Thursday 11 November 2021 11:40 AM IST

ബാർബി ക്യൂ കാൻസർ വരുത്തുമോ, ഹെയർ ഡൈയും ബ്ലീച്ചും അർബുദത്തിന് കാരണമോ?; കാൻസറിനെ ചെറുക്കാം ഈ മാർഗങ്ങളിലൂടെ

Lismi Elizabeth Antony

Senior Sub Editor, Manorama Arogyam

cancer-precaution

കാൻസറിനെ തടയുന്നതിൽ ജീവിതശൈലിക്കു പങ്കുണ്ടോ?

കാൻസറിനെപ്പറ്റിയുള്ള വിവിധ പഠനങ്ങളിൽ വെളിവാകുന്നത് ഏകദേശം അഞ്ചു മുതൽ പത്തു ശതമാനത്തിനടുത്തു മാത്രമെ ജനിതക റിസ്ക് ഉള്ളൂ എന്നാണ്. പലരിലും ജനിതക റിസ്ക് ഉണ്ടെങ്കിൽ തന്നെയും അത് തോക്കിലെ തിര നിറയ്ക്കുന്നതു പോലെ മാത്രമാണ്. ട്രിഗർ വലിക്കുന്നത് നമ്മുടെ ജീവിതശൈലിയാണ്. പുതിയ പഠനങ്ങൾ കാണിക്കുന്നത് 70 മുതൽ 95 ശതമാനം വരെ കാൻസറുണ്ടാകാനുള്ള സാധ്യത നമ്മുടെ ആഹാരം, ജീവിതശൈലി, പരിസ്ഥിതി , പിരിമുറുക്കം പോലുള്ള കാരണങ്ങളാലാണെന്നാണ്. നമ്മുടെ ജീവിതദൈർഘ്യം കൂടുമ്പോൾ മ്യൂട്ടേഷൻസ് അതായത് ജനിതകമാറ്റങ്ങൾ വരാനുള്ള സാധ്യതയുണ്ട്. ജീവിതശൈലി, പാരിസ്ഥിതികഘടകങ്ങൾ എന്നിവ ഉൾപ്പെടെകുറേ കാര്യങ്ങൾ ശ്രദ്ധിച്ചാൽ കാൻസർ വരാതെ തടയാം. കാൻസർ തടയാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ ഞാൻ റെയിൻബോ റൂൾസ് എന്ന പേരിൽ മഴവില്ലിന്റെ ഏഴു നിറങ്ങൾ നൽകി തിരിച്ചിട്ടുണ്ട്.

2. ഏതൊക്കെയാണ് റെയിൻബോ റൂൾസ്?

ആദ്യത്തേത് റെഡ് റൂൾ ആണ്. അതിൽ ഉൾപ്പെടുത്തിയിരിക്കുന്നത് ടോക്സിനുകൾ ആണ്. കാൻസറിലേക്കു നയിക്കുന്ന പ്രധാന ടോക്സിൻ പുകയില അഥവാ ടുബാക്കോയാണ്. ലോകമാകെ നോക്കിയാലും കാൻസറിന്റെ കാര്യത്തിൽ നമുക്കു തടയാനാകുന്ന ആദ്യ കാരണം പുകവലിയാണ്. ഒപ്പം അമിതമായി മദ്യം ഉപയോഗിക്കുന്നതും. പുകവലി, സെക്കൻഡറി സ്മോക്കിങ് അഥവാ നിഷ്ക്രിയ ധൂമപാനം,പുകയില മുറുക്കുന്നത് എന്നിങ്ങനെ പുകയിലയുടെ ഏതു തരത്തിലുള്ള ഉപയോഗവും ഒഴിവാക്കുന്നതിലൂടെ കാൻസറിനെ തടയാം. ശ്വാസകോശകാൻസർ, വായിലെ കാൻസർ ഇവയെയെല്ലാം ഇങ്ങനെ തടയാനാകുന്നു. മദ്യപാനം കുറയ്ക്കുന്നതോടെ ആമാശയ കാൻസർ, കരൾ കാൻസർ ഉൾപ്പെടെയുള്ളവ ഒഴിവാക്കാം.

മലിനീകരണമാണ് അടുത്ത കാരണം. ഉദാ. വായു മലിനീകരണം. പല ഘനലോഹങ്ങളുടെയും കീടനാശിനികളുടെയും സാന്നിധ്യം കൊണ്ട് വെള്ളത്തിന്റെ ഉറവിടങ്ങളും മലിനീകരിക്കപ്പെടുന്നുണ്ട്. അടുത്തിടെ നടന്ന ഒരു കോൺഫറൻസിൽ ഉൗട്ടിയിൽ നിന്നുള്ള ഒരു ബ്രെസ്റ്റ് സർജനെ കാണാനിടയായി. അദ്ദേഹം പറഞ്ഞത് അവിടെ സ്തനാർബുദം വളരെയധികം കൂടുകയാണെന്നാണ്. അവിടെ പച്ചക്കറിക്കൃഷിക്ക് ഉപയോഗിക്കുന്ന കീടനാശിനികൾ മണ്ണിൽ നിന്നു വെള്ളത്തിലേക്കുപടരുന്നതാണത്രേ കാരണം.

ഇനി മറ്റു ചില ടോക്സിനുകളുമുണ്ട്. ആഹാരത്തിലേക്കു സ്പ്രേ ചെയ്യുന്ന പെസ്റ്റി സൈഡുകൾ, ഫഞ്ജി സൈഡുകൾ, ഹെർബിസൈഡുകൾ എന്നിവ. അതിനാൽ കഴിയുന്നത്ര ഒാർഗാനിക് ആഹാരം കഴിക്കാൻ ശ്രദ്ധിക്കണം.സ്വന്തമായി കൃഷി ചെയ്യുക അല്ലെങ്കിൽ സുരക്ഷിതമായി കൃഷി ചെയ്യുന്നിടങ്ങളിൽ നിന്ന് പഴങ്ങളും പച്ചക്കറികളുമൊക്കെ വാങ്ങുക. അങ്ങനെ നമ്മുടെ ശരീരത്തിലെ ടോക്സിൻ ലെവൽ കുറയ്ക്കാം.

കോസ്മെറ്റിക്കുകളിലും കുറെ രാസപദാർഥങ്ങളുണ്ട്. അവയുടെ ഉപയോഗവും കുറയ്ക്കണം. ഹെയർഡൈ ഉപയോഗിക്കുന്നവരും ബ്ലീച്ചിടുന്നവരുമൊക്കെ കുറേക്കൂടി കരുതലെടുക്കണം. അവയുടെ ഉപയോഗം കുറയ്ക്കണം. ഇതൊക്കെ ഒാക്സിഡേറ്റീവ് നാശത്തിനിടയാക്കാവുന്ന രാസപദാർഥങ്ങളാണ്. അവ ശരീരത്തിൽ ഇൻഫ്ളമേഷൻ ഉണ്ടാക്കാം.

മൊബൈൽ ഫോണിലൂടെ പ്രസരിക്കുന്ന റേഡിയേഷൻ അപകടകരമാകാമെന്നു പറയുന്നുണ്ടെങ്കിലും ശാസ്ത്രീയ പഠനഫലങ്ങൾ ഇനിയും വന്നിട്ടില്ല. പഠനങ്ങൾ തുടരുകയാണ്. കഴിഞ്ഞ അഞ്ചുപത്തു വർഷത്തിലാണല്ലോ മൊബൈൽ ഫോണിന്റെ ഉപയോഗം കൂടിയത്.

മൊബൈൽ ഫോണിൽ നിന്നുള്ള റേഡിയേഷനും ഒഴിവാക്കാൻ ശ്രമിക്കണം. കഴിയുന്നതും മൊബൈൽഫോൺ ഉപയോഗം വളരെ കുറയ്ക്കുക. ഇയർ ഫോൺ ഉപയോഗിച്ചു സംസാരിക്കുന്നതിന് ശ്രദ്ധിക്കുക. രാത്രി ഉറങ്ങാൻ നേരത്ത് മൊബൈൽഫോൺ, ഇന്റർനെറ്റ്, വൈഫൈ എന്നിവ മാത്രമല്ല എല്ലാ ഇലക്ട്രിക് ഉപകരണങ്ങളും ഒാഫാക്കിയിടണം.

3. വ്യായാമം എങ്ങനെയാണ് കാൻസറിനെ തടയുന്നത്?

വ്യായാമം എന്നത് രണ്ടാമത്തെ റെയിൻബോ റൂളാണ്. അതിന് ഒാറഞ്ച് നിറമാണു നൽകിയിരിക്കുന്നത്. ആരോഗ്യപൂർണമായ ജീവിതത്തിന് ശരീരത്തിന് നല്ല ചലനം ആവശ്യമാണ്. ആർത്തവവിരാമം കഴിഞ്ഞുള്ള സ്തനാർബുദ കേസുകളിലും അതു പോലെ ബവൽ കാൻസറുകളിലും കോളോ റെക്റ്റൽ കാൻസറുകളിലും ഒക്കെ ശരീരത്തിന്റെ വ്യായാമമില്ലായ്മ റിസ്ക് ഫാക്റ്ററായി കാണുന്നുണ്ട്. കേരളത്തിലെ കാര്യമെടുത്താൽ ആൾക്കാർ അനങ്ങുന്നില്ല.

വീട്ടുജോലികൾ സ്വയം ചെയ്യുന്നത് മോശമാണെന്നൊരു ധാരണയും കേരളീയർക്കുണ്ട്. എന്നാൽ വീട്ടിലെ ചെറിയ ജോലികൾ സ്വയം ചെയ്യണം. നടക്കാൻ കഴിയുമെങ്കിൽ നടക്കണം. ഒരു മണിക്കൂർ നേരം തുടരെ ഇരിക്കരുത്. ഒന്നെഴുന്നേറ്റ് അഞ്ചു മിനിറ്റ് നടക്കുക. ജോലി സ്ഥലത്ത് 20 മിനിറ്റ് ഇരിക്കുകയാണെങ്കിൽ എണീറ്റു നടക്കണം. ഒന്നു സ്ട്രെച്ച് ചെയ്യണം. വെള്ളം കുടിക്കാൻ പോകണം, സ്റ്റെയർ കയറാം. അധികം ശരീരമനങ്ങാത്ത ജോലി ചെയ്യുന്ന ആളാണെങ്കിൽ ദിവസം മൂന്നു പ്രാവശ്യമായെങ്കിലും 20 മിനിറ്റ് നടപ്പ് പൂർത്തിയാക്കാം. ആ ചലനങ്ങൾ നമുക്കു വളരെ ഗുണകരമാണ്. ചെറിയതോതിൽ വെയ്റ്റ് എടുക്കുന്നതും നല്ലതാണ്. ശരീരമനങ്ങാത്ത ജീവിതശൈലി, ഉദരകാൻസറിനും ബ്രെസ്റ്റ് കാൻസറിനുമൊക്കെ പ്രധാന റിസ്ക് ഫാക്ടറായി പഠനങ്ങൾ കാണിക്കുന്നുണ്ട്. അല്ലാത്തവർക്ക് നടപ്പ്, എയ്റോബിക് എക്സർസൈസ് പോലുള്ള വ്യായാമരീതികൾ ചെയ്യാം.

cancer-1 മോഡൽ : ധന്യ, ഫോട്ടോ : സരിൻ രാംദാസ്

4. സൂര്യപ്രകാശവും വൈറ്റമിൻ ഡിയും കാൻസറിനെ തടയുമോ?

സൂര്യപ്രകാശവും വൈറ്റമിൻ ഡിയും മൂന്നാമത്തെ റെയിൻബോ റൂളാണ്.ഇതിനെ സൂചിപ്പിക്കാൻ മഞ്ഞ നിറമാണ് നൽകിയിരിക്കുന്നത്. ആയിരം ജീനുകളെ നിയന്ത്രിക്കുന്നതാണ് വൈറ്റമിൻ ഡി. ആവശ്യമായ അളവിൽ വൈറ്റമിൻഡി ശരീരത്തിനു ലഭിക്കണം. സൂര്യപ്രകാശത്തിൽ നിന്നു വൈറ്റമിൻഡി ലഭിക്കുന്നതാണ് ഏറ്റവും അനുയോജ്യം. സൂര്യപ്രകാശമേറ്റിട്ടും ആവശ്യമായ വൈറ്റമിൻ ഡി ശരീരത്തിനു ലഭിക്കുന്നില്ലെങ്കിൽ വൈറ്റമിൻ ഡി സപ്ലിമെന്റ് എടുക്കണം. നട്ടുച്ച വെയിലല്ല കൊള്ളേണ്ടത്. തൊപ്പി വച്ചാണെങ്കിലും രാവിലെ പത്തുമണിക്ക് മുൻപുള്ള ഇളം വെയിലും മൂന്നു മണിക്കു ശേഷമുള്ള വെയിലും കൊള്ളാം. കൈകാലുകളിലൊക്കെ ഈ വെയിലേൽക്കട്ടെ. സപ്ലിമെന്റുകൾ കഴിക്കുന്നത് ഡോക്ടറുടെ നിർദേശത്തോടെയാകണം.

5. നല്ല ആഹാരരീതി എങ്ങനെയാണ് കാൻസറിനെ തടയുന്നത്?

ആഹാരത്തിന് പച്ച നിറമാണു നൽകിയിരിക്കുന്നത്. ശരീരത്തിനു പോഷകങ്ങൾ നൽകുന്ന ഭക്ഷണമാണ് കഴിക്കേണ്ടത്. കേരളീയരുടെ ഭക്ഷണരീതിയെപ്പറ്റി പറഞ്ഞാൽ ആവശ്യത്തിനു നാരുകൾ ലഭിക്കുന്നില്ല. കീടനാശിനികളും രാസപദാർഥങ്ങളും ഭയന്ന് പച്ചക്കറികൾ കഴിക്കുന്നതു കുറഞ്ഞു. കാൻസറിനെ തടയണമെങ്കിൽ ആഹാരത്തിൽ നാരുകൾ ഉൾപ്പെടുത്തിയേ മതിയാകൂ. അല്ലാത്ത പക്ഷം അത് കുടൽ കാൻസറിലേക്കു നയിക്കും. നാരുകൾ ഇല്ലാത്ത ആഹാരം കഴിക്കുമ്പോൾ കുടലിൽ വളരുന്ന സൂക്‌ഷ്മജീവികൾ നമ്മുടെ പ്രതിരോധ സംവിധാനത്തെ ബാധിക്കുന്നു. കാൻസർ കോശങ്ങളെ കണ്ടു പിടിച്ച് അതിനെ ഉൻമൂലനം ചെയ്യുന്നത് ഇമ്യൂൺ സിസ്റ്റമാണ്.

പ്രോസസ്ഡ് ഫൂഡ്, അഡിറ്റീവ്സ് ചേർന്ന ഭക്ഷണം, കൃത്രിമ നിറങ്ങളും ഫ്ളേവറുകളും പ്രിസർവേറ്റീവുകളും ചേർന്ന ഭക്ഷണം ഇവയൊന്നും ശരീരത്തിനു നല്ലതല്ല. സംസ്കരിക്കപ്പെടാത്ത ഭക്ഷണം കഴിക്കണം. അതായത് ഹോൾ ഫൂഡ്സ്. അരിയാണെങ്കിൽ തവിടുള്ള അരി കഴിക്കുക. മൃഗങ്ങളിൽ നിന്നുള്ള പ്രോട്ടീൻ കഴിയുന്നതും ഒഴിവാക്കണം. പകരമായി കടല, പരിപ്പ്, പയറു വർഗങ്ങൾ ഇവയിൽ നിന്നുള്ള പ്രോട്ടീൻ ഉപയോഗിക്കുക. സസ്യങ്ങളിൽ നിന്നുള്ള പ്രോട്ടീനാണു നല്ലത്. അതിനൊപ്പം നാരുകളും ലഭിക്കും. കാർബണേറ്റഡ് ഡ്രിങ്ക്സ് ആയ സോഫ്റ്റ് ഡ്രിങ്ക്സും ഒഴിവാക്കണം. അമിതമായി ഭക്ഷണം കഴിക്കരുത്. പോഷണക്കുറവ് ഉണ്ടാകാതെ എത്രയധികം കാലറി കുറയ്ക്കാനാകുമോ അതാണു വേണ്ടത്.

ഫ്രൂട്ട് അതേ പോലെ കഴിച്ചാൽ നാരുകൾ ലഭിക്കും. ജ്യൂസിൽ നാരുകൾ ഇല്ല. 5–6 പോർഷൻസ് പഴങ്ങളും പച്ചക്കറികളും എല്ലാ ദിവസവും കഴിക്കണം. ഒരു ആപ്പിൾ ഒരു പോർഷൻ ആണ്. നാരുള്ള പച്ചക്കറികളും പഴവർഗങ്ങളും നട്സും അനുദിനജീവിതത്തിൽ ഉൾപ്പെടുത്തണം. ഏകദേശം 125 ഗ്രാം ഒരു പോർഷൻ ആയി കണക്കാക്കാം.ഇതു കഴിക്കുമ്പോൾ സിംപിൾ കാർബോഹൈഡ്രേറ്റുകളായ തവിടില്ലാത്ത അരിയും മൈദയും പോലുള്ളവ നമ്മൾ കുറയ്ക്കും. മൃഗജന്യ ഉൽപന്നങ്ങളുടെ ഉപയോഗം 5–10 ശതമാനത്തിനു താഴെ മതി. തവിടുള്ള അരി, മധുരക്കിഴങ്ങ്, ചേന എന്നിങ്ങനെ വേറിട്ട പോഷണം ലഭിക്കാൻ ശ്രദ്ധിക്കണം. ആഹാരത്തിന്റെ കാലറി അളവു കുറച്ച് പോഷകസമ്പന്നമായവ കഴിക്കണം.

കീമോതെറപ്പിക്കും റേഡിയേഷനും പോകുന്ന രോഗികൾക്ക് ചിലപ്പോൾ വിശപ്പ് തോന്നിയില്ലെന്നു വരാം. കട്ടിയുള്ള ആഹാരം കഴിക്കാൻ ബുദ്ധിമുട്ടുമുണ്ടാകും. ആ അവസ്ഥയിൽ അൽപം, കാരറ്റ്,ബീറ്റ്റൂട്ട്, സെലറി, ശുദ്ധമായ നാടൻ മഞ്ഞൾ , അൽപം ഇഞ്ചി എന്നിവ ചേർത്ത് മിക്സിയിലടിച്ച് ഡ്രിങ്ക് തയാറാക്കാം. ഇത് വളരെ ഹെൽതി ആണ്. രണ്ടു മൂന്നു തവണയായികുടിക്കാം.

cancer-4

5. ബാർബിക്യൂ കാൻസർ വരുത്തുമോ?

ആഹാരം തയാറാക്കുന്നതു പല വിധത്തിലാണ്. ആഹാരം റോ ആയി അല്ലെങ്കിൽ തനതു രൂപത്തിൽ കഴിക്കുന്നതാണ് ഏറ്റവും അഭികാമ്യം. അതു കഴിഞ്ഞാൽ സ്റ്റീംഡ് ആൻഡ് ബോയിൽഡ് ഫൂഡ് അതായത് ആവിയിൽ വേവിച്ചതോ പുഴുങ്ങിയതോ ആണ് ഏറ്റവും നല്ലത്. ബാർബിക്യൂ പോലെ പാചകം ഡ്രൈഹീറ്റിലേക്കു മാറുമ്പോൾ ആഹാരത്തിന്റെ ഗുണം കുറയുന്നു.അവ കഴിവതും ഒഴിവാക്കുക. കരിഞ്ഞ ആഹാരം കാർസിനോജനുകൾ ആണെന്നു പഠനങ്ങൾ പറയുന്നു.

cancer-precaution മോഡലുകൾ: ജംഷാൻ, ഫസിജെൽ

6. വെള്ളം കുടിക്കൽ നല്ലതാണോ?

വെള്ളത്തിനെ പ്രതിനിധാനം ചെയ്യുന്ന നിറം നീലയാണ്. വെള്ളത്തിന്റെ അളവ് വ്യക്തിയെ ആശ്രയിച്ചിരിക്കും. ചെയ്യുന്ന ജോലി, അന്തരീക്ഷം ഇതൊക്കെ ബാധകമാണ്. ധാരാളം വെള്ളം കുടിക്കണം. എട്ടു ഗ്ലാസ് വെള്ളമെങ്കിലും ( ഏകദേശം രണ്ടു ലീറ്റർ) ഒരു ദിവസം കുടിക്കണം. ശരീരത്തിലെ ടോക്സിനുകളെ നിർമാർജനം ചെയ്യുന്നതിന് വെള്ളം കുടിക്കൽ സഹായിക്കും. പ്ലാസ്റ്റിക് കുപ്പികളിൽ വെള്ളമെടുക്കാതെ സ്റ്റീൽ ബോട്ടിലിലോ ഗ്ലാസ് ബോട്ടിലോ വെള്ളം എടുത്തു വയ്ക്കുക.

7. എത്ര സമയം ഉറങ്ങണം?

ഉറക്കത്തെ സൂചിപ്പിക്കുന്നത് ഇൻഡിഗോ നിറമാണ്. ശരിയായ സമയത്ത് ഉറങ്ങി ഉണരുമ്പോഴാണ് ഡി എൻ എ റിപ്പയർ നടക്കുന്നത്. രാത്രി ഒൻപതരയോടെ ഉറങ്ങാൻ കിടക്കണം. പത്തു മണി തൊട്ട് ഒരു മണി വരെയുള്ള ഉറക്കത്തിലാണ് ബയോ ളജിക്കൽ റിഥവും ബോഡി ക്ലോക്കുമൊക്കെ നന്നായി പ്രവർത്തിക്കുന്നത്. മെലറ്റോണിൻ ഉൽപാദനവും നന്നായി നടക്കും. സന്ധ്യയായാൽ രണ്ടു മൂന്നു മണിക്കൂറിനുള്ളിൽ നാം ഉറങ്ങണം. ഇതാണ് നമ്മുടെ നോർമൽ ബോഡി റിഥം.സൂര്യോദയത്തിനൊപ്പം ഉണരണം.

ഉറക്കത്തിന്റെ അളവു കുറയുമ്പോൾ നമ്മൾ അമിതവണ്ണം വയ്ക്കും. ഉറക്കത്തിന്റെ അളവു കുറയുമ്പോൾ ശരീരത്തിൽ ഇൻഫ്ലമേഷൻ കൂടും. പ്രമേഹം പോലുള്ള രോഗങ്ങൾക്കു സാധ്യതയേറുന്നു.അണുബാധ, കാൻസർ പോലുള്ളവയ്ക്കും സാധ്യത ഉണ്ട്. ഏഴര എട്ടു മണിക്കൂർ ഉറക്കം അനിവാര്യമാണ്. കുട്ടികൾക്ക് അതിൽ കൂടുതൽ ഉറക്കം വേണം. ഉറക്കം കൃത്യമാകാത്ത ഷിഫ്റ്റ് ജോലിക്കാരിൽ കാൻസർ ഉൾപ്പെടെയുള്ള രോഗങ്ങൾക്കു സാധ്യത കൂടുതലാണെന്നാണു പഠനങ്ങൾ തെളിയിക്കുന്നത്. 35–40 വയസ്സാകുമ്പോൾ സ്ത്രീകൾ ഷിഫ്റ്റ് ജോ ലിയുടെ സമയം കുറയ്ക്കുന്നതു നല്ലതാണ്. രാത്രി ഉറങ്ങാൻ സാധിക്കാത്തവർ ചിട്ടയായി പകൽ സമയത്തുറങ്ങണം.

cancer-3

8. സ്ട്രെസ് കാൻസറിലേക്കു നയിക്കുമോ?

സ്ട്രെസ് എന്ന വാക്കിനെക്കാൾ ഞാൻ ഉപയോഗിക്കുന്നത് കണക്റ്റഡ്നസ് ആൻഡ് റിലേഷൻഷിപ്സ് എന്ന വാക്കാണ്. ഇവയിലുണ്ടാകുന്ന താളപ്പിഴകളുടെ ഒരു പരിണിതഫലമാണ് സ്ട്രെസ്. സ്ട്രെസ് എന്നതിനെ സൂചിപ്പിക്കുന്നത് വയലറ്റ് നിറം ആണ്. സ്ട്രെസ് നമ്മുടെ പ്രതിരോധസംവിധാനത്തെ താറുമാറാക്കുന്ന ഒന്നാണ്. കാൻസർ ഉൾപ്പെടെയുള്ള എല്ലാ രോഗങ്ങളിലേക്കും നയിക്കുന്ന ഘടകമാണ് സ്ട്രെസ്.

സ്ട്രെസ് ഒഴിവാക്കാൻ പ്രാർഥിക്കുന്നത് അല്ലെങ്കിൽ ധ്യാനിക്കുന്നത് വളരെ നല്ലതാണ്.ഡീപ് ബ്രീതിങ് വ്യായാമങ്ങൾ ചെയ്യുന്നതും ഏറെ ഗുണകരമാണ്. എല്ലാദിവസവും പ്രകൃതിയുമായി ഇഴുകിച്ചേരുന്ന അന്തരീക്ഷത്തിൽ കുറച്ചു സമയം ചെലവഴിക്കുക, ചെരിപ്പിടാതെ മണ്ണിൽ നടക്കുക ഇതൊക്കെ നമ്മുടെ സ്ട്രെസ് കുറയ്ക്കും. അതോടൊപ്പം നമ്മെ നെഗറ്റീവായി സ്വാധീനിക്കുന്ന ബന്ധങ്ങൾ കഴിയുന്നത്ര ഒഴിവാക്കാം. പൊസിറ്റീവ് ആറ്റിറ്റ്യൂഡ് നില നിർത്തുകയാണ് പ്രധാനം. സന്തോഷമുള്ള ആളുകൾ

ക്കൊപ്പം ജീവിക്കാൻ ശ്രദ്ധിക്കുക. അവരുമായി ഹൃദ്യമായി ഇടപഴകുക. സമാധാനമായി ജീവിക്കുക. നിഷേധാത്മക കാഴ്ചപ്പാടുകളും നിലപാടുകളുമൊക്കെ നമ്മുടെ പ്രതിരോധ വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കും.

വിവരങ്ങൾക്ക് കടപ്പാട്;

ഡോ. ജാക്വലിൻ മൈക്കിൾ

ആലപ്പുഴ മെഡിക്കൽ കോളജിൽ നിന്ന് എംബിബിഎസും സിഡ്നി സർവകലാശാലയിൽ നിന്നു ബിരുദാനന്തര ബിരുദവും നേടി. മലയാളികളുടെ ജീവിതശൈലീരോഗങ്ങളെപ്പറ്റി പഠനങ്ങൾ നടത്തുന്നു. ഒാസ്ട്രേലിയയിലെ സിഡ്നിയിലാണ് താമസിക്കുന്നത്.