പ്രായോഗികമായി ചിന്തിച്ചാൽ കൊളസ്ട്രോൾ കുറയ്ക്കാനുള്ള ഏറ്റവും ഫലപ്രദമായ മരുന്നുകൾ ഇന്നും സ്റ്റാറ്റിൻ തന്നെയാണ്. അറ്റോർവ സ്റ്റാറ്റിൻ, റോസുവാ സ്റ്റാറ്റിൻ, പിറ്റവ സ്റ്റാറ്റിൻ തുടങ്ങിയവയാണു സാധാരണ ഉപയോഗിച്ചു കാണുന്നത്. ഇവ കൂടാതെ പല പുതിയ മരുന്നുകളും വന്നിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനം പിസിഎസ്കെ–9 ഇൻഹിബിറ്റർ (PCSK9 Inhibitors) വിഭാഗം മരുന്നുകളാണ്. ഇവലോകുമാബ്, അലിറോകുമാബ് പോലുള്ള മരുന്നുകളാണ് ഇതിൽ ഉൾപ്പെടുന്നത്. മോണോക്ലോണൽ ആന്റിബോഡിയായ പിസിഎസ്കെ–9 ആണു ശരീരത്തിൽ കൊളസ്ട്രോൾ ഉൽപാദിപ്പിക്കുന്നതിനു വഴിയൊരുക്കുന്ന ഘടകങ്ങളിൽ മുഖ്യം. അതിന്റെ പ്രവർത്തനം നിയന്ത്രിച്ചു കൊളസ്ട്രോളിന്റെ ഉൽപാദനം കുറയ്ക്കുക എന്നതാണ് ഈ പുതിയ മരുന്നിന്റെ ലക്ഷ്യം.
ഇതു കുത്തിവയ്പായാണു നൽകുന്നത്. രണ്ടാഴ്ച കൂടുമ്പോഴോ അല്ലെങ്കിൽ മാസത്തിൽ ഒരിക്കലായും നൽകാം. ഏതാണ്ട് ഇരുപതിനായിരം രൂപ ഒരു കുത്തിവയ്പിനു വരും. ചെലവു വളരെ കൂടുതലാണ് എന്നതിനാലാണ് അധികം പ്രചാരം നേടാത്തത്. ആർഎൻഎ (RNA) അടിസ്ഥാനമാക്കിയുള്ള മരുന്നുകളാണ് (ഇൻക്ലിസിറാൻ) കൊളസ്ട്രോൾ ചികിത്സയിലെ പുതിയ അവതാരം. ഈ മരുന്നുകൾ രണ്ടു തരത്തിലുണ്ട്. ഇതിൽ സ്മാൾ ഇന്റർഫെറിങ് ആർഎൻഎ എന്ന വിഭാഗത്തിൽപ്പെട്ട ഒരു മരുന്ന് ഇന്ത്യയിലെ ലഭ്യമാണ്. ആദ്യ വർഷം മൂന്നു കുത്തിവയ്പ്, പിന്നീട് എല്ലാവർഷവും രണ്ടു കുത്തിവയ്പും മതിയാകും. കൊളസ്ട്രോൾ നിലവാരം ഏതാണ്ട് അത്ഭുതകരമായ നിലയിൽ (50 ശതമാനത്തോളം) ഇതിലൂടെ കുറയ്‌ക്കാൻ പറ്റും. ഏതാണ്ട് ഒരു ലക്ഷത്തോളം രൂപ ഒരു കുത്തിവയ്പിനു ചെലവു വരും. സ്റ്റാറ്റിൻ മരുന്നുകൾ കഴിച്ചിട്ടും കൊളസ്ട്രോൾ നിയന്ത്രണത്തിൽ ആകാത്തവർക്കും സ്റ്റാറ്റിൻ ടോളറേറ്റ് ചെയ്യാൻ കഴിയാത്തവർക്കും ഇൻഗ്ലിസറാനും ഇവലോകുമാബ് (Evelocumab) മരുന്നുകളും ഫലം നൽകും.
പ്രതിരോധ മരുന്നായി സ്റ്റാറ്റിൻ
ഉയർന്ന കൊളസ്ട്രോൾ, ധമനീരോഗങ്ങൾക്കു (വാസ്കുലാർ ഡിസീസ്) സാധ്യത കൂട്ടുന്ന ഘടകം തന്നെയാണ്. ഹൃദ്രോഗമോ മറ്റു രോഗാവസ്ഥകളോ വന്നിട്ടില്ലെങ്കിലും കൊളസ്ട്രോൾ നിലവാരം കൂടി നിൽക്കുകയും ആ വ്യക്തിക്കു മറ്റ് അപായ സാധ്യതകൾ (റിസ്ക് ഫാക്ടേഴ്സ്) ഉണ്ടെന്നും തോന്നിയാൽ സ്റ്റാറ്റിൻ പോലെയുള്ള മരുന്നുകൾ കഴിക്കേണ്ടത് അത്യാവശ്യമാണ്. ഉദാഹരണമായി ഒരു കാർഡിയാക് റിസ്ക് ഫാക്ടർ ആണ് പ്രമേഹം. പ്രമേഹരോഗികളിൽ പ്രത്യേകിച്ചും അൽപം പഴക്കമുള്ള പ്രമേഹരോഗികളിൽ കൊളസ്ട്രോൾ അളവു വളരെ കൂടുതലില്ലെങ്കിൽ പോലും സ്റ്റാറ്റിൻ മരുന്നുകൾ കഴിക്കേണ്ടത് അപായസാധ്യത തടയും. പുകവലി, അമിതമായ ബിപി, അമിതവണ്ണവും കുടവയറുമൊക്കെയുള്ള മെറ്റബോളിക് സിൻഡ്രം പോലെയുള്ളവ, രക്തബന്ധത്തിൽ അറുപതുവയസ്സിൽ താഴെ വന്ന ഹൃദയാഘാതം – ഇത്തരം റിസ്ക് ഘടകങ്ങളുണ്ടെങ്കിൽ നിലവിൽ ഹൃദ്രോഗമൊന്നും ഇല്ലെങ്കിൽ പോലും സ്റ്റാറ്റിൻ എടുത്തുതുടങ്ങുന്നതു ഹൃദയാഘാത സാധ്യതയ്ക്കു പ്രതിരോധം നൽകും.
പാർശ്വഫലം പേടിക്കണോ?
സ്റ്റാറ്റിൻ മരുന്നുകൾ കഴിക്കുമ്പോൾ പ്രധാനമായും രണ്ടു തരത്തിലുള്ള പാർശ്വഫലങ്ങളാണു കാണാറ്. ഒന്നു പേശികൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ. രണ്ട്, കരളിന്റെ പ്രവർത്തനത്തിൽ വരുന്ന ചില മാറ്റങ്ങൾ. ഫലമായി ചില ലിവർ എൻസൈമുകൾ കൂടാം. പക്ഷേ ഈ രണ്ടു കാര്യങ്ങളും വളരെ അപൂർവമാണ്. പാർശ്വഫലങ്ങൾ സാധാരണമായി വരുന്നതു പേശിവേദനയും ക്ഷീണവും ഒക്കെയാണ്. അവ കണ്ടാൽ പരിശോധിച്ചു നോക്കും. മരുന്നുകളുടെ അളവിലോ തരത്തിലോ മാറ്റം വരുത്തുന്നതോടെ തന്നെ ആ ലക്ഷണങ്ങൾ മാറും. എൻസൈം അളവുകൾ വളരെയധികം കൂടിയാൽ മാത്രം സ്റ്റാറ്റിൻ മരുന്നു നിർത്തുകയും പുതിയ മരുന്നുകളിലേക്കു പോകേണ്ടിയും വരും. അപ്പോൾ ചികിത്സാ ചെലവു കൂടും,
സ്റ്റാറ്റിൻ പ്രമേഹ സാധ്യത കൂട്ടാം എന്നതു ശരിയാണ്. പ്രമേഹ സാധ്യത കൂടിയവരിലും ഗ്ലൂക്കോസ് ഇൻടോളറൻസ് പോലെയുള്ള പ്രശ്നങ്ങളുള്ളവർക്കും പ്രമേഹം വരാനുള്ള സാധ്യത കൂട്ടുമെന്നതാണു സ്റ്റാറ്റിന്‍റെ ഒരു പരിമിതി. 500 പേർക്കു സ്റ്റാറ്റിൻ മരുന്നു കൊടുക്കുമ്പോൾ അതിലൊരാൾക്കു പ്രമേഹം വരാം. എന്നാൽ 150 പേരിൽ ഒരാൾക്കു വരാവുന്ന ഹൃദയാഘാതവും സ്ട്രോക്കും ആ മരുന്നു തടയുമെന്നു കൂടി ഓർമിക്കുക. അതായത് ബെനിഫിറ്റ്– റിസ്ക് റേഷ്യോ സ്റ്റാറ്റിൻ മരുന്നു കഴിക്കുന്നതിന് അനുകൂലമാണ് എന്നു പറയാം. മരുന്നുകൾ കാരണം കൊളസ്ട്രോൾ വല്ലാതെ കുറഞ്ഞു, മറവി പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത പൂർണമായും തള്ളിക്കളയാം.
ഡോ. എസ്. ഹരികൃഷ്ണന്‍
ഹെഡ്, പ്രഫസര്‍, കാര്‍ഡിയോളജി വിഭാഗം
ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യുട്ട് ഒാഫ് മെഡിക്കല്‍ സയന്‍സസ്
തിരുവനന്തപുരം