Saturday 27 November 2021 04:49 PM IST : By സ്വന്തം ലേഖകൻ

‘വേഗം അസുഖം മാറാൻ’ ആന്റിബയോട്ടിക് ഉപയോഗിക്കും മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞോളൂ...

tablet

ഒരു െചറിയ പനി വന്നാൽ ‘വേഗം അസുഖം മാറാൻ ’ എന്ന പേരിൽ ആന്റിബയോട്ടിക് കൊണ്ട് സ്വയംചികിത്സ നടത്തുന്നവരുണ്ട്. ഇങ്ങനെ തെറ്റായ ഉപയോഗം പതിവാകുന്നതോടെ രോഗാണുക്കൾ ആന്റിബയോട്ടിക്കിനെ പ്രതിരോധിക്കാനുള്ള ശക്തി നേടും. ഇത്തരം അവസ്ഥ ഒഴിവാക്കുന്നതിന് ആന്റിബയോട്ടിക്കുകളെക്കുറിച്ചുള്ള വായനക്കാരുടെ സംശയങ്ങൾക്കുള്ള വിദഗ്ധ മറുപടി വായിച്ചോളൂ...

1. ആന്റിബയോട്ടിക്കുകൾ കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം?

ജീവൻരക്ഷാമരുന്നുകളാണ് ആന്റിബയോട്ടിക്കുകൾ. അവ പ നി മരുന്നുകളല്ല. പനിയും ജലദോഷവുമുണ്ടായാൽ ഉടനെ ആന്റിബയോട്ടിക്കുകൾ വാങ്ങിക്കഴിച്ചു സ്വയം ചികിത്സ നടത്തരുത്. ഡോക്ടറുടെ നിർദേശാനുസരണം മാത്രമേ ഇവ വാങ്ങി ഉപയോഗിക്കാവൂ. ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗവും ദുരുപയോഗവുമാണ് ആന്റിബയോട്ടിക്കുകൾക്കെതിരെ രോഗാണുക്കൾ പ്രതിരോധശേഷി ആർജിക്കാൻ കാരണം. ഡോക്ടർ നിർദേശിച്ച അളവിലും കാലയളവിലും മരുന്നുകൾ കഴിക്കണം. രോഗലക്ഷണങ്ങൾ അപ്രത്യക്ഷമായെന്നു കരുതി മരുന്നുകൾ ഇടയ്ക്കുവച്ചു നിർത്തരുത്.

മരുന്നു കഴിക്കേണ്ടത് ഭക്ഷണത്തിനു മുൻപാണോ ശേഷമാണോ എന്നു ഡോക്ടറോടു പ്രത്യേകം ചോദിച്ചറിയണം. മ റ്റെന്തെങ്കിലും മരുന്നുകൾ കഴിക്കുന്നുണ്ടെങ്കിൽ ഡോക്ടറുടെ ശ്രദ്ധയിൽപ്പെടുത്തണം. ചില മരുന്നുകൾ തമ്മിൽ പ്രതിപ്രവർത്തനം ഉണ്ടാകാനിടയുണ്ട്. ഉദാഹരണമായി വളരെ സാധാരണയായി ഉപയോഗിക്കുന്ന ആന്റിബയോട്ടിക്കായ ടെട്രാ െെസക്ലിൻ അന്റാസിഡുകളുടെ കൂടെയോ അയൺ ഗുളികകളുടെ ഒപ്പമോ കഴിക്കരുത്. ഇവ ടെട്രാെെസക്ലിന്റെ ആഗിരണത്തെ തടയും. മുൻപ് ആന്റിബയോട്ടിക്കുകളോട് അലർജി ഉണ്ടായിട്ടുണ്ടെങ്കിൽ ഡോക്ടറുെട ശ്രദ്ധയിൽപ്പെടുത്താൻ മറക്കരുത്.

2. ആന്റിബയോട്ടിക് കോഴ്സ് പൂർത്തിയാക്കണമെന്നു പറയുന്നത് എന്ത്കൊണ്ട്?

ആന്റിബയോട്ടിക്കുകൾ കോഴ്സ് പൂർത്തിയാക്കിയില്ലെങ്കിൽ പിന്നീട് അവ ഉപയോഗിക്കുമ്പോൾ ഫലപ്രദമായില്ലെന്നുവരാം. ആന്റിബയോട്ടിക്കിനെതിരെ രോഗാണുക്കൾ പ്രതിരോധശേഷി നേടുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ആന്റിബയോട്ടിക്കുകളോടു നേരത്തെ പ്രതികരിച്ചിരുന്ന രോഗാണുക്കൾ പിന്നീട് പ്രതിരോധശേഷി ആർജിക്കുന്നതു ചികിത്സ പരാജയപ്പെടുന്നതിനും രോഗാണുബാധ ഗുരുതരമാകുന്നതിനും കാരണമാകാം. രോഗലക്ഷണങ്ങൾ അപ്രത്യക്ഷമാകുമ്പോഴാണ് പലരും കോഴ്സ് പൂർത്തിയാക്കാതെ ഇടയ്ക്കുവച്ചു മരുന്നുകൾ നിർത്തുന്നത്. ക്ഷയം പോലെ ദീർഘകാല ചികിത്സ ആവശ്യമുള്ള രോഗങ്ങളുടെ ചികിത്സ ഇടയ്ക്കുവച്ചു നിർത്തിയാൽ ഒരു മരുന്നും ഏൽക്കാത്ത മൾട്ടി ഡ്രഗ് റസിസ്റ്റന്റ് ബാക്ടീരിയ പിറവിയെടുക്കും. ഇത് ചികിത്സാരംഗത്തു വൻ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.

3. കുട്ടികൾക്ക് ആന്റിബയോട്ടിക് നൽകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം?

കുട്ടികൾക്ക് ഏറ്റവും ആവശ്യമായിവരുന്ന ഘട്ടത്തിൽ ഡോക്ടറുടെ നിർദേശാനുസരണം മാത്രമേ ആന്റിബയോട്ടിക്കുകൾ നൽകാവൂ. ആന്റിബയോട്ടിക് ഉപയോഗിച്ചു കുട്ടികൾക്കു സ്വയംചികിത്സ നൽകരുത്. കുട്ടികൾക്ക് സിറപ്പായോ, വെള്ളത്തിൽ ലയിച്ചുചേരുന്ന ടാബ്‌ലറ്റായോ വെള്ളം ചേർത്തു മിക്സ് ചെയ്തു നൽകേണ്ട െെഡ്ര പൗഡർ രൂപത്തിലോ ആണ് ആന്റിബയോട്ടിക്കുകൾ ലഭ്യമായിട്ടുള്ളത്. മുതിർന്നവരുടേത് പോലെ തന്നെ കോഴ്സ് പൂർത്തിയാക്കാൻ ശ്രദ്ധിക്കണം.

ചില ആന്റിബയോട്ടിക്കുകൾ കുട്ടികൾക്കു നൽകാറില്ല. ഉ ദാഹരണത്തിനു ടെട്രാെെസക്ലിൻ ഗുളികകൾ പല്ലിന്റെ വളർച്ചയെയും ഇനാമൽ രൂപീകരണത്തെയും ബാധിച്ചു പല്ലിനു കേടുണ്ടാകാൻ കാരണമാകും. എല്ലിന്റെ വളർച്ചയെയും പ്രതികൂലമായി ബാധിച്ചെന്നുവരാം. ആഹാരത്തിനു മുൻപാണോ ശേഷമാണോ മരുന്നു നൽകേണ്ടതെന്ന് ഡോക്ടറോട് ചോദിച്ചു മനസ്സിലാക്കണം. കിടക്കുന്ന പൊസിഷനിൽ മരുന്നുകൾ നൽകരുത്. ഗുളികകൾക്കൊപ്പം കുടിക്കാൻ ആവശ്യത്തിനു വെള്ളവും നൽകണം. തീരെ ചെറിയ കുട്ടിയാണെങ്കിൽ മടിയിൽ ഇരുത്തി സൂക്ഷ്മതയോടെ മരുന്നു നൽകണം.

4. ആന്റിബയോട്ടിക്കുകൾ കഴിയുന്നതും ഒഴിവാക്കണമെന്ന വാദത്തിൽ കഴമ്പുണ്ടോ?

അത്തരം വാദത്തിൽ കഴമ്പില്ല. ഗുരുതരമായേക്കാവുന്ന രോഗാണുബാധയിൽ നിന്നു നമ്മെ രക്ഷിക്കുന്ന ജീവൻരക്ഷാ ഒൗഷധങ്ങളാണ് ആന്റിബയോട്ടിക്കുകൾ. അവ വളരെ ശ്രദ്ധയോടെയും കരുതലോടെയും ഉപയോഗിക്കണമെന്നുമാത്രം.

കുറേക്കാലം ഉപയോഗിച്ചുകഴിയുമ്പോൾ രോഗാണുക്കൾക്ക് മരുന്നിനെ പ്രതിരോധിക്കാൻ ശേഷിയുണ്ടാകുന്ന അവസ്ഥയെ ആർജിത പ്രതിരോധം എന്നാണു പറയുന്നത്. ചില രോഗാണുക്കൾ മരുന്നിനെ നശിപ്പിക്കുന്ന എൻസൈമുകൾ ഉൽപാദിപ്പിച്ചാണ് ആന്റിബയോട്ടിക്കുകളെ തോൽപിക്കുന്നത്. മറ്റു ചില രോഗാണുക്കൾ മരുന്നിനെ കോശങ്ങളിൽ നിന്നു പമ്പ് ചെയ്തു പുറന്തള്ളിയെന്നുവരാം. ടെട്രാെെസക്ലിൻ, എറിത്രോെെമസിൻ, ഫ്ലൂറോക്വിനലോൺ തുടങ്ങിയവ ഇങ്ങനെ മരുന്നിനെ പുറന്തള്ളാൻ വിദഗ്ധരാണ്. ആന്റിബയോട്ടിക്കുകളുെട കരുതലോടെയുള്ള ഉപയോഗത്തിലൂടെ മാത്രമേ പ്രതിരോധത്തെ മറികടക്കാൻ സാധിക്കുകയുള്ളൂ.

5. ആന്റിബയോട്ടിക് കഴിക്കുന്നത് ഏതെങ്കിലും അസ്വസ്ഥതയ്ക്കു കാരണമാകുമോ?

ആന്റിബയോട്ടിക്കുകൾ പലതരത്തിലുള്ള പാർശ്വഫലങ്ങൾ ഉ ണ്ടാക്കാനിടയുണ്ട്. ഉദരസംബന്ധമായ പ്രശ്നങ്ങളാണ് ഏറ്റവും കൂടുതലായി കണ്ടുവരുന്നത്. വയറുവേദന, ഒാക്കാനം, ഛർദിൽ, െനഞ്ചെരിച്ചിൽ, വിശപ്പില്ലായ്മ തുടങ്ങിയ പ്രശ്നങ്ങൾ വളരെ സാധാരണയാണ്. ഭക്ഷണത്തിനുശേഷം മരുന്നുകൾ കഴിച്ചും മരുന്നിനോടൊപ്പം കൂടുതൽ വെള്ളം കുടിച്ചും ഉദര സംരക്ഷണമരുന്നുകൾ ഉപയോഗിച്ചും ഉദരപ്രശ്നങ്ങളെ മറികടക്കാം. ആംപിസിലിൻപോലെയുള്ള ആന്റിബയോട്ടിക്കുകൾ വയറിളക്കമുണ്ടാക്കാം. കുടലിലെ സ്വാഭാവിക ബാക്ടീരിയകൾ നശിച്ചുപോകുന്നതാണ് ഇതിനു കാരണം.

മരുന്നലർജിയാണു മറ്റൊരു സാധാരണ പാർശ്വഫലം. ദേഹം ചൊറിഞ്ഞുതടിക്കുക, ചുവന്ന പാടുകൾ പ്രത്യക്ഷപ്പെടുക, പനി തുടങ്ങിയവ ലഘുവായ പാർശ്വഫലങ്ങളാണ്. ചിലപ്പോൾ പെനിസിലിൻ പോലെയുള്ള ആന്റിബയോട്ടിക്കുകൾ ഗുരുതരമായ അനാഫിലാക്സിസ് എന്നു വിളിക്കുന്ന മരുന്നലർജി ഉണ്ടാക്കാം. ശ്വാസതടസ്സം, തൊണ്ടയിൽ തടസ്സമനുഭവപ്പെടുക, രക്തസമ്മർദം ഗണ്യമായി താഴുക തുടങ്ങി രോഗിയെ ഗുരുതരാവസ്ഥയിലെത്തിക്കാൻ അനാഫിലാക്സിസ് ഇടയാക്കും. മരുന്നലർജിയുണ്ടോ എന്നറിയാനാണ് ആന്റിബയോട്ടിക് ഇൻജക്‌ഷൻ എടുക്കുന്നതിനു മുൻപ് ടെസ്റ്റ് ഡോസ് നൽകുന്നത്.

6. ഏതൊക്കെ അവസ്ഥയിലാണ് ആന്റിബയോട്ടിക് ഒഴിവാക്കേണ്ടത്?

ജലദോഷപ്പനി, െെവറൽ ഫീവർ തുടങ്ങിയ െെവറസുകൾ മൂലമുണ്ടാകുന്ന രോഗാണുബാധയ്ക്ക് ആന്റിബയോട്ടിക്കുകൾ ആവശ്യമില്ല. ഡെങ്കിപ്പനി, ചിക്കൻപോക്സ് തുടങ്ങിയ െെവറൽ രോഗാണുബാധയ്ക്കും ആന്റിബയോട്ടിക്കുകളുടെ ചികിത്സ വേണ്ട. ദീർഘകാല കരൾരോഗങ്ങൾ, വൃക്കരോഗങ്ങൾ തുടങ്ങിയവ ഉള്ളവർക്ക് ചില മരുന്നുകൾ ഒഴിവാക്കേണ്ടിവരും. അമിനോ െെഗ്ലക്കോെെസഡുകൾ, ടെട്രാെെസക്ലിൻ തുടങ്ങിയവ വൃക്കരോഗങ്ങൾ ഉള്ളപ്പോൾ നൽകാറില്ല. എറിത്രോെെമസിൻ, ക്ഷയരോഗചികിത്സയ്ക്ക് ഉപയോഗിക്കുന്ന ചില ആന്റിബയോട്ടിക്കുകൾ തുടങ്ങിയവ കരൾരോഗങ്ങൾ ഉള്ളവർക്ക് നിർദേശിക്കാറില്ല. നേരത്തേ ചില ആന്റിബയോട്ടിക്കുകളോട് അലർജി ഉണ്ടായിട്ടുള്ളവർക്ക് പ്രസ്തുത ഗ്രൂപ്പിൽപെട്ട മരുന്നുകൾ നൽകാറില്ല.

7. ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ തുടങ്ങിയവർ ആന്റിബയോട്ടിക്കുകൾ കഴിക്കുന്നതു ദോഷകരമാേണാ?

ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും കഴിയുമെങ്കിൽ ആന്റിബയോട്ടിക് കഴിക്കുന്നത് ഒഴിവാക്കുന്നതാണു നല്ലത്. കാരണം, ഇവയിൽ പലതും ഗർഭസ്ഥശിശുവിന്റെയും മുലപ്പാൽ കുടിക്കുന്ന കുട്ടിയുടെയും വളർച്ചയെയും അവയവ രൂപീകരണത്തെയും പ്രതികൂലമായി ബാധിച്ചെന്നുവരാം. ചില ആന്റിബയോട്ടിക്കുകൾ ഗർഭിണികളിൽ ഗുരുതരമായ പാർശ്വഫലങ്ങൾ ഉണ്ടാക്കാം. ഉദാഹരണമായി െടട്രാെെസക്ലിൻ മരുന്നുകൾ കരൾ, വൃക്കകൾ, പാൻക്രിയാസ് തുടങ്ങിയവയുടെ പ്രവർത്തനം തകരാറിലാക്കാം. ഗർഭിണികൾ ഇത്തരം മരുന്നുക ൾ ഉപയോഗിച്ചാൽ ഗർഭസ്ഥശിശുവിന്റെ എല്ലിന്റെയും പല്ലിന്റെയും വളർച്ച തകരാറിലാകാം. ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും ഡോക്ടറുടെ നിർദേശാനുസരണം മാത്രമേ ആ ന്റിബയോട്ടിക്കുകൾ കഴിക്കാവൂ. പെനിസിലിൻ, സിഫാലോസ്പോറിനുകൾ, എറിത്രോെെമസിൻ തുടങ്ങിയ ആന്റിബയോ ട്ടിക് മരുന്നുകൾ ഗർഭകാലത്തു താരതമ്യേന സുരക്ഷിതമാണ്.

8. ആന്റിബയോട്ടിക്കുകൾ കഴിക്കുമ്പോൾ ചില വൃക്തികളിൽ ക്ഷീണവും തളർച്ചയും ഉണ്ടാകുന്നതു കാണാറുണ്ടല്ലോ?

പലപ്പോഴും മരുന്നിനെക്കാേളറെ രോഗം മൂലമാകും മരുന്നുകൾ കഴിക്കുമ്പോൾ ക്ഷീണവും തളർച്ചയും അനുഭവപ്പെടുന്നത്. ആന്റിബയോട്ടിക്കുകൾ കഴിക്കേണ്ട രീതികളെക്കുറിച്ചും തവണകളെക്കുറിച്ചും കാലയളവിനെക്കുറിച്ചും ഡോക്ടറോട് കൃത്യമായി ചോദിച്ചു മനസ്സിലാക്കി അവ പാലിക്കാൻ ശ്രദ്ധിക്കണം. ശക്തിയേറിയ ആന്റിബയോട്ടിക്കുകൾ കഴിക്കുമ്പോൾ ആവശ്യത്തിനു ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കണം. ദിവസവും എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം. മരുന്നു കഴിക്കുമ്പോൾ അമിതക്ഷീണം, തളർച്ച എന്നിവ ഉണ്ടായാൽ ഡോക്ടറുടെ ശ്രദ്ധയിൽപ്പെടുത്തണം.

വിവരങ്ങൾക്കു കടപ്പാട് :

ഡോ. ബി. പദ്മകുമാർ

പ്രഫസർ, മെഡിസിൻ

മെഡിക്കൽ കോളജ്, ആലപ്പുഴ