നിത്യജീവിതത്തിൽ വളരെ സാധാരണമായി ഉപയോഗിക്കുന്ന കാര്യങ്ങൾ, ചില ശീലങ്ങൾ നമ്മളറിയാതെ നമ്മുെട ആരോഗ്യം കവരുന്നതെങ്ങനെ? ഒഴിവാക്കാനായില്ലെങ്കിലും എങ്ങനെ സുരക്ഷിതമായി ഉപയോഗിക്കാം?–പൊതുജനാരോഗ്യ വിദഗ്ധനായ ഡോ. കെ. വിജയകുമാറിന്റെ വിശകലനങ്ങളറിയാം. ഇത്തവണ കൊതുകു നിവാരണത്തിനായി ഉപയോഗിക്കുന്ന റിപ്പല്ലന്റുകള്‍ ആരോഗ്യകരമാണോ എന്നറിയാം.
കൊതുകിനെ തുരത്താനുള്ള കൊതുകുതിരികളും മറ്റു പ്രതിരോധകങ്ങളും (Mosquito repellents) നമുക്ക് ഒഴിച്ചു കൂടാനാവില്ല. ഇതൊന്നും ആരോഗ്യത്തിനു നന്നല്ലെന്നു പലർക്കും അറിയാമെങ്കിലും കൊതുകു കടിച്ചുണ്ടാകുന്ന രോഗങ്ങളെക്കുറിച്ച് ഓർക്കുമ്പോൾ ഇവ ഉപയോഗിക്കാതിരിക്കാൻ നിവൃത്തിയില്ല. എന്നാൽ ഇവയുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങൾ നിസ്സാരമല്ല. ഉയർന്ന അളവിലോ ദീർഘകാലത്തേയ്ക്കോ ഉള്ള ഉപയോഗം ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കാം.
ഇത്തരം ഉൽപന്നങ്ങളിൽ അടങ്ങിയിരിക്കുന്ന രാസവസ്തുക്കൾ (DEET, Permethin) ന്യൂറോ ടോക്സിക് വിഭാഗത്തിൽ പെട്ടവയാണ്. അതിനാൽ ഇവ ന്യൂറൈറ്റിസ്, അപസ്മാരം എന്നിവയ്ക്കൊക്കെ കാരണമാകാം.
ശ്വസനവ്യവസ്ഥയിൽ വരുത്തുന്ന തകരാറുകളാണു മറ്റൊന്ന്. ഇത്തരം സാഹചര്യം കൊണ്ട് ആസ്മ പ്രശ്നങ്ങളുള്ളവരുടെ നില വഷളാകുന്നു. പുകയ്ക്കുന്നവയിലും ഇതേ പ്രശ്നമുണ്ട്. രോഗികളല്ലാത്തവരിലും ചിലപ്പോള്‍ അസ്വാസ്ഥ്യങ്ങളും ശ്വാസംമുട്ടും കാണാം.
ഇനി രാസവസ്തുക്കൾക്കു പകരം പ്രകൃതിദത്തമായവ ഉപയോഗിച്ചാൽ കുഴപ്പമില്ലെന്നാണു പലരുടെയും ധാരണ. ലെമൺഗ്രാസ് ഓയിൽ, യൂക്കാലിപ്റ്റസ് ഓയിൽ തുടങ്ങിയവയാണു കൂടുതലും ഉപയോഗിക്കുക. അമിതമായി ഉപയോഗിച്ചാൽ അതും അലർജിപ്രശ്നങ്ങൾ ഉൾപ്പെടെ വരുത്താം. ചർമത്തിൽ പുരട്ടുന്ന കൊതുകു നിവാരണികളുണ്ട്. ഇവയും എല്ലാവരുടെ ചർമത്തിനും ചേരണമെന്നില്ല. കൂടിയ അളവിലാണെങ്കിൽ ചർമത്തിനു ദേഷം ചെയ്യുമെന്നു മാത്രമല്ല ന്യൂറോളജിക്കൽ തകരാറുകൾ പോലും സംഭവിക്കാം. ഇത്തരം കൊതുകു പ്രതിരോധകങ്ങൾ ഉപയോഗിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ അവയുെട ദോഷഫലങ്ങൾ കുറയ്ക്കാം.
ഉപയോഗത്തിൽ ശ്രദ്ധിക്കേണ്ടത്:
∙ ഉപയോഗിക്കാനായി തന്നിട്ടുള്ള നിർദേശങ്ങൾ മനസ്സിലാക്കി അതനുസരിച്ചു മാത്രം ഉപയോഗിക്കുക.
∙ ഉപയോഗിക്കുമ്പോൾ മുറിയിൽ വായുസഞ്ചാരം ഉണ്ട് എന്ന് ഉറപ്പു വരുത്തുക.
∙ ഇത്തരം വസ്തുക്കൾ കാരണം അലർജി ഉള്ളതായി സംശയമുണ്ടെങ്കിൽ പരിശോധന നടത്തി, അവ ഒഴിവാക്കുക.
∙ കൂടുതൽ പ്രയാസങ്ങൾ വന്നാൽ ഡോക്ടർമാരെ കാണുകയും കൃത്യമായ ചികിത്സ എടുക്കുകയും വേണം.
വിശദമായ വായനയ്ക്ക് മനോരമ ആരോഗ്യം മേയ് ലക്കം കാണുക
ഡോ.കെ. വിജയകുമാർ
പൊതുജനാരോഗ്യ വിദഗ്ധൻ,
സെക്രട്ടറി,
ഹെൽത് ആക്‌ഷൻ ബൈ പീപ്പിൾ,
തിരുവനന്തപുരം
communitymedicine@gmail.com