Saturday 05 November 2022 02:05 PM IST : By സ്വന്തം ലേഖകൻ

പൊക്കിൾക്കൊടി ആദ്യം വന്നാൽ ഉടൻ സിസേറിയൻ വേണ്ടിവരാം; അറിയാം പ്രസവമുറിയിലെ അത്യാഹിതങ്ങൾ...

cesarian3232

രു കുഴപ്പവുമില്ലായിരുന്നു. എന്റെ മോള് നടന്ന് പ്രസവമുറിയിലേക്ക് പോയതാണ്. കുറച്ചുകഴിഞ്ഞ് ഡോക്ടർ പറഞ്ഞു, രക്തസ്രാവമാണ്, ഉടൻ രക്തം അറേഞ്ച് ചെയ്യണമെന്ന്....

വൈകാരികമായി ഏറെ പൊട്ടിത്തെറികൾക്കു സാധ്യതയുള്ള സാഹചര്യമാണ് മുകളിൽ പറഞ്ഞത്. ഒരു കുഴപ്പവുമില്ലാതെ, സ്വാഭാവികമായി പുരോഗമിച്ചിരുന്ന ഗർഭത്തിന്റെ അവസാനഘട്ടത്തിൽ അമ്മയ്ക്കോ കുഞ്ഞിനോ ജീവഹാനി വരെ വരാവുന്ന സങ്കീർണതകൾ സംജാതമാവുക വിരളമല്ല. ഇങ്ങനെ സംഭവിക്കുന്ന പല സങ്കീർണതകളും മുൻകൂട്ടി പ്രവചിക്കാനാവുന്നതല്ല എന്നത് അപകടസാധ്യത വർധിപ്പിക്കുന്നു. എങ്കിലും ഒരു വിദഗ്ധ ഡോക്ടറുടെ ഇടപെടൽ വഴി അമ്മയ്ക്കോ കുഞ്ഞിനോ ഉണ്ടാകാവുന്ന അപകടങ്ങളും അത്യാഹിതങ്ങളും വിജയകരമായി നേരിടാൻ സാധിക്കും.

പ്രസവം എന്നു നാം പറയുന്ന പ്രക്രിയ മൂന്നു ഘട്ടമാ യാണ് വൈദ്യശാസ്ത്രം കാണുന്നത്. വേദന ആരംഭിച്ച് കുഞ്ഞു പുറത്തുവരുന്നതുവരെയുള്ള സമയത്തെ ആദ്യഘട്ടം എന്നു പറയുന്നു. കുഞ്ഞിന്റെ തല കണ്ടുതുടങ്ങുന്നതു മുതൽ പ്രസവം കഴിയുന്നതുവരെയുള്ള ഘട്ടമാണ് രണ്ടാം ഘട്ടം. പ്രസവം കഴിഞ്ഞ് മറുപിള്ളയും (Placenta) പുറത്തുവന്നു ഗർഭപാത്രം ചുരുങ്ങുന്നതു വരെയുള്ള ഘട്ടമാണ് മൂന്നാം ഘട്ടം. ഈ മൂന്നു ഘട്ടത്തിലും ആരോഗ്യപ്രശ്നങ്ങളോ അത്യാഹിതങ്ങളോ സംഭവിക്കാനിടയുണ്ട്. അവയെ പ്രസവമുറിയിലെ അത്യാഹിതങ്ങൾ (ഒബ്സ്‌റ്റട്രിക് എമർജൻസീസ്) എന്നു പറയുന്നു. അത്തരം ചില അപകടസാഹചര്യങ്ങളും അവയെ നേരിടേണ്ടവിധവും അറിയാം.

പൊക്കിൾക്കൊടി ആദ്യം വന്നാൽ

വളരെ അപൂർവമായി കുഞ്ഞു ജനിക്കുന്നതിനു മുൻപേ പൊക്കിൾക്കൊടി വെളിയിൽ വരാം (Ambilical Prolapse). കുഞ്ഞിനെയും അമ്മയേയും ബന്ധിപ്പിക്കുന്ന രക്തക്കുഴലുകളുടെ ശൃംഖലയാണ് അംബിലിക്കൽ കോഡ് അഥവാ പൊക്കിൾക്കൊടി. അമ്മയി ൽ നിന്നും കുഞ്ഞിലേക്കും തിരിച്ചും രക്തക്കുഴലുകൾ ഉള്ള ഭാഗമാണിത്. 1000 പ്രസവങ്ങൾ നടക്കുന്നതിൽ ഒരാളിൽ മാത്രമാണ് ഇതു സംഭവിക്കുന്നത്. ഗർഭത്തിന്റെ 37 ആഴ്ചയ്ക്കു ശേഷമാണ് ഇങ്ങനെ സംഭവിക്കുന്നതെങ്കിൽ കുഞ്ഞിനു ജീവാപായത്തിനു സാധ്യതയേറെയാണ്.

ഗർഭപാത്രത്തിനകത്ത് 37 ഡിഗ്രി സെൽഷ്യസിൽ കിടക്കുന്ന പൊക്കിൾക്കൊടി പെട്ടെന്നു പുറത്തേക്കു വരുമ്പോൾ ഉണ്ടാകുന്ന താപവ്യതിയാനം മൂലം അതിനകത്തുള്ള രക്തക്കുഴലുകൾക്ക് ചുരുക്കം (Spasm) വ ന്ന് കുഞ്ഞിലേക്കുള്ള രക്തയോട്ടം കുറഞ്ഞുപോകാം. പെട്ടെന്നു തന്നെ ഈ അവസ്ഥ പരിഹരിക്കാൻ സാധിച്ചില്ലെങ്കിൽ കുഞ്ഞിന്റെ ജീവന് ആപത്താണ്.

ആർക്കൊക്കെ വരാം?

ആർക്കൊക്കെ ഇത്തരം ഒരു സങ്കീർണത വരുമെന്നു മുൻകൂട്ടി പറയുക സാധ്യമല്ല.സാധാരണ, ഗർഭം 37 ആഴ്ച ആകുമ്പോഴേക്കും ഗർഭസ്ഥ ശിശുവിന്റെ തല അമ്മയുടെ ഇടുപ്പു ഭാഗത്തേക്ക് ഇറങ്ങാൻ തുടങ്ങും. ഇ ങ്ങനെ തല താഴേക്കു വരുന്നതിനു പകരം കാൽ വരിക (ബ്രീച്ച് പൊസിഷൻ), കുഞ്ഞ് ചരിഞ്ഞുകിടക്കുക (ട്രാൻസ്‌വേഴ്സ് ലൈ), പ്രസവത്തിനു മുൻപേ വെള്ളം (Amniotic Fluid) പൊട്ടിപ്പോവുക എന്നീ സാഹചര്യങ്ങളിൽ പൊക്കിൾക്കൊടി ആദ്യം പുറത്തേക്കു വരാനിടയുണ്ട്.

കോഡ് പുറത്തുവന്നാൽ ഉടൻ സിസേറിയൻ നടത്തുകയാണ് വേണ്ടത്. എന്നാൽ വീട്ടിൽ വച്ചാണ് കോ ഡ് പുറത്തേക്കു വരുന്നതെങ്കിൽ ആ ശുപത്രിയിലെത്തിച്ച് സിസേറിയൻ നടത്താൻ താമസം വരും. അതുവരെ മുട്ടുമടക്കി കമിഴ്ന്നു (Knee Chest Face Down) കിടക്കുക. ഇതേ നിലയിൽ കിടന്നുതന്നെ വേണം ആശുപത്രിയിലെത്തിക്കാനും. വൈദഗ്ധ്യമില്ലാത്തവർ കോഡ് തിരിച്ചു തള്ളിക്കയറ്റാൻ ശ്രമിക്കുന്നതു നല്ലതല്ല.

കോഡ് പുറത്തുവരുന്നത് ഗർഭാശയഗളം ഏതാണ്ടു പൂർണമായി വികസിച്ച ശേഷമാണെങ്കിൽ വാക്വമോ ഫോർസെപ്സോ ഉപയോഗിച്ച് കുഞ്ഞിനെ പുറത്തെടുക്കാനുള്ള സാധ്യതയുണ്ട്. വൈദഗ്ധ്യമുള്ള ഡോക്ടർ ഗർഭിണിയുടെ ഉള്ളു പരിശോധിച്ച ശേഷമാണ് ഈ തീരുമാനം എടുക്കുക. എങ്കിലും മിക്കവാറും കേസുകളിലും സിസേറിയൻ തന്നെ വേണ്ടിവരും.

പ്രസവത്തിനു മുൻപേ മറുപിള്ള വേർപെട്ടാൽ

ഗർഭസ്ഥ   ശിശുവിന് പ്രാണവായുവും   പോഷ കങ്ങളും  ലഭിക്കുന്നതു മറുപിള്ളയിലൂടെയാണ്. സാധാരണഗതിയിൽ ഇതു ഗർഭപാത്ര ഭിത്തിയോടു  ചേർന്നു മുകൾഭാഗത്തായാണ് സ്ഥിതി ചെയ്യുന്നത്. പ്രസവം കഴിഞ്ഞ് അര മുക്കാൽ മണിക്കൂറിനു ശേ ഷം മറുപിള്ള പുറത്തേക്കു വരികയും ചെയ്യും. അപൂർവമായി ചില സാഹചര്യങ്ങളിൽ കുഞ്ഞ് അമ്മയുടെ ഗർഭപാത്രത്തിൽ ആയിരിക്കുന്ന അവസ്ഥയിൽ തന്നെ മ റുപിള്ള വേർപെട്ടു പോകാറുണ്ട്. ഇതിന് അബ്രപ്ഷൻ ഒഫ് പ്ലാസന്റ (Abruption of Placenta) എ ന്നു പറയുന്നു.

മറുപിള്ള വേർപെട്ടുപോയാൽ ചില ധാതുക്കൾ അഥവാ വാസോ ആക്ടീവ് അമീൻസ് അമ്മയുടെ രക്തപര്യയനവ്യവസ്ഥയിലൂടെ കയറി രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന ഘടകങ്ങളെ  നശിപ്പിച്ച് കൺസംപ്റ്റീവ് കൊയാഗുലോപ്പതി  (Consumptive Coagulopathy) എന്ന അവസ്ഥയ്ക്ക് ഇടയാക്കുന്നു. ശരീരത്തിലെ വിവിധ അവയവങ്ങളിൽ നിന്നും പൊടുന്നനെ രക്തസ്രാവമുണ്ടാകുന്ന ഈ അവസ്ഥ അമ്മയുടെ ജീവൻ തന്നെ അപകടത്തിലാക്കാം.

അതിശക്തമായതും തുടർച്ചയായുള്ളതുമായ വയറു വേദന, കുഞ്ഞിന്റെ ഹൃദയമിടിപ്പിൽ വ്യതിയാനം, ഹൃദയമിടിപ്പ് താഴുക, രക്തസ്രാവം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. 70 ശതമാനംപേരിലും രക്തസ്രാവമായാണ് പ്രകടമാകുന്നത്. തുടക്കത്തിലേ തിരിച്ചറിഞ്ഞ് കൃത്യമായ ചികിത്സിച്ചാൽ കുഞ്ഞിന്റെയും അമ്മയുടെയും ജീവൻ രക്ഷിക്കാം. അടിയന്തിരമായി സിസേറിയൻ ചെയ്യുകയാണ് പോംവഴി. കൂടാതെ ര ക്തവും പ്ലാസ്മ പോലുള്ള രക്തഘടകങ്ങളും നൽകേണ്ടിവരും.

വയറിനു പരുക്കു പറ്റുക, അമിതരക്തസമ്മർദമുള്ള ഗർഭിണികൾ, മുൻപു പ്രസവത്തിൽ  മറുപിള്ള വേർപെട്ടിട്ടുള്ളവർ എന്നിവർക്ക് ഈ അവസ്ഥ വരാൻ സാധ്യത കൂടുതലാണ്. അപൂർവമായ അവസ്ഥയാണെങ്കിൽ കൂടി ഗർഭിണികൾ ഈ അപകടത്തെക്കുറിച്ച് അറിഞ്ഞിരിക്കണം. കാരണം ഇത്തരം അടിയന്തര ഘട്ടത്തിൽ മുന്നൊരുക്കങ്ങൾക്കുസാവകാശം ലഭിക്കാതെ ഉടനടി സിസേറിയൻ നടത്തേണ്ടിവരും.

തോൾ കുടുങ്ങിപ്പോയാൽ

സാധാരണഗതിയിൽ കുഞ്ഞിന്റെ തല വെളിയിൽ വന്നാൽ അതു പതുക്കെ ചരിഞ്ഞ് ഒന്നു തിരിഞ്ഞുവന്ന് തോളും ബാക്കി ഭാഗവും പുറത്തേക്കുവരും. എന്നാൽ കുഞ്ഞിന്റെ തല വെളിയിൽ വന്ന് ഒരു മിനിറ്റിനു ശേഷവും തോളെല്ലു ഭാഗം പുറത്തേക്കുവരാതെ അമ്മയുടെ ഇടുപ്പ് അസ്ഥികൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന അവസ്ഥയാണ് ഷോൾഡർ ഡിസ്റ്റോഷ്യ. ആമയുടെ തല പോലെ കുഞ്ഞിന്റെ തല അകത്തേക്കു പോകും പിന്നെ പുറത്തോട്ടു വരും, വീണ്ടും അകത്തേക്കു പോകും. ഇതിനെ ടർട്ടിൽ സൈൻ എന്നു പറയും. 200 പ്രസവത്തിൽ ഒരാൾക്ക് വരാവുന്ന ഈ സങ്കീർണാവസ്ഥ ഗൈനക്കോളജിസ്റ്റിനെ സംബന്ധിച്ച് ഏ റെ ടെൻഷനുണ്ടാക്കുന്ന അവസ്ഥയാണ്.

ഈ സാഹചര്യത്തിൽ കുഞ്ഞിനെ വാക്വം ഉപയോഗിച്ചു വലിച്ചു പുറത്തെടുക്കുക സുരക്ഷിതമല്ല. പ്രസവം സുഗമമാക്കാനായി രണ്ടുപേർ ചേർന്ന്, കിടക്കുന്ന ഗർഭിണിയുടെ രണ്ടു കാൽമുട്ടും മടക്കി തോളിലേക്കു ചേർത്തു വയ്ക്കുന്നു. ഇതേസമയത്തു തന്നെ മൂന്നാമതൊരാൾ ഇടുപ്പസ്ഥിയുടെ മുകളിലായി അമർത്തി (Supra Pubic Pressure) കൊടുത്ത് കുഞ്ഞിന്റെ തോളെല്ല് ഇടുപ്പിനകത്തേക്ക് ഇറങ്ങാൻ സഹായിക്കുന്നു.

കൃത്യമായി ഈ നടപടിക്രമങ്ങൾ പൂർത്തിയാക്കിയാൽ 90 ശതമാനം പേരിലും വലിയ പ്രശ്നം ഇല്ലാതെതന്നെ പ്രസവം നടക്കും. എന്നാൽ, ഗർഭിണി ഈ ചികിത്സാക്രമത്തെക്കുറിച്ച് മുൻകൂട്ടി മനസ്സിലാക്കിയിട്ടില്ലെങ്കിൽ മേൽപറഞ്ഞ നടപടിക്രമങ്ങൾ വലിയ ഭീതിക്കും മാനസികപിരിമുറുക്കത്തിനും ഇടയാക്കാം. പ്രമേഹമുള്ള ഗർഭിണികളിലും ഗർഭസ്ഥശിശുവിനു നാലു കിലോയിൽ കൂടുതൽ ഭാരമുള്ളപ്പോഴും ഇത്തരം സങ്കീർണതയ്ക്കു സാധ്യതയേറെയുണ്ട്. 50 ശതമാനം പേരിൽ കാരണമില്ലാതെയും വരാം.

ഡോ. ബി. മായാദേവി

അസി. പ്രഫസർ

മെഡി. കോളജ്, ആലപ്പുഴ

Tags:
  • Manorama Arogyam
  • Health Tips