്തിലുള്ളവരുടെ റഫറൻസ് നിരക്കുമായി താരതമ്യം ചെയ്യുന്നു.

കാർഡിയോവാസ്കുലർ എൻഡുറൻസ് വർധിപ്പിക്കുന്നതു പൊതുവായ ആരോഗ്യത്തിനു ഗുണകരമാണ്. ഹൃദയവും ശ്വാസകോശവും പ്രാണവായുവിനെ കൂടുതൽ മികച്ച രീതിയിൽ ഉപയോഗിക്കാൻ കഴിവു നേടുന്നു. തത്ഫലമായി ക്ഷീണം കൂടാതെ ദീർഘനേരം വ്യായാമം ചെയ്യാനാകും. ജംപിങ് ജാക്സ്, ബർപീസ് എന്നിങ്ങനെയുള്ള വ്യായാമങ്ങൾ കാർഡിയോവാസ്കുലർ എൻഡുറൻസ് മെച്ചപ്പെടുത്താൻ സഹായകരമാണ്.

മസ്കുലർ എൻഡുറൻസ് :

ഒരു വ്യക്തിയുടെ ശരീരത്തിന്റെ മുകൾഭാഗത്തെ പേശികളുടെ ക്ഷമത എത്രമാത്രമുണ്ട് എന്നറിയാൻ അയാൾക്കു പരമാവധി ചെയ്യാവുന്ന പുഷ് അപ്പുകളുടെ എണ്ണം നോക്കിയാൽ മതി. ശരീരത്തിന്റെ മധ്യഭാഗത്തെ പേശികളുടെ ക്ഷമതയുടെ സൂചനയാണ് ഒരാൾക്കു പരമാവധി ചെയ്യാവുന്ന സിറ്റ് അപ്പുകളുടെ എണ്ണം. ഒാരോ വ്യക്തിയുടെയും പ്രായം, ശരീരഭാരം, ഉയരം ഒക്കെ അനുസരിച്ച് ഇതു വ്യത്യാസപ്പെടും. ഹോക്കി, ഫുട്ബോൾ പോലെയുള്ള ടീം ഗെയിമുകളിൽ പേശീക്ഷമത കൂടുതൽ വേണ്ടിവരും.

ശരീരവഴക്കം:

ശരീരവഴക്കത്തെക്കുറിച്ചു പൊതുവായ ഒരു സൂചന ലഭിക്കുന്നതിന് ചില വ്യായാമപരിശോധനകൾ സഹായിക്കും. കുനിഞ്ഞു കാൽപാദത്തിൽ സ്പർശിക്കുന്ന സ്ട്രെച്ചിങ് നടുവിന്റെയും ഇടുപ്പിന്റെയും വഴക്കം എത്രമാത്രമുണ്ടെന്നു പൊതുവായ ധാരണ ന ൽകും. കൈ ഉയർത്തി തോളിനു പിന്നിലെ എല്ലിൽ തൊടുന്നതുപോലുള്ള തോൾ സ്ട്രെച്ചിങ് ചെയ്യാനാകുമെങ്കിൽ തോളിന് ആവശ്യത്തിനു വഴക്കമുണ്ടെന്നു കരുതാവുന്നതാണ്.

സന്ധികളുടെയും പേശികളുടെയും വഴക്കത്തെക്കുറിച്ചു കൂടുതൽ കൃത്യവും ശാസ്ത്രീയവുമായ വിവരം ലഭിക്കണമെങ്കിൽ ഗോനിയോമീറ്റർ എന്ന ഒരു  ഉപകരണം ഉപയോഗിച്ചു ലാബിൽ പരിശോധിക്കണം. ജന്മനാലോ,രോഗങ്ങൾ കൊണ്ടോ ചിലരിൽ ശരീരവഴക്കം കൂടുതലാകാം, വഴക്കം കുറഞ്ഞു മുറുക്കവും (Stiffness) അനുഭവപ്പെടാം. ഇതിനു രണ്ടിനുമിടയിലുള്ള അവസ്ഥയാണ്  ശരിയായ പേശീവഴക്കം.

മികച്ച ആരോഗ്യത്തെയും ഫിറ്റ്നസ്സിനെയും സൂചിപ്പിക്കുന്ന മറ്റു രണ്ടു കാര്യങ്ങളാണ് അരക്കെട്ട്–ഇടുപ്പ് അനുപാതവും ബോഡി മാസ് ഇൻഡക്സും. 

അരക്കെട്ട് - ഇടുപ്പ് അനുപാതം

അരക്കെട്ടിലും ഇടുപ്പിലും പിൻഭാഗത്തുമായി എത്രമാത്രം കൊ ഴുപ്പ് ശേഖരിക്കപ്പെട്ടിട്ടുണ്ട് എന്നറിയാനുള്ള വഴിയാണ് അരക്കെട്ട്Ðഇടുപ്പ് അനുപാതം. ശരീരത്തിന്റെ മധ്യഭാഗത്ത് കൊഴുപ്പു കൂടുതലുള്ളവരിൽ ഹൃദ്രോഗത്തിനും പ്രമേഹത്തിനും സാധ്യത കൂടുതലാണെന്നു പഠനങ്ങൾ പറയുന്നു. അതുകൊണ്ടുതന്നെ അരക്കെട്ട്– ഇടുപ്പ് അനുപാതം ആരോഗ്യകാര്യത്തിൽ ഏറെ പ്രസക്തമാണ്. അരക്കെട്ടിന്റെ ചുറ്റളവിനെ ഇടുപ്പിന്റെ ചുറ്റളവു കൊണ്ടു ഹരിച്ചാണ് കണ്ടുപിടിക്കുക. നേരേ നിന്ന് പൊക്കിളിനു മുകളിലായുള്ള അരക്കെട്ടിന്റെ ഏറ്റവും വീതി കുറഞ്ഞ ഭാഗത്തെ അളവെടുക്കുക. ഇനി ഇടുപ്പിന്റെ വീതി കൂടിയ ഭാഗത്തെ അളവെടുക്കുക.

ലോകാരോഗ്യസംഘടന പറയുന്നത് സ്ത്രീകളിൽ അരക്കെട്ട്Ðഇടുപ്പ് അനുപാതം 0.80 അല്ലെങ്കിൽ അതിൽ കുറവ് ആ ണെങ്കിൽ അപകടസാധ്യത കുറവാണെന്നാണ്. 0.81–0.85 നും ഇടയ്ക്കാണെങ്കിൽ ചെറിയൊരു അപായസാധ്യത (Moderate Risk) ഉണ്ട്. 0.86 നു മുകളിലാണെങ്കിൽ ഉയർന്ന അപകടസാധ്യതയുണ്ട്. പുരുഷന്മാരിൽ 0.90 നു മുകളിലാണെങ്കിൽ അപായസാധ്യതയുണ്ട്.

ബിഎംഐ (ബോഡി മാസ് ഇൻഡക്സ്)

കിലോഗ്രാമിലുള്ള ഭാരം\ (മീറ്ററിൽ ഉള്ള ഉയരം)2 ആണ് ബോഡി മാസ് ഇൻഡക്സ്. ഇതു ശരീരത്തിലെ കൊഴുപ്പിനെ നേരിട്ടളക്കാനോ ആരോഗ്യത്തെ വിലയിരുത്താനോ ഉള്ള അളവല്ല. ഒരാളുടെ ശരീരഭാരം ഏതു വിഭാഗത്തിൽ പെടുന്നു എന്നറിയാനുള്ള സ്ക്രീനിങ് പരിശോധനയാണ്. ബിഎംഐ കൂടിനിൽക്കുന്നവർ തീർച്ചയായും ഡോക്ടറെ കണ്ടു കൂടുതൽ വിലയിരുത്തലുകൾ നടത്തണം.

ബോഡി മാസ് ഇൻഡക്സ് 30 ഒാ അതിനു മുകളിലോ ആ യാൽ അമിതവണ്ണവും 25-29.9 ആയാൽ അധിക ശരീരഭാരവും ആണ്. 18.5-24.9 ആകുന്നതാണ് ആരോഗ്യകരം. 18.5 നു താഴെയായാൽ ആവശ്യത്തിനുള്ള ഭാരമില്ല എന്നാണ്.

വിവരങ്ങൾക്കു കടപ്പാട്

ഡോ. ഷില്ലർ ജോസ്

സീനിയർ കൺസൽറ്റന്റ് ഒാർതോപീഡിക് സർജൻ

ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ, കോഴിക്കോട്

Tags:
  • Manorama Arogyam